എനിക്ക് 37 വയസ്സുണ്ട്. വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായി. രണ്ടു പ്രാവശ്യം IVF ചെയ്തു. രണ്ടാമത്തെ പ്രാവശ്യം ഗര്‍ഭിണിയായി. സ്‌കാന്‍ ചെയ്തപ്പോള്‍ മൂന്നു കുട്ടികള്‍ ഉണ്ടായിരുന്നു. പക്ഷേ, അലസിപ്പോയി. ഒന്നിലധികം കുട്ടികളുണ്ടായതാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് കുഞ്ഞുണ്ടാവുമോ?

ബിന്ദു ദിവാകരന്‍, കൊല്ലം

സ്ത്രീയുടെ ശരീരത്തിനു പുറത്തുവെച്ച് അണ്ഡവും ബീജവും കൃത്രിമമായി ലബോറട്ടറിയില്‍ യോജിപ്പിച്ചുണ്ടാവുന്ന ഭ്രൂണം, ഒരു പ്രത്യേക വളര്‍ച്ചയെത്തുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മാര്‍ഗമാണ് കഢഎ. ആരോഗ്യമുള്ള അണ്ഡം വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. അണ്ഡോല്‍പാദനം, അണ്ഡവളര്‍ച്ച, അണ്ഡവിസര്‍ജനം തുടങ്ങി സ്വാഭാവിക ഗര്‍ഭധാരണത്തിനാവശ്യമായ ഘടകങ്ങള്‍ തകരാറിലാവുന്ന അവസ്ഥയിലാണ് കഢഎ എന്ന ചികിത്സ അവലംബിക്കേണ്ടി വരുന്നത്. സ്ത്രീയില്‍ ഹോര്‍മോണ്‍ കുത്തിവെയ്പ് നടത്തി, നിരവധി അണ്ഡങ്ങള്‍ വളര്‍ത്തുന്നു. ഇവ പുറത്തെടുത്ത് കൃത്രിമ ബീജസങ്കലനം നടത്തി ഉണ്ടാവുന്ന ഭ്രൂണം പരിശോധിക്കുന്നു. ആരോഗ്യമുള്ള ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പലപ്പോഴും മൂന്നോ നാലോ ഭ്രൂണം നിക്ഷേപിക്കുന്നതുമൂലം ഒന്നിലധികം കുട്ടികള്‍ വളരുകയും ഒരെണ്ണം പോലും പൂര്‍ണവളര്‍ച്ച എത്താനാകാതെ നശിച്ചുപോകുകയും ചെയ്യുന്നു.

ചികിത്സയുടെ പരിമിതികള്‍

വിജയസാധ്യത കുറവ് എന്നതാണ് ഈ ചികിത്സാരീതിയുടെ പ്രധാന പരിമിതി. എത്ര ഉയര്‍ന്ന സാങ്കേതിക വിദ്യ പ്രയോഗിച്ചാലും ജൈവശാസ്ത്ര പരമായ ഘടകങ്ങള്‍ വിജയസാധ്യതയെ വലിയ തോതില്‍ നിയന്ത്രിക്കുന്നു. സ്ത്രീയുടെ പ്രായം കണക്കിലെടുത്തുവേണം ചികിത്സ തീരുമാനിക്കാന്‍. 35 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാവാനുള്ള സാധ്യത മുപ്പതു ശതമാനത്തോളം മാത്രമേയുള്ളൂ. പ്രായം കൂടുന്നതനുസരിച്ച് വിജയസാധ്യത കുറഞ്ഞു വരുന്നു. നിക്ഷേപിക്കപ്പെടുന്ന ഭ്രൂണത്തിന്റെ വളര്‍ച്ച തീരുമാനിക്കുന്നത് അണ്ഡത്തിന്റെ ഗുണനിലവാരംകൊണ്ടാണ്. 35 വയസ്സിനുമുകളിലുള്ള സ്ത്രീകളില്‍ അണ്ഡത്തിന്റെ എണ്ണത്തിലും ഗുണനിലവാരത്തിലും കുറവുള്ളതായി കണ്ടുവരുന്നു. ഏക ഭ്രൂണമാണ് വളരുന്നതെങ്കില്‍ വിജയസാധ്യത കൂടുന്നു. പലപ്പോഴും ഇതു നടക്കാതെ പോകുന്നു. മറ്റൊന്ന് അണ്ഡവികസനം കൂടാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണുകളുടെ പാര്‍ശ്വഫലങ്ങളാണ്. അണ്ഡാശയം അമിതമായി പ്രതികരിക്കുന്നത് ചിലരില്‍ പിന്നീട് വിഷാദം പോലുള്ള രോഗാവസ്ഥയ്ക്കു കാരണമായേക്കാം എന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നോ അതിലധികമോ ഭ്രൂണം വളരുന്നുവെങ്കില്‍ അവയുടെ എണ്ണം കുറച്ച് ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തിയാല്‍ വിജയസാധ്യത കൂടാറുണ്ട്. അതിള്ള മാര്‍ഗങ്ങളിലൊന്ന് വേണ്ടാത്ത ഭ്രൂണങ്ങളെ സ്‌കാനിന്റെ സഹായത്തോടെ നശിപ്പിക്കുന്ന രീതി (Foetal reduction) യാണ്. ആരോഗ്യമുള്ള മറ്റു ഭ്രൂണങ്ങള്‍ അലസിപ്പോകാനുള്ള സാധ്യത ഇവിടെയുമുണ്ട്. മാത്രമല്ല മാസം തികയാതെ പ്രസവിക്കുക, തൂക്കം കുറഞ്ഞ കുഞ്ഞു ജനിക്കുക, പഠന സ്വഭാവ വൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവയും ഇക്കൂട്ടരില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയില്‍ ഗര്‍ഭകാല പ്രശ്‌നങ്ങളെല്ലാം തന്നെ അമിതമായി ഉണ്ടാവുന്നു, പ്രത്യേകിച്ചും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും.

ഐ.വി.എഫ് പരാജയപ്പെട്ടാല്‍

വീണ്ടും ഐ.വി.എഫ് നടത്തണോ എന്നത് ആലോചിച്ചുമാത്രം മതി. കഴിഞ്ഞ പ്രാവശ്യം എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് കുട്ടിയുണ്ടാവാതെ പോയത് എന്നത് വിശദമായി പഠിച്ചതിനുശേഷം മാത്രമേ തീരുമാനമെടുക്കാവൂ. ചികിത്സയുടെ പരിമിതികളും ഓരോ ദമ്പതികളുടേയും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ ബോധത്തോടു കൂടെയാവണം അടുത്ത പടി സ്വീകരിക്കാന്‍. നേരത്തേ ചികിത്സിച്ച സെന്ററില്‍ തന്നെ തുടരണോ, അതോ കുറച്ചുകൂടെ നല്ല വിജയസാധ്യതയുള്ള ഇടം തേടി പോകണോ എന്നതു ചിന്തിക്കാവുന്നതാണ്. കാരണം എല്ലാ കേന്ദ്രങ്ങളിലേയും ചികിത്സാരീതികള്‍ ഒരുപോലെ ആവണമെന്നില്ല. ഉയര്‍ന്ന സാങ്കേതിക വിദ്യ, ആധുനിക ചികിത്സാ നിര്‍ണയ ഉപാധികള്‍, വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ എന്നിവയ്ക്കു പുറമേ ടെസ്റ്റ് ട്യൂബ് ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന എംബ്രിയോളജിസ്റ്റ് നല്ല വൈദഗ്ധ്യമുള്ള ആളാണെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാവുകയുള്ളൂ.

ഡോ.നിര്‍മ്മല സുധാകരന്‍