എന്റെ മകള്‍ക്ക് 16 വയസ്സുണ്ട്. മാസമുറ വരുമ്പോള്‍ ആദ്യത്തെ മൂന്നുനാലു ദിവസം ചെറിയതോതിലാണ് രക്തസ്രാവം. അഞ്ചാംദിവസം മുതല്‍ വലിയതോതിലും. ഇരുപതു ദിവസത്തോളം രക്തസ്രാവം നീണ്ടുനില്ക്കുന്നു. ചികിത്സ ആവശ്യമുണ്ടോ?


വിജിത.എം., സുല്‍ത്താന്‍പേട്ട്, പാലക്കാട്സാധാരണയായി 25 മുതല്‍ 35 ദിവസത്തിലൊരിക്കല്‍ ഉണ്ടാവുന്ന മാസമുറയുടെ ആദ്യ മൂന്നുമുതല്‍ ഏഴുദിവസം മാത്രമേ രക്തസ്രാവം ഉണ്ടാവാറുള്ളൂ. എന്നാല്‍ ഏഴുദിവസത്തിലധികം നീണ്ടുനില്ക്കുക, അമിതമായും കട്ടയായും രക്തം പോകുക എന്നിങ്ങനെ വരുമ്പോള്‍ അത് പെണ്‍കുട്ടിയുടെ ആരോഗ്യത്തേയും അതുവഴി പഠനത്തേയും സാരമായി ബാധിക്കാം. ഓരോ മാസവും നഷ്ടപ്പെടുന്ന 30 മുതല്‍ 80 വരെ മില്ലിലിറ്റര്‍ (30-80ാഹ) രക്തം, ശരിയായ ഭക്ഷണരീതി തുടരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്വാഭാവിക പ്രവര്‍ത്തനത്തിലൂടെ നികത്താനാവുന്നു.

ശരീരഭാരവും ആര്‍ത്തവചക്രവും തമ്മില്‍ ബന്ധമുണ്ട്. ശരീരഭാരത്തിന്റെ 17 ശതമാനം കൊഴുപ്പുള്ളവരില്‍ കൃത്യമായ അണ്ഡോത്പാദനവും പ്രശ്‌നരഹിതവുമായ ആര്‍ത്തവവും ഉണ്ടാവുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരം തീരെ മെല്ലിച്ചവരിലും പോഷകാഹാരകുറവുള്ളവരിലും അമിതവണ്ണമുള്ളവരിലും അമിത രക്തസ്രാവം ഉണ്ടാവുന്നു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവിലോ പ്രവര്‍ത്തനത്തിലോ കുറവുണ്ടായാല്‍ അമിത രക്തസ്രാവം ഉണ്ടാവാം. കൗമാരക്കാരില്‍ തൈറോയ്ഡ്, അഡ്രിനല്‍, പാന്‍ക്രിയാസ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ പ്രധാനമായും ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.

പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ടി.ബി. (ഠൗയലൃരൗഹീശെ)െ രോഗം കേരളത്തില്‍ കുറവാണെങ്കിലും ചില കൗമാരക്കാരില്‍ കണ്ടുവരുന്നു. പ്രത്യേകിച്ചും കേരളത്തിന് പുറത്ത് വടക്കേഇന്ത്യയിലും മറ്റും പഠിക്കുന്ന കുട്ടികളില്‍. ഈ രോഗമുള്ള നാല്പതു ശതമാനം പെണ്‍കുട്ടികളിലും അമിത രക്തസ്രാവമാണ് ആദ്യലക്ഷണം. പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന മറ്റു അണുബാധകളും ഈ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അമിതമായി വ്യായാമം ചെയ്യുന്നവര്‍, അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ എന്നിവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. ഗര്‍ഭാശയം, അണ്ഡാശയം എന്നിവയിലുണ്ടാകുന്ന ജന്മവൈകല്യങ്ങളും, അമിത രക്തസ്രാവത്തിന് കാരണമാവാം.


ചികിത്സ


ആര്‍ത്തവ പ്രശ്‌നങ്ങള്‍ പുറത്തുപറയാനുള്ള മടിമൂലം വിളര്‍ച്ച ബാധിച്ച്, ആരോഗ്യം സാരമായി ബാധിക്കപ്പെടുമ്പോഴാണ് മിക്ക പെണ്‍കുട്ടികളും ചികിത്സ തേടുന്നത്. ഇത് ശരീരസ്ഥിതിയെ കൂടുതല്‍ മോശമാക്കും. അമിത രക്തസ്രാവത്തിന്റെ കാരണം രക്തപരിശോധന, സ്‌കാന്‍ പരിശോധന എന്നിവയിലൂടെ മനസ്സിലാക്കാം.

പ്രത്യേക കാരണങ്ങള്‍ കൂടാതെയാണ് അമിത രക്തസ്രാവം ഉണ്ടാവുന്നതെങ്കില്‍ അത് കുറയ്ക്കാനുള്ള ഗുളികകള്‍ മാത്രം മതിയാകും. മാസമുറ തുടങ്ങുന്ന ദിവസം മുതല്‍ 5 ദിവസം വരെ ഈ ഗുളികകള്‍ കഴിച്ചാല്‍ മാറ്റമുണ്ടാവും. ഒപ്പം വിളര്‍ച്ച മാറ്റാനുള്ള ഗുളികകളും. തൈറോയ്ഡാണ് പ്രശ്‌നമെങ്കില്‍, രോഗം മാറുന്നതുവരെ ഗുളികകള്‍ കഴിക്കണം. ഹോര്‍മോണ്‍ തകരാറുള്ളവര്‍ അതിന്റെ കാഠിന്യമനുസരിച്ച് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ചികിത്സിക്കേണ്ടിവരും.

വ്യായാമം ശീലിക്കുകയും മാനസികസംഘര്‍ഷം ഒഴിവാക്കുകയും വേണം. ഇരുമ്പ് സത്ത് അടങ്ങിയ പഴങ്ങള്‍, ചീര പോലുള്ള ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സോയാബീന്‍, മുന്തിരി, നെല്ലിക്ക, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ തൂക്കവും കൊഴുപ്പിന്റെ അളവും വേണ്ടവിധത്തില്‍ ക്രമപ്പെടുത്തുക.