ര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൂര്‍ണമായും ഫലപ്രദമല്ലെന്ന് ഡോക്ടര്‍മാരടക്കം സമ്മതിക്കുന്ന സൈക്കിള്‍ബീഡ്‌സ് മാര്‍ഗങ്ങളടക്കം ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ചുള്ള പ്രചരണങ്ങളും വര്‍ധിക്കുകയാണ്. ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് ഡോ. ഷിംന അസീസ് വിശദീകരിക്കുന്നത് നോക്കൂ.

ശരിയായി ഉപയോഗിച്ചാല്‍ ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധനമാര്‍ഗ്ഗമാണ് കോണ്ടം. പുരുഷന്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടവും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നവയുമുണ്ട്. വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട് ഏറെ പ്രചാരമുള്ള ഈ മാര്‍ഗ്ഗം പക്ഷേ, 'നാവ് പൊതിഞ്ഞു വച്ചിട്ട് പാല്‍പ്പായസം കിട്ടിയിട്ടെന്തിനാ...' എന്നൊക്കെ കാരണം പറഞ്ഞ് ചിലര്‍ വേണ്ടെന്ന് വെക്കാറുമുണ്ട്. കോണ്ടം ഉപയോഗിക്കുകയാണെങ്കില്‍ ലൈംഗികരോഗങ്ങളില്‍ നിന്ന് സംരക്ഷണവും ഉറപ്പാക്കാം. അത്ര ജനകീയമല്ലെങ്കിലും സെര്‍വൈക്കല്‍ ഡയഫ്രം, സെര്‍വൈക്കല്‍ റിങ്ങ്, ബീജങ്ങളെ ഇല്ലാതാക്കുന്ന ഫോം/ജെല്‍ തുടങ്ങിയവ, ഗര്‍ഭനിരോധന സ്‌പോഞ്ച് എന്നിവയെല്ലാം ഇതു പോലെ താല്‍ക്കാലിക ഗര്‍ഭനിരോധനമാര്‍ഗമായി ഉപയോഗിക്കാം.

നിര്‍ദേശിക്കപ്പെട്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോര്‍മോണ്‍ ഗുളികകള്‍. ചില രോഗങ്ങള്‍ക്ക് നല്‍കുന്ന ഗുളികകളോടൊപ്പം കഴിക്കുമ്പോള്‍ ഇവയുടെ ഫലപ്രാപ്തി കുറയാം, ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കഴിക്കാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ഡോക്ടറെ കാണുന്നതിന് പകരം സ്വന്തം താല്‍പര്യത്തിന് മെഡിക്കല്‍ ഷോപ്പുകാരന്‍ എടുത്തു തരുന്ന ഗര്‍ഭനിരോധനഗുളിക വിഴുങ്ങരുത്. ഗുളിക നിര്‍ത്തിക്കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ഗര്‍ഭധാരണശേഷി തിരിച്ച് കിട്ടും. കൈയിലെ തൊലിക്കടിയില്‍ നിക്ഷേപിക്കുന്ന ഹോര്‍മോണ്‍ ഇംപ്ലാന്റ്, ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍, ഗര്‍ഭപാത്രത്തിനകത്ത് കോപ്പര്‍ ടി പോലെ നിക്ഷേപിക്കുന്ന ഹോര്‍മോണ്‍ സിസ്റ്റം എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്ന മറ്റ് മാര്‍ഗങ്ങള്‍.

Itnrauterine Cotnraceptive Device (IUCD) വിഭാഗത്തില്‍ പെടുന്ന ഗര്‍ഭനിരോധനമാര്‍ഗ്ഗമാണ് കോപ്പര്‍ ടി. ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഗര്‍ഭം ധരിക്കണമെന്ന ആവശ്യം വരുമ്പോള്‍ ഇത് എടുത്ത് മാറ്റുകയും ചെയ്യാം. പല കാരണങ്ങള്‍ കൊണ്ട്, ഒരു പ്രസവത്തിന് ശേഷം മാത്രമാണ് സാധാരണ ഗതിയില്‍ കോപ്പര്‍ ടി ഇടുന്നത്. ഇവ പല വിധമുണ്ട്. എത്ര വര്‍ഷത്തെ സുരക്ഷ ലഭിക്കുമെന്ന് ഉപയോഗിക്കുന്ന IUCD ഏതാണ് എന്നതിനനുസരിച്ചിരിക്കും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ കഴിക്കുന്ന ഗര്‍ഭനിരോധന ഗുളികകളും ലഭ്യമാണ്. പൊതുവെ എമര്‍ജ്ജന്‍സി പില്‍ എന്ന പേരിലറിയപ്പെടുന്നു ഇവ ഒരിക്കലും സൗകര്യപൂര്‍വ്വം ശീലമാക്കേണ്ട ഒന്നല്ല, മറിച്ച് വല്ലപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന അവസാന ആശ്രയമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി നിക്ഷേപിക്കുന്നതും ഗര്‍ഭധാരണം തടയും.

ഏത് സാഹചര്യത്തിലും ഇനിയങ്ങോട്ട് കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളായിരിക്കും കൂടുതല്‍ നല്ലത്. മൊഞ്ചനും മൊഞ്ചത്തിയും പഞ്ചാരസമയം ഒത്തുവരുന്നേരം കോണ്ടം തപ്പിക്കിട്ടാഞ്ഞിട്ട് മൂഡ് സ്‌പോയില്‍ ആവുന്ന അവസ്ഥ പിന്നീടൊരിക്കലും വരില്ല, എമര്‍ജ്ജന്‍സി ഗുളിക വാങ്ങാന്‍ ഓടേണ്ടി വരികയുമില്ല. സ്ഥിരമായ ഗര്‍ഭനിരോധനത്തിനായി സ്ത്രീകളില്‍ ഉപയോഗിക്കുന്നത് അണ്ഢവാഹിനിക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തുന്ന ട്യൂബക്ടമിയും പുരുഷന്‍മാരില്‍ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്ടമിയുമാണ്. വാസക്ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ രതിമൂര്‍ച്ഛയെയോ ബാധിക്കില്ല. സിസേറിയന്‍ ആണെങ്കില്‍ കൂടെത്തന്നെ പ്രസവം നിര്‍ത്താം എന്ന കാരണത്താല്‍ ട്യൂബക്ടമി ചെയ്യാം. ഈ ഒരു അവസരമൊഴിച്ചാല്‍ അത്യന്തം ലളിതമായി പുരുഷന്‍മാരില്‍ ചെയ്യാവുന്ന വാസക്ടമി തന്നെയാണ് സ്ഥിര ഗര്‍ഭനിരോധനത്തിന് നിസ്സംശയം നല്ലത്. രണ്ട് രീതിയായാലും 'റീകനാലൈസേഷന്‍' എന്ന വഴിയിലൂടെ ഒരു പരിധി വരെ ഗര്‍ഭധാരണശേഷി തിരിച്ച് കിട്ടാന്‍ സാധ്യതയുണ്ടേങ്കിലും ഇത് എപ്പോഴും വിജയിക്കണമെന്നില്ല.