പോണ്‍ സിനിമകള്‍ ഒരിക്കലെങ്കിലും കാണാത്ത, സ്വയംഭോഗം ചെയ്യാത്ത ചെറുപ്പക്കാര്‍ ചുരുക്കമായിരിക്കും. എന്നാല്‍, അമിതമായാല്‍ അത് അഡിക്ഷന്‍ എന്ന മാനസികരോഗമായി മാറും. അത്തരമൊരു അഡിക്ഷന്‍ കാരണം ബന്ധം പോലും വേര്‍പിരിയുന്ന അവസ്ഥയിലായ ഒരു കുടുംബം, ലോക്ക്ഡൗണ്‍ നാളുകളില്‍ ഓണ്‍ലൈന്‍ കൗണ്‍സലിങ് സെഷനായി ബന്ധപ്പെട്ടിരുന്നു.
പോണോഗ്രാഫിയിലും സ്വയംഭോഗത്തിലും ആനന്ദം കണ്ടെത്തിയിരുന്ന ആ ചെറുപ്പക്കാരന് ഭാര്യയോടുള്ള ലൈംഗികതാത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. കല്യാണം കഴിഞ്ഞ് രണ്ടുകൊല്ലമായെങ്കും വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രമേ അവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നുള്ളൂ. ആ സമയത്തും ഭാര്യയെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഭാര്യയെയും അയാള്‍ പോണ്‍ സിനിമകള്‍ കാണാനും സ്വയംഭോഗം ചെയ്യാനും നിര്‍ബന്ധിച്ചിരുന്നു. ഒടുവില്‍ സഹികെട്ട് ഭാര്യ ബന്ധം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്ത് തമാശയ്ക്ക് കണ്ടുതുടങ്ങിയതാണ് പോണ്‍ സിനിമകള്‍. പിന്നീടതൊരു ശീലമായെന്ന് ആ ചെറുപ്പക്കാരന്‍ തുറന്നുപറഞ്ഞു. കല്ല്യാണം കഴിയുമ്പോള്‍ ഈ ശീലം തനിയെ മാറിക്കൊള്ളുമെന്ന് കൂട്ടുകാരന്‍ ഉപദേശിച്ചതുകൊണ്ടാണ് കല്യാണത്തിന് സമ്മതിച്ചത്. നിര്‍ത്താനാഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കാത്തതാണ് അയാളുടെ പ്രശ്‌നം. വിശദമായ കൗണ്‍സലിങ്ങിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും തുടര്‍ന്ന് കൃത്യമായി നടക്കുന്ന തെറാപ്പികളിലൂടെ ആ ചെറുപ്പക്കാരനില്‍ നല്ല മാറ്റം കാണാനും സാധിച്ചു.
ഇത്തരത്തിലുള്ള അഡിക്ഷന്‍ ഒരു ക്ലിനിക്കല്‍ അഡിക്ഷനായിട്ടല്ല സാധാരണ കണക്കാക്കപ്പെടുന്നത്. പകരം ഒരു കംപല്‍സീവ് സെക്ഷ്വല്‍ ബിഹേവിയര്‍(നിര്‍ബന്ധിത ലൈംഗിക സ്വഭാവം) ആയിട്ടോ ഹൈപ്പര്‍ സെക്ഷ്വാലിറ്റി സ്വഭാവമായിട്ടോ ഒക്കെയാണ് വിലയിരുത്തുന്നത്. മനസ്സുകൊണ്ട് ആഗ്രഹിച്ചാലും നിര്‍ത്താന്‍ സാധിക്കാതിരിക്കുക, പെട്ടെന്നു തോന്നുന്ന ദേഷ്യമോ അസ്വസ്ഥതകളോ മാറ്റാന്‍ പോണ്‍ സിനിമകള്‍ കാണുക, സ്വയംഭോഗം ചെയ്യുക, ഇതിനു വേണ്ടി ഓഫീസ് ജോലികള്‍ നേരത്തെ തീര്‍ക്കുക, അല്ലെങ്കില്‍ മീറ്റിങ്ങുകള്‍ ഒഴിവാക്കുക, ശീലങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ മനസ്സുവെമ്പുന്നത് അഡിക്റ്റായി എന്നതിന്റെ ലക്ഷണങ്ങളാണ്. സ്വയംഭോഗം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നിങ്ങള്‍ക്കുതന്നെ പ്രശ്‌നമായി മാറുന്ന സാഹചര്യമുണ്ടായാല്‍ ആ ശീലം നിര്‍ത്താന്‍ വേണ്ട സഹായങ്ങള്‍ സ്വീകരിക്കേണ്ടത് വളരെ അഭികാമ്യമാണ്.
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കണം
ഒരുപാട് സ്വപ്‌നങ്ങളുമായാണ് ഒരു സ്ത്രീയും പുരുഷനും അവരുടെ കുടുംബജീവിതം ആരംഭിക്കുന്നത്. ഒരിക്കലുമവസാനിക്കാത്ത പ്രണയജീവിതം, ലൈംഗികസംതൃപ്തി, സന്തോഷകരമായ ജീവിതം തുടങ്ങിയവ എല്ലാ വ്യക്തികളും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. പങ്കാളികളുടെ സ്വപ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അതിനെ ബാധിക്കുന്ന ശീലങ്ങളെ മാറ്റി അല്പം വിട്ടുവീഴ്ചകളൊക്കെ നടത്താന്‍ തയ്യാറാവുമ്പോഴാണ് നല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുന്നത്.
മാറ്റിയെടുക്കാം നമ്മളെത്തന്നെ
വിവാഹത്തിന് മുന്‍പ് നിര്‍ത്താന്‍ സാധിക്കാത്ത ദുശ്ശീലങ്ങളോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവവിശേഷങ്ങളോ ഉണ്ടെങ്കില്‍ വിവാഹത്തിലൂടെ അത് മാറ്റിയെടുക്കാമെന്ന് ചിന്തിക്കാതെ, സന്തോഷകരമായ വിവാഹജീവിതത്തിന് തന്റെ ചില ശീലങ്ങള്‍ മാറ്റേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കി കൃത്യസമയത്ത് തന്നെ വിദഗ്ധ സഹായം തേടുക. വിവാഹത്തിന് മുന്‍പുതന്നെ അത്തരം ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കണം. ഓര്‍ക്കുക, വിവാഹം ഒരസുഖത്തിനുള്ള മരുന്നല്ല.
(കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖകന്‍)
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Porn movie watching habit and sexual health, Sexual Health, Health