ലൈംഗിക ബന്ധത്തെക്കുറിച്ചു പരസ്യമായി പറയുന്നതുപോലും അശ്ലീലമായി കണക്കാക്കുന്നവര്‍ ഇന്നുമുണ്ട്. ഒളിയും മറയും നോക്കിമാത്രം സെക്‌സ് എന്ന വാക്ക് ഉച്ചരിക്കുന്ന ചിലര്‍. ഇത്തരത്തിലുള്ള സമീപനം കൊണ്ടു മാത്രം പലരും പുറത്തു പറയാതെ ഉള്ളിലൊതുക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അതിലൊന്നാണ് പോസ്റ്റ്‌കോയ്റ്റല്‍ ഡിസ്‌ഫോറിയ അഥവാ ലൈംഗിക ബന്ധത്തിനു ശേഷമുള്ള വിഷാദം.

പലരും ഈ അവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ലാത്തവരുമാണ്. ലൈംഗിക ബന്ധത്തിനു ശേഷം വിഷാദമോ നിരാശയോ തോന്നുക, കരച്ചില്‍ വരിക എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സ്ത്രീകളിലും പുരുഷന്മാരിലും പിസിഡിക്കു സാധ്യതയുണ്ടെങ്കിലും ഏറെയും പുരുഷന്മാരിലാണ് കണ്ടുവരുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അടുത്തിടെ സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി എന്ന ജേര്‍ണലില്‍ പിസിഡിയെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഓണ്‍ലൈനിലൂടെ ആയിരത്തി ഇരുനൂറോളം പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ 41 ശതമാനം പേരും പിസിഡിയിലൂടെ കടന്നുപോകുന്നവരാണ് കണ്ടെത്തി. അവരില്‍ തന്നെ ഇരുപതു ശതമാനതോളം പേര്‍ കഴിഞ്ഞ നാലാഴ്ച്ചയ്ക്കുള്ളില്‍ സമാന അവസ്ഥയിലൂടെ കടന്നുപോയെന്നു പറഞ്ഞപ്പോള്‍ നാലു ശതമാനത്തോളം പേര്‍ മിക്കവാറും ഇതു നേരിടുന്നതായും കണ്ടെത്തി. 

ലൈംഗിക ബന്ധത്തിനു ശേഷമുള്ള രണ്ടുമണിക്കൂറോളം സമയമാണ് പിസിഡിയിലൂടെ കടന്നുപോകുക. ചിലപ്പോഴൊക്കെ പങ്കാളിയെ അവഗണിക്കുകയോ അവര്‍ക്കെതിരെ അസഭ്യ പ്രയോഗങ്ങള്‍ നടത്തുന്നതു വരെയോ എത്തിച്ചേര്‍ന്നേക്കാം. 

ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തോടുള്ള മനോഭാവം, പങ്കാളിയുമായുള്ള ബന്ധം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള അമിത ആശങ്ക എന്നിവയൊക്കെ പിസിഡിയിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. 

പിസിഡി ശാരീരികം എന്നതിലുപരി മാനസികമായ അവസ്ഥയാണെന്ന് സൈക്ക്യാട്രിസ്റ്റും സെക്‌സോളജിസ്റ്റുമായ കേദാര്‍ തില്‍വെ പറയുന്നു. എന്നാല്‍ പിസിഡി കാലങ്ങളായി തടരുകയാണെങ്കില്‍ തെറാപ്പിക്കു വിധേയമാകണമെന്നും അദ്ദേഹം പറയുന്നു.

Content Highlights: things to know about Postcoital Dysphoria