രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം പിറക്കുന്നുവെന്നാണ് പറയപ്പെടുന്നത്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന് അനുഭവസ്ഥര്‍ പറയും. ചുംബനമില്ലാത്ത ലൈംഗികതയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. അത്രയും വിരസവും ദുസ്സഹവുമായ മറ്റൊന്നുണ്ടാവില്ല. അതുകൊണ്ട് തന്നെ ലൈംഗികതയില്‍ ചുംബനത്തിനുള്ള സ്ഥാനം വളരെ വലുതാണ്. രതിയിലേര്‍പ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും ഇണയുടെ ചുംബനം ആസ്വദിക്കുന്നുണ്ടെന്ന് ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്രജ്ഞരായ സിന്‍സി മെസ്‌കനും ഡേവിഡ് ബ്ലൂസും നടത്തിയ പഠനത്തില്‍ പറയുന്നു. 

ചുംബനങ്ങള്‍ പലതരം
ചുംബനം പലതരത്തിലുണ്ട്. കവിളില്‍ നല്‍കുന്ന ചുംബനം  സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റേതുമാണ്. നെറ്റിയിലേകുന്ന ചുംബനം കരുതലിന്റെയും. ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ചുംബനമുണ്ട്. അത് പ്രണയിക്കുന്നവരുടേതാണ്. ചുണ്ടോട് ചുണ്ട് ചേര്‍ത്ത് പങ്കുവെക്കുന്നതാണ് ആ ചുംബനം. 

ഫ്രഞ്ച് കിസ്സ്
ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത്  ഫ്രഞ്ച് കിസ്സ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. നാവ് നുണഞ്ഞ് ചുംബിക്കുമ്പോള്‍ നാവ് അയച്ച് പിടിക്കുകയും ചുണ്ടുകള്‍ മുറുക്കിപ്പിടിക്കുകയും വേണം. സംഭോഗ സമാനമായ സംതൃപ്തി സമ്മാനിക്കും ഈ ചുംബനം. 

ബട്ടര്‍ഫ്‌ളൈ കിസ്
 ചുംബനങ്ങള്‍ക്കിടയില്‍ രസത്തിന് ചെയ്യാവുന്ന ഒന്നാണ് ചിത്രശലഭ ചുംബനം. കണ്‍പീലികള്‍ തമ്മില്‍ സ്പര്‍ശിച്ച് കൊണ്ട് പരസ്പരം ചേര്‍ന്ന് നില്‍ക്കുക. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റച്ചിറകുകള്‍ പോലെ ചലിക്കും. കണ്‍പീലികള്‍ കവിളോട് ചേര്‍ത്തും ചെയ്യാവുന്നതാണ്.
 
സിംഗിള്‍ലിപ് കിസ്സ്
ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി നുകരുന്ന ചുംബനമാണിത്. ആസ്വദിച്ച് ചെയ്താല്‍ ഇണയില്‍ വികാരക്കടല്‍ തന്നെ സൃഷ്ടിക്കാം.

ചീക് കിസ്സ്
സൗഹാര്‍ദ്ദം തുടിക്കുന്ന ചുംബനമാണിത്. വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെയ്ക്കുകയാണ് ചെയ്യുന്നത്.

എസ്‌കിമോ കിസ്സ്kiss
എസ്‌കിമോകള്‍ക്കിടയില്‍ കണ്ട് വരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. കണ്ണുകളടച്ച് ഇണകള്‍ മൂക്കുകള്‍ തമ്മില്‍ മുന്നോട്ടും പിന്നോട്ടും തള്ളുന്നു.

എയ്ഞ്ചല്‍ കിസ്സ്
ഇണയുടെ കണ്‍പോളകളിലോ കണ്ണുകളിലെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്ന രീതിയാണിത്.

നെക്ക് കിസ്സ്
ഇണയില്‍ ഏറെ വികാരമുണര്‍ത്താന്‍ പോന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മെല്ലെ ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്നു. പിന്നിട് മെല്ലെ കഴുത്തിന്റെ പിന്നിലേക്ക് നീങ്ങുന്നു.

കൂള്‍ കിസ്സ്
വായില്‍ ചെറിയ ഐസ്‌ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടില്‍ ചുംബിക്കുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ്‌ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

ഹാന്‍ഡ് കിസ്സ്
അതി പുരാതനമായ ഒരു ചുംബന രീതിയാണിത്. കുനിഞ്ഞ് ഇണയുടെ കൈപിടിച്ച് കൈത്തണ്ടയുടെ പുറത്ത് നല്‍കുന്ന ചുംബനമാണിത്.
 
ഷോള്‍ഡര്‍ കിസ്സ്
പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളില്‍ തുടരെ ചുംബിക്കുന്നതാണ് ഷോള്‍ഡര്‍ കിസ്സ്

 

സിപ് കിസ്സ്
ഇണകള്‍ക്ക് ഇഷ്ടമുള്ള പാനീയം വായില്‍ നിറച്ച് അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ഈ ചുംബനം ആസ്വാദകരവും രുചികരവുമാണ്.
 
ചുംബനം ചെവിയില്‍
അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായ ചുംബനമാണിത്. ഇണയുടെ കീഴ്ചെവി ചുണ്ടിനടിയിലാക്കി താഴേക്ക് മെല്ലെ വലിക്കുകയാണ് ചെയ്യുന്നത്.  

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. കൂടുതല്‍ വായനയ്ക്ക് പുതിയ ലക്കം ആരോഗ്യമാസിക കാണുക)