Representative Image| Photo: Canva.com
പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം, പഴയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശിഷ്യരുമായിരുന്ന മനഃശാസ്ത്രരംഗത്തെ ചികിത്സകരും സാമൂഹികപ്രവര്‍ത്തകരുമായി ഒരൊത്തുകൂടല്‍ നടത്തി. അറിയാനും വളരാനും ഉയരാനും മാത്രമല്ല, ഒപ്പമുള്ളവരെ എന്നും ഒപ്പംകൂട്ടാനുള്ള മാനുഷികമായ സ്നേഹ-സൗഹൃദ പരിഗണനകള്‍ ഇന്നും ഇത്തരം കൂട്ടായ്മയിലൂടെ ബാക്കി നില്ക്കുന്നു എന്നത് ആശ്വാസം.
യുവാക്കളുടെ അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതമായ ചില കണ്ടെത്തലുകള്‍, ചില ഉള്‍ക്കാഴ്ച്ചകള്‍, ആ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്നു. സമൂഹം, നാട്ടുകാര്‍ എന്നിവയ്ക്ക് പണ്ടുണ്ടായിരുന്ന വിപുലവും വിശാലവും സമഗ്രവുമായ അര്‍ഥങ്ങളൊന്നും ഇന്നില്ല. വ്യക്തികള്‍ക്ക് സമൂഹത്തേക്കാള്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. അതെപ്പറ്റി ചിലത് പറയട്ടെ.
ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ ഏറ്റവുമധികം പ്രകടമാകുന്നത് വ്യക്തിജീവിതത്തിലും കുടുംബ ബന്ധങ്ങളിലുമാണ്. സമൂഹത്തിന്റെ ഘടനയ്ക്കും സംസ്കാരത്തിന്റെ നിലനില്‍പ്പിനുമായി വ്യക്തിജീവിതം പരുവപ്പെടുത്തുന്ന, കുടുംബജീവിതം കാത്തുസൂക്ഷിക്കുന്ന രീതി മിക്കവാറും അസ്തമിച്ചു കഴിഞ്ഞുവെന്ന് പറയാം. വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങി എല്ലാ മേഖലകളിലും ഈ മാറ്റത്തിന്റെ പ്രഭാവം കാണാം. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്നതിനേക്കാള്‍, ഇഷ്ടമുള്ളത് ചെയ്തുജീവിക്കാന്‍, വേണ്ടത് പഠിക്കാന്‍ ഇന്നത്തെ തലമുറ തയ്യാറെടുത്തു തുടങ്ങി. അതിനുള്ള പരിശീലനം നല്കാന് അച്ഛനമ്മമാരും ശീലിച്ചുകഴിഞ്ഞു. പാഷന് പ്രൊഫഷനാക്കുക എന്ന ആശയം നടപ്പിലായിത്തുടങ്ങി. സര്‍ക്കാര്‍ ഉദ്യോഗങ്ങളും അതിനു പറ്റിയ ബിരുദങ്ങളും ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു.
Also Read
ബന്ധങ്ങള്‍ക്കുവേണ്ടി പലതും ത്യജിക്കുന്ന രീതികള്‍ ഇന്നുമാറി. ഇന്ന് നമ്മള് വേണ്ടെന്നുവെച്ചാല്‍ നാളെ മറ്റാരെങ്കിലും അത് വെട്ടിപ്പിടിക്കുമെന്ന് അവര്‍ക്കറിയാം. കടമകളുടെയും കടപ്പാടുകളുടെയും പേരില്‍ സ്വത്തും പണവും പദവിയും പ്രണയവും വരെ വേണ്ടെന്നുവച്ച ത്യാഗസുരഭില ജീവിതങ്ങള്‍, ഇന്നത്തെ തലമുറയ്ക്ക് ചരിത്രം മാത്രം. പക്ഷേ ഒന്നും വേണ്ടെന്നുവെക്കാതെ തന്നെ സ്നേഹത്തിന്റെ കടമകളും കടപ്പാടുകളും ചെയ്തുതീര്ക്കാന് അവര്‍ പുതിയ വഴികള്‍ തേടുന്നുണ്ട്. അവയ്ക്കുള്ള മാര്‍ഗങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറക്കുന്നുണ്ട്. അവ പലര്‍ക്കും സ്വീകാര്യമാകുന്നുമുണ്ട്.
ദാമ്പത്യബന്ധങ്ങള്‍ ഇന്ന് അനിവാര്യതയല്ല, തൊഴില്‍ അനിവാര്യമാണുതാനും. നാട്ടുകാര്‍ എന്തുപറയും എന്ന ഭീതിയും അതുകൊണ്ടുളള പൊരുത്തപ്പെടലുകളും അന്യമായിക്കഴിഞ്ഞു. ഇഷ്ടമല്ലാത്ത ബന്ധം, വ്യക്തിപരമായി തനിക്ക് ഗുണകരമല്ലാത്ത ബന്ധം, അക്കാരണം കൊണ്ടുതന്നെ വിട്ടുപോരാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നുള്ള തിരിച്ചറിവും ദാമ്പത്യത്തിനും കുടുംബജീവിതത്തിനും മേല്‍ വ്യക്തിപരമായ ഉയര്ച്ചകളില് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നു. ജീവിതാവസാനം വരെ ഇണയും തുണയും എന്നതിനേക്കാള്‍, ഒത്തുപോകാന്‍ സാധിക്കുന്ന കൂട്ട് എന്നതിലേക്ക് യുവജനങ്ങളുടെ സങ്കല്പം എത്തിനില്‍ക്കുന്നു.
കുടുംബ ബന്ധങ്ങളില്‍ ഇത്തരത്തിലുള്ള വലിയമാറ്റങ്ങള്‍ വന്നതുകൊണ്ട് പുതുതലമുറയില്‍ സ്നേഹമില്ലെന്നോ അവര്‍ സന്തോഷിക്കുന്നില്ലെന്നോ മുന്‍വിധികള്‍ വേണ്ട. ബന്ധങ്ങളിലെ ആഴവും പരപ്പും അവര്‍ക്കിടയില്‍ ഒട്ടും കുറവല്ല. നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ക്ക് ഇന്ന് പത്തരമാറ്റാണ്. പരസ്പരം മുഖത്തുനോക്കി പേരുവിളിച്ചും പാചകവും പ്രാരാബ്ധങ്ങളും പ്രണയവും പങ്കുവെച്ചും അവര്‍ ജീവിതം ആഘോഷമാക്കുന്നു. തേങ്ങിയും ഞരങ്ങിയും ബന്ധങ്ങള്‍ ദീര്‍ഘകാലം ചുമന്നുനടക്കുന്നതിനേക്കാള് ഒന്നിച്ചുള്ള കാലം ആഹ്ലാദകരമാക്കുന്നതിലാണ് അവര്‍ ശ്രദ്ധിക്കുന്നത് എന്നുമാത്രം. അതുകൊണ്ടുതന്നെ സ്നേഹസന്തോഷങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാതാകുന്ന ഘട്ടത്തില്‍ അത് വലിച്ചെറിയാനോ പുതിയ ഒന്നിലേക്ക് ചേക്കേറാനോ അവര്‍ മടിക്കുന്നില്ല. ചുരുക്കത്തില്‍, നന്നായാല്‍ ഏറെ നല്ലത്, മോശമായാല്‍ ഏറെ മോശം- അതാണ് ഇന്നത്തെ ബന്ധങ്ങളുടെ അവസ്ഥ.
വിവാഹപൂര്‍വ പ്രണയം, വിവാഹപൂര്‍വ ലൈംഗികബന്ധം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയവയൊന്നും ഇന്നത്തെ തലമുറയ്ക്ക് അത്ര വലിയ പ്രശ്നങ്ങളല്ല. അവയ്ക്കൊന്നും പ്രായോഗികതയ്ക്ക് തടസ്സമായ പ്രാധാന്യം നല്‍കാതെ, അവര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുണ്ട്. പക്ഷേ വിവാഹേതരബന്ധവും കുട്ടികളുടെ പിതൃത്വവും അവയുമായി ബന്ധപ്പെട്ട സംശയരോഗങ്ങളും കുറ്റകൃത്യങ്ങളും ഇന്നും കുറവില്ലാതെ തുടരുന്നുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആശങ്കകളും ആകാംക്ഷയും കൂടുതലായതിനാല്‍ കുട്ടികള്‍ വേണ്ടെന്നുവെക്കുന്നവരുടെയും എണ്ണം കൂടുന്നു.
സമൂഹത്തിന്റെ ചിന്താധാരയിലുണ്ടാകുന്ന മാറ്റങ്ങളുടെ മറ്റൊരു പ്രതിഫലനമാണ് വൃദ്ധസദനങ്ങള്‍. മക്കള്‍ക്ക് വേണ്ടാത്ത അച്ഛനമ്മമാരെ കൊണ്ടുവന്നു തള്ളുന്ന സ്ഥാപനങ്ങള്‍ എന്നനിലയില്‍ നിന്ന്, സാമ്പത്തികമായി ഉയര്ന്നുനില്ക്കുന്നവരെ സംബന്ധിച്ചിടത്തോളമെങ്കിലും പ്രത്യേക ശ്രദ്ധയും ചികിത്സയും നല്ല ജീവിതനിലവാരവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന സഹവാസകേന്ദ്രങ്ങളായി പരിണമിച്ചു തുടങ്ങിയിട്ടുണ്ട്. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച, മക്കളെല്ലാം അകലെയായ ദമ്പതികള്‍ പലരും, സ്വാതന്ത്ര്യം കൈവിടാതെ സുരക്ഷിതമായി ജീവിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വയം തിരഞ്ഞെടുത്തു തുടങ്ങിയിട്ടുണ്ട്.
വ്യക്തിക്ക് സമൂഹത്തെ ആവശ്യമില്ല എന്നൊന്നും ഇതിനര്‍ഥമില്ല. പണ്ടും ബഹുജനം പലവിധം എന്നായിരുന്നു എങ്കിലും ആ പലവിധങ്ങള്‍ ഏതൊക്കെ എന്നറിയുക എളുപ്പമല്ലായിരുന്നു. നമുക്കു പറ്റിയ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനും തിരിച്ചറിയാനുമൊന്നും വലിയ ബുദ്ധിമുട്ടില്ലാത്ത ഇക്കാലത്ത് അവരെ മാത്രമേ ആള്ക്കാര് സമൂഹമായി കരുതുന്നുള്ളു, അംഗീകരിക്കുന്നുള്ളു. ഓരോ വ്യക്തിയും തനിക്കുചുറ്റും തനിക്കുപറ്റിയ ആള്‍ക്കാരെ മാത്രം ഉള്‍പ്പെടുത്തി ജീവിക്കുന്നു. തന്റെ സാമൂഹികമായ എല്ലാ ആവശ്യങ്ങളും അതുവഴി നേടാന്‍ കഴിയും എന്നിരിക്കേ, അതിനു പുറത്തുള്ളവരും തനിക്ക് ഒത്തുപോകാന്‍ പറ്റാത്തവരുമായവരെ വെറുതെ വിടുന്നു.
ഓര്‍ക്കുക, ഇതെല്ലലാം ഏതൊരു തലമുറയുടെയും ഏതൊരു കാലഘട്ടത്തിന്റെയും അനിവാര്യമായ മാറ്റങ്ങള്‍ മാത്രമാണ്. മാറ്റങ്ങള്‍ക്ക് എക്കാലത്തും അതിന്റേതായ നന്മകളും തിന്മകളുമുണ്ട്. പഴമയെ ഓര്‍ത്തു വ്യാകുലപ്പെടുകയോ പുതുമയെ കുറ്റംപറയുകയോ ചെയ്യേണ്ട. നന്മകളെ ഉള്‍ക്കൊണ്ട്, തിന്മകളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ജീവിതവിജയം എന്നത് സാധ്യമായ ഒന്നിലധികം പദ്ധതികള്‍ കണ്ടെത്തുന്നതിലും അവയ്ക്ക് ക്രമം നിര്‍ണയിക്കുന്നതിലും അവ പ്രയോഗത്തിനു തയ്യാറാക്കി വെക്കുന്നതിലുമൊക്കെയാണെന്ന് പുതുതലമുറ നമ്മെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരുടെ വാക്കുകള്‍ തള്ളിക്കളയേണ്ട, കാരണം കാലം മുന്നോട്ടു മാത്രമേ നടക്കുന്നുള്ളു. ഒപ്പം നടക്കുക, കഴിയുമെങ്കില്‍ മുന്‍പേ പറക്കുന്ന പക്ഷികളാകുക.
തിരുവനന്തപുരം എം.ജി കോളേജ് മനഃശാസ്ത്രവിഭാഗം റിട്ട.അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.
Content Highlights: understanding modern day relationships and new generation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..