സ്ത്രീകളുടെ പൊതുവേയുള്ള ഒരു പരാതിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം പങ്കാളി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോകുന്നുവെന്നത്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലമാണോ?
ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവെ പുരുഷൻമാരാണ് ഈ ഉറക്കക്കാരിൽ മുൻപന്തിയിൽ. ഇതോടെ സ്ത്രീ ചിന്തിക്കുന്നത് തന്നെ അവഗണിച്ചുവെന്നും സെക്സിൽ തൃപ്തനല്ലെന്നുമൊക്കെയാണ്.
എന്നാൽ സെക്സിന് ശേഷം പുരുഷൻമാർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് ചില കാരണങ്ങളുണ്ട്.
രാത്രിയിലെ സെക്സ്: ജോലി സമ്മർദങ്ങളും മറ്റുമെല്ലാം കഴിഞ്ഞ്ക്ഷീണിച്ച സമയത്തുള്ള സെക്സ് അതുകഴിഞ്ഞാലുടനെ ഉറങ്ങിപ്പോകുന്നതിന് ഒരു കാരണമാണ്. മനസ്സിനും ശരീരത്തിനും നല്ല റിലാക്സേഷൻ നൽകുന്നതാണ് സെക്സ്. അതിനാലാണ് നല്ലൊരു സെക്സിന് ശേഷം നന്നായി ഉറങ്ങാനാവുന്നത്.
ശുക്ലസ്ഖലനം: പുരുഷൻ രതിമൂർച്ഛയിലെത്തുമ്പോൾ ശുക്ലസ്ഖലനം നടക്കും. അപ്പോൾ ഹോർമോണുകൾ പുറപ്പെടുവിക്കും. അപ്പോൾ ശരീരവും സമ്മർദങ്ങൾ ഒഴിഞ്ഞ അവസ്ഥയിലെത്തും. ഉറക്കം താനെ വരും. ശുക്ലസ്ഖലന സമയത്ത് പുരുഷൻമാരിൽ അവരുടെ ശരീരംനോർ എപ്പിനെഫ്രിൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, വാസോപ്രസിൻ, പ്രോലാക്ടിൻ ഹോർമോൺ തുടങ്ങിയ ചില മസ്തിഷ്ക രാസഘടകങ്ങൾ പുറപ്പെടുവിക്കും. ഇതിൽ ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ടതാണ് പ്രോലാക്ടിൻ. ഇതും ഉറക്കം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്.
ഉറങ്ങുന്ന സമയത്ത് പ്രോലാക്ടിൻ നില വളരെ കൂടുതലായിരിക്കും. രതിമൂർച്ഛയുടെ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിടോസിൻ, വാസോപ്രസീൻ എന്നീ രണ്ടു കെമിക്കലുകളും ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രെസ്സ് നില കുറയ്ക്കുന്ന ഹോർമോണാണ് ഓക്സിടോസിൻ. ഇതും ശരീരത്തിനും മനസ്സിനും റിലാക്സേഷൻ നൽകി ഉറക്കത്തിന് വഴിയൊരുക്കുന്നത്.
ഉറങ്ങാതിരിക്കാൻ
- പങ്കാളിയുമൊത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി ഒരു നല്ല കാപ്പി കുടിക്കുക. ക്ഷീണത്തെയും ഉറക്കത്തെയുമൊക്കെ കഫീൻ പമ്പകടത്തും. എന്നാൽ ഇത് സ്ഥിരമാക്കുന്നത് നന്നായിരിക്കില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് പരീക്ഷിക്കാം.
- സെക്സിന് മുൻപായി ഒരു നല്ല മുന്തിരി ജ്യൂസ് കഴിക്കാം. വലിയ അളവിൽ വേണ്ട. വളരെ കുറച്ചുമതി.
- സെക്സിന് ശേഷം പങ്കാളിയോട് കുറച്ചുനേരം സംസാരിക്കുക.
- ജോലി കഴിഞ്ഞ് വന്ന് രാത്രിയോടെ സെക്സിൽ ഏർപ്പെടുന്നതിന് പകരം അതിരാവിലെയോ ഒഴിവുള്ള മറ്റ് സമയങ്ങളോ ഉപയോഗപ്പെടുത്തുക.
- ഇനി സെക്സിന് മുൻപും ശേഷവും പങ്കാളിക്ക് സ്ഥിരമായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ലൈംഗികതയെയും ശരീരത്തെയും ബാധിക്കുന്നുണ്ടെങ്കിൽ, വൈകാതെ ഡോക്ടറെ കാണണം. എന്തെങ്കിലും ശാരീരിക-മാനസികപ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണം.
Content Highlights:Why do you fall asleep after having sex, Health, Sexual Health