Representative Image | Photo: Gettyimages.in
പുറമേ വളരെ പരുക്കൻ സ്വഭാവമുള്ളതും പ്രത്യേകിച്ച് വികാരപ്പകർച്ചകളൊന്നുമില്ലാത്തതുമായ ആളുകളെ നമുക്കറിയാം. എന്ത് സംഭവിച്ചാലും ഇവരെന്താണ് ഭാവവ്യത്യാസമേതുമില്ലാതെ പെരുമാറുന്നതെന്ന് നമ്മൾ അതിശയിച്ചേക്കാം. ഇത്തരക്കാരുടെ വൈകാരിക ആരോഗ്യനില വളരെ മോശമായതുകൊണ്ടാണിത്. എന്നാൽ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ട്.
ഇത്തരം പെരുമാറ്റങ്ങളുടെ പിന്നിൽ എന്താണെന്ന് പരിശോധിച്ചാൽ ഒരു വ്യക്തിയുടെ കുടുംബവും വളർന്നുവന്ന സാഹചര്യങ്ങളും വരെ കാരണമാകുന്നുവെന്ന് കാണാനാവും. കുട്ടിയായിരിക്കുമ്പോൾ തന്നെ നമ്മുടെ വികാരങ്ങളെ അടിച്ചമർത്തുന്ന തരത്തിലുള്ള കുടുംബപശ്ചാത്തലത്തിൽനിന്ന് വന്നവരായിരിക്കാം നമ്മളിൽ ചിലരെങ്കിലും. കുറച്ചധികം കാലം ഇത് തുടരുമ്പോൾ സ്വാഭാവികമായും വികാരങ്ങൾ മറച്ചുവെയ്ക്കപ്പെടേണ്ടവയാണെന്ന തോന്നൽ നമുക്കുണ്ടാവും. ഇതിന്റെ ഭാഗമായി രൂപപ്പെടുന്നതാണ് പുറമേ കാണപ്പെടുന്ന പരുക്കൻ സ്വഭാവവും.
തങ്ങളുടെ ദുർബലവശം മറ്റൊരാൾ അറിയാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും. കാലക്രമേണ ഇത് 'ഇമോഷണൽ അവോയ്ഡൻസി'ന് കാരണമാകും. അതായത്, സ്വയം വികാരങ്ങൾ പ്രകടിപ്പിക്കാനോ മറ്റുള്ളവരുടെ വ്യത്യസ്തങ്ങളായ വികാരങ്ങളെ അഭിസംബോധന ചെയ്യാനോ കഴിയാത്ത തലത്തിലേക്ക് നമ്മൾ മാറും.
ഇത്തരം സ്വഭാവങ്ങളിൽ പലതും ചെറുപ്പത്തിൽ തന്നെ വികസിപ്പിച്ചെടുത്തതാവാം. അവനവന്റെ കുടുംബവ്യവസ്ഥയോടും ജീവിതത്തിൽ പിന്നീടുണ്ടാവുന്ന പല സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പെരുമാറ്റരീതികളുമുണ്ട്. ഇത്തരം ചുറ്റുപാടുകളിൽനിന്ന് വരുന്നവർ സ്വയം സംരക്ഷണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയവയാണ് പരുക്കൻ സ്വഭാവരീതികളെന്നാണ് സൈക്കോതെറപ്പിസ്റ്റ് എമിലി എച്ച്. സാൻഡേഴ്‌സ് പറയുന്നത്.
വൈകാരികമായി തഴയപ്പെട്ട വ്യക്തികൾ പ്രകടിപ്പിക്കുന്ന ഏതാനും സ്വഭാവരീതികളെക്കുറിച്ചും എമിലി സാൻഡേഴ്‌സ് പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ആളുകളെ ജീവിതത്തിൽനിന്നും മുറിച്ചുമാറ്റുന്ന പ്രവണതയാണ്. ആളുകൾ തന്നെ വേദനിപ്പിക്കുമെന്നുള്ള ഭയത്താൽ തങ്ങളുടെ ദുർബലവശം പുറത്തുവരുന്നതിനുമുമ്പ് അവരെ ജീവിതത്തിൽനിന്നു മുറിച്ചുമാറ്റുക എന്നതാണ് ഇത്തരക്കാർ ചെയ്യുക. എന്നാൽ ഇവരിൽ പലരും ആത്മാർഥമായി സ്‌നേഹിക്കുന്നവരാകാം എന്നത് ഇവർ മറക്കുന്നു.
അതുപോലെ, മാനസികമായി പരസഹായം ആവശ്യമായിവരുന്ന അവസരത്തിൽ പോലും അത് ചോദിക്കാതെ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പുറമേ ഭാവിക്കുകയും ചെയ്യുമിവർ. കൂടാതെ, അവനവനെ തന്നെ ഇതു പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുകയും അതിനെ അഭിസംബോധന ചെയ്യുകയും വേണ്ടിവരുന്ന സംഭാഷണവേളകളിൽ അതിനെ നർമത്തിലൂടെയോ പരിഹാസത്തിലൂടെയോ ഒഴിവാക്കാനാണ് ഇവർ നോക്കുക.
സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് മറ്റുള്ളവരോട് മാത്രമല്ല, അവനവനോട് തന്നെയും കള്ളം പറയുകയാണ് പലപ്പോഴും ഇവർ ചെയ്യുന്നത്. മാത്രമല്ല, സംസാരത്തിന്റെ കേന്ദ്രം മറ്റുള്ളവരാകുമ്പോഴാണ് ഇവർക്ക് കൂടുതൽ സുഖകരം. സംഭാഷണത്തിന്റെ കേന്ദ്രം തങ്ങളാവുന്നത് ഇവരെ അസ്വസ്ഥരാക്കും.
Content Highlights: psychotherapist talks about the behaviour of people with low emotional health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..