മ്പതികള്‍ ഒരേ പോലെ താല്‍പര്യമെടുത്ത് നടക്കുന്ന സംയോഗത്തെ മാത്രമേ നല്ല ലൈംഗീക ബന്ധംഎന്ന് വിളിക്കാനാകൂ. തൊഴിലിടത്തിലെ മോശം അന്തരീക്ഷം മുതല്‍ പങ്കാളിയോടുള്ള മാനസിക പ്രശ്‌നങ്ങള്‍ വരെ സെക്‌സിനോട് നോ പറയുന്ന രീതി പങ്കാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടാവാം. ഇതിനു പുറമേ മറ്റ് ചില കാര്യങ്ങളും ലൈംഗിക തൃഷ്ണ കുറയ്ക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാനായാല്‍ കിടപ്പറയിലെ വേണ്ടെന്ന് വെക്കലുകള്‍ കുറെയൊക്കെ ഒഴിവാക്കാം. 

വ്യായാമമില്ലായ്മ:ആരോഗ്യകരമായ ജീവിതശൈലിക്ക് വ്യായാമം നിര്‍ബന്ധം. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഈ തത്വം ബാധകമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതോടെ നമ്മുടെ രക്തത്തിലേക്ക് നല്ല ഹോര്‍മോണുകള്‍ പമ്പ് ചെയ്യപ്പെടുന്നു. സ്വയമൊരു മതിപ്പുണ്ടാകാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമൊക്കെ ഇത് സഹായകരമാകും. വ്യായാമമില്ലാത്ത ശരീരത്തിനുള്ളിലെ മനസ്സ് കെട്ടികിടക്കുന്ന വെള്ളം പോലെയാണ്. ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്ത് നോക്കൂ, അതിന്റെ വ്യത്യാസം കിടപ്പറയില്‍ ആസ്വദിക്കാനാകുമെന്ന് ഉറപ്പ്. 

ഉറക്കമില്ലായ്മ: ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ വിശ്രമം ആവശ്യം. ലൈംഗിക തൃഷ്ണ ഉണരണമെങ്കിലും ശരീരത്തിന് അല്പം റെസ്റ്റ് വേണം. രാവിലെ മുതല്‍ രാത്രി വരെ സെക്‌സിനായി നിര്‍ബന്ധിച്ചാല്‍ അവന്‍/അവള്‍ വിസമന്മതിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. എവിടെയെങ്കിലും ചുരുണ്ടുകൂടി അല്പനേരം ഉറങ്ങണമെന്ന ചിന്ത മാത്രമേ അപ്പോഴുണ്ടാകൂ. മതിയായ ഉറക്കവും വിശ്രമവും ലഭിച്ചാല്‍ ലൈംഗികചോദനകള്‍ തനിയെ ഉണര്‍ന്നുകൊള്ളും. 

നിര്‍ജലീകരണം: ശരീരത്തില്‍ മതിയായ വെള്ളമില്ലെങ്കില്‍ സെക്‌സിനോട് താല്‍പര്യം കുറവായിരിക്കും. യോനി വരളുന്നതുള്‍പ്പടെ ആ സമയത്തെ ലൈംഗികബന്ധം വേദനാജനകമാവുകയും ചെയ്യും. അതുകൊണ്ട് കിടക്കുന്നതിന് മുമ്പ് ഒരുകുപ്പി വെള്ളമെങ്കിലും കുടിക്കുന്നത് ഗുണകരമാകും.

ഉപ്പ് കൂടിയ ഭക്ഷണം: നിര്‍ജലീകരണം കൊണ്ടുവരുന്ന പ്രധാന പ്രതികളാണ് ഉപ്പുകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. പായ്ക്കററില്‍ കിട്ടുന്ന കറുമുറെ പലഹാരങ്ങളും ബര്‍ഗറും ന്യൂഡില്‍സുമൊക്കെ ശരീരത്തിലെ ഉപ്പ് കൂട്ടും. നിര്‍ജലീകരണവും തുടര്‍ന്നുള്ള ലൈംഗിക മരവിപ്പുമൊക്കെയാവും തുടര്‍ഫലങ്ങള്‍. പായ്ക്കറ്റ് പലഹാരങ്ങള്‍ ഏറെക്കഴിച്ചാല്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ശരീരഭാരം കൂടും എന്നതാണിത്. അതും നല്ല സെക്‌സിന് വെല്ലുവിളിയുയര്‍ത്തും. 

ഗര്‍ഭനിരോധന ഗുളികകള്‍:പലതരത്തിലുള്ള ഹോര്‍മോണുകളാണ് ഗര്‍ഭനിരോധന ഗുളികകളിലുള്ളത്. ശരീരത്തിലേക്ക് ഇത് എത്തുന്നതോടെ ഹോര്‍മോണുകളുടെ എണ്ണത്തില്‍ പലതരത്തിലുളള വ്യതിയാനങ്ങളുണ്ടാകുന്നു. അത് ലൈംഗികാസക്തി കുറയ്ക്കും. ധാരാളം വെള്ളം കുടിയ്ക്കുകയും അല്‍പനേരമെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌