ദ ഗ്രേറ്റ്‌ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ സമൂഹത്തിലേക്ക് ഉയര്‍ത്തിവിട്ട ചോദ്യങ്ങളിലൊന്നായിരുന്നു എന്താണ് ഫോര്‍പ്ലേ എന്ന്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിഞ്ഞ ദിവസം ഗൂഗിളില്‍ തിരഞ്ഞതും ഇതായിരുന്നു. എന്താണ് ഫോര്‍പ്ലേ എന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും അറിയാം....
 
നന്ദം ലക്ഷ്യസ്ഥാനമല്ല, അതിലേക്കുള്ള യാത്ര തന്നെയാണ് എന്നത് ഒരു പഴയ ചൊല്ലാണ്. ലൈംഗികതയുടെ കാര്യത്തില്‍ ഫോര്‍പ്ലേയാണ് ആ യാത്ര. സംഭോഗമാണ് ഡെസ്റ്റിനേഷന്‍. വഴിയോരക്കാഴ്ചകളൊന്നും കാണുകയോ ആസ്വദിക്കുകയോ ചെയ്യാതെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകളുമായി ധൃതിപിടിച്ച് യാത്ര ചെയ്താല്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചത്ര ആസ്വാദ്യകരമായി അത് അനുഭവപ്പെട്ടെന്നുവരില്ല. ഫലം നിരാശയായിരിക്കും. ലൈംഗികതയുടെ കാര്യത്തിലും സമാനമാണ് കാര്യങ്ങള്‍. പങ്കാളിയുടെ ശരീരമാകുന്ന പാതയിലെ ഒരോ അണുവും അറിഞ്ഞാസ്വദിച്ച് ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേ സെക്‌സ് മനോഹരമായ മധുരാനുഭവമാകൂ. എന്നുവെച്ച് അവിടെയും ഇവിടെയും നോക്കി, ചുറ്റിത്തിരിഞ്ഞ് സമയം കളയണമെന്നല്ല. കാണേണ്ട കാഴ്ചകള്‍ കണ്ട്, ആസ്വദിക്കേണ്ട ഇടങ്ങളില്‍ സമയം ചെലവിട്ട്, രുചിക്കേണ്ട രുചികള്‍ നുണഞ്ഞ്, ഒട്ടും വേഗത കുറയാതെ, എന്നാല്‍ വേഗത കൂടുകയും ചെയ്യാതെ എത്തേണ്ട സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുക. ഉള്ളം കുളിര്‍ക്കുന്ന ഉല്ലാസയാത്രപോലെ അപ്പോള്‍ സെക്‌സും ഹൃദ്യമാകും.
 
ഫോര്‍പ്ലേ ഒരു കല
 
സംഭോഗത്തെ രുചികരമായ ഒരു സദ്യയായി സങ്കല്‍പിച്ചാല്‍ ഫോര്‍പ്ലേ സദ്യയ്ക്ക് മുന്നോടിയായി ലഭിക്കുന്ന അപ്പറ്റെസറായി മാറും. വിശപ്പേറ്റുന്ന, രുചികരമായ തുടക്കം. ചിലര്‍ക്ക് അതിന് ശേഷം സദ്യപോലും വേണ്ടിവരില്ല. ഫോര്‍പ്ലേയിലൂടെ തന്നെ രതിമൂര്‍ച്ഛ ലഭിക്കുന്നവര്‍ ഒട്ടും കുറവല്ലെന്നോര്‍ക്കുക. അത്തരക്കാര്‍ക്ക് അത് സദ്യയ്ക്ക് പകരം നില്‍ക്കും. മാസ്റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സിനെപ്പോലുള്ള പ്രശസ്തരായ ലൈംഗിക വിദഗ്ധരെപ്പോലും ഫോര്‍പ്ലേയെക്കുറിച്ച് വിശദമായി പഠിക്കാന്‍ പ്രേരിപ്പിച്ചത് ഈ ഗുണമാണ്. ഫോര്‍പ്ലേ എന്ന വാക്കിനെപ്പോലും ഒരു ഘട്ടത്തില്‍ അവര്‍ എതിര്‍ത്തു. സംഭോഗത്തിലെത്താത്ത ലൈംഗിക ബന്ധം (Non-coital sex play) എന്ന പേരാണ് ഫോര്‍പ്‌ളേയ്ക്ക് കൂടുതല്‍ യോജിച്ചത് എന്നാണ് അവരുടെ പക്ഷം. 
 
ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇണകള്‍ നടത്തുന്ന ശാരീരികവും മാനസികവുമായ എല്ലാ സ്‌നേഹപ്രകടനങ്ങളും തയ്യാറെടുപ്പുകളും ഫോര്‍പ്ലേയാണ്. സ്പര്‍ശനം മുതല്‍ വദന സുരതം വരെ അനന്തമാണതിന്റെ സാധ്യതകള്‍. ഒറ്റത്തവണ ചെയ്യേണ്ടതോ ധൃതി പിടിച്ച് ചെയ്ത് തീര്‍ക്കേണ്ടതോ അല്ല ഫോര്‍പ്ലേ. ഓരോ തവണ സംഭോഗത്തിന് മുതിരുമ്പോഴും അത് ആവര്‍ത്തിക്കണം. 
 
ഒരു വിദഗ്ധനായ വയലിനിസ്റ്റ് കയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും വയലിന്‍ വായിച്ച് വായിച്ച് മനോഹരമായ സംഗീതത്തിന്റെ ഉത്തുംഗതയിലേക്ക് പോകുന്നത് പോലെ വേണം ഇണയുടെ ശരീരത്തെ ഉണര്‍ത്തി രതിമൂര്‍ച്ഛയുടെ, ആകാശത്തിലേക്ക് ഉയര്‍ത്താന്‍. ഭൂമിയി  മനുഷ്യന് ലഭിച്ച ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് രതിമൂര്‍ച്ഛാ വേള. അതിലേക്ക് ഒരിക്കലും ധൃതിവെച്ച് പോകരുത്. കാരണം തിടുക്കത്തില്‍ കാര്യം കഴിക്കാന്‍ തുനിഞ്ഞാല്‍ മൂപ്പെത്താതെ പഴുത്ത പഴം പോലെ രതിമൂര്‍ച്ഛയിലെ മധുരാനുഭവം ചോര്‍ന്ന് പോകും. 
 
ഫോര്‍പ്ലേ ഒരു കലയാണ്. ആ കലയുടെ സമര്‍ഥമായ ഉപയോഗത്തിലാണ് സെക്‌സിന്റെ പൂര്‍ണതയുള്ളത്. ഫുട്‌ബോള്‍ കളിയുമായി താരതമ്യം ചെയ്താല്‍ ഗോളടിക്കാനുള്ള നീക്കങ്ങള്‍ പോലെയാണ് ഫോര്‍പ്ലേ. അതാണല്ലോ കളിയില്‍ മുക്കാലും. ഗോള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതും. ലോങ്പാസുകളുടെ യൂറോപ്യന്‍ സ്റ്റൈലിനേക്കാള്‍ കുറിയപാസുകളുടെ ലാറ്റിനമേരിക്കന്‍ ശൈലിയാണ് അതിന്റെ മനോഹാരിതയേറ്റുക. എങ്ങനെയും ഗോളടിക്കുക എന്നതിനപ്പുറം മനോഹരമായി ഗോളടിക്കുക എന്നതാവണം സെക്‌സില്‍ ലക്ഷ്യം. അപ്പോള്‍ മാച്ച് മനോഹരമാവും; മാത്രമല്ല വേണ്ട സമയത്ത് ബുദ്ധിമുട്ടില്ലാതെ ഗോളടിക്കാനും കഴിയും. 
 
എന്തിന് ഫോര്‍പ്ലേ?
 
ഫോര്‍പ്ലേ ലൈംഗികസുഖം വര്‍ധിപ്പിക്കുമെന്നത് ഒരു പുതിയ അറിവല്ല. സസ്തനികളടക്കമുള്ള ഒട്ടുമിക്ക ജീവികളും ലൈംഗികബന്ധത്തിന് മുന്നോടിയായി പലതരത്തില്‍ ഫോര്‍പ്ലേയിലേര്‍പ്പെടാറുണ്ട്. മനുഷ്യരുടെ കാര്യത്തില്‍ ലൈംഗിക സ്വഭാവത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം കുറച്ച് കൊണ്ടുവരാന്‍ ഫോര്‍പ്ലേയിലൂടെയേ കഴിയൂ. ലൈംഗിക പ്രതികരണത്തിന്റെ കാര്യത്തില്‍ പുരുഷന്‍ ബള്‍ബ് പോലെയാണ്. സ്വിച്ചിടേണ്ട താമസം പുരുഷന്‍ ബള്‍ബ് പോലെ പ്രകാശിക്കും, ചൂട് പിടിക്കും. സ്വിച്ചോഫാക്കിയാല്‍ 'ടപ്പേന്ന്' പ്രകാശം കെടും. തണുക്കും. എന്നാല്‍  സ്ത്രീകളുടെ ലൈംഗിക സ്വഭാവം വ്യത്യസ്തമാണ്. അവര്‍ ഇരുമ്പ് പോലെയാണ്. ചൂടാക്കിയാലും വളരെ പതുക്കെയേ ചൂടാവൂ. ചുട്ടുപഴുക്കാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. ചൂടായ ശേഷം തണുപ്പിക്കാന്‍ ശ്രമിച്ചാലോ, പതുക്കെയേ തണുക്കുകയും ചെയ്യൂ. ലൈംഗിക പ്രതികരണ വേഗതയിലെ ഈ വ്യത്യാസം കുറച്ച് കൊണ്ടുവന്നാലേ ലൈംഗികത ഹൃദ്യവും സംതൃപ്തവുമാവൂ. ഫോര്‍പ്‌ളേ പുരുഷന്റെ വേഗത അല്‍ പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീപുരുഷ ലൈംഗിക പ്രതികരണങ്ങളിലെ വേഗത വ്യത്യാസങ്ങള്‍ നിയന്ത്രിച്ച് ഇരുവര്‍ക്കും ഹൃദ്യമായ ഒരു പോയന്റി  വെച്ച് ഒരേസമയം രതിമൂര്‍ച്ഛ ലഭിക്കാന്‍ ഫോര്‍പ്ലേ സഹായിക്കുന്നു.
 
സ്ത്രീകളുടെ രതിമൂര്‍ച്ഛ തടയുന്ന ഘടകങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍  ഫോര്‍പ്ലേയ്ക്ക് പുരുഷന്മാര്‍ വേണ്ടത്ര സമയം ചെലവഴിക്കാത്തതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്നും അറിയുക. പുരുഷന്മാര്‍ പലപ്പോഴും സംഭോഗം മാത്രം ലക്ഷ്യംവെക്കുന്നതുകൊണ്ട് ഫോര്‍പ്ലേയിലൂടെ വളരെ വേഗത്തില്‍ കടന്നുപോകയാണെന്നാണ് ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്. 
 
പുരുഷനെക്കാള്‍ സ്ത്രീകള്‍ക്കാണ് ലൈംഗിക ഉണര്‍വിന് ഫോര്‍പ്ലേയുടെ ആവശ്യമെങ്കിലും പ്രായമേറുംതോറും പുരുഷനും ഫോര്‍പ്ലേ അത്യാവശ്യമായി വരും. പ്രായം കൂടുമ്പോള്‍ പുരുഷന്റെ ലൈംഗിക പ്രതികരണത്തിന്റെ വേഗത കുറയുന്നത് കൊണ്ടാണിത്. കൗമാരത്തിലും യുവത്വത്തിലും ലഭിച്ചിരുന്ന ഇന്‍സ്റ്റന്റ് ഉദ്ധാരണം മധ്യവയസ്സില്‍ ലഭിച്ചെന്നുവരില്ല. മാത്രമല്ല അതിന് സമയമെടുക്കുകയും ചെയ്യും. അപ്പോള്‍ പൂര്‍ണമായ ഉദ്ധാരണത്തിന് ഇണയുടെ സഹായം വേണ്ടിവരും. ചുരുക്കത്തില്‍ പ്രായമേറുന്തോറും പുരുഷന് ഫോര്‍പ്ലേയുടെ ആവശ്യം കൂടുമെന്ന് സാരം. മാത്രമല്ല സ്പര്‍ശനം കൊണ്ട് മാത്രം പുരുഷന്  ഉത്തേജനം ലഭിച്ചെന്നും വരില്ല. ഫോര്‍പ്ലേയുടെ ഭാഗമായി ദൃശ്യപരമായ ഉത്തേജനവും വേണ്ടി വരും. 
 
ആര് തുടങ്ങണം?
 
ഫോര്‍പ്‌ളേ ആര് തുടങ്ങണം എന്നതില്‍  തര്‍ക്കം വേണ്ട. സെക്‌സിന് മുന്‍കൈ എടുക്കേണ്ടത് പുരുഷനാണ് എന്ന ധാരണ ഇന്ന് മാറിക്കഴിഞ്ഞു. ആരെങ്കിലും ഒരാള്‍ തുടക്കമിടുക. ലൈംഗികവികാരം പുരുഷനില്‍ പെട്ടെന്ന് ഉണരുന്നത് കൊണ്ട് പുരുഷന്‍ അതിന് മുന്‍കൈ എടുക്കുന്നതാണ് നല്ലത്. ആണിലും പെണ്ണിലും അത് വികാരത്തിന്റെ വേലിയേറ്റമുണര്‍ത്തുമെങ്കിലും ഫോര്‍പ്ലേയുടെ ആവശ്യം കൂടുതലുള്ളത് സ്ത്രീകള്‍ക്കാണ്. പക്ഷേ, അതിന്റെ ഗുണം രണ്ടുപേര്‍ക്കും ലഭിക്കുകയും ചെയ്യും. 
 
എത്രസമയം?
 
ലൈംഗിക ബന്ധത്തിന് മുന്നോടിയായി മിനുട്ടുകള്‍ മുതല്‍ ദിവസങ്ങളോളം ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്ന ജീവികളുണ്ട്. എങ്കിലും ഫോര്‍പ്ലേയ്ക്ക് എത്ര സമയം ചെലവഴിക്കണം എന്ന കാര്യത്തില്‍  കൃത്യമായ നിര്‍ദേശം നല്‍കാന്‍ കഴിയില്ല. കാരണം ഇണകളുടെ താത്പര്യമാണ് അതിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത്. ശരാശരി 17 മിനുട്ടെങ്കിലും ഫോര്‍പ്ലേയ്ക്ക് ചെലവഴിക്കുന്നത് കൂടുതല്‍  ലൈംഗിക സംതൃപ്തി നല്‍കുന്നതായാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. ചിലര്‍ക്ക് ഇത്രയും സമയം വളരെ ദൈര്‍ഘ്യമേറിയതായി തോന്നാം. എന്നാല്‍ ക്ഷമയുടെ പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് ഓര്‍ക്കുക. ഫോര്‍പ്ലേകള്‍ക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാളുപരി സംയോഗത്തിന് മുന്‍പ് സ്ത്രീയുടെ വികാരത്തെ പൂര്‍ണമായും ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്‌തോ എന്നതാണ് കാര്യം. 
 
അന്തരീക്ഷം ഒരുക്കല്‍
 
സാങ്കേതികമായി സംഭോഗത്തിലേക്കുള്ള തയ്യാറെടുപ്പാണ് ഫോര്‍പ്ലേ. ആധുനിക ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ ഫോര്‍പ്ലേയെ കുറേക്കൂടി വിശാലമായി നിര്‍വചിച്ചിട്ടുണ്ട്. എന്താണ് ഫോര്‍പ്ലേ എന്ന് ചോദിച്ചാല്‍ ലൈംഗികതയിലേക്ക് നയിക്കുന്ന എന്തും എന്നാണ് പുതിയകാലം നല്‍കുന്ന ഉത്തരം. ഇണയെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ഉണര്‍ത്തല്‍ മാത്രമല്ല, പ്രണയത്തിനും ലൈംഗികതയ്ക്കും വിശ്രമത്തിനുമുള്ള അന്തരീക്ഷമൊരുക്കലും അതിന്റെ ഭാഗമാണ്. പങ്കാളിയോടൊത്ത് യാത്രചെയ്യുക, പ്രേമ സല്ലാപം നടത്തുക,  ഒരുമിച്ച് ഭക്ഷണം കഴിക്കുക തുടങ്ങി പങ്കാളിയില്‍  താത്പര്യം ജനിപ്പിക്കുന്നതെന്തും ഫോര്‍പ്ലേയായി ഇന്ന് പരിഗണിക്കപ്പെടുന്നു. ഇണയ്ക്ക് അയക്കുന്ന എസ.് എം. എസും ഇ മെയിലും മുതല്‍ സന്തോഷ സൂചകമായി നല്‍കുന്ന കൊച്ചു സമ്മാനങ്ങള്‍ വരെ ഫോര്‍പ്ലേയുടെ കാറ്റഗറിയില്‍ വരുമെന്നാണ് ലൈംഗികശാസ്ത്രജ്ഞര്‍ പറയുന്നത്. അതിന് ഇണകള്‍ ഇരുവരും മുന്‍കൈ എടുക്കണം. പിരിമുറുക്കങ്ങള്‍ക്ക് സലാം പറഞ്ഞ്, തടസ്സങ്ങള്‍ ഒഴിവാക്കി, ശല്യങ്ങള്‍ക്ക് അവധികൊടുത്ത് ഇരുവരും മുന്‍കൂട്ടി തയ്യാറെടുക്കണം.  
 
അന്തരീക്ഷമൊരുങ്ങിക്കഴിഞ്ഞാല്‍ പൊടുന്നനെ വികാരോത്തജനം ഉണ്ടാക്കാന്‍ കഴിയുന്ന പ്രവൃത്തികളില്‍ ഇണകള്‍ ഏര്‍പ്പെടണം. പ്രണയസല്ലാപവും സ്പര്‍ശനവും ആലിംഗനവും ചുംബനവുമാണ് അവയില്‍ പ്രധാനം. അവയിലൂടെയല്ലാതെ സംഭോഗത്തിലേക്ക് കുറുക്കുവഴിക്ക് ശ്രമിക്കാതിരിക്കുക. 
 
പ്രണയസല്ലാപം
 
പ്രേമത്തെക്കുറിച്ച് പറയല്‍ തന്നെ കാമിക്കലാണ് എന്ന് പറഞ്ഞത് ബല്‍സാക്കാണ്. ഫോര്‍പ്ലേയുടെ തുടക്കം വാക്കുകളിലൂടെയാവട്ടെ. ഇരുവര്‍ക്കും താത്പര്യമുള്ള, സന്തോഷമുളവാക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. ദേഷ്യം പിടിപ്പിക്കുന്ന ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇരുവരും തമ്മിലുള്ള പ്രണയാനുഭവങ്ങളോ, ഓര്‍മകളോ, മറ്റ് ഇഷ്ടമുള്ള കാര്യങ്ങളോ, സ്വപ്‌നങ്ങളോ അങ്ങനെ എന്തുമാകാം. അല്ലെങ്കില്‍  ഇണയെ അഭിനന്ദിക്കാം, അവളുടെ ഗുണഗണങ്ങള്‍ വര്‍ണിക്കാം, തന്നില്‍ ആവേശമുണര്‍ത്തിയ മുഹൂര്‍ത്തങ്ങള്‍ പറയാം. പറഞ്ഞ് ബോറടിപ്പിക്കരുതെന്ന് മാത്രം. പങ്കാളിയുടെ ഓരോ വാക്കും മന്ത്രിക്കലും ഇണയില്‍ ആവേശമുണര്‍ത്തുന്നതായിരിക്കണം. ഓമനപ്പേരുകള്‍ വിളിക്കല്‍, നീ എത്ര സുന്ദരന്‍/സുന്ദരി എന്ന മട്ടിലുള്ള അഭിനന്ദനങ്ങള്‍ തുടങ്ങിയവയൊക്കെ ഇണയുടെ മനസ്സില്‍ പ്രണയ മഴ പെയ്യിക്കുക തന്നെ ചെയ്യും. 
 
സ്പര്‍ശനം
 
ശരീരത്തിലെ ഏറ്റവും വലിയ അവയവമെന്ന പോലെ ഏറ്റവും വലിയ ലൈംഗികാവയവവും ചര്‍മമാണ്. കാരണം രതിയുടെ തുടക്കവും ഒടുക്കവും ചര്‍മത്തില്‍  നിന്നാണ്. ശരീരത്തിലെ ഓരോ ഇഞ്ചും അപാരമായ സ്പര്‍ശനക്ഷമതയുള്ളതാണ്. പ്രേമം പ്രകടിപ്പിക്കാന്‍ മാത്രമല്ല ഇണയുടെ ഉത്കണ്ഠ അകറ്റാനും സുരക്ഷിതത്വ ബോധം നല്‍കാനും മൃദുവായ സ്പര്‍ശനം പോലെ സഹായകരമായ മറ്റൊന്നില്ല. അതുകൊണ്ട് തന്നെ സ്പര്‍ശനം ലൈംഗികതയുടെ ആമുഖമായി മാറണം. അത് ഇണയെ ലൈംഗികതയിലേക്ക് സ്വാഗതം ചെയ്യലാണ്. സ്പര്‍ശനത്തിന്റെ രോമാഞ്ചസുഖം ഇണകളില്‍  വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. പ്രണയ സല്ലാപത്തിനിടയില്‍  തന്നെ ഇണയെ മൃദുവായി സ്പര്‍ശിക്കാം. അത് വാക്കുകളേക്കാള്‍ വാചാലമായി സംസാരിക്കും. അങ്ങനെ ചര്‍മം ചര്‍മത്തോട് വികാരങ്ങള്‍ കൈമാറുമ്പോള്‍ ഇണയടുപ്പം വര്‍ധിക്കും. കൈകളില്‍ തുടങ്ങുന്ന സ്പര്‍ശനം മുഖം, തല, കഴുത്ത്, പുറം, മാറിടങ്ങള്‍ എന്നിങ്ങനെ പുരോഗമിച്ച് മേനിയില്‍ നിറയുന്ന മൃദുവായി തഴുകലായി മാറണം.
 
ആലിംഗനം
 
ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. ഒരേസമയം അതിലൂടെ നിങ്ങള്‍ക്ക് പ്രണയവും കരുതലും ഇണയെ അറിയിക്കാനാവും. ആലിംഗനം പലവിധമുണ്ട്. അഭിവാദ്യം ചെയ്യാനും ഗുഡ്‌ബൈ പറയാനും, പ്രണയം പ്രഖ്യാപിക്കാനും, നീ എന്റ സ്വന്തം എന്നറിയിക്കാനും ഒക്കെ പലവിധം ആലിംഗനങ്ങള്‍. കണ്ണുകളില്‍ നോക്കി, അരക്കെട്ടില്‍ കൈ ചുറ്റി, ഹൃദയം ഹൃദയത്തോട് ചേര്‍ത്ത്,  ഇണയെ മൃദുവായി ചേര്‍ത്ത് നിര്‍ത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടന്‍ അത് അവസാനിപ്പിക്കാനും ശ്രമിക്കരുത്. അങ്ങനെ അല്‍പനേരം നില്‍ക്കുക. അപ്പോള്‍ ഒന്നും സംസാരിക്കണമെന്നില്ല. പിന്നില്‍ നിന്നുള്ള ആലിംഗനവും തീവ്രമായ പ്രണയ സന്ദേശം നല്‍കും. പ്രണയാതുരമായ ആലിംഗനത്തില്‍ ഇണകളുടെ ശരീരങ്ങള്‍ മുഴുവന്‍ പരസ്പരം സ്പര്‍ശിക്കണം. ആലിംഗനം തലച്ചോറിലെ ഓക്‌സിറ്റോസിന്‍ വര്‍ധിപ്പിക്കുന്നതായും ഭയം ഉത്പാദിപ്പിക്കുന്ന മസ്തിഷ്‌ക കേന്ദ്രമായ അമിഗ്ഡലയുടെ പ്രവര്‍ത്തനം കുറച്ച് പങ്കാളിയില്‍ വിശ്വാസം ജനിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നുണ്ട്. അങ്ങനെ ആലിംഗനം സൃഷ്ടിക്കുന്ന വികാരോത്തേജനം പതിയെ ചുംബനത്തിലേക്ക് നയിക്കുന്നത് നിങ്ങള്‍ അറിയും. 
 
ചുംബനം
 
കമിതാക്കളുടെ ചുണ്ടുകളിലാണ് ആത്മാവ് ആത്മാവിനെ കണ്ടെത്തുന്നത് എന്ന് ഷെല്ലി പാടിയിട്ടുണ്ട്. ശരീരത്തിലെ വികാരോദ്ദീപക മേഖലകളിലെ ചുംബനം പങ്കാളിയെ പൊടുന്നനെ ഉത്തേജിതയാക്കും. ചുണ്ട്, വായ, കവിള്‍, കഴുത്ത്, കഴുത്തിന്റെ പിന്‍ഭാഗം, പുറം,സ്തനം, സ്തനാഗ്രങ്ങള്‍, അടിവയര്‍, തുടകള്‍, ജനനേന്ദ്രിയങ്ങള്‍, നിതംബം, കാലുകള്‍ തുടങ്ങിയവയൊക്കെ ചുംബനം കൊതിക്കുന്ന സ്ത്രീശരീരത്തിലെ ഹോട്ട്‌സ്‌പോട്ടുകളാണ്. ചുംബനത്തിന്റെ തുടക്കം ചുണ്ടുകളില്‍ നിന്നാവാം. തുടക്കത്തിലെ മൃദുവായ ചുംബന മുദ്രകളില്‍  നിന്ന് തീവ്രമായ ചുംബനങ്ങളിലേക്ക് അത് പുരോഗമിക്കണം. ചുംബിക്കുമ്പോള്‍ ചുണ്ടുകളുടെ സ്പര്‍ശനം മാത്രമല്ല, ഇണയുമായുള്ള വൈകാരിക ബന്ധമാണ് പങ്കാളി അറിയുന്നത്. ആലിംഗനമില്ലാത്ത ചുംബനം സുഗന്ധമില്ലാത്ത പുഷ്പം പോലെയാണെന്നും ഓര്‍ക്കുക.
 
ഗെറ്റ് റെഡി ഫോര്‍ സെക്‌സ്
 • ലൈംഗികബന്ധത്തിനുള്ള താത്പര്യം ഇണയെ നേരത്തേ അറിയിക്കുക.
 • ബെഡ്‌റൂമില്‍ മിതമായ കാലാവസ്ഥയായിരിക്കണം.
 • ബെഡ്‌റൂമില്‍ മൃദുവായ പ്രണയ സംഗീതം ഒരുക്കാം.
 • അമിതമായ ഇരുട്ടും വെളിച്ചവും സെക്‌സിന് നല്ലതല്ല, സുഗന്ധം പ്രസരിപ്പിക്കുന്ന വിളക്കുകള്‍ സെക്‌സിന് നല്ല മൂഡ് നല്‍കും.
 • ഇണകള്‍ കുളിച്ച് വൃത്തിയാവുക, താത്പര്യമുള്ളവര്‍ക്ക് ഒരുമിച്ചാകാം കുളി.
 • മുടി ചീകുക.
 • മൃദുവും സെക്‌സിയുമായ വസ്ത്രങ്ങള്‍ ധരിക്കുക.
 • വൈകാരികത ഉണര്‍ത്തുന്ന വാക്കുകളില്‍  പ്രേമസല്ലാപം നടത്തുക.
 • ഒരുമിച്ച് ഇഷ്ടഭക്ഷണം കഴിക്കുക.
 • ഇണയുടെ പ്രത്യേകതകളില്‍ അഭിനന്ദിക്കുക.
 • കണ്ണുകള്‍ തമ്മിലുള്ള സമ്പര്‍ക്കം നിലനിര്‍ത്തുക.
 • പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി പെരുമാറുക.
 • താത്പര്യമുണ്ടെങ്കില്‍ പരസ്പരം മസാജ് ചെയ്യുക.
 
Content Highlights: What is Foreplay what is the use of it in sexual life, Health, Sexual Health