നന നിയന്ത്രണത്തിന് പുരുഷന്‍മാരില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് പുരുഷ കോണ്ടം. ചെലവ് കുറവ്, എളുപ്പത്തില്‍ ഉപയോഗിക്കാം, സെക്‌സിലൂടെ പകരുന്ന രോഗങ്ങളില്‍ നിന്നും രക്ഷ നേടാം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ കോണ്ടം ഉപയോഗിക്കുന്നതുവഴി ലഭിക്കും. 

പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങള്‍ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. 99 ശതമാനം കേസുകളിലും ഇത് വളരെ ഫലപ്രദമാണ്. ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്. എന്നാല്‍ ചില കേസുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി കാണാറുണ്ട്. അത്തരത്തില്‍ ഉണ്ടാകാറുള്ള ചില പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. 

അലര്‍ജി

കോണ്ടം നിര്‍മ്മിക്കുന്നത് കനം കുറഞ്ഞ ലാറ്റക്‌സ്, പോളിയുറേത്തേന്‍ അല്ലെങ്കില്‍ പോളി ഐസോപ്രീന്‍ എന്നിവ ഉപയോഗിച്ചാണ്. ബീജം അണ്ഡവുമായി ചേര്‍ന്ന് ബീജസങ്കലനം നടത്തി ഗര്‍ഭധാരണം ഉണ്ടാകുന്നത് തടയുന്ന തരത്തിലാണ് കോണ്ടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ സെക്‌സിലെ പങ്കാളിക്കോ കോണ്ടം ഉപയോഗിക്കുന്നയാള്‍ക്കോ ചിലപ്പോള്‍ ലാറ്റക്‌സിനോട് അലര്‍ജി ഉണ്ടാകാനിടയുണ്ട്. ഇതുമൂലം ചര്‍മത്തില്‍ റാഷസ്, പാടുകള്‍ തുടങ്ങിയവ ഉണ്ടാകാം. ചിലരില്‍ അലര്‍ജി രൂക്ഷമായാല്‍ ശ്വാസനാളികള്‍ വീര്‍ത്ത് ആ വ്യക്തിയുടെ രക്തസമ്മര്‍ദം കുറയാന്‍ സാധ്യതയുണ്ട്. ലാറ്റക്‌സിനോട് പങ്കാളിക്ക് അലര്‍ജിയുണ്ടെങ്കില്‍ അതൊഴിവാക്കി പോളിയുറേത്തേന്‍ അല്ലെങ്കില്‍ പോളി ഐസോപ്രീന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോണ്ടം ഉപയോഗിക്കണം. 

സെന്‍സിറ്റിവിറ്റി കുറയുന്നു

സെക്‌സിനിടെ കോണ്ടം ഉപയോഗിക്കുമ്പോള്‍ ചിലരില്‍ സ്പര്‍ശനക്ഷമത(സെന്‍സിറ്റിവിറ്റി) കുറവായി അനുഭവപ്പെടാറുണ്ട്. കോണ്ടം ഒരു പ്രതിരോധകവചം പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് സെക്‌സ് ആസ്വദിക്കുന്നതിന്റെ ആനന്ദം കുറയ്ക്കുന്നു എന്നാണ് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നത്. കനം കുറഞ്ഞ(Thin) തരത്തിലുള്ള വസ്തു ഉപയോഗിച്ചാണ് കോണ്ടം നിര്‍മ്മിക്കുന്നത്. എന്നിട്ടും സെന്‍സിറ്റിവിറ്റി കുറയുന്നു എന്നതിനാല്‍ അതിലും നേരിയ വസ്തു ഉപയോഗിച്ചുകൊണ്ടുള്ള (Extra Thin) കോണ്ടം നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. സെക്‌സിനിടയിലെ സ്പര്‍ശനശേഷി വര്‍ധിപ്പിക്കാനാണ് ഇത്തരത്തില്‍ അള്‍ട്രാ തിന്‍ തരത്തിലുള്ള കോണ്ടം നിര്‍മ്മിക്കുന്നത്. 

ആഗ്രഹിക്കാത്ത സമയത്തെ ഗര്‍ഭധാരണവും രോഗങ്ങളും

ഗര്‍ഭനിരോധന മാര്‍ഗമായി കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ഗര്‍ഭധാരണത്തെയും ലൈംഗിക രോഗങ്ങളെയും  നൂറുശതമാനവും ഫലപ്രദമായി തടയുന്നില്ല. സെക്‌സിനിടയില്‍ കോണ്ടത്തിന് തകരാറുകളോ പൊട്ടലുകളോ പോറലുകളോ ഉണ്ടാകുന്നത് ഗര്‍ഭധാരണത്തിനും ലൈംഗികരോഗങ്ങള്‍ പകരുന്നതിനും കാരണമാകും. അമിതമായി ഘര്‍ഷണം ഉണ്ടാകുന്നതാണ് ഇതിന് കാരണമാകുന്നത്. 

കോണ്ടം ഊരിപ്പോവുന്നത്

ഉദ്ധരിച്ച ലിംഗത്തില്‍ ധരിക്കുന്ന കോണ്ടം കൃത്യമായിരിക്കും. എന്നാല്‍ ശുക്ലസ്ഖലനത്തിന് ശേഷം പുറത്തെടുക്കുന്നതിന് മുന്‍പായി ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെട്ടാല്‍ കോണ്ടം അയഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. ഇത് കോണ്ടത്തില്‍ ഉള്ള സെമന്‍ യോനിയിലേക്ക് ഒഴുകിപ്പോകാനും അത് ആഗ്രഹിക്കാത്ത സമയത്തെ ഗര്‍ഭധാരണത്തിനോ ലൈംഗിക രോഗങ്ങള്‍ പകരാനോ ഇടയാക്കാം. 

Content Highlights: What is the side effects of using a condom