സെക്സിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടാകുമ്പോൾ മാത്രമേ അത് ആനന്ദകരവും ആരോഗ്യകരവുമായി മാറുകയുള്ളൂ. അറിവിന്റെ കാര്യത്തിൽ പുതിയ കാലത്ത് ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പലരുടെയും മനസ്സിൽ നിന്ന് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. കൗമാര കാലത്ത്, ലൈംഗികത എന്താണെന്ന കൗതുകമാണെങ്കിൽ, യൗവനത്തിലേക്ക് കടന്ന് വിവാഹചിന്തകളിലേക്ക് എത്തുമ്പോൾ പലരിലും അത് ആശങ്കകളായി മാറുന്നു.
ആശങ്കകൾ കാരണം ലൈംഗികജീവിതത്തിൽ നിരാശരാകേണ്ടിവരുന്നവരുമുണ്ട്. ആരോഗ്യകരമായ അറിവുകൾ ഉൾക്കൊണ്ടാൽ മാത്രമേ സെക്സിൽ യുവത്വം നിലനിർത്താനാകൂ. രതിയിലെ ആനന്ദം അനുഭവിക്കാനാകൂ.

 

ഞാൻ വിവാഹിതയാകാൻ പോകുന്ന യുവതിയാണ്. വിവാഹജീവിതത്തിലെ ലൈംഗികബന്ധത്തെക്കുറിച്ച് എനിക്ക് ഭയമുണ്ട്. മനസ്സാകെ അസ്വസ്ഥമാകുന്നു. എന്താണു ചെയ്യേണ്ടത്?

വിവാഹജീവിതത്തിലേക്ക് കടക്കുന്ന മിക്ക പെൺകുട്ടികളിലും ചുരുക്കം ആൺകുട്ടികളിലും ലൈംഗികബന്ധത്തെക്കുറിച്ചുള്ള ഭയം കാണാറുണ്ട്. ഒരുരീതിയിലല്ലെങ്കിൽ മറ്റൊരുരീതിയിൽ മറ്റാരോടും പറയാനാകാത്ത ആന്തരികസമ്മർദമായി അത് ബാധിക്കാറുമുണ്ട്.
വിവാഹത്തിനൊരുങ്ങുന്നതിന്റെ ഭാഗമായി ലൈംഗികാവയവങ്ങളെപ്പറ്റിയും ശാരീരികമായി ബന്ധപ്പെടുന്ന രീതികളെപ്പറ്റിയുമുള്ള അറിവുകൾ ശാസ്ത്രീയമായ പുസ്തകങ്ങൾവഴി നേടാൻ സാധിക്കും. വിവാഹപൂർവ കൗൺസലിങ് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. സംശയങ്ങൾക്ക് മനഃശാസ്ത്രജ്ഞർ നൽകുന്ന ശാസ്ത്രീയമായ ഉത്തരങ്ങൾ ഉത്‌കണ്ഠയകറ്റും.

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പുള്ള സൗഹൃദനാളുകളിൽ, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയോട് പേടി സൂചിപ്പിക്കുന്നതും വിവാഹജീവിതത്തിൽ തുടക്കത്തിൽത്തന്നെ പങ്കാളിയോട് ആശങ്കകൾ പങ്കുവെക്കുന്നതും മനസ്സൊരുക്കത്തിനുചിതമാണ്.

തമ്മിൽ നല്ല അടുപ്പംവരാനുതകുന്ന പെരുമാറ്റങ്ങൾക്കും ഇടപെടലുകൾക്കും മുൻതൂക്കം നൽകണം. ദമ്പതിമാർക്കിടയിൽ ആത്മബന്ധം വന്നതിനുശേഷം മാത്രം ലൈംഗികബന്ധത്തിന് ശ്രമിക്കുക. ആദ്യതവണതന്നെഎല്ലാം ശരിയാകണമെന്നില്ല. നവദമ്പതിമാർക്കിടയിൽ പൊതുവെ ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം ശരിയാകാറുണ്ട്. ഒരുമാസക്കാലമായിട്ടും സ്വാഭാവികമായ ബന്ധപ്പെടൽ നടക്കുന്നില്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണുന്നത് ഉത്തമമാണ്.

അടുത്തമാസം വിവാഹിതനാകാൻ പോകുന്ന യുവാവാണ്. സ്വയംഭോഗം വിവാഹജീവിതത്തെ ബാധിക്കുമോ?

പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം ശക്തമായി നിലനിർത്തുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഘടകം, അവർ തമ്മിലുള്ള ലൈംഗികബന്ധമാണ്. വിവാഹജീവിതത്തിലേക്കെത്തുമ്പോഴും സ്വയംഭോഗത്തിനോടുള്ള ആസക്തി വിട്ടുമാറാത്തതുവഴി സംതൃപ്തമായ ലൈംഗികജീവിതം നയിക്കാൻ കഴിയാതെവന്നവരുണ്ട്. പങ്കാളികളിൽ ഒരാളുടെ സ്വയംഭോഗശീലം മറ്റേയാളുടെ ശ്രദ്ധയിൽപ്പെട്ടാൽ അതവരിൽ ദേഷ്യവും നിരാശയുമൊക്കെയായി മാറാം.

ലൈംഗികവികാരങ്ങളും സ്നേഹവും പങ്കുവെക്കാൻ, കൂട്ടില്ലാത്തകാലത്താണ് ഒരാൾ സ്വയംഭോഗത്തെ ആശ്രയിച്ചുതുടങ്ങുന്നത്. പങ്കാളിയുമൊത്തുള്ള ജീവിതം ആരംഭിച്ചുകഴിയുമ്പോഴും സ്വയംഭോഗശീലം മാറുന്നില്ലെങ്കിൽ, അതൊരു പരിമിതിയായി തോന്നുകയാണെങ്കിൽ പരിഹരിക്കപ്പെടേണ്ടതുമാണ്.

ഞാൻ 22 വയസ്സുള്ള വിദ്യാർഥിയാണ്. സ്വയംഭോഗം ചെയ്യുന്നത് ഹാനികരമാണെന്ന് ചില സുഹൃത്തുക്കൾ പറയുന്നു. വല്ലാതെ ഭയമാണിപ്പോൾ. എനിക്കിത് നിർത്തണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല.

ഒരുപാടുപേർക്കുള്ള തെറ്റിദ്ധാരണയാണ് സ്വയംഭോഗം അഥവാ ലൈംഗികാവയവങ്ങളെ സ്വയം ഉത്തേജിപ്പിക്കുന്ന (Self Stimulation) പ്രക്രിയ ശരീരത്തിന് ഹാനികരമാണെന്നത്.
ശാരീരികമായ ഒരു പ്രശ്നവും സ്വയംഭോഗം വരുത്തിവെക്കുന്നില്ല. എന്നാൽ അമിതമായ കുറ്റബോധം കൗമാരക്കാരുടെയും യുവാക്കളുടെയും മനസ്സിൽ തളംകെട്ടാറുണ്ട്. വളരെ സ്വാഭാവികമായ, വ്യക്തിപരമായ സ്പർശനപ്രക്രിയ എന്നതിനപ്പുറത്ത് ഇതിന് പ്രാധാന്യം നൽകേണ്ടതില്ല.

എങ്കിലും അധികമായാൽ അമൃതും വിഷമാണെന്ന പഴമൊഴി നമ്മൾ ഓർക്കണം. തമാശയ്ക്ക് തുടങ്ങി പതിയെപ്പതിയെ ഇതൊരു മാറ്റാൻ പറ്റാത്ത ശീലമായിമാറി കഷ്ടപ്പെടുന്ന ഒട്ടനവധി ആളുകളുണ്ട്. അതുകൊണ്ട് അടിമത്തത്തിലേക്കു നയിക്കുന്നതരത്തിൽ സ്വയംഭോഗത്തോടുള്ള താത്‌പര്യം വർധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുത്തമമാണ്. നിത്യജീവിതത്തെ ബാധിക്കുന്നതരത്തിൽ ഒരു ശീലം ദുശ്ശീലമായിമാറിയെന്നു മനസ്സിലായാൽ, സ്വയം പരിഹരിക്കാൻ ശ്രമിച്ചിട്ടും വിജയിക്കുന്നില്ലെന്നുകണ്ടാൽ വിദഗ്ധനായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

ഓട്ടം, ചാട്ടം തുടങ്ങി കായികമായ ചലനങ്ങൾ വഴി കന്യാചർമം നഷ്ടമാകുമോ? അങ്ങനെയെങ്കിൽ വിവാഹജീവിതത്തിൽ പ്രശ്നമാകുമോ?

യോനീനാളത്തിന്റെ ആരംഭത്തിൽ കുറുകെയായി സ്ഥിതിചെയ്യുന്ന ഇലാസ്റ്റിസിറ്റിയുള്ള വളരെ നേർത്ത സ്തരമാണ് കന്യാചർമം. ഇത് ശാരീരികപരിശുദ്ധിയുടെയോ കന്യകാത്വത്തിന്റെയോ ലക്ഷണമായി തെറ്റിദ്ധരിച്ച് കുടുംബജീവിതത്തിൽ സംശയം പുലർത്തുന്ന ആളുകളുണ്ട്.

കായികാധ്വാനം, ഓട്ടം, ചാട്ടം, നീന്തൽ, മരത്തിൽ കയറ്റം, സൈക്ലിങ്, നൃത്തം, കുതിരസവാരി തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾവഴി കന്യാചർമം നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ കുടുംബജീവിതത്തിൽ സംശയങ്ങളുണർന്നാൽ അത് പങ്കാളിയുടെ തെറ്റിദ്ധാരണ
മൂലമാണെന്നു മനസ്സിലാക്കി തുറന്നുസംസാരിക്കുക.

(എറണാകുളം സൺറൈസസ് ഹോസ്പിറ്റലിലെ ചീഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖകൻ)

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights:How to maintain good sexual health, Health, Sexual Health, Sex