യൗവനത്തില്‍നിന്ന് മധ്യവയസ്സിലേക്ക് കടക്കുമ്പോള്‍ മറ്റെല്ലാത്തിനുമെന്നപോലെ മനുഷ്യരുടെ ലൈംഗികതയിലും പല മാറ്റങ്ങളും സംഭവിക്കുന്നു. യൗവനം ആശങ്കകളുടെയും തെറ്റിദ്ധാരണകളുടെയും ലൈംഗികപരീക്ഷണങ്ങളുടെയും കാലമാണ്. പ്രായോഗികജ്ഞാനവും അനുഭവസമ്പത്തുമായി മധ്യവയസ്സിലേക്ക് കടക്കുമ്പോള്‍ സെക്സ് കൂടുതല്‍ ആനന്ദദായകമാകേണ്ടതല്ലേ? പക്ഷേ, സെക്സ് ഉത്തരവാദിത്വമോ ബാധ്യതയോ ആയിക്കണ്ട്, തീര്‍ത്തും യാന്ത്രികമായി തുടര്‍ന്നുപോകുകയാണ് പലരും. കുടുംബകാര്യങ്ങള്‍, കുട്ടികളെ വളര്‍ത്തല്‍, സാമ്പത്തികവും സാമൂഹികവുമായി സ്ഥിരത നേടല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ദാമ്പത്യത്തിലെ പ്രണയത്തിന്റെ തീവ്രത കുറയുകയും സെക്സ് ദിനാന്ത്യത്തിലെ കടമതീര്‍ക്കല്‍ മാത്രമാവുകയും ചെയ്യുന്നു.

പ്രായമാകുന്നതോടൊപ്പം സ്ത്രീപുരുഷലൈംഗികതയില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വരും. ഇതിനുപുറമെ ആര്‍ത്തവവിരാമം, പ്രമേഹം, വിഷാദം തുടങ്ങി ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും ലഹരിവസ്തുക്കളുടെ ഉപയോഗവും മധ്യവയസ്‌കരില്‍ പലതരത്തിലുള്ള ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ആര്‍ത്തവവിരാമവും ആശങ്കകളും

സാധാരണഗതിയില്‍ 48 വയസ്സിനും 52 വയസ്സിനുമിടയില്‍ സ്ത്രീകളുടെ ആര്‍ത്തവപ്രക്രിയ മുഴുവനായും നില്‍ക്കുന്നു. ഇതിനെയാണ് ആര്‍ത്തവവിരാമം (Menopause) എന്ന് പറയുന്നത്. ആര്‍ത്തവവിരാമഘട്ടത്തിലുള്ള 80 ശതമാനം സ്ത്രീകളിലും പലതരത്തിലുള്ള ശാരീരിക, മാനസിക ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈസ്ട്രജന്റെ അളവ് കുറഞ്ഞുവരുന്നതുമൂലം യോനീമുഖത്തും യോനീനാളത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സുരതപ്രക്രിയയില്‍ വേദനയുണ്ടാക്കിയേക്കാം. സ്‌നിഗ്ധത വര്‍ധിപ്പിക്കാനുള്ള ജെല്ലുകളും ഹോര്‍മോണ്‍ തെറാപ്പിപോലുള്ള ചികിത്സാരീതികളും ഇത്തരം സന്ദര്‍ഭത്തില്‍ ഫലപ്രദമാകാറുണ്ട്.

ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നത് ക്രമേണ കുറഞ്ഞുവരുന്നതായും പഠനങ്ങള്‍ പറയുന്നു.

ആര്‍ത്തവവിരാമത്തെ ഉള്‍ക്കൊള്ളുന്നതുമായി ബന്ധപ്പെട്ട് വൈകാരികാവസ്ഥകളിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. അമിതമായ ദേഷ്യം, വിഷാദം തുടങ്ങി പലരീതികളില്‍ ആയിരിക്കും മാനസിക അസ്വസ്ഥത പ്രകടമാകുന്നത്. ആവശ്യമെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ മനോരോഗവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.

ഉദ്ധാരണശേഷിയുംവ്യാകുലതകളും

വേഴ്ച പൂര്‍ത്തിയാകുന്നതുവരെ ലൈംഗികോദ്ധാരണം നിലനിര്‍ത്താനുള്ള കഴിവ് നിരന്തരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction). ഉദ്ധാരണശേഷിക്കുറവ് ഏത് പ്രായത്തിലും ഉണ്ടാകാം. 40 വയസ്സ് പിന്നിടുമ്പോള്‍ പുരുഷന്മാര്‍ പലപ്പോഴും തങ്ങളുടെ ഉദ്ധാരണശേഷിയെക്കുറിച്ച് അമിതമായി വ്യാകുലപ്പെടാറുണ്ട്. സുരതപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ ഇടയ്‌ക്കെപ്പോഴെങ്കിലും ഉദ്ധാരണം ലഭിക്കാതെവരുമ്പോഴേക്കും തനിക്ക് ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായി വ്യാകുലപ്പെടുന്ന നിരവധിപേരുണ്ട്. പിന്നീട് ലൈംഗികകേളികളില്‍ ഏര്‍പ്പെടുമ്പോള്‍ അമിതമായ ഉത്കണ്ഠ വരുകയും ഉദ്ധാരണസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയുംചെയ്യാറുണ്ട്. ഒരു മനോരോഗവിദഗ്ധന്റെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ഉദ്ധാരണക്കുറവ് പല കാരണങ്ങള്‍കൊണ്ടാവാം. ലിംഗം, വൃഷണം, പ്രോസ്റ്റേറ്റ് തുടങ്ങിയ അവയവങ്ങളിലെ അണുബാധ, ഹൃദ്രോഗങ്ങള്‍, സിറോസിസ് പോലുള്ള കരള്‍രോഗങ്ങള്‍, പ്രമേഹം, ലഹരിവസ്തുക്കളുടെ ഉപയോഗം, നാഡീസംബന്ധമായ രോഗങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാം. വിശദമായ വൈദ്യപരിശോധനയും ചികിത്സയും തേടി ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കണം.

സുഖം കവരുന്ന ലഹരി

ലഹരിവസ്തുക്കളുടെ ഉപയോഗം പുരുഷന്മാരിലും സ്ത്രീകളിലും മുന്‍കാലങ്ങളെക്കാള്‍ കൂടിവരുന്നതായാണ് കണക്കുകള്‍. പുകവലി, മദ്യം, കഞ്ചാവ്, ഹെറോയിന്‍ തുടങ്ങിയവയുടെ ഉപയോഗം നിരവധി ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ലൈംഗികാസക്തി കുറയുകയും ഉദ്ധാരണശേഷി നഷ്ടപ്പെടുകയും രതിമൂര്‍ച്ഛ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. ഫലപ്രദവും ആനന്ദകരവുമായ ലൈംഗികബന്ധത്തിന് ലഹരിവസ്തുക്കള്‍ മുഴുവനായും വര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനോരോഗവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.

ഒഴിവാക്കണം സംശയത്തിന്റെ നിഴല്‍

ദാമ്പത്യത്തില്‍ വളരെയധികം അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നമാണ് സംശയരോഗം. ദാമ്പത്യജീവിതത്തില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും സംശയരോഗം തുടങ്ങാമെങ്കിലും മധ്യവയസ്സിലേക്ക് കടക്കുമ്പോഴാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. തെളിവുകളൊന്നുമില്ലെങ്കിലും ജീവിതപങ്കാളിയുടെ പ്രവൃത്തികളില്‍ സംശയം തോന്നുകയും അവരെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.

ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങള്‍ സംശയരോഗത്തിലേക്ക് നയിക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗം, പ്രത്യേകിച്ച് മദ്യത്തിന്റെ അമിതോപയോഗം സംശയരോഗത്തിന് പ്രധാന കാരണമാണ്. ശാസ്ത്രീയമായ ചികിത്സ ഇതിന് ആവശ്യമാണ്.

സ്ത്രീകളിൽ കാലം വരുത്തുന്ന മാറ്റങ്ങൾ 

 • ഹോര്‍മോണ്‍ വ്യതിയാനംമൂലം അണ്ഡോത്പാദനം കുറയും. ആര്‍ത്തവചക്രത്തില്‍ മാറ്റമുണ്ടാകും.
 • സ്തനങ്ങളുടെ ഉദ്ദീപനക്ഷമതയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെങ്കിലും ഉത്തേജനസമയത്തെ വികാസം കുറയുന്നു.
 • ലൈംഗികോദ്ധാരണസമയത്ത് പേശികളിലുണ്ടാകുന്ന മുറുക്കവും രതിമൂര്‍ച്ഛയുടെ തീവ്രതയും കുറയുന്നു.
 • ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് താഴുന്നതോടെ യോനിയിലേക്കുള്ള രക്തയോട്ടം കുറയും. യോനീനാളത്തിന്റെ സ്‌നിഗ്ധത കുറഞ്ഞ് കൂടുതല്‍ വരണ്ടതാകും. യോനീമുഖം ചുരുങ്ങുന്നതും ഇലാസ്തികത കുറയുന്നതും വേദനയുളവാകാന്‍ കാരണമാകുന്നു.

പുരുഷന്മാരില്‍ കാലം വരുത്തുന്ന മാറ്റങ്ങൾ 

 • പുരുഷന്മാരില്‍ 40 വയസ്സ് കഴിയുമ്പോള്‍ ബീജോത്പാദനം കുറഞ്ഞുവരുമെങ്കിലും 90-കളില്‍പോലും മുഴുവനായും നിലയ്ക്കുന്നില്ല.
 • പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 45 വയസ്സിനുശേഷം കുറയാറുണ്ടെങ്കിലും സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്യമായ ഹോര്‍മോണ്‍വ്യതിയാനം പുരുഷന്മാരില്‍ ഉണ്ടാകാറില്ല.
 • പ്രായമാകുന്നതോടൊപ്പം ഉദ്ധാരണത്തിനെടുക്കുന്ന സമയം കൂടിവരുന്നു. ഉദ്ധാരണസമയത്തെ ലിംഗത്തിന്റെ ദൃഢത കുറഞ്ഞുവരുന്നു.
 • ശുക്ലത്തിന്റെ അളവും സ്ഖലനത്തിന്റെ ശക്തിയും കുറഞ്ഞേക്കാം.

ആണുങ്ങളിലെ രതിവിരാമം

ആർത്തവവിരാമത്തിന് സമാനമായി ഏകദേശം അഞ്ചുശതമാനം പുരുഷൻമാരിലും 60 വയസ്സ് കഴിയുമ്പോൾ പുരുഷ രജോനിവൃത്തി എന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. ലെെം​ഗിക താത്പര്യക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, തളർച്ച, ക്ഷീണം, ശ്രദ്ധക്കുറവ്, അമിതമായ ദേഷ്യം ഇവയെല്ലാമാണ് ലക്ഷണങ്ങൾ. ടെസ്റ്റോസ്റ്റിറോണിന്റെ കുറവാണ് ഇതിന് പ്രധാന കാരണം. 

ആസ്വാദ്യകരമായ ലൈംഗികജീവിതത്തിന്

 • ദാമ്പത്യത്തില്‍ പ്രണയം നിലനിര്‍ത്തുക.
 • പരസ്പരം സംസാരിക്കാനും വികാരങ്ങള്‍ പങ്കുവയ്ക്കാനും പങ്കാളികള്‍ സമയം കണ്ടെത്തണം.
 • പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബാധ്യതയോ കടമയോ ആയി കാണാതെ അതിനെ ആസ്വദിക്കാന്‍ ശ്രമിക്കുക.
 • ലൈംഗികകേളികളിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുക.
 • ഇണചേരലില്‍ പുതുമയും വൈവിധ്യവും കണ്ടെത്താന്‍ ശ്രമിക്കുക. യാന്ത്രികമായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
 • ധ്യാനം, യോഗ, വ്യായാമം മുതലായവയിലൂടെ ശാരീരിക, മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക.
 • ലഹരിവസ്തുക്കള്‍ പാടേ ഉപേക്ഷിക്കുക.
 • ലൈംഗികപ്രശ്‌നങ്ങള്‍ തുറന്നുപറയുകയും വ്യാജ ചികിത്സകളില്‍ കബളിപ്പിക്കപ്പെടാതെ വിദഗ്ധ സഹായം തേടുകയും ശാസ്ത്രീയമായ ചികിത്സ മാത്രം സ്വീകരിക്കുകയും ചെയ്യുക.

(മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെെക്യാട്രിസ്റ്റാണ് ലേഖകൻ)

Content Highlights: How Sex Drive Changes in Your middle age, Health, Sexual Health

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്