ണ്ടൊക്കെ നാല്പത് കഴിഞ്ഞാല്‍ വയസ്സായി എന്ന അവസ്ഥയായിരുന്നു. ഇന്ന് സുഖസൗകര്യങ്ങളും സാമ്പത്തികനിലവാരത്തിന്റെ ഉയര്‍ച്ചയും മെച്ചപ്പെട്ട ഭക്ഷണരീതിയും ഫലപ്രദമായ ചികിത്സാരീതികളും ലഭ്യമായപ്പോള്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം കൂടി. വാര്‍ധക്യത്തിന്റെ നിര്‍വചനവും മാറി. പഴയകാലത്തെ 40 ഇന്നത്തെ 60 ആയി.

ശാസ്ത്രീയമായി 60 മുതല്‍ 70 വരെ പ്രായമുള്ളവരെ യങ് ഓള്‍ഡ് (Young old) എന്നും 70 മുതല്‍ 85 വരെയുള്ളവരെ ഓള്‍ഡ് ഓള്‍ഡ് (Old old) എന്നും 85-ല്‍ കൂടുതലുള്ളവരെ വെരി ഓള്‍ഡ് (Very old) എന്നുമാണ് തിരിച്ചിരിക്കുന്നത്. 55 വയസ്സില്‍ ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥജീവിതം നയിക്കുന്ന അവസ്ഥ മാറി ഇപ്പോള്‍ 70, 75 വയസ്സുവരെ ജോലി തുടരുന്നവര്‍ ധാരാളമാണ്. 80-ലും 85-ലും പല മേഖലകളിലും ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കുന്നവര്‍ നമുക്ക് പരിചിതമാണ്.

ലൈംഗികതയുടെ കാര്യവും അങ്ങനെയാണ്. പ്രായം വാര്‍ധക്യത്തിലെത്തി എന്നതുകൊണ്ടുമാത്രം ദാമ്പത്യസുഖവും ലൈംഗികസംതൃപ്തിയും ഇല്ലാതാകുമെന്ന ചിന്ത മാറി. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള കാലംവരെ ദാമ്പത്യജീവിതം സുഖകരമാക്കാം എന്ന് നമ്മള്‍ മനസ്സിലാക്കുന്നു. 60 കഴിഞ്ഞവരില്‍ 60 ശതമാനംപേര്‍ ലൈംഗികപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുന്നു എന്നാണ് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
വാര്‍ധക്യം എന്ന പ്രതിഭാസം മനുഷ്യന്റെ ശാരീരികപ്രവര്‍ത്തനത്തിലും സ്വഭാവത്തിലും കോശങ്ങളുടെ രോഗാവസ്ഥയിലും മാനസികവും സാമൂഹികവുമായ തലത്തിലും വരുത്തുന്ന മാറ്റങ്ങള്‍ ലൈംഗികപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു.

ലൈംഗികതയുടെ പ്രത്യേകത?

ലൈംഗികതയെ തങ്ങളുടെ വികാരാവിഷ്‌കരണമായി, സ്നേഹവാത്സല്യങ്ങളുടെ വെളിപാടായി, പരസ്പര ആകര്‍ഷണത്തിന്റെയും ആരാധനയുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനമായി, പ്രണയത്തിന്റെ പുനരുദ്ധാരണമായി, ജീവസ്സുറ്റ നിലനില്പിന്റെ ശരിവയ്ക്കലും മാനസികാഹ്ലാദത്തിന്റെ പ്രകടനവും വ്യക്തിത്വവളര്‍ച്ചയ്ക്കും അനുഭവസമ്പത്ത് കൂട്ടാനുമുള്ള തുടര്‍ച്ചയായ അവസരവുമായിവേണം സമീപിക്കാന്‍. അത് ഏതു പ്രായത്തിലും അങ്ങനെതന്നെ.

വാര്‍ധക്യത്തില്‍ ലൈംഗികതാത്പര്യവും തീവ്രതയും കുറഞ്ഞുവരുന്നത് സ്വാഭാവികമാണ്. ഇതിന്റെ ആരംഭഘട്ടം പലപ്പോഴും മധ്യവയസ്സില്‍തന്നെയായിരിക്കും. പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകളിലാണ് ഈ കുറവ് പ്രകടമാകുന്നത്.പ്രായമേറുംതോറും അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍, രോഗങ്ങള്‍, ജീവിതത്തില്‍ നേരിടുന്ന നിരാശകള്‍, സംഘര്‍ഷാവസ്ഥകള്‍, കയ്‌പേറിയ അനുഭവങ്ങള്‍, സാമൂഹികമായ പ്രശ്നങ്ങള്‍, ഇവയെല്ലാം ലൈംഗികജീവിതത്തെ സ്വാധീനിക്കുന്നു.

50 വയസ്സ് പിന്നിട്ടവരെ പഠനവിധേയമാക്കിയപ്പോള്‍ ഏകദേശം 60 ശതമാനം സ്ത്രീകളും 20 ശതമാനം പുരുഷന്മാരും ലൈംഗികപ്രവര്‍ത്തനം മതിയാക്കിയതായിട്ടാണ് കണ്ടത്. ലൈംഗികപങ്കാളി നഷ്ടപ്പെടുകയോ പങ്കാളിയില്‍ ലൈംഗികതാത്പര്യം കുറഞ്ഞുപോവുകയോ ശാരീരിക അസുഖങ്ങള്‍ ബാധിക്കുകയോ ചെയ്യുമ്പോള്‍ ശാരീരികബന്ധം തീരേ കുറഞ്ഞുപോകുന്നത് സ്വാഭാവികമാണ്. 'പ്രായമായില്ലേ, ഇനിയും ഇതൊക്കെ വേണോ?' എന്ന് ചിന്തിക്കുന്നവര്‍ ധാരാളമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍. അമ്മയും അമ്മായിയമ്മയും അമ്മൂമ്മയുമൊക്കെയായി. കുട്ടികളെന്ത് വിചാരിക്കും എന്ന് കരുതി പലരും ശാരീരിക അകല്‍ച്ച പാലിക്കുന്നു. ചിലര്‍ക്ക് പഴയകാല ലൈംഗിക ദുരനുഭവങ്ങളും അസംതൃപ്തമായ ബന്ധങ്ങളും മറക്കാനും ആശ്വാസം നേടാനും ഈ ചിന്താഗതി വഴിയൊരുക്കുന്നു. പ്രമേഹം, സന്ധിരോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, അല്‍ഷൈമേഴ്‌സ് പോലുള്ള മേധാക്ഷയം (Dementia), പലതരം ശസ്ത്രക്രിയാനുഭവങ്ങള്‍, ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ ലൈംഗികപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പലരും ലൈംഗികമല്ലാത്ത സ്നേഹപ്രകടനങ്ങളില്‍ (ചുംബനം, ആലിംഗനം, തലോടല്‍ മുതലായവ) സംതൃപ്തി കണ്ടെത്തുന്നു.

പുരുഷന്മാരിലെ സംതൃപ്തി

പുരുഷന്മാര്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് ലൈംഗികതാത്പര്യവും (Libido) ബന്ധപ്പെടുന്ന തോതും (Frequency) കുറയും. ഉദ്ധാരണശേഷിയും കുറയുന്നു. പഴയതുപോലെ ഉദ്ധാരണം നേടിയെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു. യൗവനത്തില്‍ ലൈംഗികചിന്തകള്‍കൊണ്ടും ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള കാഴ്ചകള്‍കൊണ്ടും ഉദ്ധാരണം നേടിയ സ്ഥാനത്ത് വാര്‍ധക്യമായാല്‍ അതേ പ്രതികരണം നേടാന്‍ ലൈംഗികാവയവങ്ങളില്‍ നേരിട്ടുള്ള സ്പര്‍ശം വേണ്ടിവരുന്നു. ലഭിക്കുന്ന ഉദ്ധാരണമോ, കഷ്ടിച്ച് ബന്ധപ്പെടാന്‍ സാധിക്കുന്ന അളവിലായിരിക്കും. ശുക്ലവിസര്‍ജനത്തിന്റെ അളവും ശുക്ലത്തിന്റെ കട്ടിയും കുറയുന്നു. ഇതൊക്കെ ഇങ്ങനെയാണെങ്കിലും വൃദ്ധരായ പുരുഷന്മാരില്‍ പലരും ലൈംഗിക ബന്ധം ആഗ്രഹിക്കുന്നു.

പുരുഷനും സ്ത്രീയും തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലെങ്കില്‍ ചിലപ്പോള്‍ ഈ കാര്യത്തില്‍ പൊരുത്തക്കേടുകള്‍ പ്രകടമാവുന്നു. ഉദാഹരണത്തിന് 65 വയസ്സുള്ള പുരുഷന് നല്ല വികാരവും ഉത്തേജനവും അനുഭവപ്പെടുന്നു. അതേസമയം 62 വയസ്സായ ഭാര്യ ലൈംഗിക ജീവിതം അസ്തമിച്ച അവസ്ഥയിലാണ്. 'ഇനിയും ഇതൊക്കെ വേണോ മനുഷ്യാ!' എന്ന് ചോദിക്കുന്ന സ്ഥിതിയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ചില പുരുഷന്മാര്‍ സ്വയംഭോഗത്തില്‍ സംതൃപ്തി കണ്ടെത്തുന്നു. അപൂര്‍വം ചിലര്‍ ഈ ഘട്ടത്തിലാണ് പ്രായം കുറഞ്ഞ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഉറങ്ങിക്കിടക്കുന്ന താത്പര്യങ്ങളെ വീണ്ടും ഉണര്‍ത്തുന്നതും.

താത്പര്യം കുറയുന്നതിന്റെ ആശങ്കകള്‍

പ്രായം ഏറിയതുകൊണ്ടുള്ള ആരോഗ്യക്കുറവും എളുപ്പത്തില്‍ ഉണ്ടാവുന്ന കിതപ്പും ക്ഷീണവും ഉറക്കക്കുറവും സന്ധികളുടെ വേദനയും എല്ലാം സ്വാഭാവികമാണ്. ഇതുകൂടാതെ പ്രമേഹം, അമിത കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ലൈംഗിക അവയവങ്ങളുടെ ശോഷിച്ച അവസ്ഥ (Testicular atrophy), പുരുഷ ഹോര്‍മോണിന്റെ കുറവ് എന്നിവയും പ്രായമായവരില്‍  കാണാവുന്നതാണ്. ഹൃദ്രോഗം ഉണ്ടായവര്‍ക്ക് ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ വീണ്ടും അറ്റാക്ക് വരുമോ എന്നൊക്കെയുള്ള ഭയവും ഉണ്ടാകും.

50 കഴിഞ്ഞ പുരുഷന്മാരില്‍ ചിലര്‍ക്ക് പ്രോസ്റ്റേറ്റ് (Prostate) ഗ്രന്ഥിയുടെ വീക്കമോ അത് പരിഹരിക്കാനുള്ള മരുന്നുചികിത്സയോ, ശസ്ത്രക്രിയയോ, ആ ഗ്രന്ഥിയിലെ കാന്‍സറോ ഉണ്ടായതായിക്കാണാം. ഇവയെല്ലാംതന്നെ ലൈംഗികതയെ ബാധിക്കുന്നവയാണ്.

ലൈംഗിക വീര്യം കുറഞ്ഞുപോകുന്നുവോ, ആണത്തം ഇല്ലാതാകുന്നുവോ എന്നൊക്കെയുള്ള ഭയാശങ്കകള്‍ ഈ പ്രായത്തിലുള്ളവരെ വേട്ടയാടുന്നു. പങ്കാളികളുടെ കണ്ണില്‍ തങ്ങള്‍ക്ക് പണ്ടത്തെ ആകര്‍ഷണീയത ഇല്ലാതായോ എന്നും അവര്‍ സംശയിക്കുന്നു. ജീവിതശൈലീ മാറ്റവും ജോലിയില്‍നിന്ന് വിരമിക്കലും പ്രായാധിക്യംകൊണ്ടുള്ള സാധാരണ അസുഖങ്ങളുമെല്ലാം ഇതിന് ഹേതുവാകുന്നു. ചിലരില്‍ പുകവലി, മദ്യപാനം, ലൈംഗികരോഗങ്ങള്‍ മുതലായവ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

സ്ത്രീകളിലെ സംതൃപ്തി

വാര്‍ധക്യഘട്ടത്തില്‍ സ്ത്രീ ലൈംഗികതയെ ശാരീരികഘടകങ്ങളും മാനസിക, സാമൂഹികഘടകങ്ങളും സ്വാധീനിക്കുന്നു. പ്രായം 60 ആകുമ്പോഴേക്കും ഭൂരിഭാഗം പേരും ആര്‍ത്തവവിരാമ ഘട്ടത്തിലാണ്. സ്വാഭാവികമായും സ്‌ത്രൈണ ഹോര്‍മോണിന്റെ (Estrogen) കുറവ് ശരീരത്തിലനുഭവപ്പെടുന്നു. ഗുഹ്യഭാഗങ്ങളിലെ വരള്‍ച്ച കാരണവും യോനിയിലെ ആവരണം നേര്‍ത്തുവരുന്നതുകൊണ്ടും (Vaginal atrophy) വേഴ്ച വേദനയുളവാക്കുന്നു. മനസ്സില്‍ ലൈംഗിക വികാരവും ഉത്തേജനവും പഴയതുപോലെ ഉണ്ടാകണമെന്നില്ല.

പ്രായമാകുമ്പോഴേക്കും പലര്‍ക്കും ഗര്‍ഭാശയ, അണ്ഡാശയ പ്രശ്നങ്ങള്‍ കാരണം ഗര്‍ഭാശയവും അണ്ഡാശയവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥ വരുന്നു. രണ്ടും നീക്കം ചെയ്തവര്‍ക്ക് ഹോര്‍മോണിന്റെ കുറവ് പ്രശ്നമാകാന്‍ ഇടയുണ്ട്.

പ്രായമായ സ്ത്രീകളില്‍ ലൈംഗിക സംതൃപ്തി കുറയാന്‍ പ്രമേഹവും ഒരു കാരണമാണ്. പ്രമേഹമുള്ളവര്‍ക്ക് മൂത്രാശയ അണുബാധയും യോനിയിലെ പൂപ്പല്‍ ബാധയും (Yeast) സാധാരണമാണ്. ചിലര്‍ക്ക് പ്രായാധിക്യം കാരണം മൂത്രധാരയുടെ നിയന്ത്രണം കുറയുന്നു (Incontinence). ഇതും ലൈംഗികസംതൃപ്തിക്ക് തടസ്സമാകുന്നു. ഹൃദ്രോഗം ഉള്ളവരും അതിന് മരുന്ന് കഴിക്കുന്നവരും ലൈംഗിക ഉത്തേജനക്കുറവും രതിമൂര്‍ച്ഛാ പ്രശ്നങ്ങളും നേരിടാനിടയുള്ളവരാണ്.
ആര്‍ത്തവവിരാമ ഘട്ടത്തിലാണ് പല സ്ത്രീകളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. കുട്ടികള്‍ വലുതായി, പഠിത്തവും വിവാഹവും കഴിഞ്ഞ് വീടുവിട്ടുപോകുന്നതും പ്രായമായ ദമ്പതിമാര്‍ മാത്രം വീട് നിറഞ്ഞുനില്ക്കുന്ന അവസ്ഥയും (Emtpy nest syndrome) ഉത്കണ്ഠയ്ക്കും വിഷാദത്തിനും വഴിയൊരുക്കുന്നു.

സമപ്രായക്കാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്‍പാട്, പങ്കാളിയുടെ വേര്‍പാട്, പങ്കാളിയുടെ ദീര്‍ഘകാല രോഗാവസ്ഥ, ദീര്‍ഘകാല ആശുപത്രിവാസം, കൂടുതല്‍ പേരുള്ള വീട്ടില്‍ പങ്കാളിയുടെ കൂടെ സമയം പങ്കിടാനുള്ള സ്വകാര്യതയില്ലായ്മ, ഇതെല്ലാം ഈ പ്രായക്കാരുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

'ഡോക്ടറോട് എങ്ങനെ പറയും, നാണക്കേടാവില്ലേ....'

പലരും വാര്‍ധക്യത്തില്‍ ദാമ്പത്യപ്രശ്നമോ ലൈംഗിക പ്രശ്നമോ നേരിടുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ മടി കാണിക്കുന്നു. ''60 കഴിഞ്ഞ ഞാന്‍ നാല്പതുവയസ്സുള്ള ഡോക്ടറോട് എങ്ങനെ ലൈംഗികപ്രശ്നങ്ങള്‍ അവതരിപ്പിക്കും? അവര്‍ എന്നെക്കുറിച്ചെന്തു വിചാരിക്കും? അവരുടെ സമയം ഞാന്‍ പാഴാക്കുകയല്ലേ? സമൂഹം മൊത്തം എന്നെ പ്രത്യേക രീതിയിലല്ലേ കാണുക? ഈ അറുപതുകാരിക്ക് ലൈംഗികസുഖം പോരാ എന്നാണോ? നാണക്കേടാവില്ലേ?'' ഇങ്ങനെ പോകുന്നു ചിന്തകള്‍. വാര്‍ധക്യത്തിലെ ലൈംഗികതയോട് സമൂഹത്തിന്റെ കാഴ്ചപ്പാട് ഇതാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. കാസ് എന്ന ഗവേഷകന്‍ ഇങ്ങനെയുള്ള ദാമ്പത്യത്തകര്‍ച്ചകള്‍ക്ക് Geriatric sexuality breakdown syndrome എന്ന് പേര് നല്കി.

ഇതിന്റെ വേറൊരു വശം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഈ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ മടികാണിക്കുന്നുവെന്നതാണ്. വൃദ്ധയായ സ്ത്രീയോട് ''നിങ്ങളുടെ ലൈംഗികജീവിതം എങ്ങനെയുണ്ട്'' എന്ന് ചോദിച്ചാല്‍ അവര്‍ പിണങ്ങുമോ എന്ന് അവര്‍ ഭയപ്പെടുന്നു. യഥാര്‍ഥത്തില്‍ മുതിര്‍ന്നവരെ പരിചരിക്കുന്ന മന്ദിരങ്ങളിലും മനോരോഗചികിത്സാകേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ മുതിര്‍ന്നവരുടെ ലൈംഗികജീവിതത്തെപ്പറ്റി ബോധവാന്മാരാകേണ്ടതുണ്ട്.  55 വയസ്സിനുശേഷം പുരുഷന്മാര്‍ക്ക് 15 മുതല്‍ 20 വര്‍ഷം വരെയും സ്ത്രീകള്‍ക്ക് 10 വര്‍ഷംവരെയും ലൈംഗികജീവിതം തുടരാനാകും.സന്താനോത്പാദനം കഴിഞ്ഞാല്‍ പിന്നെ പതിവായ ലൈംഗികബന്ധം അത്യാവശ്യമല്ല എന്നുപോലും ചിലര്‍ ചിന്തിക്കുന്നു. പക്ഷേ, നല്ല കെട്ടുറപ്പുള്ള ദാമ്പത്യത്തിന് വ്യക്തിബന്ധംപോലെ ശാരീരികബന്ധവും അടിസ്ഥാന ഘടകമാണ്.

പ്രായം മറക്കാം, ദാമ്പത്യബന്ധം സുഖകരമാക്കാം

ആദ്യമായി മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും പ്രായം കൂടുന്നതിനനുസരിച്ച് പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുമെന്ന സത്യമാണ്. പക്ഷേ, മനസ്സിന് വാര്‍ധക്യം ബാധിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാം കഴിഞ്ഞു, എല്ലാം മടുത്തു, ഇനി ആസ്വദിക്കാനെന്തിരിക്കുന്നു എന്ന ചിന്താഗതി ആദ്യം മാറ്റണം. 

പ്രണയഭാവം എന്നത് കൗമാരയൗവനത്തില്‍ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടമാണെങ്കില്‍ മധ്യവയസ്സില്‍ പതുക്കെ ഓളം തല്ലുന്ന പുഴയാകാം. വാര്‍ധക്യത്തില്‍ ശാന്തമായി ഒഴുകുന്ന നദിയായി മാറും. ജീവിതപങ്കാളിയെ പൂര്‍ണമായി മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്താല്‍ പ്രണയം പ്രായത്തിനനുയോജ്യമായി നിലനിര്‍ത്താം. ഒരു ചുംബനത്തിലോ ആലിംഗനത്തിലോ സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തിലോ അത് പ്രകടിപ്പിക്കാം. ' ഇനി വേഴ്ചയ്ക്ക് യാതൊരു വഴിയുമില്ല. അതുകൊണ്ട് ലൈംഗികജീവിതം അവസാനിച്ചു' എന്ന് വിലപിക്കേണ്ടതില്ല. വേഴ്ച മാത്രമല്ല ലെംഗികത. 

പരസ്പര ആശയവിനിമയമാണ് സുപ്രധാനം. മാനസിക പിരിമുറുക്കം കുറയ്ക്കുക. മിതമായ വ്യായാമവും ഭക്ഷണശീലവും യോഗയും പതിവാക്കുക. സാമ്പത്തികാസൂത്രണവും നല്ല കുടുംബ ബന്ധങ്ങളും നല്ല സുഹൃദ്ബന്ധങ്ങളും ഒരുപരിധിവരെ വിഷാദമകറ്റാന്‍ സഹായിക്കും. 

ധാരാളം വെള്ളം കുടിക്കുക. ധിഷ്ണാപരമായ കാര്യങ്ങളില്‍(വായന, ചര്‍ച്ച, ചെസ്സുകളി, പദപ്രശ്‌നം മുതലായവ)സംഗീതാസ്വാദനം, കലാസ്വാദനം എന്നിവയില്‍ മുഴുകുക. നെഗറ്റീവായി ചിന്തിക്കുന്നവരുടെ ചങ്ങാത്തം ഒഴിവാക്കുക. പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. 

വാര്‍ധക്യത്തില്‍ വന്നനുഭവിക്കുന്ന വ്യക്തിബന്ധ പ്രശ്‌നങ്ങള്‍ വഷളാകുന്നതിനു മുന്‍പ് കൗണ്‍സലിങ്ങിലൂടെ പരിഹരിക്കുക. പ്രായമായ ദമ്പതിമാരുടെ ഇടയിലുള്ള പ്രശ്‌നങ്ങളില്‍ സ്‌നേഹമുള്ള മക്കളുടെ നിര്‍ദേശങ്ങളും സ്വീകരിക്കാം. സമപ്രായമക്കാരുടെ അസുഖങ്ങളും വിയോഗങ്ങളും സ്വാഭാവികമാണ് എന്ന് മനസ്സിലാക്കി അംഗീകരിക്കുക. 

പ്രായം വെറും വര്‍ഷങ്ങളുടെ കണക്കിലല്ല, നമ്മുടെ കാഴ്ചപ്പാടിലാണ്. 40 വയസ്സിലും വൃദ്ധരാകാം. 70 വയസ്സിലും പ്രത്യാശ കൈവിടാതെ ഊര്‍ജസ്വലരാകാം. നമ്മുടെ ബന്ധങ്ങളും പരസ്പര സ്‌നേഹവുമാണ് നമ്മുടെ കൈമുതല്‍ എന്ന് മനസ്സിലാക്കുക. 

ഉത്തേജനം വീണ്ടെടുക്കാന്‍

ശാരീരികബന്ധം വല്ലപ്പോഴുമാണെങ്കിലും ഉദ്ധാരണം നിലനിര്‍ത്താനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം. ഉത്തേജനം ലഭിക്കാന്‍ സമയമെടുക്കുമെന്ന് പങ്കാളികള്‍ രണ്ടുപേരും മനസ്സിലാക്കുക. യോനിവരള്‍ച്ച കാരണം വേദനയോ പുകച്ചിലോ ഉണ്ടെങ്കില്‍ സ്നിഗ്ധത വരുത്താന്‍ ക്രീമുകള്‍ (Vaginal cream) പ്രയോജനപ്പെടുത്താം. ഇസ്ട്രജന്‍ ഹോര്‍മോണ്‍ അടങ്ങിയ ക്രീമുകളുണ്ട്. ചര്‍മത്തിന്റെ പൊതുവേയുള്ള വരള്‍ച്ച മാറ്റാന്‍ മോയ്ചറൈസര്‍ പുരട്ടാം

(പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം തലവനാണ് ലേഖകന്‍)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Sex in old age, how to improve your sex drive during old age, Health, Sexual Health, Geriatric Care