ദാമ്പത്യത്തില്‍ സെക്‌സ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്ന 'ഡിന്‍സ്' ദമ്പതികളുടെ എണ്ണം കൂടുന്നു...എന്‍ഗേജ്‌മെന്റിന് ശേഷമാണ് വിവേകും അഷിതയും പരിചയപ്പെടുന്നത് തന്നെ. പക്ഷേ കുറഞ്ഞ കാലം കൊണ്ടുതന്നെ അവര്‍ ഉറ്റസുഹൃത്തുക്കളായി മാറി. ഒരേ ചിന്താഗതിക്കാരായ ഐ.ടി പ്രൊഫഷണലുകള്‍. വിവാഹരാത്രി വരെ എല്ലാം ശാന്തമായിരുന്നു. സ്വപ്‌നങ്ങള്‍ പൂവണിഞ്ഞ രാത്രിയില്‍ വിവേക് ലൈംഗിക ബന്ധത്തിന് ശ്രമിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. അഷിതക്ക് പക്ഷേ അതിനോട് താല്‍പര്യമില്ലായിരുന്നു. 'എന്തിന് നല്ലൊരു സൗഹൃദം നശിപ്പിക്കണം' എന്നായി അവള്‍. അഷിതയുടെ പ്രതിഷേധം കാരണം അന്ന് ലൈംഗികബന്ധം നടന്നില്ല. പക്ഷേ പിന്നീടും അത് പതിവായതോടെ അവര്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വിവേക് വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങി.

വിവാഹിതരായ സുഹൃത്തുക്കള്‍ അവനെ പിന്തിരിപ്പിച്ചു. ''എന്തിന് വെറുതേ വിവാഹമോചനം നേടി നാട്ടുകാരെ അറിയിക്കണം, സെക്‌സിനപ്പുറം മറ്റെല്ലാകാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു നല്ല ഒരു സുഹൃത്ത് വീട്ടില്‍ തന്നെ ഉണ്ടാവുന്നത് ഭാഗ്യമല്ലേ.....'' പ്രായോഗികമായി ചിന്തിച്ചപ്പോള്‍ അവനും അത് ശരിയായി തോന്നി. സെക്‌സും സൗഹൃദവും ഒരുമിച്ച് പോകില്ലെന്ന അഷിതയുടെ തിയറിയില്‍ കാര്യമുണ്ടെന്ന് അവനും തോന്നിത്തുടങ്ങി. പതിയെ സെക്‌സ് അവരുടെ ദാമ്പത്യത്തില്‍ നിന്ന് പുറത്തായി. സെക്‌സില്ലാത്ത ദാമ്പത്യം അവര്‍ക്കിടയില്‍ വളര്‍ന്നു. ഇപ്പോളവര്‍ നല്ല സുഹൃത്തുക്കളാണ്, സിനിമയ്്ക്കും ഷോപ്പിങ്ങിനും ഹെല്‍ത്ത് ക്ലബിലും പാര്‍ട്ടിക്കുമൊക്കെ ഒരുമിച്ച് സസന്തോഷം പോകുന്നു, വിവാഹവാര്‍ഷികവും ജന്മദിനങ്ങളും പോലുള്ള വിശേഷാവസരങ്ങളില്‍ പരസ്പരം ഗിഫ്റ്റുകള്‍ സമ്മാനിക്കുന്നു. ഇരുവരുടെയും ഉയര്‍ന്ന ശമ്പളം കൊണ്ട് ആഢംബരജീവിതം നയിക്കുന്നു. കാഴ്ചയില്‍ ആരിലും അസൂയയുണര്‍ത്തുന്ന മാതൃകാ ദമ്പതികള്‍.. ..

ബാംഗ്ലൂരിലെ ഐ.ടി കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായ നിലീനയ്ക്ക് കുഞ്ഞ് വേണമെന്ന് തോന്നിയപ്പോള്‍ ഒടുവില്‍ ബീജം കുത്തിവേക്കേണ്ടിവന്നു ഗര്‍ഭിണിയാന്‍. ഇന്നവള്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റ അമ്മയാണ്. കൃത്രിമ ബീജസങ്കലനം എന്ന് കേട്ടയുടനെ എന്തെങ്കിലും വന്ധ്യതപ്രശ്‌നങ്ങളായിരിക്കും അവര്‍ക്കെന്ന് കരുതരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സമയമോ സൗകര്യമോ ഇല്ലാത്തതിനാല്‍ കൃത്രിമ ഗര്‍ഭം ധരിക്കുകയോ കുട്ടികളേ വേണ്ടെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന നവതലമുറ ദമ്പതികളുടെ പ്രതിനിധികളാണിവര്‍. ബാംഗ്ലൂരില്‍ തന്നെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് നിലീനയുടെ ഭര്‍ത്താവ് രമേശ.് കഴിഞ്ഞവര്‍ഷം ഒരു ബിസിനസ് ടൂറിന് വിദേശത്തേക്ക് പുറപ്പെടും മുമ്പ് രമേശ് തന്റെ ബീജം അസിസ്റ്റഡ് കണ്‍സെപ്ഷ്ന്‍ സെന്ററിലെ ബീജബാങ്കില്‍ സൂക്ഷിച്ചു. അതാണ് നിലീനയില്‍ ഭ്രൂണമായി വളര്‍ന്നത്.

മീഡിയപ്രൊഫഷണലായ 26 കാരി മേരിയുടെ ദാമ്പത്യത്തില്‍ വില്ലനായതും സെക്‌സ് തന്നെ. വര്‍ക്ക്‌ഹോളിക്കായ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ നിന്ന് വിവാഹശേഷം അധികം വൈകാതെ തന്നെ സെക്‌സ് അപ്രത്യക്ഷമായി. എന്നും രാവേറെ വൈകി മാത്രം ക്ഷീണിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് സിറിയകിന്റെ തിരക്കേറിയ പ്രൊഫഷണല്‍ ജീവിതം വിവാഹത്തിന്റെ ആദ്യനാളുകളില്‍ വലിയ പ്രശ്‌നമായിരുന്നില്ല. തിരക്ക് കുറഞ്ഞിരുന്നില്ലെങ്കിലും വിവാഹത്തിന്റെ ആവേശമായിരുന്നു അന്ന് ഗുണമായത്. സമയം കിട്ടുമ്പോഴൊക്കെ അവര്‍ രതി ആസ്വദിച്ചിരുന്നു. പക്ഷേ പതിയെ ഇടവേളകള്‍ക്ക് നീളം വര്‍ധിച്ച് തുടങ്ങി. വല്ലപ്പോഴുമുള്ള സെക്‌സ് തന്നെ ധൃതിപിടിച്ചുമായി. ഭര്‍ത്താവിന്റെ തിരക്കും താല്‍പര്യക്കുറവും ഇന്ന് മേരിയെ വിവാഹമോചനത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്..

സമൂഹത്തില്‍ ലൈംഗികാതിപ്രസരം വര്‍ധിച്ചുവരുകയാണെങ്കിലും ദാമ്പത്യത്തില്‍ പൊതുവേ സെക്‌സ് കുറയുകയാണ് എന്ന നിരീക്ഷണത്തെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് ചുറ്റുപാടുകളില്‍ നിന്ന് കേള്‍ക്കുന്നത്. ദാമ്പത്യം പുതുതലമുറയ്ക്കിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു കൂട്ടുകച്ചവടമായി മാറുകയാണ്. രണ്ട് പേരുടെയും ശമ്പളം കൂടിച്ചേരുമ്പോഴുള്ള വരുമാന വലുപ്പവും അതുകൊണ്ട് വാങ്ങിച്ചുകൂട്ടാവുന്ന വസ്തുക്കളും ആഡംബര ജീവിതവുമാണ് ചെറുപ്പക്കാര്‍ക്കിടയില്‍ വിവാഹത്തെയും ദാമ്പത്യത്തെയും ഇന്ന് ആകര്‍ഷകമാക്കുന്നത്. കുട്ടികള്‍ നേരത്തേ തന്നെ പുറത്തായിക്കഴിഞ്ഞ(ഡിന്‍ക്‌സ്-ഡബിള്‍ ഇന്‍കം, നോ കിഡ്‌സ്) ന്യൂജനറേഷന്‍ ദാമ്പത്യത്തില്‍ നിന്നും ഇപ്പോള്‍ സെക്‌സും പുറത്താവുകയാണ്.

'തിരക്കൊഴിഞ്ഞിട്ട് സെക്‌സിന് പോലും സമയമില്ല' എന്നു പറയുന്ന ദമ്പതികള്‍ കൂടുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ മലയാളി കരുതും, അതല്‍പം അതിശയോക്തി അല്ലേ എന്ന്. വിവാഹത്തെ ലൈംഗികതയ്ക്കുള്ള ലൈസന്‍സ് മാത്രമായി കരുതുന്നവര്‍ ഇന്നും നമുക്കിടയില്‍ ഒട്ടും കുറവല്ല എന്നത് തന്നെ ഒരു കാരണം. പക്ഷേ യാഥാര്‍ത്ഥ്യം അതാണ്. പുതിയ തലമുറ പഴയ തലമുറകളേക്കാള്‍ ലൈംഗികസക്തരാണ് എന്നതരത്തിലുള്ള ധാരണകളും ഇതോടെ പൊളിയുകയാണ്. വിവാഹത്തില്‍ ലൈംഗികത കുറയുക തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിവാഹമെന്ന കുടക്കീഴില്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സെക്‌സ് നിര്‍ബന്ധമല്ലാതായി തുടങ്ങുകയാണ്.

നവതലമുറ ദമ്പതികള്‍ക്കിടയിലെ ഈ പുതിയ പ്രതിഭാസത്തെ സാമൂഹിക, ലൈംഗിക ശാസ്ത്രജ്ഞര്‍ ഡിന്‍സ് (ഉകചട) എന്നാണ് വിളിക്കുന്നത്. (ഡബിള്‍ ഇന്‍കം, നോ സെക്‌സ്.) രണ്ടുപേരും ജോലിക്കാരായ പ്രൊഫഷണല്‍ ദമ്പതികള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതല്‍ എന്നത് പേര് തന്നെ സൂചിപ്പിക്കുന്നുണ്ട്. വരുമാനം രണ്ടുണ്ടെങ്കില്‍ വിവാഹബന്ധത്തില്‍ തുടരാന്‍ സെക്‌സ് നിര്‍ബന്ധമൊന്നുമില്ല പുതുതലമുറയ്ക്ക്! ബാംഗ്ലൂരിലെ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10 ഡിന്‍സ് ദമ്പതികളില്‍ കുറഞ്ഞ് രണ്ട് കുടുംബങ്ങളിളെങ്കിലും ഗര്‍ഭം ധരിക്കാന്‍ അസിസ്റ്റഡ് റീപ്രൊഡക്ടീവ് സങ്കേതങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ജെനറേഷന്‍ സെക്‌സ്‌ലെസ് എന്നാണ് ഈ നവതലമുറ അമേരിക്കയില്‍ അറിയപ്പെടുന്നത്. ബ്രിട്ടനില്‍ ഇവര്‍ നോ സെക്‌സ് കപ്പ്ള്‍ എന്ന് വിളിക്കപ്പെടുന്നു.


എന്തൊരു തലവേദന


ദാമ്പത്യത്തില്‍ രതിയുടെ രസാനുഭൂതി കുറയുന്നുവെന്ന് തന്നെയാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതും. ദമ്പതികളില്‍ 42 ശതമാനവും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ രതിയില്‍ ഏര്‍പ്പെടുന്നുള്ളൂ എന്നാണ് ഈയിടെ ഒരു പ്രമുഖ പ്രസിദ്ധീകരണം നടത്തിയ സെക്‌സ് സര്‍വേയില്‍ വെളിപ്പെട്ടത്. പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വെറും 20 ശതമാനം ദമ്പതികള്‍ മാത്രമാണ്. കിന്‍സി ഇന്‍സ്റ്റിറ്റിയട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 1950 കളെ അപേക്ഷിച്ച് സാഹചര്യങ്ങള്‍ ഏറെ അനുകൂലമായെങ്കിലും സെക്‌സ് സ്ത്രീകളില്‍ കുറയുകയാണ് എന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക സംതൃപ്തി 27 ശതമാനമായി കുറഞ്ഞുവെന്നാണ് ഇന്‍ഡ്യ ടുഡേ സെക്‌സ സര്‍വേയും കണ്ടെത്തിയത്. ലൈംഗികതയില്‍ നിന്ന് രക്ഷപ്പെടാന്‍ തലവേദനയും ക്ഷീണവുമൊക്കെ ഒഴിവ് കഴിവ് പറയുന്നവര്‍ ഇന്ന് സ്ത്രീകള്‍ മാത്രമല്ല, മൂന്നിലൊന്ന് പുരുഷന്മാരും സെക്‌സ് ഒഴിവാക്കാനായി വ്യാജതലവേദനകളെ കൂട്ടുപിടിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ദാമ്പത്യത്തില്‍ സെക്‌സ് അപ്രധാന സംഗതിയായി മാറുകയാണെന്ന് 33 ശതമാനം ഭാര്യമാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം തന്നെ ഈകാലയളവില്‍ തൊഴില്‍ സംതൃപ്തി 23 ല്‍ നിന്ന് 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന വസ്തുത കൂടി ചേര്‍ത്ത് വായിക്കാവുന്നതാണ്.

എന്തുകൊണ്ടാണ് ദാമ്പത്യത്തില്‍ രതി അനാകര്‍ഷകമായി മാറുന്നത്. അവസാന ഇനം മാത്രമായി ഒതുങ്ങുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച ചില ദമ്പതികള്‍ക്കിടയില്‍ മാത്രം കണ്ട് വരുന്ന ലൈംഗിക മടുപ്പല്ല ഇത്. നവവിവാഹിതരിലാണ് ഡിന്‍സ് ദമ്പതികളേറെ. അവരുടെ പുതുമോടി മാറാത്ത ദാമ്പത്യത്തില്‍ നിന്നാണ് സെക്‌സ് ചോര്‍ന്നുപോവുന്നത്. പണം കൊടുത്ത് വാങ്ങാവുന്ന പലതും ദാമ്പത്യത്തിലെ സെക്‌സിന്റെ സ്ഥാനത്തെ അപഹരിക്കുന്നത് കുടുംബവ്യവസ്ഥയെ ഏത് രീതിയിലാണ് ബാധിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്.


ഇഷ്ടങ്ങള്‍ മാറുന്നു


ഉയര്‍ന്ന ശമ്പളമുള്ള ജോലിയും, ആഡംബരജീവിതവും, സോഷ്യല്‍സ്റ്റാറ്റസുമൊക്കെയാണ് പലരും ഇന്ന് ദാമ്പത്യത്തിലൂടെ കൊതിക്കുന്നത്. ഡിന്‍സ് ദമ്പതികളധികവും വീട്ടിലേക്കാളേറെ ജോലിസ്ഥലത്തും ബിസിനസ് രംഗത്തുമാണിന്ന് ചെലവഴിക്കുന്നത്. ജീവിതപങ്കാളിയേക്കാളേറെ അവര്‍ പ്രണയിക്കുന്നത് മൊബൈലിനെയും ലാപ്‌ടോപ്പിനെയുമൊക്കെയാണ്. തിരക്കാര്‍ന്ന ജീവിതത്തിനിടയില്‍ സെക്‌സിന് വേണ്ടി മാറ്റിവെക്കാന്‍ ഇത്തിരിനേരം പോലുമില്ലെന്നാണ് അവരുടെ പക്ഷം.

നാഗരികരായ ദമ്പതികളില്‍ സെക്‌സ് കുറയുന്നതിന് പിന്നില്‍ പലഘടകങ്ങള്‍ ഉണ്ടെന്നാണ് ലൈംഗിക വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി, ബ്രാന്‍ഡഡ് വസ്തുക്കളോടുള്ള പ്രണയം, സോഷ്യല്‍ സ്റ്റാറ്റസ് അങ്ങിനെ പലതും സെക്‌സിന് പകരക്കാരായി മാറുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തിരക്കും, ലൈഫ്‌സ്റ്റൈല്‍ രോഗങ്ങളും, ലൈംഗിക പ്രശ്‌നങ്ങളുമൊക്കെയാണ് പലരെയും സെക്‌സ് ലെസ് ദാമ്പത്യത്തിന് പ്രേരിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങള്‍.


ജീവിതത്തിരക്കുകള്‍


ആധുനിക ജീവിതം സമ്മാനിച്ച പല ദുരന്തങ്ങളില്‍ ഒന്നായാണ് സെക്‌സ്‌ലെസ് മാര്യേജും വിലയിരുത്തപ്പെടുന്നത്. ആധുനിക ജീവിതത്തിന്റെ തിരക്കും സമ്മര്‍ദ്ധങ്ങളും ഏറ്റവുമധികം പരിക്കേല്‍പിച്ചത് ദാമ്പത്യത്തിലെ ലൈംഗികതയെയാണ്. ജീവിതത്തിരക്കുകള്‍ കഴിഞ്ഞ് കിടപ്പറയിലെത്തുമ്പോള്‍ പലരും ക്ഷീണിച്ചവശരായിരിക്കും. ഓ ഇനി വയ്യ..എന്ന തീരുമാനത്തിലെത്തല്‍ അതുകൊണ്ട് തന്നെ വളരെ എളുപ്പവും സ്വഭാവികവുമാണ്. പണ്ട് ഭാര്യയോടൊത്തും കുട്ടികളോടൊത്തും കിട്ടിയിരുന്ന ഒഴിവുവേളകളൊക്കെ ഇന്ന് മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ കവരുകയും ചെയ്യുന്നു. ഓഫീസ് പ്രശ്‌നങ്ങള്‍ ലാപ്‌ടോപ്പിനൊപ്പം വീട്ടിലേക്കുകൊണ്ടുവരുന്നവരും ഏറെ. ഉറക്കത്തിന്റെ സമയം തന്നെ തിരക്കുകള്‍ കവരുമ്പോള്‍ ഉറക്കസമയത്തില്‍ നിന്ന് അല്‍പമെടുത്ത് ലൈംഗികത ആസ്വദിക്കാന്‍ പിന്നെവിടെ നേരവും മനസ്സും. അതേസമയം തന്നെ പുതിയകാലത്തിന്റെ ലൈംഗിക പ്രലോഭനങ്ങള്‍ ചുറ്റുപാടും ഏറെയുണ്ട് താനും. മോഹം കൂടുകയും പ്രവൃത്തികുറയുകയും ചെയ്യുന്നത് പലരിലും പലതരം പിരിമുറുക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജോലിഭാരവും തൊഴില്‍സമ്മര്‍ദ്ദങ്ങളും ഏറുന്നതിനൊപ്പം ലൈംഗികതയുടെ സേഫ്റ്റിവാല്‍വ് കൂടി ഇത്തരത്തില്‍ അടയുമ്പോഴാണ് പലരും മദ്യത്തിലും ലഹരിവസ്തുക്കളിലുമൊക്കെ അഭയം തേടുന്നത്.


ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍


ചെറുപ്പക്കാര്‍ക്കിടയില്‍ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങളാണ് മറ്റൊരു ഘടകം. പ്രമേഹവും രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയും അമിത കൊളസ്‌ട്രോളും ഫാറ്റിലിവറുമൊക്കെ പലതരത്തില്‍ ലൈംഗികതയെ ബാധിക്കുന്നുണ്ട്. ലൈംഗികശേഷിയും ലൈംഗിക താല്‍പര്യവും കുറയ്ക്കുന്നുണ്ട്. ഒട്ടുമിക്ക ജീവിതശൈലീ രോഗങ്ങളും ഇന്ന് മധ്യവയസ്‌കരുടെ മാത്രം രോഗങ്ങളല്ല. മുപ്പതുകളില്‍ തന്നെ അവ നമ്മെത്തേടിയെത്തുന്നു. പുരുഷന്മാര്‍ക്കിടയില്‍ ഉദ്ധാരണപ്രശ്‌നങ്ങളും സ്ത്രീകള്‍ക്കിടയിലെ യോനീവരള്‍ച്ച പോലുള്ള പ്രശ്‌നങ്ങളുമൊക്കെ കൂടുന്നത് പലപ്പോഴും പ്രമേഹത്തിന്റെ ലക്ഷണമാണ്.


ക്ഷമ കുറയുന്നു


പുതിയ കാലത്ത് ഇന്‍സ്റ്റന്റ് സംതൃപ്തിയാണ് പലരും കൊതിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച സെക്‌സിനുള്ള ക്ഷമയോ സാവകാശമോ പലര്‍ക്കുമില്ല. വല്ലപ്പോഴും സെക്‌സില്‍ ഏര്‍പ്പെടുന്നത് തന്നെ ധൃതിപിടിച്ചായിരിക്കും. അപ്പോള്‍ ലൈംഗിക പരാജയത്തിനുള്ള സാധ്യതയും വര്‍ധിക്കും. പരാജയങ്ങള്‍ തുടര്‍ച്ചയാവുമ്പോള്‍ എന്തിനീ പാഴവേല എന്ന് ചിലരെങ്കിലും തീരുമാനിക്കുന്നു. ഒപ്പം ജോലിയുടെ തിരക്കും മാനസിക പിരിമുറുക്കവും ഏല്‍പ്പിച്ച ക്ഷീണവും കൂടിയാവുമ്പോള്‍ സെക്‌സ് വേഗം ദാമ്പത്യത്തിന്റെ പടിക്ക് പുറത്താവുന്നു.


മദ്യപാനം, പുകവലി

മദ്യപാനവും പുകവലിയും പോലെ ടെന്‍ഷന്‍ കുറയ്ക്കാന്‍ പുതുതലമുറ ആശ്രയിക്കുന്ന പലതും ലൈംഗിക ശേഷിയും താല്‍പര്യവും കുറയ്ക്കാന്‍ ഇടയാക്കുന്നവയാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍ വഴി വന്നെത്തുന്ന പ്രമേഹം പോലുള്ള രോഗങ്ങളും അതിനോട് കൂടിച്ചേരുമ്പോള്‍ ലൈംഗികത തീരെ ആസ്വാദ്യകരമല്ലാതായി മാറും. പെര്‍ഫോമന്‍സ് ആങ്‌സൈറ്റിയാണ് ലൈംഗിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഘടകം. ചുറ്റുപാടുമുള്ള ലൈംഗിക അതിപ്രസരം മൂലം സെക്‌സിനെക്കുറിച്ചുള്ള മായിക സ്വപ്‌നങ്ങളുമായാണ് ഇന്നും പലരും വിവാഹത്തിലേക്ക് കടക്കുന്നത്. പങ്കാളിയെ തനിക്ക് തൃപ്തിപ്പെടുത്താനാവുമോ എന്ന് സ്വാഭാവികമായും അവര്‍ ഉത്കണ്ഠപ്പെടും. ഈ ഭയം ലൈംഗിക പരാജയത്തിലാണ് എത്തിക്കുക. ഇന്നും ഇന്ത്യക്കാരില്‍ ജലദോഷപ്പനിയേക്കാള്‍ കൂടുതല്‍ ഉദ്ധാരണപ്രശ്‌നങ്ങളാണുള്ളതെന്ന് സെക്‌സോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.


അസംതൃപ്തി നിലനില്‍ക്കും


ലൈംഗികതയില്ലാത്ത ദാമ്പത്യം നയിക്കുന്ന ദമ്പതികള്‍ക്കിടയില്‍ മറ്റു തരത്തിലുള്ള മികച്ച ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും ഒരു അസന്തുഷ്ടി നിലനില്‍ക്കുമെന്നാണ് ലൈംഗിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം പ്രണയത്തിലും ഇണപ്പൊരുത്തത്തിലും ലൈംഗികത വലിയ ഘടകമാണ് എന്നത് തന്നെ. ലൈംഗികത പൂര്‍ണമായും ഒഴിവാക്കുന്നതിനോട് പലപ്പോഴും ഡിന്‍സ് ദമ്പതികകളില്‍ ഒരു പങ്കാളിക്ക് പൂര്‍ണസമ്മതമുണ്ടായിരിക്കില്ല എന്നതാണ് വാസ്തവം. ചിലര്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. മറ്റുചിലര്‍ വേറെ വഴിയില്ലാത്തത് കൊണ്ടോ മറ്റ് ഭൗതിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടോ ഒഴിവാക്കുന്നതായിരിക്കും. ഒരു പങ്കാളിയുടെ ലൈംഗിക പ്രശ്‌നം മറച്ചുവെക്കാനായി വേര്‍പിരിയാതെ കഴിയുന്നതായിരിക്കും വേറെ ചിലര്‍. ഇത്തരം എല്ലാ കേസുകളിലും അസംതൃപ്തി നിലനില്‍ക്കും. മാത്രമല്ല അനുകൂല സാഹചര്യത്തില്‍ ഈ അസംതൃപ്തി വിവാഹേതരബന്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും. വിവാഹമോചനത്തിനുള്ള സാധ്യതയും ഇത്തരം ദാമ്പത്യത്തിനുമേല്‍ കൂടുതലായിരിക്കും.


പരിഹാരം അകലെയല്ല


ദമ്പതികള്‍ ലൈംഗികതയെ ഇത്തരം നിസാരവും തികച്ചും ഭൗതികവുമായ കാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് പകരം പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്. വീട്ടിലെ സാഹചര്യങ്ങള്‍, ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ ബാഹ്യഘടകങ്ങളെ മനസുവെച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഇനി ദാമ്പത്യത്തിലെ പൊതുവായ പ്രശ്‌നമോ ഉദ്ധാരണപ്രശ്‌നങ്ങള്‍, ഉത്കണ്ഠ പോലുള്ള ഒരു പങ്കാളിയുടെ മാത്രം പ്രശ്‌നങ്ങളോ ആയാലും അവയ്ക്കും പരിഹാരം അകലെയല്ല ഇന്ന്. മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കി ഇണകള്‍ തുറന്ന് സംസാരിച്ചാല്‍ തന്നെ വലിയൊരളവ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക, കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക, സംഘര്‍ഷങ്ങള്‍ പറഞ്ഞ് തീര്‍ക്കുക, ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കുക, ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുകയും പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്യുക, പരസ്പരം ആത്മവിശ്വാസം പകരുക, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വൈകാതെ സൈക്കോളജിസ്റ്റിനെ സമീപിക്കുക തുടങ്ങി അനവധി വഴികളും രതിജീവിതം വീണ്ടടുക്കാന്‍ മുന്നിലുണ്ട്.


താല്പര്യം പ്രധാനം


സെക്‌സിന്റെ കാര്യത്തില്‍ മറ്റെന്തിനേക്കാളും പ്രധാനം താല്‍പര്യം തന്നെയാണ്. പങ്കാളികള്‍ക്കിരുവര്‍ക്കും താല്‍പര്യമില്ലെങ്കില്‍ മികച്ച ലൈംഗികത സാധ്യമാകില്ല. ബോധപൂര്‍വം സെക്‌സിന് ദമ്പതികള്‍ സമയം കണ്ടെത്തണം. ദിവസത്തെ പ്രവൃത്തികളിലൊന്നായി പരിഗണിച്ച് സെക്‌സിന് പ്രാധാന്യം നല്‍കണം എന്നാണ് ലൈംഗിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കുടുംബജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. അനാവശ്യമായ ആധികളൊഴിവാക്കി, അമിത പ്രതീക്ഷകളില്ലാതെ ശാന്തമായി, ആഹ്ലാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം.

ഒറ്റരാത്രി കൊണ്ട് സുഖാനുഭൂതിയുടെ തീരമണയാം എന്ന് കരുതരുത്. അപ്പോഴാണ് ചെറിയ പരാജയങ്ങള്‍ പോലും ലൈംഗിക ജീവിതത്തില്‍ വലിയ ക്ഷതങ്ങളേല്‍പിക്കുന്നത്. പൂര്‍വലീലകളുടെ ആഹ്ലാദം നുണഞ്ഞ് വേണം ലൈംഗികതയിലേക്ക് കടക്കാന്‍. അത് ദാമ്പത്യത്തിന് കരുത്തേകും.


വേണം പുതുമകള്‍


ലൈംഗികത വെറും കായികാഭ്യാസമല്ല. അത് വൈകാരികവും മാനസികവും കൂടിയാണ്. ഇണകള്‍ക്കിടയിലെ ദാമ്പത്യബന്ധം ശക്തിപ്പെടുത്താന്‍ ഇത്രയേറെ ശേഷിയുള്ള മറ്റൊരു പ്രവൃത്തിയില്ല തന്നെ. ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ലൈംഗികതയില്‍ സാര്‍വജനീനമായി ഒന്നുമാത്രമേയുള്ളൂ, അതിലെ വൈവിധ്യം എന്ന് പറഞ്ഞത് ആധുനിക ലൈംഗിക ശാസ്ത്രത്തിന്റെ പിതാവായ ആല്‍ഫ്രഡ് കിന്‍സിയാണ്. ലൈംഗികതയെ ആഹ്ലാദഭരിതമാക്കുന്നതും ഹൃദ്യമാക്കുന്നതും അതിലെ പുതുമകളാണ്. ഇല്ലെങ്കില്‍ വിരസതയേറും. ഫലം ലൈംഗികത ഒരു ചടങ്ങായി മാറി മെല്ലെമെല്ലെ അപ്രത്യക്ഷമാകും. വൈവിധ്യത്തിന്റെ അനന്തസാധ്യതകളുള്ളതാണ് രതി. രതിയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയ്യാറാവുമ്പോള്‍ അത് ജീവിതത്തിലെ അവിഭാജ്യഘടകമായി മാറും.


നല്ല ലൈംഗികത, നല്ല ആരോഗ്യം

ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്.

മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.

സെക്‌സ് മികച്ച വ്യായാമവുമാണ്. ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ നല്‍കുന്ന വ്യായാമം. അത് ശരീരത്തിലെ അമിത കലോറി ഊര്‍ജം എരിച്ച് കളയാന്‍ സഹായിക്കും. 30 മിനുട്ട് നേരത്തെ ലൈംഗികബന്ധത്തിലൂടെ 85 കലോറിയിലേറെ ഊര്‍ജ്ജം എരിച്ച് കളയാനാവും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ലൈംഗിക ബന്ധവും രതിമൂര്‍ച്ചയും പ്രണയഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് ഇണയുമായി കൂടുതല്‍ മികച്ച ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

വേദനകളകറ്റും .ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. തലവേദന, സന്ധി വേദന, ആര്‍ത്തവ അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ മികച്ച ലൈംഗികബന്ധം നിലനിര്‍ത്തുന്നവരില്‍ കുറയും.

ലൈംഗികബന്ധത്തിലൂടെ ശുകഌവിസര്‍ജനം നടക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ലൈംഗിക ബന്ധവും കെഗല്‍ വ്യായാമങ്ങളും സ്ത്രീകളുടെ പെല്‍വിക്ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും. ഇവരില്‍ ഭാവിയിലെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് സാധ്യത കുറയും.

ലൈംഗികബന്ധത്തിലൂടെ ശരീരത്തില്‍ വര്‍ധിക്കുന്ന ഓക്‌സിടോസിന്‍ മികച്ച ഉറക്കം നല്‍കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, മികച്ച ശരീരഭാരം നിലനിര്‍ത്തുക തുടങ്ങിയവയില്‍ ഉറക്കം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.