Representative Image| Photo: Gettyimages
ഒരിക്കല്‍ ഡോ. പി.കെ. വാരിയര്‍ സാര്‍ സംഭാഷണമധ്യേ ചോദിച്ചു:
'' നെയ്യും പാലും തമ്മിലുള്ള വ്യത്യാസമെന്താ?''
ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു:
'' അഗ്നിയിലേക്ക് പാല് ഒഴിച്ചാല്‍ എന്തുസംഭവിക്കും? അഗ്നി കെട്ടുപോകും. നെയ്യൊഴിച്ചാലോ? അഗ്നി ക്രമേണ ജ്വലിച്ചുവരും''.
അതായത്, അഗ്നിയെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ നെയ്യിന് കഴിയും എന്ന് ചുരുക്കം.
ഇവിടെ അഗ്നിയുടെ സ്വരൂപമെന്താണ്? ആഹാരത്തെ പചിപ്പിക്കുന്ന അഗ്നിയെന്നാണോ? അല്ല, അതുമാത്രമല്ല. ശരീരത്തില്‍ നടക്കുന്ന എല്ലാ പാക-പരിണാമ പ്രക്രിയകളുടെയും നാഥനും ജീവനും എന്നര്‍ഥം.
പാല് സത്വര ഫലം നല്കുമ്പോള്, നെയ്യ് സാവധാനത്തില്‍ ദീര്‍ഘസ്ഥായിയായ ഫലം നല്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചില ഘട്ടങ്ങളില്‍ പാലിനേക്കാള്‍ ശരീരപാലനത്തിന് ആവശ്യം നെയ്യാണ് എന്നും വ്യക്തമാകുന്നു.
ശരീരത്തിന് ആവശ്യമായ അളവില്‍ നെയ്യ് ലഭിച്ചാലേ ബുദ്ധിയും ഓര്‍മയും പ്രബലമായി നിലനില്ക്കുകയുള്ളൂ. ഓര്‍മകള്‍ക്ക് ദീര്ഘായുസ്സുണ്ടാകുകയുള്ളൂ. കാഴ്ച തെളിയുകയുള്ളൂ. ഈ നിലയ്ക്ക് ജീവകങ്ങളുടെ പട്ടികയില്‍ നെയ്യും നിര്‍ബന്ധമായി ഉള്‍പ്പെടേണ്ടതുണ്ട്; അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ കൂടി വരുന്ന കാലത്ത് പ്രത്യേകിച്ചും. കാഴ്ച, കേള്‍വി എന്നിവ വര്‍ധിപ്പിക്കാനും നെയ്യ് പ്രയോജനപ്പെടും.
സ്വരമാധുര്യവും സൗകുമാര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന നെയ്യ് ആബാലവ്യദ്ധം ജനങ്ങള്‍ക്കും ആഹാരമെന്ന പോലെ ഔഷധവുമാണ്. ''വജൈനല്‍ ഹെല്‍ത്ത്'' നിലനിര്‍ത്താന്‍ നെയ്യിന്റെ ഉപയോഗം ഗുണപ്രദമാണ്.
അപസ്മാരം, ഉന്മാദം തുടങ്ങിയ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക് നെയ്യ് ചേര്‍ത്ത ഔഷധങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. വ്രണങ്ങളില്‍ നിന്ന് മാലിന്യങ്ങളെ എടുത്തുമാറ്റി ഉണക്കിയെടുക്കുവാനുള്ള സിദ്ധി നെയ്യിനുണ്ട് എന്നത് പൂര്‍വികര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. നെയ്യ് തനിച്ചോ തേന്‍ ചേര്‍ത്തോ പുറമേ പുരട്ടി വ്രണങ്ങള്‍ ഉണക്കാമെന്ന് ആയുര്‍വേദം പറയുന്നു.
(കോട്ടയ്ക്കല്‍ ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)
Content Highlights: What is the difference between Milk and Ghee, Ayurveda benefits of Ghee
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..