ധുവിധുവിന്റെ ആദ്യനാളുകളില്‍ മണിയറയ്ക്കുള്ളിലെ പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ അബദ്ധമായേക്കാം. ഒട്ടു മിക്കതും ദമ്പതികള്‍ക്ക് തന്നെ ചിരിച്ചു തള്ളാവുന്നതാണെങ്കിലും ചിലപ്പോള്‍ അത് ചിരിക്കാന്‍ പറ്റാത്ത തരത്തില്‍ വഷളാകാറുണ്ട്. നവദാമ്പത്യത്തിലെ ലൈംഗിക ഇടപെടല്‍ കരുതലോടെ വേണം.

സ്റ്റാര്‍ട്ടിങ് ട്രബിള്‍ സിന്‍ഡ്രം

വിവാഹവേദിയിലും ബന്ധുക്കളോടുള്ള ഇടപെടലിലും വീട്ടിലെ മറ്റെല്ലാ കാര്യത്തിലും സ്മാര്‍ട്ട് ആയി ഇടപെടുന്ന നവദമ്പതികള്‍ ലൈംഗിക വിഷയങ്ങളിലേക്ക് വരുമ്പോള്‍ സ്റ്റാര്‍ട്ടിങ് ട്രബിള്‍ സിന്‍ഡ്രത്തില്‍ പെട്ടുപോകാറുണ്ട്. വിവാഹത്തിനു മുമ്പ് ആവേശപൂര്‍വം സ്വപ്‌നം കണ്ടിരുന്ന പല കാര്യങ്ങളും കിടപ്പറയില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത അവസ്ഥ. ഇതൊരു സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാത്രമാണ്. പക്ഷേ, ചിലര്‍ തുടക്കത്തില്‍ പിഴയ്ക്കുന്നതോടെ പൂര്‍ണമായും പിന്‍വാങ്ങുന്നു.

പുതിയ തലമുറ വളരെ സ്ട്രോങ് ആണ്, ബോള്‍ഡ് ആണ് എന്ന് പറയുമ്പോഴും ലൈംഗികകാര്യങ്ങളില്‍ ചങ്കിടിപ്പ് മൂലം മനഃശാസ്ത്രജ്ഞരെ കാണുന്നവരുടെ എണ്ണം കൂടി വരുന്നതേയുള്ളൂ. ഞാന്‍ സ്ട്രോങ് ആണ് എന്ന് വിവാഹത്തിന് മുന്‍പേ തന്നെ പങ്കാളിയോടു വീമ്പു പറയുന്നവര്‍ പോലും മണിയറയുടെ വാതില്‍ക്കലെത്തുമ്പോള്‍ പരിഭ്രമിക്കും. പരസ്പരം തുറന്നു സംസാരിച്ച് ഹൃദയബന്ധവും അടുപ്പവും വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

സംസാരത്തോടൊപ്പം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഇരുന്നു തുടങ്ങാനും പതിയെ തൊട്ടു തൊട്ടിരിക്കാനും സ്പര്‍ശത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങാനും മധുവിധു യാത്രകള്‍ ഉപകരിക്കും. ചുംബനങ്ങള്‍ സ്‌നേഹപ്രകടനത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങള്‍ സമ്മാനിക്കും. പരസ്പര ബഹുമാനവും വിശ്വാസവും സ്‌നേഹവും പതിയെപ്പതിയെ വളര്‍ത്തിയെടുത്താല്‍ സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാറും.

സമയമെടുത്തോട്ടെ

രണ്ടു ശരീരങ്ങളും മനസ്സുകളും ഒന്നാകുന്ന വേളയില്‍ മാത്രമേ രതി പൂര്‍ണമാകുന്നുള്ളൂ. അതിന് അതിന്റേതായ സമയമെടുക്കും. ആദ്യത്തെ ശ്രമത്തിലോ രണ്ടാമത്തെ ശ്രമത്തിലോ അല്ലെങ്കില്‍ ആദ്യത്തെ കുറേ നാളുകളിലോ ഒന്നും ശരിയായില്ലെന്ന് കരുതി നിരാശപ്പെടേണ്ടതില്ല. ശരീരത്തിന്റെയും വികാരങ്ങളുടെയും താളം മനസ്സിലാക്കിയാല്‍ മാത്രമേ ആരോഗ്യകരമായ ലൈംഗിക ബന്ധത്തിലേക്കെത്താന്‍ സാധിക്കൂ. ഇതിന് പരസ്പരം അടുത്തറിയാനുള്ള സാവകാശം പങ്കാളികള്‍ക്കുണ്ടാകണം.

അപ്പോള്‍ ആദ്യരാത്രി കെട്ടുകഥയോ എന്നു ചോദിച്ചേക്കാം. സത്യത്തില്‍ പലരും ഭാവന ചെയ്തുണ്ടാക്കിയ പദ്ധതിയാണ് ആദ്യരാത്രി. സിനിമക്കാര്‍ അതങ്ങു കൊഴുപ്പിച്ചു. കല്യാണത്തലേന്ന് മുതല്‍ ഉറക്കം നഷ്ടപ്പെട്ട ചെക്കനും പെണ്ണും രണ്ടു ദിവസത്തെ ക്ഷീണം മാറ്റാന്‍ ഒന്നു കിടന്നാല്‍ മതിയെന്നാവും അന്ന് ഓര്‍ക്കുകയെന്നതാണ് പലപ്പോഴും യാഥാര്‍ഥ്യം. ഏതൊരു വ്യക്തിക്കും ആദ്യത്തെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പ് ആവശ്യമാണ്. മാത്രമല്ല, പങ്കാളികള്‍ തമ്മില്‍ പരസ്പരധാരണയില്‍ എത്തുകയും വേണം.

നമുക്ക് മുന്നിലെ സാഹചര്യത്തില്‍ വിവാഹശേഷം പെണ്‍കുട്ടികള്‍ സാധാരണമായി എത്തിപ്പെടുന്നത് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലേക്കാണ്. പുതിയ വീട്, പുതിയ ആളുകള്‍... ആ പരിസരവുമായി ഇണങ്ങുകയും സുരക്ഷിതബോധം ആര്‍ജിക്കുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് മധുവിധു ആസ്വദിക്കാന്‍ സാധിക്കൂ.

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ മാത്രമല്ല, ജീവിതകാലം മുഴുവനും മധുവിധു ആഘോഷിക്കാം. പരസ്പരം ഉള്‍ക്കൊള്ളാനും ക്ഷമിക്കാനും സപ്പോര്‍ട്ട് ചെയ്യാനും മനസ്സു തുറന്ന് സ്നേഹിക്കാനും തയ്യാറാവണം എന്നുമാത്രം.

ഉറക്കം വരുന്നില്ല

ഒറ്റയ്ക്ക് കിടന്ന് ഉറങ്ങി ശീലിച്ച യുവാവും യുവതിയും ഒരു മുറിയിലായപ്പോള്‍ രണ്ടു പേര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു. ഇത് പലരുടെയും കാര്യത്തില്‍ സംഭവിക്കാം. ചിലര്‍ക്ക് ദേഹത്തില്‍ ആളു മുട്ടിയാല്‍ ഉറങ്ങാന്‍ പറ്റില്ല. വേറെ ചില ആളുകള്‍ക്ക് കട്ടിലില്‍ വിശാലമായി തിരിഞ്ഞും മറിഞ്ഞും കിടക്കണം. ഇങ്ങനെയുള്ള ശീലങ്ങള്‍ മാറാന്‍ സമയമെടുക്കുമെന്ന് മനസ്സിലാക്കുക. ഇതേക്കുറിച്ചൊന്നും ടെന്‍ഷനാവേണ്ടതില്ല. മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി, അംഗീകരിപ്പിച്ച് പതിയെ ശരിയാക്കാവുന്ന കാര്യമേയുള്ളൂ.

ശരീരഗന്ധം

ബോഡി ഓഡര്‍ അഥവാ ശരീരഗന്ധം വിവാഹജീവിതത്തില്‍ പലര്‍ക്കും വില്ലനാകാറുണ്ട്. സ്വന്തം ഗന്ധം തിരിച്ചറിയണമെന്നില്ല. കൂടെക്കിടക്കുന്ന ആള്‍ക്കേ അത് മനസ്സിലാകൂ. രണ്ടു നേരം പല്ല് തേച്ച്, കുളിച്ച് ഫ്രഷ് ആകുന്നതോടൊപ്പം ചില ക്രീമുകളും ബോഡി സ്പ്രേയുമൊക്കെ ഉപയോഗിച്ച് ശരീരത്തിന് സുഗന്ധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. മൗത് വാഷ് ഉപയോഗിക്കാവുന്നതാണ്. വിവാഹത്തിന് മുന്‍പ് പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നതും നല്ലതാണ്.

കൂര്‍ക്കംവലി

ദാമ്പത്യത്തിന്റെ തുടക്കത്തില്‍ കിടപ്പറയിലുണ്ടായേക്കാവുന്ന മറ്റൊരു പ്രശ്‌നമാണിത്. വിവാഹത്തിന് മുന്‍പുതന്നെ ഇ.എന്‍.ടി. സര്‍ജനെ കാണുകയോ അല്ലെങ്കില്‍ ഉറക്കവുമായി ബന്ധപ്പെട്ട സ്നോറിംഗ് ട്രീറ്റ്മെന്റ് എടുക്കുകയോ ചെയ്ത് കൂര്‍ക്കംവലി പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

പേടിവേണ്ട

ലൈംഗികതയോടുള്ള പേടി പലരെയും കല്യാണം കഴിക്കുന്നതില്‍നിന്നുതന്നെ വിലക്കുന്നു. സിനിമകളിലൂടെയും മറ്റും കണ്ടും സുഹൃത്തുക്കളില്‍നിന്ന് കേട്ടുമൊക്കെ ഉണ്ടാകുന്ന മുന്‍വിധികളാണ് ഇതിനു കാരണം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍പോലും ലൈംഗികതയെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചുകൂട്ടി പേടിക്കുന്നു. ഓരോരുത്തരും അവരുടെ ചുറ്റുപാടുകളിലൂടെ കിട്ടുന്ന അറിവുകള്‍ സ്വീകരിച്ചാണ് വിവാഹജീവിതത്തെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപവത്കരിക്കുന്നത്. അതില്‍ ശരികളും തെറ്റുകളും ഉണ്ടാകാം. അവയെ കൃത്യമായി വേര്‍തിരിച്ച് കൊള്ളേണ്ടവയെ കൊള്ളാനും അല്ലാത്തവയെ തള്ളാനും പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങും വിവാഹത്തിന്റെ ആദ്യനാളുകളില്‍തന്നെ കൊടുക്കേണ്ട പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങ്ങും സഹായിക്കും. സെക്‌സിനെ സംബന്ധിച്ച് ശാസ്ത്രീയവും സാമൂഹികവുമായ അറിവുകള്‍ ചെറുപ്പം മുതലേ വളര്‍ത്തിയെടുക്കാന്‍ പദ്ധതികളുണ്ടാകണം.

ഫോര്‍ പ്ലേ മറക്കണ്ട

പരസ്പരം സമര്‍പ്പിക്കുന്നതിന്റെയും ആത്മാവിനെ വെളിപ്പെടുത്തുന്നതിന്റെയും ഭാഗമായി ശരീരങ്ങള്‍ പുല്‍കുകയും തഴുകിത്തലോടി സ്നേഹിക്കുകയും വേണം. ഇതിനെയാണ് ഫോര്‍പ്ലേ അഥവാ രതിപൂര്‍വകേളികള്‍ എന്നുപറയുന്നത്. തുടക്കത്തിലെ ഈ സ്‌നേഹപ്രകടനം പങ്കാളിയെ അറിഞ്ഞും മനസ്സിലാക്കിയും ലൈംഗികബന്ധത്തിലേക്ക് കടക്കുന്നതിന് ഗുണം ചെയ്യും. ഫോര്‍പ്ലേയില്‍ ഫോര്‍മലാകാതെ കഴിവതും നാച്ചുറല്‍ ആവുക.

(കൊച്ചി റോൾഡന്റ് ​റെജുവിനേഷൻ മെെൻഡ് ബിഹേവിയർ സ്റ്റുഡിയോയിലെ ചീഫ് കൺസൾട്ടന്റ് സെെക്കോളജിസ്റ്റാണ് ലേഖകൻ)

Content Highlights: Sexual health in newly wedded couples, Honeymoon sex, Health, Sexual Health

ആരോ​ഗ്യമാസിക വാങ്ങാം