പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ?


ഷോണിമ, തൃശ്ശൂര്‍ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം, പ്രോട്ടീന്‍ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിനുള്ള കാരണം.

ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട അളവിലുള്ള അയേണ്‍ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.

ഇരുമ്പുസത്തു കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മുരിങ്ങയില, പാലക്, പഴവര്‍ഗങ്ങള്‍, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങള്‍, അരിയുടെ തവിട്, ബീന്‍സ്, സോയാബീന്‍സ്, മീന്‍, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേണ്‍ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോള്‍ ആഹാരത്തിലെ മുക്കാല്‍ഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍, അതിലുള്ള വിറ്റാമിന്‍ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.

ആവശ്യത്തിനു അയേണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും, 20 ശതമാനത്തോളം ആണ്‍കുട്ടികളിലും വിളര്‍ച്ചയുള്ളതായി കണ്ടു. വിളര്‍ച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസില്‍ ശ്രദ്ധിക്കാനും പാഠങ്ങള്‍ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓര്‍മിക്കാനും കഴിയാത്തതുമൂലം പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാവുന്നു. തലച്ചോറിനാവശ്യമായ ഊര്‍ജം കുറയുന്നതുമൂലമാണിത്. തുടര്‍ന്ന് കൈകാല്‍ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേണ്‍ ലഭിക്കാതെ വന്നാല്‍ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളര്‍ച്ചയാണ്.


പ്രതിവിധി


അയേണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയേണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയേണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലത്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയേണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അയേണിനോടൊപ്പം ഫോളിക് ആസിഡ്, സിങ്ക്, ബി വിറ്റാമിന്‍ എന്നിവയുള്ള മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ ലഭ്യമാണ്. മൂന്നു മാസമെങ്കിലും തുടര്‍ച്ചയായി ഗുളികകള്‍ കൊടുക്കണം. അയേണ്‍ കഴിക്കുമ്പോള്‍ മലം കറുത്ത നിറത്തില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഹീമോഗ്ലാബിന്റെ അളവ് നോര്‍മല്‍ ആണെങ്കില്‍ കൂടി ആഴ്ചയില്‍ ഒരു ദിവസം അയേണ്‍ ഗുളിക കഴിക്കുന്നതും നല്ലതാണ്.