സെക്‌സിനെക്കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ട്. അതിലൊരു സംശയവും അതിന് ഡോക്ടര്‍ നല്‍കിയ മറുപടിയും വായിക്കാം. 

''ഞാന്‍ 30 വയസ്സുള്ള വിവാഹിതനാണ്. ഭാര്യയ്ക്ക് 26 വയസ്സ്. വിവാഹിതരായിട്ട് രണ്ടുമാസമായി. ഇതുവരെ ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തിന് സാധിച്ചിട്ടില്ല. ലൈംഗികബന്ധത്തിന് ശ്രമിക്കുമ്പോള്‍ ഭാര്യയ്ക്ക് കടുത്ത വേദന അനുഭവപ്പെടുന്നു എന്ന് പറയുന്നു. ഇത് എന്തുകൊണ്ടാണ്? ചികിത്സ വേണ്ടിവരുമോ?''

വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ ചില സ്ത്രീകള്‍ക്ക് ലൈംഗിക വേഴ്ചസമയത്ത് വേദന അനുഭവപ്പെടാം. ഇതിന് ഡിസ്പറൂണിയ എന്ന് പറയും. ഇതിന് കാരണങ്ങള്‍ പലതാണ്. യോനിയില്‍ മുറുക്കം കൂടുന്നതും വേണ്ടത്ര ലൂബ്രിക്കേഷന്‍ ഇല്ലാതിരിക്കുന്നതുമാണ് പ്രധാന കാരണം. പുരുഷന് ലൈംഗിക ഉദ്ധാരണം എന്നതുപോലെ സ്ത്രീക്ക് യോനിയില്‍ ലൂബ്രിക്കേഷന്‍ ഉണ്ടെങ്കിലേ വേഴ്ച സുഖകരമാവുകയുള്ളൂ. ഇതിന് ലൈംഗികവികാരവും ഉത്തേജനവും ആവശ്യമാണ്. ലൈംഗിക വേഴ്ചയുടെ പ്രാരംഭഘട്ടമായ ഫോര്‍പ്ലേയിലാണ് ഈ ഉത്തേജനം സംഭവിക്കുന്നത്. 

പ്രാരംഭലീലകളില്‍ വേണ്ടപോലെ ഇടപെടാതെ ധൃതിയില്‍ ബന്ധപ്പെടുമ്പോള്‍ പലര്‍ക്കും ഈ അനുഭവമുണ്ടാകാം. ഉത്തേജനവും വികാരവും കുറവാകുമ്പോഴും മനസ്സില്‍ ഉത്കണ്ഠയുണ്ടാകുമ്പോഴും യോനിയില്‍ വരള്‍ച്ച അനുഭവപ്പെടും. ഇത് മറികടക്കാന്‍ വഴുവഴുപ്പുള്ള ക്രീമുകള്‍ വേഴ്ചയ്ക്കുമുന്‍പ് ഉപയോഗിക്കാവുന്നതാണ്. ലൈംഗികവേഴ്ചയെക്കുറിച്ചുള്ള അമിത ഉത്കണ്ഠയും ഭയവും കുറ്റബോധവും മറ്റൊരു കാരണമാണ്. ഈ അവസ്ഥകളില്‍ യോനിയിലെ പേശികള്‍ അമിതമായി മുറുകുന്നു. വേഴ്ച തുടങ്ങുമ്പോള്‍ വേദന അനുഭവപ്പെടുന്നു. 

ഇങ്ങനെയല്ലാതെ ശാരീരിക കാരണങ്ങള്‍കൊണ്ടും വേദനയുണ്ടാകാം. മൂത്രാശയത്തിലെ കുഴപ്പങ്ങള്‍, യോനിയിലെ പൂപ്പല്‍ബാധയോ അണുബാധയോ കാരണം വേഴ്ചസമയത്ത് വേദനയും പുകച്ചിലും അനുഭവപ്പെടാം. 

ശാരീരികമായിട്ടുള്ള കാരണങ്ങളുണ്ടോ എന്ന് തിരിച്ചറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ അഭിപ്രായം തേടുക. ശാരീരികമായ കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഉത്കണ്ഠ കുറയ്ക്കാനും ലൂബ്രിക്കേഷന്‍ ലഭിക്കാനും ശ്രമിച്ചാല്‍ മതി. ദമ്പതിമാര്‍ പരസ്പരം മനസ്സിലാക്കി ശാരീരികമായ അടുപ്പം കൂടിവരുമ്പോള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് ഈ ബുദ്ധിമുട്ടുകള്‍ പതുക്കെ മാറും. 

(പെരിന്തല്‍മണ്ണ എം.ഇ.എസ്.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം തലവനും പ്രൊഫസറുമാണ് ലേഖകന്‍)

Content Highlights: Unable to do sex after two years s of marriage

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌