നല്ല ഉറക്കത്തിന്, അമിത രക്തസമ്മര്‍ദം കുറയ്ക്കാന്‍, മാനസിക സമ്മര്‍ദം കുറയ്ക്കാന്‍, ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ മാറാന്‍ തുടങ്ങി സെക്‌സിന്റെ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നത് നേരത്തെയുള്ള ആര്‍ത്തവവിരാമം (Early Menopause) തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.
ആഴ്ചയില്‍ ഒരിക്കലെങ്കിലും സെക്‌സിലേര്‍പ്പെട്ടാല്‍ നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്നത് ഒഴിവാക്കാനാവുമെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു സംഘം നടത്തിയ പഠനത്തില്‍ നിന്നുള്ള വെളിപ്പെടുത്തല്‍.
പങ്കാളിയുമായുള്ള ലൈംഗിക ബന്ധം മാത്രമല്ല, ലൈംഗിക ഉണര്‍വ് നല്‍കുന്ന സ്പര്‍ശമോ, സ്വയംഭോഗമോ പോലും ഈ ഫലം നല്‍കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ശരാശരി 45 വയസ്സ് പ്രായമുള്ള 2936 പേരുടെ ലൈംഗികജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ചോദ്യാവലി നല്‍കി അവരുടെ ലൈംഗികജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഓരോരുത്തരുടെയും സെക്‌സിലേര്‍പ്പെടുന്നതിന്റെ തവണകള്‍, സെക്‌സില്‍ പിന്തുടരുന്ന വിവിധ രീതികള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടി.
സര്‍വേയില്‍ നിന്നും വ്യക്തമായത് സെക്‌സില്‍ ആക്ടീവായവര്‍ക്ക് സെക്‌സ് ലൈഫ് കുറഞ്ഞവരേക്കാള്‍ നേരത്തെയുള്ള ആര്‍ത്തവവിരാമത്തിനുള്ള (Early Menopause) സാധ്യത 28 ശതമാനത്തോളം കുറവാണെന്നാണ്. ഇതിനുള്ള കാരണവും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെക്‌സും അണ്ഡവിസര്‍ജനവും നടക്കുമ്പോഴാണ് ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടെന്ന് ശരീരം പ്രതീക്ഷിക്കുന്നത്. അപ്പോള്‍ ശരീരം പല ഹോര്‍മോണുകളെയും പുറപ്പെടുവിക്കും. ഇത് ഗര്‍ഭധാരണം നടക്കുമെന്ന പ്രതീക്ഷ ശരീരത്തിന് നല്‍കും. എന്നാല്‍ സെക്‌സ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ ശരീരം ഗര്‍ഭധാരണ സാധ്യത ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇതോടെ ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാതിരിക്കാന്‍ അണ്ഡവിസര്‍ജനം പതിയെ നിര്‍ത്താന്‍ തുടങ്ങുകയും ആര്‍ത്തവവിരാമത്തിന് ഒരുങ്ങാന്‍ തുടങ്ങുകയും ചെയ്യും. ഇത് നേരത്തെ തന്നെയുള്ള ആര്‍ത്തവവിരാമത്തിന് വഴിയൊരുക്കും.
സെക്‌സ് മാത്രമല്ല, ലൈംഗിക സ്പര്‍ശങ്ങളോ സ്വയംഭോഗമോ ഒക്കെ ശരീരത്തിന് പുതു പ്രതീക്ഷകള്‍ നല്‍കുന്നവയാണ്. അവയെല്ലാം ആര്‍ത്തവവിരാമത്തിനുള്ള സാധ്യതകളെ വൈകിപ്പിക്കും. ഇത് ആദ്യമായാണ് സെക്‌സിനെയും ആര്‍ത്തവവിരാമത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗവേഷണം നടക്കുന്നത്. കൂടുതല്‍ പഠനങ്ങള്‍ നടക്കാന്‍ പോകുന്നതേയുള്ളു.
എന്താണ് നേരത്തെയുള്ള ആര്‍ത്തവവിരാമം?
സ്ത്രീ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ആര്‍ത്തവകാലം. അണ്ഡവിസര്‍ജനം നടക്കുന്ന ഇക്കാലത്താണ് പ്രത്യുത്പാദനം നടക്കുക. എന്നാല്‍ അണ്ഡവിസര്‍ജനം അവസാനിച്ച് ആര്‍ത്തവം പതിയെ നില്‍ക്കുന്ന അവസ്ഥയാണ് ആര്‍ത്തവവിരാമം എന്ന് പറയുന്നത്. 45-55 വയസ്സിനുള്ളിലാണ് ഇത് പൊതുവേ സംഭവിക്കാറുള്ളത്.
എന്നാല്‍ 45 വയസ്സിന് മുന്‍പ് അണ്ഡവിസര്‍ജനവും ആര്‍ത്തവവും നിന്നുപോകുന്ന അവസ്ഥയാണ് നേരത്തെയുള്ള ആര്‍ത്തവവിരാമം (Early Menopause) എന്നു പറയുന്നത്. വളരെ അപൂര്‍വമായി 40 വയസ്സിന് മുന്‍പും ആര്‍ത്തവവിരാമം സംഭവിക്കാറുണ്ട്. അണ്ഡവിസര്‍ജനം നില്‍ക്കുമ്പോള്‍ അണ്ഡോത്പാദനവും പ്രത്യുത്പാദനത്തിന് ആവശ്യമായ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവും വളരെയധികം കുറയും. ഇതെല്ലാം സ്ത്രീ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ക്കും ഇടയാക്കും.
Content Highlights: early menopause, sexual health, sex