Representative Image | Photo: Gettyimages.in
നല്ല ഹെൽത്തി ഡയറ്റുമായി വീട്ടിൽ താമസിച്ചിരുന്നവരായിരിക്കും പലരും. പലപ്പോഴും ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടിയായിരിക്കും ആദ്യമായി വീട് വിട്ടുനിൽക്കുന്നത്. ആ സമയത്ത് ഹെൽത്തി ഡയറ്റും വ്യായാമവുമൊക്കെ വിട്ടുപോകാറുമുണ്ട്. ഇത് ആരോഗ്യകരമായ ജീവിതത്തിന് പ്രശ്നമുണ്ടാക്കും. അതിനാൽ വീട്ടിൽ നിന്നും മാറി നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ അറിയാം.
1. ഭക്ഷണം മൂന്നോ നാലോ തവണയായി കഴിക്കാം
ശരീരത്തിന് കൃത്യമായതും സമീകൃതവുമായ ഭക്ഷണമാണ് വേണ്ടത്. ഇതിന് ഒരു ദിവസം കഴിക്കുന്ന ഭക്ഷണം മൂന്നോ നാലോ തവണയായി കഴിക്കാം. ഇത് ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് ഉയർത്താൻ സഹായിക്കും. ദിവസവും നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്ന ഒരാൾ പെട്ടെന്നൊരു ദിവസം ദീർഘനേരം ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിലെ കലോറിയെ പതുക്കയെ എരിച്ചുകളയുകയുള്ളൂ. മാത്രമല്ല ശരീരത്തിൽ കൂടുതൽ കൊഴുപ്പിനെ സംഭരിച്ചുവയ്ക്കുകയും ചെയ്യും. അതിനാൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ഇത്തരം സാധ്യതയെ കുറയ്ക്കും. അതിനാൽ നല്ല ആരോഗ്യത്തിന് ഒരു ദിവസം കഴിക്കാനുളള ഭക്ഷണം മൂന്നോ നാലോ തവണയായി കഴിക്കാം.
2. വെള്ളം കുടിക്കണം
വെള്ളം ധാരാളം കുടിക്കണം. ഇത് ഭാരം കുറയാൻ സഹായിക്കും. മറ്റ് പാനീയങ്ങളെ പോലെയല്ല, കലോറി രഹിതമാണ് വെള്ളം. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻപ് വെള്ളം കുടിക്കണം. മധുരമുള്ള ശീതളപാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇതുമാത്രമല്ല, ശരീരത്തിന് നിർജ്ജലീകരണം ഇല്ലാതിരിക്കാനും ഇത് സഹായിക്കും.
3. ബ്രേക്ക്ഫാസ്റ്റ് മുടക്കരുത്
ചിലർ തിരക്ക കാരണമോ ആകെ ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കാനോ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതിൽ കൂടും. ഒപ്പം രാവിലെ ഭക്ഷണം കഴിക്കാത്തതു മൂലം ക്ഷീണം, ഉറക്കംവരൽ എന്നിവയും ഉണ്ടാകും. അതിനാൽ ബ്രേക്ക്ഫാസ്റ്റ് മറക്കരുത്. ഒാട്സ് നല്ലൊരു ബ്രേക്ക്ഫാസ്റ്റാണ്. ഇതിൽ വെള്ളത്തിൽ അലിയുന്ന നാരുകളായ ബീറ്റാ ഗ്ലൂക്കാൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കും, ദീർഘനേരത്തേക്ക് വയർ നിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ചെയ്യും.
4. രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്
രാത്രി വിശക്കുമ്പോൾ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് പലരുടെയും പതിവാണ്. കാർബ് വലിയ തോതിൽ അടങ്ങിയ ഭക്ഷണം ഇത്തരത്തിൽ രാത്രി വെെകി കഴിക്കുന്നത് അമിതഭാരം ഉണ്ടാകാൻ ഇടയാക്കുന്നു. അതിനാൽ അരിക്ക് പകരം മുഴുധാനങ്ങൾ കഴിക്കാം. ഇതിൽ പ്രോട്ടീനും ഉയർന്ന തോതിൽ നാരുകളും അടങ്ങിയിരിക്കുന്നു.
5. ഉയർന്ന മധുരവും ഉപ്പും അടങ്ങിയ പാനീയങ്ങൾ വേണ്ട
പഞ്ചസാരയും ഉപ്പും ശരീരത്തിന് അത്ര നല്ലതല്ല. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുന്നു. ഇവ ചർമത്തെ ബാധിക്കും, പ്രായമാകുന്നതിനെ വേഗത്തിലാക്കും തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാക്കും.
6. ഷുഗർ ഫ്രീ സ്നാക്ക്സ് ഉപയോഗിക്കാം
ഷുഗർ ഫ്രീ കുക്കികളും ഹെൽത്തി സീഡുകളും സ്നാക്ക്സ് ആയി കഴിക്കാം. എണ്ണയും ഉപ്പും മധുരവുമൊക്കെ ചേർത്ത സ്നാക്ക്സ് ഒഴിവാക്കണം. ഇവ അനാവശ്യമായി ശരീരത്തിൽ കൊഴുപ്പടിയാൻ ഇടയാക്കും. മത്തൻ കുരു പോലെയുള്ള ഹെൽത്തി സീഡുകൾ സ്നാക്ക്സ് ആയി കഴിക്കാം. ഇവയിൽ ഒമേഗ 3 ഫാറ്റ്, ആന്റിഒാക്സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗർ ഫ്രീ കുക്കികളും നല്ലൊരു ഹെൽത്തി സ്നാക്കായി ഉപയോഗിക്കാം.
7. ഭക്ഷണം കഴിഞ്ഞാൽ കുറച്ചുനേരം നടക്കുക
കനപ്പെട്ട ഭക്ഷണം കഴിക്കുകയാണെങ്കിൽ അതിന് ശേഷം കുറച്ചുദൂരം നടക്കാം. ഇത് ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കുകയും നെഞ്ചെരിച്ചിൽ ഉണ്ടാകാതെ നോക്കുകയും ചെയ്യും.
8. വ്യായാമം/ യോഗ ശീലിക്കാം
ദിവസവും കുറച്ചുനേരം യോഗയോ മറ്റ് വ്യായാമമോ ചെയ്യണം. ഇത് സ്ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നൽകും. ഇത് മനസ്സിനെയും ശരീരത്തിനെയും റിഫ്രഷ് ചെയ്യാനും ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാനും സഹായിക്കും.
Content Highlights: Stay away from home and worried about your diet here is 8 tips to follow, Health, Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..