'മക്കൾ പ്ലെയിനിലാ ഡോക്ടറേ, അവരെ താഴെയിറക്കാൻ പറ്റുന്നില്ല';തിരിച്ചറിയണം രോ​ഗത്തെ, വൈകരുത് ചികിത്സ


വീണ ചിറക്കൽ(veenacr@mpp.co.in)

3 min read
Read later
Print
Share

മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

Representative Image | Photo: Gettyimages.in

''മക്കൾ പ്ലെയിനിലാ ഡോക്ടറേ, അവരെ താഴെയിറക്കാൻ പറ്റുന്നില്ല അതാ കൊണ്ടുവരാത്തേ''- കേൾക്കുമ്പോൾ ഏതെങ്കിലും സിനിമയിൽ നിന്നുള്ള രം​ഗമാണെന്ന് തോന്നിയേക്കാം. എന്നാൽ സ്കിസോഫ്രീനിക് രോ​ഗിയായ ഒരച്ഛൻ പരസ്പരബന്ധമില്ലാതെ ഡോക്ടർക്ക് മുമ്പിൽ പറഞ്ഞ കാര്യങ്ങളാണിത്. കോഴിക്കോട് ​ഗവമെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ വർഷാ വിദ്യാധരന് മുമ്പിൽ എത്തിയ രോ​ഗികളൊന്നാണ് ഇത്.

പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികൾക്കൊപ്പമാണ് ആ അച്ഛൻ ചികിത്സയ്ക്ക് എത്തിയിരുന്നത്. അമ്മ അച്ഛനിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയായാണ് എന്നാണ് മക്കൾ പറഞ്ഞിരുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം തനിച്ചായി വരവ്. കുട്ടികൾ എവിടെയാണ് എന്ന് ചോദിക്കുമ്പോൾ അവർ പ്ലെയിനിലാണ്, അത് ആകാശത്താണ് അവരെ താഴെയിറക്കാൻ പറ്റുന്നില്ല എന്നാണ് പറയാറുള്ളത്. കുളിക്കുകയോ വൃത്തിയായി വസ്ത്രം ധരിക്കുകയോ ചെയ്യാറില്ല. ഓരോ തവണ വരുമ്പോഴും ഇദ്ദേഹം നൽകുന്ന ഫോൺ നമ്പറും സ്ഥലവുമൊക്കെ വച്ച് സൈക്യാട്രിക് സോഷ്യൽ വർക്കമാർ ഒരുപാട് അന്വേഷിക്കാൻ നോക്കി. പക്ഷേ അദ്ദേഹം നൽകുന്ന വിവരങ്ങളൊന്നും വാസ്തവമായിരുന്നില്ല. കൃത്യമായ ചികിത്സ ലഭ്യമാക്കാൻ വേണ്ടി നിരവധി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.- സ്കിസോഫ്രീനിയ രോ​ഗത്തിന്റെ ​ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ് ഡോ.വർഷയുടെ വാക്കുകൾ.

മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ലോക സ്കിസോഫ്രീനിയ ദിനത്തിൽ ഈ രോ​ഗാവസ്ഥയുടെ സങ്കീർണതകൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ഡോ.വർഷ വിദ്യാധരൻ.

എന്താണ് സ്കിസോഫ്രീനിയ?

സൈക്കോസിസ് വിഭാ​ഗത്തിൽ പെടുന്ന ഒരസുഖമാണ് സ്കിസോഫ്രീനിയ. ഡില്യൂഷൻസ്, ഹാലൂസിനേഷൻ‌സ് എന്നെല്ലാം പറയുന്ന അവസ്ഥകൾ ആ വ്യക്തിക്കുണ്ടാവും. ഇല്ലാത്ത, അല്ലെങ്കിൽ മറ്റുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമായ ചിന്തകൾ മനസ്സിലേക്ക് കടന്നുവരും, മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ കേട്ടു എന്നും അനുഭവിക്കാത്ത കാര്യങ്ങൾ അനുഭവിച്ചു എന്നും പറയാം. വാസ്തവത്തിൽ നിന്ന് വിട്ടുനിന്നുള്ള രോ​ഗാവസ്ഥയാണിത്. എല്ലാ സൈക്കോസിസുകളും സ്കിസ്ഫ്രീനിയ അല്ല. സ്കിസോഫ്രീനിയ ആണെന്ന് പറയണമെങ്കിൽ അതിന് പ്രത്യേകം കുറച്ച് ലക്ഷണങ്ങൾ ഉണ്ട്. ശബ്ദങ്ങൾ കേൾക്കുന്നതിനും ഡില്യൂഷൻസിനുമൊക്കെ മറ്റുള്ളവയിൽ നിന്ന് വ്യത്യാസം ഉണ്ടാകാം. മാത്രമല്ല അവ ഒരു കാലയളവിനുള്ളിൽ ഇത്രയിത്ര തവണ സംഭവിക്കുകയും ചെയ്യണം.

Also Read

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കരളിനെ ...

മഴ തുടരുന്നു, എലിപ്പനിയെ നിസ്സാരമാക്കരുത്; ...

കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുരുങ്ങുമ്പോൾ; ...

കുഴഞ്ഞുവീണ് വയറും നെഞ്ചും ചലിക്കുന്നില്ലെങ്കിൽ ...

ജോലിയോളം പ്രധാനമാണ് ആരോ​ഗ്യവും; ഏറെ ...

ഒരുമാസം നീണ്ട കാലയളവിൽ തുടർച്ചയായി ഡില്യൂഷൻസ് ഉണ്ടാവുക, ഹാലൂസിനേഷൻ ഉണ്ടാവുക, ചിന്തിച്ച് പറയുന്നതിന് പകരം പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, അടുക്കും ചിട്ടയുമില്ലാത്ത പെരുമാറ്റം, നെ​ഗറ്റീവ് ലക്ഷണങ്ങൾ തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാവാം. ഇതിൽ ഒരുമാസ കാലയളവിൽ രണ്ടെണ്ണമെങ്കിലും കണ്ടാൽ സ്കിസോഫ്രീനിയ ഉള്ളതായി കണക്കാക്കാം.

നിർവികാരത, പിൻവാങ്ങൽ മനോഭാവം, അർത്ഥശൂന്യമായ സംസാരം, സംസാരിക്കാനും പെരുമാറാനും ഇടപഴകാനും ഇമോഷണൽ എക്സ്പ്രസ് ചെയ്യാനും കഴിയാതിരിക്കുക തുടങ്ങിയ ഒരുകൂട്ടം ലക്ഷണങ്ങളാണ് നെ​ഗറ്റീവ് ലക്ഷണങ്ങളിൽ വരുന്നത്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രീതിയിൽ ഈ ലക്ഷണങ്ങൾ ബാധിക്കണം. ഇടയ്ക്കെപ്പോഴെങ്കിലും മാത്രമാണ് ഈ ലക്ഷണങ്ങൾ വന്നുപോകുന്നതെങ്കിൽ അത് സൈക്കോസിസിന്റെ പലവിധം അവസ്ഥാന്തരങ്ങളിൽ ഒന്നായി കണക്കാക്കും. വിഷാദാവസ്ഥയിലും സൈക്കോസിസ് ലക്ഷണങ്ങൾ വന്നുപോകാം. ലഹരിയുടെ അമിതോപയോ​ഗവും സൈക്കോസിസ് അവസ്ഥയിലേക്കെത്തിച്ചേക്കാം. പലപ്പോഴും അവ സ്കിസോഫ്രീനിക്കിന്റെ ലക്ഷണങ്ങൾക്ക് സമാനമാവും. അതുകൊണ്ടാണ് പ്രത്യേകം ലക്ഷണങ്ങൾ തുടർച്ചയായി ഒരുമാസക്കാലയളവിൽ കാണണം എന്ന് നിഷ്കർഷിക്കുന്നത്.

ദൈനംദിന ജീവിതത്തിൽ ഒരാൾക്ക് വേണ്ടാത്തവയാണ് പോസിറ്റീവ് ലക്ഷണങ്ങളിൽ പറയുന്നത്. ഭയം തോന്നൽ, അർത്ഥമില്ലാത്ത സംസാരം, സാങ്കൽപിക വ്യക്തികളുമായി സംസാരിക്കൽ, പെട്ടന്ന് ദേഷ്യം, പെട്ടെന്ന് അക്രമാസക്തരാകുക, ആത്മഹത്യ പ്രവണത തുടങ്ങിയ ഒരുകൂട്ടം ഡില്യൂഷൻസ്, ഹാലൂസിനേഷൻസ് ലക്ഷണങ്ങളാണ് പോസിറ്റീവ് ലക്ഷണങ്ങളിലുള്ളത്. മറ്റുള്ളവരെ സംശയം, അവർ ഉപദ്രവിക്കാൻ വരുന്നു, വീട്ടിലെ ബാത്റൂമിൽ ക്യാമറ വച്ചിട്ടുണ്ട് തുടങ്ങിയ പേടികളും സംശയങ്ങളുമൊക്കെ ഡില്യൂഷൻസിൽ ഉൾപ്പെടും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാം എന്നെല്ലാം പറയുന്നതാണ് ഹാലൂസിനേഷൻ. പോസിറ്റീവ് ലക്ഷണങ്ങളാണ് ആദ്യം രോ​ഗം തിരിച്ചറിയാൻ സഹായിക്കുക. ചികിത്സ ആരംഭിക്കുമ്പോൾ പോസിറ്റീവ് ലക്ഷണങ്ങൾക്കാണ് ആദ്യം മാറ്റം സംഭവിക്കുക. അപ്പോഴും ആളുകളോട് മിണ്ടാനും ‌സംസാരിക്കാനും ഇടപഴകാനുമൊക്കെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ആദ്യഘട്ടത്തിൽ വീട്ടുകാർ ചികിത്സയിൽ അത്ര തൃപ്തരായിരിക്കില്ല. മരുന്നു തുടങ്ങിയതിനുശേഷമാണ് രോ​ഗി മിണ്ടാതായത് എന്നൊക്കെ പലരും കരുതും. പക്ഷേ അത് നെ​ഗറ്റീവ് ലക്ഷണങ്ങളാണ്, അവ തിരിച്ചറിയാൻ കുടുംബം വൈകുന്നതുകൊണ്ടാണത്.

കാരണങ്ങൾ

ജനിതക കാരണങ്ങളാണ് പ്രധാനം. അടുത്ത ബന്ധുക്കളിൽ ഇത്തരം സൈക്യാട്രിക് രോ​ഗങ്ങൾ ഉണ്ടെങ്കിൽ വരാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന് ബയോകെമിക്കൽ ഘടകങ്ങളാണ്. ബ്രെയിനിലുണ്ടാകുന്ന ന്യൂറോ കെമിക്കൽ ഘടങ്ങളുടെ വ്യതിയാനം കൊണ്ടും ഇവ സംഭവിക്കാം. ഇതിനു പുറമേ കുടുംബ ചരിത്രം, പാരമ്പര്യ ഘടകങ്ങൾ, ന്യൂറോൺ തകരാറുകൾ എന്നിവയും ഈ മനോവൈകല്യത്തിന് കാരണമാവാറുണ്ട്.

പ്രായപരിധിയുണ്ടോ? ചെറുപ്പക്കാരെയും ബാധിക്കുമോ?

പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണുന്ന രോ​ഗാവസ്ഥയാണിത്. എങ്കിലും പുരുഷന്മാരിലാണ് നേരത്തേ കണ്ടുവരുന്നത്. ആൺ സ്കിസോഫ്രീനിക് രോ​ഗികൾക്ക് ഇരുപത്തിയഞ്ച് വയസ്സിനു മുമ്പേ ലക്ഷണങ്ങൾ കാണാറുണ്ട്. സ്ത്രീകളിൽ ഇരുപത്തിയഞ്ചിനു ശേഷവുമാണ് കൂടുതലും കണ്ടുവരുന്നത്. അറുപതു വയസ്സിനുശേഷവും പത്തുവയസ്സിനുകീഴെയും അപൂർവമായി കേസുകൾ കാണാറുണ്ട്

സ്കിസോഫ്രീനിയ മാറാരോ​ഗമോ?

സ്കിസോഫ്രീനിയയ്ക്കുള്ള ചികിത്സ രണ്ടുവിധത്തിലാണ്, ഒന്ന് മരുന്നുകൾ കൊണ്ടുള്ള ചികിത്സയാണ്. ന്യൂറോകെമിക്കൽസിലെ വ്യതിയാനത്തെ ക്രമീകരിക്കാനുള്ള ആന്റിസൈക്കോട്ടിക് മരുന്നുകളാണ് ചികിത്സയിൽ ഉപയോ​ഗിക്കുന്നത്. ആദ്യം അസ്വസ്ഥത കുറയാനും പിന്നെ അത് സുസ്ഥിരമാക്കുകയും നിലനിർത്തുകയും ചെയ്ത് മെച്ചപ്പെട്ടുവെന്ന തോന്നുമ്പോൾ അടുത്തഘട്ടം ആരംഭിക്കും. വ്യായാമം, ദൈനംദിനകാര്യങ്ങൾ തുടങ്ങിയവയിൽ മോണിറ്ററിങ് ഉൾപ്പെടെ ഈ ഘട്ടത്തിൽ ചെയ്യണം. കുടുംബത്തിന് സൈക്കോളജിക്കൽ ഹെൽപ് നൽകുകയും അത്യാവശ്യമാണ്. ഒപ്പം ജോലിയുൾപ്പെടെയുള്ള കാര്യങ്ങളിൽ രോ​ഗിക്ക് ആവശ്യമായ മാനസിക പിന്തുണയും നൽകണം. പലർക്കും സ്കിസോഫ്രീനിയ മാറാത്ത രോ​ഗാവസ്ഥയാണ് എന്നെല്ലാമുള്ള തെറ്റിദ്ധാരണയുണ്ട്. എന്നാൽ‌ നല്ലൊരു ശതമാനവും ചികിത്സിച്ച് മാറ്റാൻ കഴിയുന്ന അവസ്ഥയാണിത്. ഓരോ വ്യക്തിക്ക് അനുസരിച്ച് രോ​ഗം ഭേദമാവുന്നതിൽ സമയവ്യത്യാസം ഉണ്ടായേക്കാം എന്നുമാത്രം.

ഒരിക്കലും വൈകരുത് ചികിത്സ

ഇത്തരം രോ​ഗങ്ങൾ ഉള്ളവരിൽ തനിയെ ശരിയാകും എന്ന ചിന്തയോടെ ഇരിക്കരുത് എന്നാണ് വീട്ടുകാരോട് ആദ്യം പറയാനുള്ളത്. അവരെ മനസ്സിലാക്കി, ശാസ്ത്രീയ ചികിത്സ ലഭ്യമാക്കുക. ചികിത്സ തേടാനൊന്നും അവർ തയ്യാറായി കൊള്ളണമെന്നില്ല. രോ​ഗി സഹകരിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ചികിത്സയ്ക്ക് എത്തിക്കാതിരിക്കരുത്. കാരണം അവസ്ഥ ​ഗുരുതരമായാൽ ആത്മഹത്യ ചെയ്യാനോ മറ്റൊരാളെ കൊല്ലുന്ന അവസ്ഥയിലേക്ക് വരെ എത്താനോ കാരണമായേക്കാം.

Content Highlights: schizophrenia symptoms causes and treatment, psychosis symptoms

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
Premium

9 min

എന്തു കേട്ടാലും കല്ലുപോലെ കരയാതിരിക്കുന്നു എന്നത് ബോള്‍ഡ്‌നസ്സ് അല്ല | അഞ്ജു ജോസഫുമായി അഭിമുഖം

Jul 27, 2023


എന്‍ഡോമെട്രിയോസിസ്  നിയന്ത്രിക്കാന്‍ ചെയ്യാം ഈ ആയുര്‍വേദ മാര്‍ഗങ്ങള്‍

2 min

എന്‍ഡോമെട്രിയോസിസ് നിയന്ത്രിക്കാന്‍ ചെയ്യാം ഈ ആയുര്‍വേദ മാര്‍ഗങ്ങള്‍

Sep 9, 2020


muthira

1 min

കുതിരയ്ക്ക് മാത്രമുള്ളതല്ല മുതിര; അറിയാം മുതിരയുടെ ഗുണങ്ങള്‍

Nov 1, 2021


Most Commented