Representative Images|Gettyimages.in
വിസ്മയയുടെ മരണം വീണ്ടും സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും എല്ലാം മലയാളികളുടെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 'അടിച്ചാല്‍ തിരിച്ചടിയ്‌ക്കേണ്ടേ' എന്നും 'ഇറങ്ങിപ്പോരണം' എന്നുമെല്ലാമുള്ള ആത്മവിശ്വാസം പകരലുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. എന്നാല്‍ ശാരീരിക പീഡനം മാത്രമാണോ ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍ വരുന്നത്? മാനസികപീഡനവുമില്ലേ? ശാരീരികമായ ഉപദ്രവത്തേക്കാള്‍ ഒരു മനുഷ്യനെ തകര്‍ത്തുകളയുക മാനസികമായി നേരിടുന്ന അക്രമങ്ങളാണ്. എന്നാല്‍ പുറമേ മുറിവുകളില്ലാത്തതിനാല്‍ ഇരയ്ക്ക് അക്രമിക്കെതിരേ നല്‍കാന്‍ തെളിവുകളൊന്നും ഉണ്ടാവില്ല. മാനസിക പീഡനങ്ങള്‍ ഇരതന്നെ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോഴേക്കും തകര്‍ന്ന് സ്വയം കുറ്റബോധത്തിലും വിഷാദത്തിലും മുങ്ങി സ്വന്തമായി തീരുമാനങ്ങള്‍ പോലും എടുക്കാനാവാത്ത വിധം അക്രമിയുടെ കാല്‍ക്കീഴിലായിട്ടുണ്ടാവും ഇരയാക്കപ്പെടുന്നയാള്‍. ഇങ്ങനെ തിരിച്ചറിയാതെ പോകുന്ന ഇമോഷണല്‍ അബ്യൂസുകള്‍ ആത്മഹത്യയില്‍ വരെ എത്തിക്കാം. വിസ്മയയെപ്പോലുള്ളവര്‍ പലപ്പോഴും ശാരീരിക പീഡനത്തോടൊപ്പം മാനസികപീഡനവും അനുഭവിക്കേണ്ടി വന്നവരാണ്. കിട്ടുന്ന അടികളേക്കാള്‍ അവരെ മരണത്തിലേക്ക് എത്തിക്കുന്നതും ഈ മനസ്സിന്റെ മുറിവുകളാണ്.. ചെറുതു മുതല്‍ നമ്മുടെ ജീവതം അപ്പാടെ ഇല്ലാതാക്കികളയുന്ന തലം വരെയെത്താവുന്നവയാണ് മാനസിക ചൂഷണവും പീഡനങ്ങളുമെല്ലാം. പങ്കാളി, പ്രണയിക്കുന്ന വ്യക്തി, മാതാപിതാക്കള്‍, സഹോദരങ്ങള്‍, മേലുദ്യോഗസ്ഥന്‍, സുഹൃത്ത് തുടങ്ങീ എവിടെ നിന്നും ഉണ്ടാകാം ഈ വൈകാരിക ചൂഷണങ്ങള്‍.
തിരിച്ചറിയാം
കളിയാക്കലുകള്‍, നിയന്ത്രണങ്ങള്‍, ഒറ്റപ്പെടുത്തലുകള്‍... പല രീതിയിലാണ് വൈകാരിക ചൂഷണങ്ങള്‍ ഉണ്ടാവുക. ഇതിലൂടെ കടന്നുപോകുന്ന പലരും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന്, അക്രമിക്കപ്പെടുകയാണ് എന്നൊന്നും തിരിച്ചറിയുന്നില്ല. സ്ത്രീകളാണ് കൂടുതലും ഇതിന് ഇരയാവുന്നത്. സ്‌നേഹമെന്നോ സംരക്ഷണമെന്നോ ശിക്ഷയെന്നോ ഒക്കെയാവും ചൂഷകര്‍ ഇതിനെ വിശേഷിപ്പിക്കുക. പല ഘട്ടങ്ങളിലൂടെയാണ് ചൂഷകര്‍ പിടിമുറുക്കുന്നത്. ആദ്യം കളിയാക്കലുകള്‍ മാത്രമായിരിക്കും. പിന്നെ ചെറിയ ചെറിയ നിയന്ത്രണങ്ങള്‍ വയ്ക്കും. സാമ്പത്തിക കാര്യങ്ങള്‍ മുതല്‍ ഡോക്ടറെ കാണുന്നത് വരെ അവരുടെ തീരുമാനം ആകാന്‍ താമസമുണ്ടാവില്ല. പ്രതികരിച്ചു തുടങ്ങിയാല്‍ അടുത്തപടി ഒറ്റപ്പെടുത്തലിന്റേതാണ്. ഇരയ്ക്ക് വേണ്ടപ്പെട്ടവരില്‍ നിന്ന് അവരെ അകറ്റുകയാണ് അതിലൊന്ന്. നാട്ടിലും വീട്ടിലുമൊക്കെ മോശം കഥകള്‍ പ്രചരിപ്പിക്കുന്നവരും ചൂഷകരിലുണ്ട്. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുന്നവരാണെന്ന് വരുത്തിതീര്‍ക്കും. അറിഞ്ഞോ അറിയാതെയോ. അതോടെ ഇര സമൂഹത്തില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് മാനസികമായി തകര്‍ന്നിട്ടുണ്ടാവും. ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മള്‍ അനുഭവിച്ച വേദനയുടെ ആഴം നമുക്കും ചുറ്റുമുള്ളവര്‍ക്കും മനസിലാവുക.
1. കളിയാക്കലുകള്‍
വൈകാരിക ചൂഷണം നടത്തുന്നവര്‍ നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യത്തെയും പരിഹാസത്തോടെ നോക്കികാണുന്നത് പതിവാണ്.- മോശം പദപ്രയോഗങ്ങള്‍: അശ്ലീല പദങ്ങള്‍ വിളിച്ച് അപമാനിക്കുക
- പ്രോത്സാഹിപ്പിക്കുക എന്നിട്ട് പിന്തിരിപ്പിക്കുക.: 'എനിക്കറിയാം നീ ശ്രമിക്കുന്നുണ്ടെന്ന്.. പക്ഷേ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നേ' എന്ന ലെവല്‍.
- പരസ്യമായ കളിയാക്കലുകള്‍: ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുന്നില്‍ വെച്ച് നമ്മുടെ രഹസ്യങ്ങളോ പഴയകാലത്തെ അബദ്ധങ്ങളോ വെളിപ്പെടുത്തുക.
- നിസ്സാരമാക്കുക: നമുക്ക് വളരെ പ്രാധാന്യമുള്ള ഒരു കാര്യം പങ്കുവയ്ക്കുമ്പോള്‍ മണ്ടത്തരമെന്നോ സെന്റി അടിക്കുന്നെന്നോ പറഞ്ഞ് പരിഹാസം .
- ബോഡി ഷെയ്മിങ്: നമ്മുടെ ശരീരത്തിന്റെ കുറവുകള്‍, വസ്ത്രധാരണം, നിറം.. എല്ലാം കളിയാക്കലിന് വിഷയമാകും. ആത്മവിശ്വാസം സീറോയില്‍ എത്തിക്കും.
- നേട്ടങ്ങള്‍ക്ക് നോ വില: നിങ്ങളുടെ ജീവിതത്തിലെ വിജയങ്ങള്‍ നേട്ടങ്ങള്‍ ഒക്കെ വെറും പാഴ്‌വേലയാമെന്ന് സ്ഥാപിക്കും. ഇനി അതിന് പറ്റിയില്ലെങ്കില്‍ എന്റെ അധ്വാനം കൊണ്ടാണ് നിനക്കിത് കിട്ടിയത് എന്നാക്കും. എന്തെങ്കിലും ഹോബികളോ ഇഷ്ടങ്ങളോ ഉണ്ടെങ്കില്‍ അത് മറന്നേക്കൂ. ചൂഷകന്‍ അതൊക്കെ വെറും കുട്ടിക്കളിയാക്കും .
- കുത്തിമുറിവേല്‍പിക്കുന്ന സംഭാഷണങ്ങള്‍ : നിങ്ങളെ അസ്വസ്ഥമാക്കുന്ന വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുക.
2. നിയന്ത്രണങ്ങള്‍
ചൂഷകര്‍ക്ക് ഏകാധിപതിയുടെ സ്വഭാവമുണ്ടാവും. എല്ലാം അവരാകും തീരുമാനിക്കുന്നത്. അതിനെ ചോദ്യം ചെയ്യാനും പാടില്ല
- ഭീഷണികള്‍: ഞാന്‍ എന്തെങ്കിലും ചെയ്തുകളയും, ആത്മഹത്യ ഭീക്ഷണി, ഇനി നീ വീടിന് പുറത്താണ്... എന്നിങ്ങനെ
- അണ്ടര്‍ ദി വാച്ച് ഫുള്‍ ഐ: എവിടെയാണ്, ആരോടൊപ്പമാണ് എന്നൊക്കെ എപ്പോഴും മെസേജോ കോളോ നല്‍കി അറിയിക്കണം. നീ സേഫാണോ എന്നറിയാനാണ് എന്ന് സ്‌നേഹത്തോടെ പറയുകയും ചെയ്യും. ചിലപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്ത് നമ്മുടെ മുന്നിലെത്തും. വെറുതെ നിന്നെയൊന്നു സര്‍പ്രൈസ് ആക്കാനാണ് എന്നാവും മറുപടി. പറഞ്ഞ സ്ഥലത്ത് തന്നെയാണോ നമ്മള്‍ ഉള്ളത് എന്നറിയാനാണ് ഈ വേല.
- ഡിജിറ്റല്‍ സ്‌പൈയിങ്: ഇന്റര്‍നെറ്റ് ഹിസ്റ്ററി, സോഷ്യല്‍ മീഡിയ, മെസേജുകള്‍, കോള്‍ ഹിസ്റ്ററി തുടങ്ങി എല്ലാം തിരയും. പാസ് വേഡുകള്‍ അവരറിയണമെന്ന് വാശിപിടിക്കും.
- തീരുമാനങ്ങള്‍ അവരുടേത് മാത്രം: ജോയിന്റ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുക, നമ്മുടെ ഡോക്ടര്‍ അപ്പോയിന്റ്‌മെന്റ് ചോദിക്കാതെ കാന്‍സല്‍ ചെയ്യുക, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളോ ആവശ്യങ്ങളോ നിങ്ങളറിയാതെ തന്നെ ബോസിനോട് സംസാരിക്കുക... പലതും അവരുടെ മാത്രം തീരുമാനങ്ങളാകും. എന്ത് ഡ്രസ് ഇടണം, എന്ത് കഴിക്കണം, ആരെയൊക്കെ സുഹൃത്തുക്കളാക്കണം തുടങ്ങീ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ചൂഷകരായിരിക്കും.
- സാമ്പത്തിക നിയന്ത്രണങ്ങള്‍: നമ്മുടെ അക്കൗണ്ട് നമ്മുടെ ശമ്പളം..പക്ഷേ ചെലവാക്കണമെങ്കിലോ... ആവശ്യങ്ങള്‍ക്കുള്ള തുകപോലും എടുക്കാന്‍ അവരുടെ അവരുടെ അനുവാദം വേണ്ടി വരും.
- ഓര്‍ഡര്‍ ഓര്‍ഡര്‍: എന്റെ ഷര്‍ട്ട് അയണ്‍ ചെയ്‌തോ. എന്റെ ഷൂ പോളിഷ് ചെയ്‌തോ. എവിടെ ചൂട് വെള്ളം... ഇങ്ങനെ നിര്‍ദ്ദേശങ്ങളും ആജ്ഞകളും ഇഷ്ടം പോലെ കിട്ടും.
- മുട്ടത്തോടില്‍ നടക്കുന്ന പോലെ : ചിലപ്പോള്‍ ഇത്തരക്കാര്‍ ഭയങ്ക സ്‌നേഹം കാണിക്കും. പക്ഷേ എപ്പോള്‍ എന്തിനാണ് പൊട്ടിത്തെറിക്കുന്നതെന്ന് പറയാനും പറ്റില്ല. കൂടെ ജീവിക്കുന്നവര്‍ തെറ്റേത് ശരിയേത് എന്നറിയാതെ കുഴങ്ങും
- പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടും: ഇനിയൊന്ന് എല്ലാം തുറന്ന് സംസാരിച്ച് ശരിയാക്കാം എന്ന് കരുതിയാലോ.. ഒച്ചപ്പാടും ബഹളവും ദേഷ്യവും ഇറങ്ങിപ്പോക്കും എല്ലാമായി കുളമാക്കും. ഒരു തരം എസ്‌കേപ്പിങ് മെക്കാനിസം. പ്രശ്‌നങ്ങള്‍ എല്ലാം അങ്ങനെ തന്നെ അവശേഷിക്കും.
3. വൈകാരികമായ ഒറ്റപ്പെടുത്തലുകളും മാറ്റി നിര്‍ത്തലുകളും
പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ഇവര്‍ക്ക് പുല്ലുവിലയായിരിക്കും. മറ്റൊരാളുടെ വികാരങ്ങളോ ആവശ്യങ്ങളോ ഇവര്‍ കാര്യമാക്കില്ല
- സമൂഹത്തില്‍ നിന്ന് അകറ്റുക: ജോലിയ്ക്ക് പോകുന്നത് തടയുക, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഒപ്പം സമയം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ വയ്ക്കുക, നിങ്ങളുടെ ഇഷ്ടങ്ങളും ഹോബികളും (സിനിമ, പാട്ട്) ഒന്നും അനുവദിക്കാതിരിക്കുക ... പുറം ലോകവുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കാം.
- കുടുംബവും കൂട്ടുകാരും ശത്രുക്കള്‍: കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുക. അവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കുഴപ്പക്കാരാണ് എന്ന് നമ്മളെ ധരിപ്പിക്കുകയാണ് ഇതിന് ചൂഷകര്‍ കണ്ടെത്തുന്ന വഴി. ഇതേസമയം തന്നെ നമ്മുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നമുക്കെതിരായും തിരിച്ചിട്ടുണ്ടാവും. നമ്മള്‍ മോശക്കാരാണെന്ന രീതിയില്‍.
- വൈകാരികമായവയെല്ലാം നിഷേധിക്കുക: ഒപ്പം ഉറങ്ങാനോ, ഒന്നിച്ച് ഇരിക്കാനോ പോലും ചിലര്‍ അവസരം നല്‍കില്ല. ലൈംഗിക ബന്ധം വരെ ഒഴിവാക്കും. ഇത് നിനക്കുള്ള ശിക്ഷയാണെന്ന് പറഞ്ഞാവും ഓരോന്നും ചെയ്യുന്നത്.
- തോന്നലാണ് എല്ലാം: പ്രശ്‌നങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ അതൊക്കെ നമ്മള്‍ സങ്കല്‍പിച്ച് ഉണ്ടാക്കുന്നതാണെന്ന് അവര്‍ പറയും.
4. കുറ്റക്കാര്‍ നമ്മളാകുന്നു
എല്ലാകുറ്റങ്ങളും ഇരയില്‍ അടിച്ചേല്‍പിക്കുന്നു
- അസൂയ: നമ്മള്‍ അവരെ ചീറ്റ് ചെയ്യുന്നുണ്ട് എന്ന രീതിയില്‍ പെരുമാറുന്നു. അവര്‍ നമ്മളെ പറ്റിച്ചാലും അതും നിന്റെ കുഴപ്പാമാണെന്നാവും ചൂഷകന്റെ ന്യായീകരണം
- ഗ്യാസ് ലൈറ്റിങ് (Gaslighting) : നമുക്ക് ഉറപ്പുള്ള കാര്യങ്ങള്‍ തെറ്റാണെന്ന് വരുത്തി തീര്‍ക്കുക. അവര്‍ ചെയ്ത തെറ്റുകള്‍ പോലും പതിയെ നമ്മുടേതായി മാറും.
- പഴിചാരുക: ഞാന്‍ തന്ന വാക്ക് എല്ലാം പാലിച്ചിട്ടുണ്ട്.. നീ ഇതുവരെ എനിക്കു വേണ്ടി എന്താ ചെയ്തിട്ടുള്ളത്, എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നീയാണ്...എല്ലാ കുറ്റവും നമുക്ക്.
- അക്രമവാസന: ഫോണ്‍ എറിഞ്ഞ് ഉടയ്ക്കുക, സാധനങ്ങള്‍ വലിച്ചെറിയുക, വാഹനങ്ങളുടെയും മറ്റും കീ മനപൂര്‍വം കളയുക. സ്വയം മുറിവേല്‍പിക്കുക, ഇരയെ അക്രമിക്കാന്‍ ശ്രമിക്കുക
ഒടുവില്‍ സംഭവിക്കുന്നത് ഇതാണ്
വൈകാരിക ചൂഷണം നടത്തുന്ന വ്യക്തിക്കൊപ്പം ജീവിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ധാരാളമുണ്ടാവും
1. മനസില്‍ ഈ ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കണമെന്ന ആഗ്രഹമുണ്ടാവും. പക്ഷേ ഇയാള്‍ പകപോക്കുമോ എന്ന പേടി അതിന് തടസ്സമാകും
2. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കും. എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവും.
3. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒഴിവാക്കും. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതത്തില്‍ എത്തും
4. എല്ലാ കാര്യങ്ങളും അനുവാദം ചോദിച്ച് മാത്രം ചെയ്തു തുടങ്ങും
5. കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരുമ്പോള്‍ വഴക്കുകള്‍ ഒഴിവാക്കാന്‍ സംഭാഷണം തന്നെ വേണ്ടെന്ന് വയ്ക്കും
6. ചൂഷകര്‍ ചെയ്യുന്ന തെറ്റുകളുടെ ഭാരം സ്വയം ഏറ്റെടുക്കും. മറ്റാരെങ്കിലും തെറ്റ് ചൂണ്ടികാട്ടിയാലും നമ്മള്‍ ചൂഷകന്റെ വശംപിടിക്കും
7. എനിക്ക് ഇതൊക്കെ വിധിച്ചതാണ് എന്ന ചിന്ത. എപ്പോഴെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടി വരുമ്പോള്‍ അത് തെറ്റാണെന്ന തോന്നല്‍
8. ആരും നമ്മുടെ കൂടെ, നില്‍ക്കാനില്ല, ഞാന്‍ ഒറ്റയ്ക്കാണ്... ചിന്തകള്‍ കാടുകയറുമെന്ന് ചുരുക്കം
എങ്ങനെ പുറത്തുകടക്കാം
ബന്ധങ്ങളില്‍ വൈകാരിക പീഡനങ്ങള്‍ നേരിടുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിരുത്തുന്നതു നന്നാകും:- കൂടുതല്‍ സ്‌നേഹിച്ചോ വിശദീകരണങ്ങള്‍ കൊടുത്തോ പീഡകരെ മാറ്റിയെടുക്കാനാകില്ല. മിക്ക ചൂഷകര്‍ക്കും വ്യക്തിത്വവൈകല്യങ്ങളുമുണ്ടാവും.
- മുന്‍ഗണന നല്‍കേണ്ടത് നിങ്ങളുടെ തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമാണ്, പങ്കാളിയുടേതിനല്ല.
- സന്തോഷവും സ്വയംമതിപ്പും തരുന്ന പുസ്തകങ്ങള്‍ക്കും ഹോബികള്‍ക്കും സൗഹൃദങ്ങള്‍ക്കുമൊക്കെ സമയം കണ്ടെത്തുക.
- 'തീരെ അനുസരണയില്ല', 'മൂക്കത്താണു ദേഷ്യം' എന്നിങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്നതു നിത്യേന കേട്ടുകേട്ട് 'ശരിക്കും അതിലിനി വല്ല വാസ്തവവും ഉണ്ടാകുമോ?!' എന്നു സ്വയം സംശയിക്കുന്നതും നന്നല്ല.
- ആവശ്യങ്ങളോ പരാതികളോ ഉന്നയിക്കുമ്പോള്‍ ആ വ്യക്തിയുടെ പോരായ്മ ചൂണ്ടിക്കാട്ടുന്ന രീതി ഒഴിവാക്കി, തന്റെ ഇഷ്ടമോ അഭിപ്രായമോ ഇതാണ് എന്ന ശൈലി ഉപയോഗിക്കുക. ഉദാഹരണത്തിന്, 'നിങ്ങള്‍ ഇങ്ങിനെ കിടന്നു ബഹളം വെക്കുന്നത് വളരെ മോശമാണ്' എന്നു പ്രഖ്യാപിച്ചാല്‍ മറ്റെയാള്‍ സ്വയം ന്യായീകരിക്കാന്‍ തുടങ്ങുകയും പ്രശ്‌നം വഷളാവുകയും ചെയ്യും. മറിച്ച്, 'ബഹളം വെച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ വരാന്‍ എനിക്കു താല്‍പര്യമില്ല' എന്നറിയിക്കാം.
- 'വരുത്തിവെക്കുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റി ഒരു ബോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങിനെയൊക്കെ' എന്നെല്ലാം പീഡകരെ ന്യായീകരിക്കാതിരിക്കുക. കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യമുള്ളവരും പങ്കാളിയെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയെന്ന വ്യക്തമായ ലക്ഷ്യമുള്ളവരുമാണ് മിക്കവരും.
- പീഡകരായ വ്യക്തികളെപ്പറ്റി വലിയ പ്രതീക്ഷകള്‍ പുലര്‍ത്താതിരുന്നാല്‍ അടിക്കടിയുള്ള നൈരാശ്യങ്ങള്‍ ഒഴിവാക്കാം.
- ഒരു താല്‍ക്കാലികാശ്വാസം മോഹിച്ചോ ഏതു വിധേനയും ബന്ധം നിലനിര്‍ത്താനുള്ള കൊതി കൊണ്ടോ നിങ്ങളുടെ വ്യക്ത്വിത്വത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് അനുവാദം മൂളാതിരിക്കുക.
- മുറിവുകള്‍ ഉണങ്ങാന്‍ സമയം നല്‍കാം
- ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചുള്ള കുറ്റബോധം, ആ വ്യക്തിയോട് പിന്നെയുമുള്ള പ്രണയം, ആ ബന്ധത്തെക്കുറിച്ചുള്ള ചില നല്ല ഓര്‍മകള്‍ തുടങ്ങിയവ ഇടയ്‌ക്കൊക്കെ മനസില്‍ വരുന്നത് സാധാരണമാണ്. ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങളെടുത്ത തീരുമാനം തെറ്റായിരുന്നു എന്നോ ആ വ്യക്തിയായിരുന്നു ശരി എന്നതിന്റെയോ തെളിവല്ല അതൊന്നും.
- പങ്കാളി കെടുത്തിക്കളഞ്ഞിരുന്ന നിങ്ങളുടെ സ്വയംമതിപ്പ് തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്താം. ആവശ്യമെങ്കില്‍ സൈക്കോതെറാപ്പി സ്വീകരിക്കാം.
- സമാന അനുഭവങ്ങള്‍ നേരിട്ടവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ചേരുക.
- പങ്കാളിയെ പ്രകോപിപ്പിക്കാതിരിക്കാനും സന്തോഷിപ്പിച്ചു നിര്‍ത്താനുമൊക്കെ ഉദ്ദേശിച്ച് ആരോഗ്യകരമല്ലാത്ത പല ശീലങ്ങളും നിങ്ങള്‍ സ്വയമറിയാതെ രൂപപ്പെടുത്തിയിട്ടുണ്ടാകാം. ഒരു കാര്യത്തിലും അഭിപ്രായം പറയുകയോ രൂപീകരിക്കുക പോലുമോ ചെയ്യാതിരിക്കുക, ഏതൊരു നടപടിക്കും മുമ്പ് രണ്ടും മൂന്നും തവണ ആലോചിക്കുക, നിങ്ങള്‍ നേതൃത്വം നല്‍കി ചെയ്തിരുന്ന പലകാര്യങ്ങളില്‍ നിന്നും പിന്‍മാറുക തുടങ്ങി വസ്ത്രധാരണം, ഭക്ഷണം എന്നിവയില്‍ വരെ നിങ്ങളുടെ മനസ്സാഗ്രഹിക്കാത്ത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും അവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുക.
- ഏറെ നാളത്തെ ദുരനുഭവങ്ങള്‍ മനസിന് ഏല്‍പിച്ച മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും എന്ന് ഓര്‍ക്കുക.
- ചൂഷണം നേരിട്ടവരെ കുറ്റപ്പെടുത്താതെ കൂടെ നിര്‍ത്തി ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും കഴിയും.
(കടപ്പാട്: ഡോ. ഷാഹുല്‍ അമീന്‍,സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി)
Content Highlights: Recognize the Signs of Mental and Emotional Abuse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..