മനുഷ്യന് ജൈവികമായി ആവശ്യമുള്ളതും എന്നാല്‍ അനിയന്ത്രിതമായാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്നതുമായ ഒന്നായാണ് ലൈംഗികതയെ വിലയിരുത്തപ്പെടുന്നത്.

വംശവര്‍ധനവിനും മാനസിക-ശാരീരിക സൗഖ്യത്തിന് ആവശ്യമായതുമായ ലൈംഗികത, നിയന്ത്രണങ്ങള്‍ക്കും സാമൂഹിക മര്യാദകള്‍ക്കും അനുസരിച്ചാവണം പിന്തുടരേണ്ടത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ഫലവത്താകുമോ എന്ന ഭയം കാരണം, ലൈംഗീകതയെ ഒറ്റയടിക്ക് നിരാകരിക്കാനുള്ള ശ്രമമാണ് പൊതുവേ കണ്ടുവരുന്നത്. എന്നാല്‍ രതിക്ക് ആരോഗ്യപരമായ ഗുണഫലങ്ങള്‍ ഏറെയുണ്ടെന്ന് ആരോഗ്യവിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യകരമായ ലൈംഗികബന്ധം മനുഷ്യന് ഗുണകരമാണെന്ന് ഒട്ടേറെ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അടുത്തിടെ ജേണല്‍ ഓഫ് മാനേജ്‌മെന്റില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ സംതൃപ്തമായ ലൈംഗീക ജീവിതം ആസ്വദിക്കുന്നവര്‍ക്ക് നന്നായി ജോലി ചെയ്യാനാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

സൈക്കോളിജക്കല്‍ സയന്‍സ് മാസികയില്‍ വന്ന മറ്റൊരു ഗവേഷണഫലമനുസരിച്ച്  സംതൃപ്തമായ ദാമ്പത്യ ജീവിതത്തിനും രതി അടിത്തറയിടുന്നതായി വ്യക്തമാക്കുന്നു. മികച്ച വ്യായാമമായും ലൈംഗികതയെ കണക്കാക്കാം. ഒരു തവണ 85 കലോറി (ഒരു മിനുട്ടില്‍ 3.6 കലോറി) എരിച്ചുകളയാവുന്ന വ്യായാമമാണിത്.

യുവാക്കളുടെ മനസ്സില്‍ കുറ്റബോധം നിറയ്ക്കുന്ന സ്വയംഭോഗത്തിനുപോലും ഇത്തരത്തിലുള്ള ആരോഗ്യകരമായ മെച്ചങ്ങളുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അമിത ലൈംഗികതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പഠനങ്ങളുണ്ട്.

രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും രതി ആസ്വദിക്കുന്നവരുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഉയര്‍ന്നതായിരിക്കുമെന്ന് സൈക്കോളജിക്കല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ വന്ന പഠനം വെളിപ്പെടുത്തുന്നു. ഇത്തരക്കാരുടെ ശരീരത്തില്‍ രോഗപ്രതിരോധം ഫലപ്രദമാക്കുന്ന ഇമ്യൂണോഗ്ലോബിന്‍  30 ശതമാനം വര്‍ധിച്ചതായാണ് കണ്ടെത്തിയത്.

ഹൃദയാരോഗ്യത്തിന് ഗുണകരം

വ്യായാമം ഹൃദയത്തിന് എത്രത്തോളം ഗുണകരമാണോ അത്രതന്നെ രതിയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജി പറയുന്നു. ഹൃദയമിടിപ്പ് വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള ശാരീരികമാറ്റങ്ങളാണ് ഇതിനു കാരണം. ഹൃദ്രോഗബാധിതര്‍ക്ക് ലൈംഗീകജീവിതം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണയാണെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഇത്തരംസന്ദര്‍ഭത്തില്‍ ഹൃദയാഘാതമോ, നെഞ്ച് വേദനയോ വരാനുള്ള സാധ്യത വിരളമാണെന്നും സംഘടന വ്യക്തമാക്കുന്നു. നെഞ്ചുവേദനയില്ലാതെ രണ്ടുനിലയുടെ കോണിപ്പടികള്‍ കയറാന്‍ കഴിയുന്നവര്‍ക്ക് ലൈംഗിക ബന്ധവുമാകാമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ വ്യക്തമാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

സംതൃപ്ത ലൈംഗീകജീവിതം നയിക്കുന്ന സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം കുറവായിരിക്കുമെന്ന് ജേണല്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ബിഹേവിയറില്‍ വന്ന പഠനത്തില്‍ പറയുന്നു. 57നു മകളിലുള്ള, രതി ആസ്വദിക്കുന്ന സ്ത്രീകളില്‍ രക്താതിമര്‍ദ്ദം കുറവായിരിക്കുമെന്നും പഠനം നിരീക്ഷിക്കുന്നു. പ്രണയപൂര്‍വമുള്ള ആലിംഗനത്തിനുപോലും ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

വേദനയില്‍നിന്ന് മോചനം

തലവേദന ലൈംഗികബന്ധത്തിന് തടസ്സംപറയാനുള്ള കാരണമായിരിക്കാം. എന്നാല്‍ മൈഗ്രേയ്‌നടക്കമമുള്ള വേദനകള്‍കുറയ്ക്കാന്‍ രതിക്ക് കഴിയുമെന്ന്  ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ജര്‍മനിയിലെ മ്യൂന്‍സ്റ്റര്‍ സര്‍വകലാശാലയുടെ സെഫാല്‍ജിയ ജേണലിലെ പഠനത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നു. 60 ശതമാനം പേര്‍ക്കും മൈഗ്രെയ്‌ന്റെ കഠിനവേദനയില്‍നിന്ന്  രതി ആശ്വാസം നല്‍കുന്നുവെന്നാണ് പഠനത്തിന്റെ ഉള്ളടക്കം. രതിയുടെ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ വേദന കുറയ്ക്കുന്നുവെന്നതാണ് ഇതിന് അടിസ്ഥാനം.

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയ്ക്കും

അധികം ഇടവേളകളില്ലാതെ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രോസ്‌റ്റേറ്റില്‍ കാന്‍സര്‍ വരാന്‍ സാധ്യത കുറവാണെന്ന് കാലിഫോര്‍ണിയയിലെ ബെതെസ്ഡയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മൈക്കല്‍ ലീറ്റ്‌സ്മാന്‍ കണ്ടെത്തി. നേരത്തേയും സമാനമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലൈംഗികോദ്ധാരണം പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതാണ് ഒരു കാരണം. ശുക്ലം പുറത്തേക്ക് പോകുന്നത്  കാത്സ്യമടക്കമുള്ള ധാതുക്കളുടെ ക്രിസ്റ്റല്‍ അടിഞ്ഞ് കാന്‍സറിനുകാരണമാകുന്ന സാഹചര്യമുണ്ടാകുന്നത് തടയുമെന്നതാണ് രണ്ടാമത്തെ കാര്യം.  മാസത്തില്‍ 12 തവണയെങ്കിലും രതിയിലേര്‍പ്പെടുന്നത് ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

സുഖനിദ്ര തരുന്നു

രതിയുടെ സമയത്ത് മസ്തിഷ്‌കത്തില്‍ ഓക്‌സിടോസിനും ഡോപാമിനുമടക്കമുള്ള രാസവസ്തുക്കള്‍ സ്രവിക്കപ്പെടുന്നത് ഉറക്കത്തെ സഹായിക്കുമെന്ന്  അമേരിക്കയിലെ സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. സ്ത്രീകളില്‍ ഈസ്ട്രജന്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഗാഢ നിദ്രയെ സഹായിക്കുമെന്ന് ജേണല്‍ ഓഫ് വുമണ്‍ ഹെല്‍ത്ത് വിശദീകരിക്കുന്നു.

മാനസിക സംഘര്‍ഷം കുറയ്ക്കും

മാനസിക സംഘര്‍ഷം തലവേദന, ഉറക്കക്കുറവ്, വയറില്‍ അസ്വസ്ഥത, എന്നിവയ്ക്ക് കാരണമായേക്കാം. കൂടിയ അളവില്‍ മാനസിക സംഘര്‍മുണ്ടായാല്‍ വിഷാദമുണ്ടാകുമെന്നും പ്രതിരോധവ്യവസ്ഥയെ ബാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികസംഘര്‍ഷം കുറയ്ക്കാന്‍ രതി സഹായിക്കുമെന്ന കാര്യം ശ്രദ്ധേയമാകുന്നത്. ബയോളജിക്കല്‍ സൈക്കോളജി ജേണലിലെ പഠനം ഇക്കാര്യം ഊന്നിപ്പറയുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും

സ്ത്രീകളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നതാണ് രതിയുടെ മറ്റൊരു ഗുണഫലം. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ ജേണലാണ്  ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. തലച്ചോറിലെ ഹിപ്പോകാമ്പസില്‍ പുതിയ ന്യൂറോണുകളുടെ  ഉത്പാദനം സാധ്യമാകുന്നതിലാണ് രതി ഓര്‍മശക്തിയെ സഹായിക്കുന്നതെന്ന് പഠനം പറയുന്നു.
 അതുപോലെ പ്രണയം സര്‍ഗാത്മക ചിന്തയും വിശകലന പ്രാവീണ്യവും വര്‍ധിപ്പികുമെന്ന് പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിനില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം വ്യക്തമാക്കുന്നു.

ജീവിത ദൈര്‍ഘ്യം കൂട്ടുന്നു

രതി ആയുസ്സ് കൂട്ടുമെന്നാണ് ബിട്ടീഷ് മെഡിക്കല്‍ ജേണലിലെ കണ്ടെത്തല്‍. 45-നും 59-നുമിടയില്‍ പ്രായമുള്ള 1000 പേരില്‍ 10 വര്‍ഷം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദി ജെറെന്റോളജിസ്റ്റ് ജേണലിലും സമാനമായ പഠനം വന്നിട്ടുണ്ട്. രതിയെത്തുടര്‍ന്നുണ്ടാകുന്ന ഒട്ടേറെ ശാരീരിക-മാനസിക മാറ്റങ്ങളുടെ ഫലമാണ് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ സഹായകമാകുന്നത്.

ആത്മവിശ്വാസം വളര്‍ത്തും

മെച്ചപ്പെട്ട വൈകാരിക നില കൈവരിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും രതി സഹായിക്കുമെന്നതാണ് മറ്റൊരു കാര്യം. സോഷ്യല്‍ സൈക്കോളജി ആന്‍ഡ് പേഴ്‌സണാലിറ്റി  സയന്‍സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആത്മവിശ്വാസം കൂടുതലുള്ള സ്ത്രീകള്‍ക്ക് നന്നായി രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്നും പഠനം പറയുന്നു.