ദേഹത്തും മനസ്സിലും കരിയാത്ത മുറിവുകളുടെ പാടുകളുമായാണ് ആ യുവതി എത്തിയത്. ആരെയോ അവള്‍ പേടിക്കുന്നതായി ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലായി. വന്നപാടെ ധൃതിയില്‍ പേടിയുടെ കാരണം പറയാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് പേടിയോടെ റിസെപ്ഷനടുത്തുള്ള ഡോറിലേക്ക് നോക്കുന്നുണ്ടായിരുന്നു.
''എന്നെ രക്ഷിക്കണം. ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലാ. എനിക്കാരോടും ഒന്നും പറയാന്‍ പറ്റില്ല. എനിക്ക് ഏട്ടനെ പേടിയാ. പുറമേ കാണുന്ന ആളല്ല രാത്രിയില്‍ അദ്ദേഹം. അറേഞ്ചഡ് മാര്യേജ് തന്നെയാണ് ഞങ്ങളുടെത്. നല്ല ജോലി, നല്ല വീട്ടുകാര്‍. കാണാനും സുന്ദരന്‍. അങ്ങനെ എല്ലാവരുടെയും ഇഷ്ടത്തോടെ നല്ല ആര്‍ഭാടമായിട്ട് തന്നെയായിരുന്നു കല്യാണം. നല്ല സ്‌നേഹമായിട്ട് തന്നെയാ എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോഴും സ്‌നേഹം തന്നെയാ. പക്ഷേ, ഞങ്ങള്‍ മാത്രമുള്ള സമയത്ത് ആള് വേറെ ആളാ. എന്നെ ഒരുപാട് ഉപദ്രവിക്കും. കടിക്കും നുള്ളും. ആദ്യമൊക്കെ എനിക്ക് സഹിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. പിന്നെപ്പിന്നെ വല്ലാത്ത കാടന്‍ രീതിയിലായി. സ്‌നേഹം കൂടുമ്പോഴാ ഇങ്ങനെയൊക്കെ ചെയ്യുന്നത്. പ്രത്യേകിച്ച് സെക്സ് സമയത്ത്. എനിക്കിഷ്ടമല്ലാത്ത തരത്തില്‍ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. പക്ഷേ, എന്നെ വേദനിപ്പിക്കും. ഞാന്‍ വേദനിച്ചുകരയുന്നത് ഭയങ്കര ഇഷ്ടാ. ഞാന്‍ ഇതേപ്പറ്റി ഗൂഗിള്‍ ചെയ്തു. അതില്‍ പറഞ്ഞത് സാഡിസ്റ്റിക് ബിഹേവിയര്‍ ലക്ഷണങ്ങള്‍ ആണെന്നാണ്. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കണ്ടാല്‍ ശരിയാകും എന്നും ഞാന്‍ മനസ്സിലാക്കി. ഏട്ടന്റെ ഈ പെരുമാറ്റം കാരണം ഞാനിപ്പോ സെക്‌സില്‍ താത്പര്യം കാണിക്കുന്നില്ല, പേടിച്ചിട്ടാ. ഫാമിലി കൗണ്‍സലിങ് എന്നു പറഞ്ഞാ ഞങ്ങള്‍ കാണാന്‍ വന്നത്. ഏട്ടന് ഒരു ഫോണ്‍കോള്‍ വന്ന് താഴെ സംസാരിച്ച് നില്‍ക്കുകയാ. ഏട്ടന്‍ ഉള്ളപ്പോ എനിക്കിതൊന്നും പറയാന്‍ പറ്റില്ല. എങ്ങനെയെങ്കിലും ഇതൊന്ന് മാറ്റിത്തരണം.''
അത്രയുമായപ്പോഴേക്കും അവരുടെ ഭര്‍ത്താവ് അവിടേക്ക് വന്നു. യുവതി പറഞ്ഞതുപോലെതന്നെ സുമുഖനായ ചെറുപ്പക്കാരന്‍. ശാന്തവും ആകര്‍ഷകമായ സംസാരരീതി. രണ്ടാളെയും ഒരുമിച്ചിരുത്തി ഫാമിലി കൗണ്‍സലിങ്ങിന്റെ രീതികളും അടിസ്ഥാന വിവരങ്ങളും നല്‍കിയതിനുശേഷം രണ്ടുപേര്‍ക്കും വ്യക്തിപരമായ സമയം കൊടുത്തു.
അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു... ''ഡോക്ടര്‍, ഞങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷകരമായിരുന്നു. അതില്‍ തന്നെ ഞങ്ങളുടെ ബെഡ്റൂം ലൈഫ് വളരെ സന്തോഷകരമായിരുന്നു. സംതൃപ്തമായ ഒരു ലൈംഗികജീവിതമാണ് എനിക്ക് കിട്ടിയിരുന്നത്. ഭാര്യയ്ക്കും അങ്ങനെ തന്നെ ആണെന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, ഇപ്പോ കുറെ നാളായിട്ട് ഭാര്യ സഹകരിക്കുന്നേയില്ല. അവള്‍ക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ചോദിക്കുമ്പോള്‍ വ്യക്തമായ കാരണം പറയാതെ പലപ്പോഴും മൂഡ് ഓഫ് ആയി ഇരിക്കുകയാണ് പതിവ്. എന്റെ രീതികള്‍ ഇഷ്ടപ്പെടാതെയാണോ എന്ന് ചോദിച്ചെങ്കിലും എന്തോ ഒരു സ്വാതന്ത്ര്യക്കുറവുപോലെ, പറയാതിരിക്കുകയാണ് പലപ്പോഴും. കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി എന്തോ ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് ഇവിടെയെത്തിയത്''
കിടപ്പറയിലെ കാഴ്ചപ്പാടുകള്‍
കണ്‍സല്‍ട്ടേഷന്‍ തുടര്‍ന്നു. രണ്ടുപേരെയും വേറെവേറെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എല്ലാം കേള്‍ക്കുകയും ചെയ്തതിനുശേഷം ഭര്‍ത്താവിനെ വിളിച്ച് വ്യക്തിപരമായി ഒന്നുകൂടി സംസാരിച്ചു. ആദ്യം മയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് തെല്ലുമാറി തന്റെ ലൈംഗികകാര്യങ്ങളിലെ നിരാശ മറച്ചുവയ്ക്കാതെ, അവള്‍ നല്ലൊരു ഭാര്യയല്ലെന്നും ലൈംഗികബന്ധത്തില്‍ സഹകരിക്കുന്നില്ല എന്നുമുള്ള പരിഭവങ്ങള്‍ പങ്കുവെച്ചു. ലൈംഗികബന്ധത്തിന് ഭാര്യ സഹകരിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാകാമെന്നും അതില്‍ ചിലത് ഇതൊക്കെ ആകാം എന്നും പറഞ്ഞ് കുറച്ചു കാരണങ്ങള്‍ ഞാന്‍ അയാളുമായി പങ്കുവെച്ചു. അതില്‍ അവരുടെ ജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നവും ഭാര്യയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളും ഞാന്‍ ഉള്‍കൊള്ളിച്ചു.
പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ അയാള്‍ കൂടുതല്‍ മനസ്സ് തുറന്ന് സംസാരിക്കാന്‍ തയ്യാറായി. തുറന്നുപറച്ചിലില്‍ നിന്ന് അയാള്‍ക്ക് ചെറുപ്പത്തില്‍ നേരിടേണ്ടിവന്ന ലൈംഗികചൂഷണത്തിന്റെ അനുഭവങ്ങളും അതേല്‍പിച്ച മാനസിക മുറിവുകളും അറിയാന്‍ സാധിച്ചു. സ്വഭാവത്തില്‍വന്ന മാറ്റങ്ങള്‍ അത്തരം ദുരനുഭവങ്ങളുടെ അനന്തരഫലം കൂടിയായിരുന്നു.
ചെറുപ്രായത്തില്‍ സംഭവിക്കുന്ന പല ദുരനുഭവങ്ങളുടെയും ആഘാതങ്ങള്‍ പിന്നീട് പലപ്പോഴും വ്യക്തിജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഇതിലെ ഭര്‍ത്താവിന് കുഞ്ഞുനാളില്‍ സംഭവിച്ച ദുരനുഭവങ്ങള്‍ അയാളില്‍ ഒരു സാഡിസ്റ്റിക് വ്യക്തിയെ വളര്‍ത്തിയെടുത്തു. അക്രമരംഗങ്ങള്‍ കൂടുതലുള്ള സിനിമകളോട് ചെറുപ്പം മുതലേ അഭിനിവേശമുണ്ടായിരുന്നു. പങ്കാളിയെ ക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന തരത്തിലുള്ള അശ്ലീല സിനിമകളും വീഡിയോകളും കണ്ട് ആസ്വദിക്കുന്നത് കൗമാരത്തിലും യൗവനത്തിലും പതിവായി.
സെക്‌സിനെക്കുറിച്ച് അയാള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടുകളില്‍ ഇണയെ വേദനിപ്പിക്കുന്നതാണ് ഉന്മാദമായ ഒരു ലൈംഗികാനുഭവമായി നിറഞ്ഞുനിന്നിരുന്നത്. ചെറുപ്പം മുതലേ ഉണ്ടായിരുന്ന സാഡിസ്റ്റിക് ബിഹേവിയര്‍ അയാളുടെ ഉള്ളില്‍തന്നെ മൂടപ്പെട്ടുകിടക്കുകയായിരുന്നു. തനിക്ക് സ്വന്തമായ ഒരു സ്ത്രീ, ജീവിതത്തിലേക്ക് വന്നപ്പോള്‍ ലൈംഗികാവേശത്തിന്റെ കൂട്ടത്തില്‍ ഈ ഒരു സ്വഭാവം കൂടി പുറത്തേക്കുചാടി. ഭാര്യ വേദനിക്കുന്നത് അയാളില്‍ സന്തോഷം ഉണര്‍ത്തുകയും ലൈംഗികതാത്പര്യം ഉണര്‍ത്തുകയും ചെയ്തു. തുടക്കത്തില്‍ ചെറുതായി മാത്രം കാണിച്ചിരുന്ന ഉപദ്രവം എന്ന സ്‌നേഹപ്രകടനം പിന്നീട് ക്രൂരവിനോദമായി മാറിയത് ഭാര്യ അതു മറ്റുള്ളവരോട് പറയുന്നില്ല എന്ന ധൈര്യത്തിന്റെ ബലത്തിലും കൂടിയായിരുന്നു. സാഡിസ്റ്റിക് ബിഹേവിയര്‍ ഉള്ള വ്യക്തിക്ക് ശരിയായ ചികിത്സ യഥാസമയം ലഭിക്കാതെ വന്നാല്‍ മറ്റു ക്രൂരകൃത്യങ്ങളിലേക്ക് ആ വ്യക്തി ശ്രദ്ധകേന്ദീകരിക്കാനുള്ള സാധ്യത കൂടുതലാണ്.
പരസ്പരം പകരാം സന്തോഷം
സ്‌നേഹം കൂടുമ്പോള്‍ പ്രത്യേകിച്ച് ലൈംഗികവേളകളില്‍ പങ്കാളിയെ മൃദുവായി കടിക്കുന്നതും നുള്ളുന്നതും എല്ലാം സര്‍വസാധാരണമാണ്. പലരും അത് പരസ്പരം ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ അത്തരം വിനോദങ്ങളുടെ കാഠിന്യം കൂടുമ്പോള്‍ കടിയേല്‍ക്കുന്ന വ്യക്തിക്ക് പെട്ടെന്ന് തന്റെ മനസ്സിന് അത് ആഘാതമായി മാറുന്നു. ലൈംഗികസുഖത്തില്‍നിന്ന് വേദനയിലേക്ക് ശ്രദ്ധമാറുമ്പോള്‍ സ്വാഭാവികമായും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാതെ പോകുന്നു. അതിനാല്‍ പരസ്പരം സന്തോഷം നല്‍കുന്ന പ്രവൃത്തികള്‍ മാത്രം ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.
വേദനിപ്പിക്കും ഓര്‍മകളോട് വിട
വേദനിപ്പിക്കുന്ന ഓര്‍മകള്‍ എത്ര ശ്രമിച്ചാലും മറക്കാന്‍ സാധിക്കാറില്ല. അത് എല്ലാ മനുഷ്യരുടെയും അവസ്ഥയാണ്. അതിനാല്‍ മറ്റുള്ളവര്‍ക്ക് വേദനിപ്പിക്കുന്ന ഓര്‍മകള്‍ നല്‍കാതിരിക്കുക. ലൈംഗികബന്ധം വേദനിപ്പിക്കുന്ന ഓര്‍മകളാണ് സമ്മാനിക്കുന്നതെങ്കില്‍ പങ്കാളിക്ക് ലൈംഗികതാത്പര്യം കുറയാനുള്ള സാധ്യത കൂടുതലാണ്. അത് പരസ്പരം വ്യക്തിപരമായ അകല്‍ച്ചയിലേക്കും കുടുംബപ്രശ്‌നങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ലൈംഗികതയിലെ ക്രൂരവിനോദങ്ങള്‍ക്ക് നോ പറയാം. എന്നെന്നേക്കുമായി.
പരിഹരിക്കാന്‍ മനഃശാസ്ത്രം
പലതവണ പങ്കാളി സൂചിപ്പിച്ചിട്ടും സ്വയം ശ്രമിച്ചിട്ടും ഇത്തരം സ്വഭാവരീതികളില്‍നിന്ന് മാറാന്‍ സാധിക്കുന്നില്ലെങ്കില്‍ മനഃശാസ്ത്രസങ്കേതങ്ങളിലൂടെ ബിഹേവിയര്‍ തെറാപ്പിക്ക് വിധേയരാവുന്നത് ഉചിതമാണ്. ആഴത്തിലുള്ള പരിവര്‍ത്തനത്തിനായുള്ള കൗണ്‍സലിങ് രീതികളുടെ ഭാഗം തന്നെയാണ് തെറാപ്പികള്‍. ഈ മേഖലയില്‍ ധാരാളം ചതിക്കുഴികളും തെറ്റായ പ്രവണതകളുമുള്ളതുകൊണ്ട് സെക്‌സ് തെറാപ്പിയില്‍ പ്രാവീണ്യമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സേവനമാണ് സ്വീകരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സെക്‌സ് തെറാപ്പി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ദമ്പതികളുടെ എണ്ണം വര്‍ധിക്കുകയാണ്. അറിവും തിരിച്ചറിവും വര്‍ധിക്കുന്നതാകാം ഈ ഒരു മാറ്റത്തിന് കാരണം.
ശ്രദ്ധിക്കാം നമ്മുടെ മക്കളെ
ചെറുപ്പത്തില്‍ മനസ്സിനും ശരീരത്തിനും ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഭാവിയില്‍ വലിയ ദോഷം ചെയ്യും എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. കുഞ്ഞുങ്ങളുടെ പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റങ്ങള്‍ വളരെ ഗൗരവത്തില്‍തന്നെ എടുക്കണം. എന്തും മാതാപിതാക്കളോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നമ്മള്‍ അവര്‍ക്ക് കൊടുക്കണം. ബാഡ് ടച്ച്, ഗുഡ് ടച്ച് തുടങ്ങി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള മനക്കരുത്ത് അവരില്‍ ചെറുപ്പത്തിലേ വളര്‍ത്തിയെടുക്കണം. അഥവാ ഏതെങ്കിലും ദുരനുഭവങ്ങളിലൂടെ കടന്നുപോയ അനുഭവം അവര്‍ക്കുണ്ടെങ്കില്‍ അതില്‍നിന്ന് പുറത്തുവരാന്‍ സഹായകരമായ കൗണ്‍സലിങ് സപ്പോര്‍ട്ട് നാം അവര്‍ക്ക് നല്‍കണം.
വീണ്ടെടുക്കാം ഹാപ്പി സെക്‌സ്
ചുരുക്കത്തില്‍, ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ക്രൂരത പ്രകടിപ്പിക്കേണ്ട വേദിയല്ല കിടപ്പറ, അത് സ്‌നേഹത്തിന്റെ മുന്തിരിത്തോപ്പായി രൂപാന്തരപ്പെടുത്തിയെടുക്കാനാകണം രണ്ടാള്‍ക്കും. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയാനാകണം. അത് കേള്‍ക്കുമ്പോള്‍ ദേഷ്യപ്പെടാതെ സ്വയം മാറാനും തങ്ങളുടെ പെരുമാറ്റരീതികളില്‍ മാറ്റംവരുത്താനും തയ്യാറാകുന്ന ഭര്‍ത്താവും ഭാര്യയും തങ്ങളുടെ ജീവിതത്തെ തന്നെയാണ് നേടുന്നത്. സ്‌നേഹത്താല്‍ ബന്ധിതമാകാനാണല്ലോ വിവാഹിതരാകുന്നത്. അതുകൊണ്ട് കടിപിടികളും അടിപിടികളും ഒഴിവാക്കി ജീവിതം സുന്ദരമാക്കാം.
(കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖകന്‍)
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: How to love your partner, Sexual Health, Mental Health, Health