Representative Image| Photo: GettyImages
കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വയോജന കോൾ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. കോൾ സെന്ററിന്റെ പ്രവർത്തനം ഏപ്രിൽ മുതൽ നിർത്തിെവച്ചിരിക്കുകയായിരുന്നു.
വീടുകളിലും വൃദ്ധസദനങ്ങളിലും റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്ന മുതിർന്ന പൗരൻമാരുടെ അടിയന്തര ആവശ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ് എല്ലാ ജില്ലകളിലും കോൾ സെന്ററുകൾ ആരംഭിച്ചത്. അങ്കണവാടി വർക്കർ, ആശാവർക്കർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വീടുകളിൽ കഴിയുന്ന വയോജനങ്ങളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിയുകയും ആരോഗ്യകാര്യത്തിൽ ആശങ്കയുള്ളവരോടും മറ്റു ബുദ്ധിമുട്ടുകളുള്ളവരോടും കോൾ സെന്ററുമായും ടെലി മെഡിസിൻ യൂണിറ്റുമായും ബന്ധപ്പെടാൻ നിർദേശിക്കുകയുമാണ് ചെയ്തിരുന്നത്.
എന്നാൽ, കോൾ സെന്ററുകളുടെ പ്രവർത്തനത്തിന് വളരെയധികം സാമ്പത്തികച്ചെലവ് വരുന്നുണ്ടെന്നും കോൾ സെന്ററിലേക്ക് വരുന്ന കോളുകളുടെ എണ്ണം വളരെ കുറവാണെന്നും സാമൂഹികനീതി ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. ടെലിഫോൺ ചാർജ്, സോഫ്റ്റ്വേർ ചാർജ്, വാഹന വാടക ഇതിനെല്ലാം വലിയതുക ചെലവഴിക്കേണ്ടിവരുന്നതു കൂടാതെ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി ഡയറക്ടർ ചൂണ്ടിക്കാണിച്ചിരുന്നു.
ദേശീയ ആക്ഷൻ പ്ലാനിന്റെ ഭാഗമായി മുതിർന്ന പൗരൻമാർക്കായി പരാതിപരിഹാര സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായുള്ള ദേശീയ ഹെൽപ്പ്ലൈൻ പ്രവർത്തനമാരംഭിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ വയോജന കോൾ സെന്ററുകൾ മാർച്ചിനുശേഷം തുടരണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് സാമൂഹികനീതി ഡയറക്ടർ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാകാത്തതിനാലാണ് കോൾ സെന്ററുകളുടെ പ്രവർത്തനം തത്കാലത്തേക്കു നിർത്തിവെച്ചത്.
Content Highlights: Old age call centres resume in kerala, Health, Geriatric Care
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..