മുഖസൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ശരീരസൗന്ദര്യവും. ഇന്ന് സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും ശരീരസൗന്ദര്യത്തില്‍ ബോധവാന്മാരാണ്. ഇതിലേയ്ക്കായി ധാരാളം പണം ചെലവഴിക്കുന്നുമുണ്ട്. ശരീരസൗന്ദര്യം നല്കുന്ന ആത്മവിശ്വാസം ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാണ്.

ശരീര സൗന്ദര്യവര്‍ധക ചികിത്സകള്‍ സാധാരണക്കാര്‍ക്ക് കൈയെത്താദൂരത്ത് ആണെന്ന ധാരണയ്ക്ക് വിരാമം ഇട്ടുകൊണ്ടാണ് മെട്രോ നഗരങ്ങളില്‍ സിനിമാതാരങ്ങളും മോഡലുകളും മാത്രം ചെയ്തിരുന്ന കോസ്മറ്റിക് സര്‍ജറിയെ ഇന്ന് വീട്ടമ്മമാര്‍, കമ്പനി ഉദ്യോഗസ്ഥര്‍, ചെറുപ്പക്കാര്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളും ആശ്രയിക്കുന്നത്. നമ്മുടെ ശരീരത്തില്‍ സംഭവിച്ചിരിക്കുന്ന അസ്വാഭാവികതയെ അകറ്റിനിര്‍ത്തി ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഊര്‍ജസ്വലവും ഭംഗിയുമുള്ളതുമാക്കാന്‍ ഇന്ന് കോസ്മറ്റിക് സര്‍ജറിയില്‍കൂടി സാധിക്കും. കോസ്മറ്റിക് സര്‍ജറിയിലൂടെ ഭേദപ്പെടുത്താവുന്ന അസ്വാഭാവികതകള്‍:


മൂക്ക്, ചെവി എന്നിവയുടെ രൂപഭംഗിയില്‍ മാറ്റം വരുത്താം:

ജന്മനാലോ അപകടങ്ങളില്‍പ്പെട്ടോ നമ്മുടെ മൂക്കിനോ കാതുകള്‍ക്കോ അതുപോലെ കണ്‍പുരികത്തിനോ ഉണ്ടാകുന്ന അസ്വാഭാവിക വളവുകള്‍ ചെറിയ തോതില്‍ ഒന്നുമല്ല നമ്മെ അലട്ടുന്നത്. ചെവിക്കുണ്ടാകുന്ന വിരൂപതയെ പിന്നാപ്ലാസ്റ്റി എന്ന സര്‍ജറിയില്‍ കൂടി പരിഹരിക്കാം. അതുപോലെ കണ്‍പോളകള്‍ക്കുണ്ടാകുന്ന അഭംഗിയും കോസ്മറ്റിക് സര്‍ജറിയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം സര്‍ജറി ബ്ലഫറേ പ്ലാസ്റ്റി എന്ന പേരില്‍ അറിയപ്പെടുന്നു.


ഉദരഭംഗി വരുത്താം:

വയറിന്റെ മുന്‍ഭാഗത്ത് അധികമായി അടിഞ്ഞുകൂടിയ കൊഴുപ്പും തൂങ്ങിക്കിടക്കുന്ന സ്വഭാവത്തോടുകൂടിയ ചര്‍മഭാഗങ്ങളും നീക്കംചെയ്ത് ഉദരഭംഗി വരുത്തുന്നതിന് ഏറ്റവും അനുയോജ്യമാണ് അബ്‌ഡോമിനോ പ്ലാസ്റ്റി എന്ന ശസ്ത്രക്രിയ.
പ്രസവത്തെ തുടര്‍ന്ന് വയര്‍ വളരെ വലുതായ സ്ത്രീകളും കുടവയറന്മാരായ പുരുഷന്മാരുമാണ് സാധാരണയായി ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നത്.


ചര്‍മത്തിനിടയിലെ കൊഴുപ്പ് നീക്കം ചെയ്യാം:

ശരീരത്തില്‍ കൊഴുപ്പ് ധാരാളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണയായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന സ്ഥലങ്ങള്‍-നിതംബങ്ങള്‍, കൈകാലുകളുടെ മുട്ടിന് മുകളിലുള്ള ഭാഗം, വയര്‍, വയറിന്റെ വശങ്ങള്‍ എന്നിവയാണ്. ഈ സ്ഥലങ്ങളിലെ കൊഴുപ്പിനെ നീക്കംചെയ്യുന്ന ചികിത്സാരീതി ലൈപ്പോസെഷന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലൈപ്പോസെഷനെ തുടര്‍ന്ന് പ്രത്യേകതരം ഇറുക്കുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ഏതാണ്ട് അടിവസ്ത്രം എന്നപോലെ ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
പ്രകൃത്യാതന്നെ വളരെയധികം ചുരുങ്ങാന്‍ കഴിവുള്ള നമ്മുടെ തൊലി ബാഹ്യമായി നല്‍കപ്പെടുന്ന ഈ പ്രത്യേകതരം ഇറുക്കമുള്ള വസ്ത്രങ്ങളുടെ സഹായത്താല്‍ നല്ല വിധത്തില്‍ ചുരുങ്ങുകയും ആകാരഭംഗി കൂട്ടുകയും ചെയ്യും. ശരീരത്തിന്റെ കൊഴുപ്പിന്റെ അളവ് അനുസരിച്ചാണ് ഇത്തരം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. സര്‍ജറിക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കി കൊഴുപ്പിനെ വലിച്ചെടുത്ത് ശരീരത്തെ ആകാരവടിവുള്ളതാക്കാന്‍ ഈ ശസ്ത്രക്രിയയില്‍ സാധിക്കും.


സ്തനവലിപ്പം കൂട്ടിയും കുറച്ചും ആകാരവടിവ് നിലനിര്‍ത്താം:

സ്ത്രീകളില്‍ സ്തനങ്ങളുടെ വലിപ്പം തീരെ കുറഞ്ഞാലും വളരെ കൂടിയാലും അത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് വളരെ വലിയ സ്തനങ്ങളുള്ള സ്ത്രീകള്‍ ജനമധ്യത്തില്‍തന്നെ തുറിച്ചുനോട്ടങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാകാറുണ്ട്. അത് മാത്രവുമല്ല വലിയ സ്തനങ്ങളുള്ളവര്‍ക്ക് സ്തനത്തിന്റെ ഭാരംകാരണം പുറംവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. സ്തനവലിപ്പം കുറച്ച് അവയ്ക്ക് ആകാരഭംഗി കൂട്ടുന്ന ശസ്ത്രക്രിയയാണ് ബ്രസ്റ്റ് റിഡക്ഷന്‍ സര്‍ജറി. അതുപോലെതന്നെ സ്തനവലിപ്പം കൂട്ടാന്‍ ബ്രസ്റ്റ് ഓഗ്‌മെന്റേഷന്‍ എന്ന സര്‍ജറിയില്‍കൂടി സാധിക്കും. സ്തനങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ പരിഹാരിക്കാനും കോസ്മറ്റിക്ക് സര്‍ജറി സഹായിക്കും.


പുരുഷന്മാരില്‍ കാണുന്ന സ്തനവളര്‍ച്ചയ്ക്ക് പരിഹാരം ഗൈനക്കോമാസ്റ്റിയ:

സ്ത്രീകളെപ്പോലെതന്നെ ശരീരസൗന്ദര്യത്തിലും മുഖസൗന്ദര്യത്തിലും പുരുഷന്മാരും കൂടുതല്‍ ശ്രദ്ധാലുക്കളാണ്. പുരുഷന്മാര്‍ക്ക് സ്ത്രീകളുടെതുപോലെ സ്തനവലിപ്പം ഉണ്ടാക്കുന്നത് പൊതുസദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നഷ്ടമാക്കുന്നു. ഈ അവസ്ഥക്ക് മാറ്റംവരുത്തി പുരുഷശരീരം കൂടുതല്‍ ദൃഢവും ഓജസ്സുമുള്ളതുമാക്കുവാന്‍ ഗൈനക്കോമാസ്റ്റിയ എന്ന കോസ്മറ്റിക്ക് ശസ്ത്രക്രിയ സഹായിക്കുന്നു.

അതുപോലെത്തന്നെ വാഹനാപകടങ്ങളില്‍പ്പെട്ടോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലൂടെയോ ഉണ്ടാകുന്ന വലിയ മുറിവുകളുടെ പാടുകള്‍, തലമുടി പൊഴിഞ്ഞുപോയ ഭാഗങ്ങളിലുണ്ടാകുന്ന വിടവുകള്‍ നീക്കംചെയ്യാനും കോസ്മറ്റിക് സര്‍ജറിയിലൂടെ ഇന്ന് സാധ്യമാണ്.

വളരെകുറഞ്ഞ ദിവസങ്ങള്‍കൊണ്ട് സാധാരണ ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതും ശരീരഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന അസ്വാഭാവികതകളെ നീക്കംചെയ്ത് സ്ത്രീ-പുരുഷഭേദമെന്യേ കൂടുതല്‍ ആത്മവിശ്വാസം വരുത്താനും ഭാവിയില്‍ നല്ലൊരു ആരോഗ്യപ്രദമായ ജീവിതം നയിക്കാനും കഴിയും എന്നതുകൊണ്ടുതന്നെയാണ് ഇന്ന് കോസ്മറ്റിക്ക് സര്‍ജറി കൂടുതല്‍ ജനപ്രിയമേറിവരാന്‍ കാരണം.