
Representative Image| Photo: Gettyimages
ഭാര്യമാരെ മറ്റുള്ളവർക്ക് കെെമാറിക്കൊണ്ട് സെക്സ് ആസ്വദിക്കുന്നവരെക്കുറിച്ച് അടുത്തിടെയാണ് വാർത്തകൾ വന്നത്. സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് കെെമാറുകയും അവരുടെ ഭാര്യയെ സ്വീകരിച്ചും ലെെംഗികബന്ധത്തിൽ ഏർപ്പെട്ടവരെക്കുറിച്ചായിരുന്നു ആ വാർത്തകൾ. അവരിലൊരാളുടെ ഭാര്യ ഇത് സഹിക്കാനാവാതെ വന്നപ്പോൾ പോലീസിൽ പരാതിപ്പെട്ടു. അങ്ങനെയാണ് ഇത് പുറംലോകമറിഞ്ഞത്. എന്താണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ ഒരു മാനസികാവസ്ഥ? മലയാളികളുടെ മനസ്സും ഇത്തരമൊരു അവസ്ഥയിലേക്ക് മാറിയോ?
പങ്കാളികളെ പങ്കുവെയ്ക്കുന്ന മാനസിക നിലയിലേക്ക് മലയാളികള്‍ മാറുന്നതിന് പിന്നില്‍ ചില ഘടകങ്ങളുണ്ടെന്ന് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ സെെക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി. നായർ പറയുന്നു.
ഇന്റര്‍നെറ്റിന്റെ സ്വാധീനഫലമായി ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന പല കാര്യങ്ങള്‍ നേരിട്ട് കാണാനും അറിയാനുമുള്ള അവസരങ്ങള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ലൈംഗിക പരീക്ഷണങ്ങളും ലൈംഗിക വൈകൃതങ്ങളും അടക്കമുള്ളവയുടെ നേരിട്ടുള്ള രംഗങ്ങള്‍ കാണാനവസരം കിട്ടുന്നു. പങ്കാളികളെ വെച്ചുമാറുന്നതുള്പ്പടെയുള്ള ലൈംഗിക വീഡിയോകളെല്ലാം ഇന്റര്‍നെറ്റില്‍ വളരെ വ്യാപകമായി ലഭിക്കുന്നുമുണ്ട്. ഇതോടെ, ലോകത്തിന്റെ പല ഭാഗങ്ങളിലും വളരെ സ്വാഭാവികമായി നടക്കുന്ന കാര്യമാണെന്നും അത് ചെയ്യുന്നതില്‍ തെറ്റില്ലെന്നുമുള്ള മനോഭാവത്തിലേക്ക് മലയാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
മഹാമാരി വന്നതിനെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ വീടിനു പുറത്തേക്കിറങ്ങാന്‍ പറ്റാതിരുന്ന മലയാളിക്ക് ഏറ്റവും പ്രധാനപ്പെട്ട വിനോദമായി ഇന്റര്‍നെറ്റ് മാറുന്ന അവസ്ഥയിലായി. സ്വാഭാവികമായി ഇന്റര്‍നെറ്റിലെ ലൈംഗിക രംഗങ്ങളും സീരീസുകളും മറ്റും കണ്ട് അവയില്‍ പലതും പരീക്ഷിക്കാനുള്ള ഒരു ത്വര ആളുകളില്‍ ഉണ്ടായി. ഇന്റര്‍നെറ്റിലെ ചാറ്റിങ് ഗ്രൂപ്പുകളും സാമൂഹിക മാധ്യമ ഗ്രൂപ്പുകളും ഉപയോഗിച്ചുതന്നെ ഇത്തരത്തിലുള്ള സംഘങ്ങളെ സൃഷ്ടിക്കുകയും ആ സംഘങ്ങള്‍ എവിടെയെങ്കിലും ഒത്തുചേര്‍ന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് പലപ്പോഴും കാണുന്നത്.
രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം, കുടുംബ ബന്ധങ്ങളില്‍ വന്ന കാലാനുസൃതമായ മാറ്റങ്ങളാണ്. പലപ്പോഴും വീട്ടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ആവശ്യത്തിന് സമയം ചെലവിടാത്ത ഒരു അവസ്ഥയുണ്ടാകുന്നുണ്ട്. വീടിനകത്തു തന്നെ ഭര്‍ത്താവും ഭാര്യയും കുട്ടികളുമൊക്കെ അവരവരുടേതായ ലോകത്താണ് ജീവിക്കുന്നത്. ഇന്റര്‍നെറ്റില്‍ മുഴുകിയാണ് ഇവരുടെ ജീവിതം. ഇതോടെ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാനും ഇടപെടാനും സാധിക്കാത്ത അവസ്ഥയിലാകുന്നു കുടുംബാംഗങ്ങള്‍. ഇത് പരസ്പരമുള്ള മാനസിക അകല്‍ച്ച വര്‍ധിപ്പിക്കുന്നു എന്നു മാത്രമല്ല, മറ്റ് ബന്ധങ്ങള്‍ തേടിപ്പോകാനുള്ള പ്രവണത വര്‍ധിപ്പിക്കുകയും ചെയ്യും.

ആധുനിക സമൂഹത്തില്‍ മനുഷ്യന്റെ സ്വഭാവത്തില്‍ കടന്നുവന്നിട്ടുള്ള അക്ഷമയും പരീക്ഷണ ത്വരയും ഇതിലേക്ക് നയിക്കുന്ന മൂന്നാമത്തെ കാര്യമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഉടനടി നടക്കാനുള്ള ഒരു സാഹചര്യം ആധുനിക ജീവിതം മനുഷ്യന് കൊടുക്കുന്നുണ്ട്. സിനിമ കാണാനാണെങ്കിലും ഭക്ഷണം വാങ്ങാനാണെങ്കിലും മൊബെെലിലെ ഏതാനും ക്ലിക്കുകൾ മതി നമുക്കിന്ന്. ഇതെല്ലാം തന്നെ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്താൻ നമ്മെ പ്രേരിപ്പിക്കും. കൂടുതൽ പുതുമയുള്ള കാര്യങ്ങൾ തേടാനും പുതുമയുള്ള ബന്ധങ്ങൾ തേടാനും പുതുമയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാനും മനുഷ്യനെ പ്രേരിപ്പിക്കും. ഈ പുതുമ തേടിയുള്ള യാത്ര മനുഷ്യനെ തീർച്ചയായും ഈ തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടുചെന്നെത്തിക്കും.
ചിലപ്പോഴെങ്കിലും ചില ലെെംഗിക വെെകൃതങ്ങൾ അതായത് സെക്ഷ്വൽ പാരഫീലിയ എന്നതുപോലെയുള്ള മാനസിക നിലയിലേക്ക് പോകുന്ന ആളുകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്വന്തം ജീവിതപങ്കാളി മറ്റൊരാളോട് ഇണചേരുന്നത് സ്വകാര്യമായി കണ്ട് ലെെംഗിക ആഹ്ലാദം അനുഭവിക്കുന്ന മനോനില ചില വ്യക്തികളിൽ പ്രകടമാകും. ഇത്തരത്തിലുള്ള ലെെംഗിക വെെകൃതങ്ങൾ മനുഷ്യന്റെ സ്വഭാവത്തിൽ കടന്നുവരുന്നത് വളരെ സാധാരണമായ രീതിയിൽ ഇത്തരം അസാധാരണ രംഗങ്ങൾ കാണുന്നതിന്റെ ഉപോത്പന്നമാണ്. ഒരു മുപ്പതു വർഷങ്ങൾക്ക് മുൻപ് പറഞ്ഞുകേട്ട കഥകളിലൂടെയോ കൊച്ചുപുസ്തകങ്ങളുടെ വർണനകളിലൂടെയോ മാത്രം അറിഞ്ഞിരുന്ന ലെെംഗിക വെെകൃതങ്ങളുടെയും സാഹസങ്ങളുടെയും കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സാഹചര്യം ഇന്നുണ്ട്. അപ്പോൾ അത് സ്വന്തം ജീവിതത്തിൽ പരീക്ഷണം നടത്താനുള്ള ഒരു പ്രവണതയും വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി വരുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ലഹരികളുടെ ഉപയോഗമാണ്. പലപ്പോഴും ഈ ലൈംഗിക പരീക്ഷണങ്ങൾക്ക് അമിത താത്പര്യം കാണിക്കുന്നവർ പലരും പലതരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാകാം. കഞ്ചാവടക്കം മറ്റ് ചിത്തഭ്രമ ജന്യ ലഹരി വസ്തുക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന പലതും ഒരു ലൈംഗിക ഉദ്ദീപനത്തിന് സഹായിക്കുന്ന വസ്തുക്കളാണ്. അത് ഉപയോഗിക്കുന്ന ആദ്യ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം ലഭിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ ക്രമേണ, നിരന്തര ഉപയോഗം കൊണ്ട് ലൈംഗികശേഷി ഇല്ലാതാക്കും എന്നതും സത്യമാണ്. ഈ ലഹരിവസ്തുക്കളുടെ സ്വാധീനഫലമായി ഇത്തരം ലൈംഗിക പരീക്ഷണങ്ങൾക്ക് കൂടുതൽ താത്പര്യം കാണിക്കുന്ന ആളുകളും വ്യാപകമായിട്ടുണ്ട്.
ഇവിടെ പ്രായപൂർത്തിയായ സ്വബോധമുള്ള രണ്ട് വ്യക്തികൾ ഉഭയകക്ഷി സമ്മതപ്രകാരം ഏർപ്പെടുന്ന ലൈംഗികബന്ധം നിയമപരമായി കുറ്റകരമല്ല. പക്ഷേ, നിർബന്ധിച്ച് ഒരു വ്യക്തിയെ തനിക്ക് താത്പര്യമില്ലാത്ത തരത്തിലുള്ള ലൈംഗിക ബന്ധങ്ങളിലേക്ക് പ്രേരിപ്പിക്കുന്നിടത്താണ് ഇതൊരു നിയമപരമായ പ്രശ്നമായി മാറുന്നത്. താത്പര്യമില്ലാത്തവരെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ സ്വാധീനിച്ചോ ചിലപ്പോൾ കുട്ടികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയോ ഒക്കെ ചെയ്യാൻ ശ്രമിക്കുന്നിടത്താണ് ഇതൊരു ധാർമ്മികവും നിയമപരവുമായ പ്രശ്നമായി മാറുന്നത്.
എന്നാൽ ഈ മേറ്റ് സ്വാപ്പിങ്ങിൽ സ്ത്രീകൾ പലപ്പോഴും ആ സാഹചര്യത്തിലെ പുരുഷനെ പ്രണയിച്ച് പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നമാകുമെന്നും അത് മാനസികാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും ഇതേക്കുറിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. സി.ജി. ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ലൈംഗീക സാഹസികതയിലും പുതുമ തേടലിലും മാത്രം മേറ്റ് സ്വാപ്പിങ് ഒതുങ്ങണമെന്നതാണ് നിയമം. സമ്മത പ്രകാരമെങ്കില്‍ കുറ്റകരമാകില്ല. ആസാഹചര്യത്തിന് പുറത്ത് പറ്റില്ല. പ്രണയം പാടില്ല. പണ്ട് കാലത്ത് കീ ക്ലബ് എന്നൊരു പരിപാടി ഉള്ളതായി കേട്ടിട്ടുണ്ട്. മാന്യന്മാര് കാറിന്റെ താക്കോൽ ഒരു പാത്രത്തിൽ ഇടും. ലോട്ടറി എടുക്കുന്ന പോലെ ഓരോരുത്തരും എടുക്കും. ആ കാറിൽ വന്ന സ്ത്രീയുമായി കീ കിട്ടിയവന് പോകാം. ആ രാത്രി ചെലവഴിക്കാം. ഇപ്പോൾ നവ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ വല വലുതായി. പങ്കാളി വൈവിധ്യത്തിനായി ഇതിന്റെ തിരക്കഥ രചിക്കുന്നത് പുരുഷനാണ്. പലപ്പോഴും ഭാര്യയെ ബ്രെയിന്‍ വാഷ് ചെയ്ത് അതിലേക്ക് കൊണ്ട് വരികയാണ്. പെണ്ണ് മേറ്റ് സ്വാപ്പിങ് സാഹചര്യത്തിലെ പുരുഷനെ പ്രണയിച്ച് പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നമാകും. മാനസികാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാകും. ഇത്തരം അവസ്ഥകള്‍ അപൂര്‍വമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ കാണാറുണ്ട്.
ലൈംഗീകതയുടെ കാഴ്ചകളും, പരീക്ഷണങ്ങളും ഏറെയുള്ള സമൂഹത്തില്‍ ഇത്തരം വഴി വിട്ട കാര്യങ്ങളും യാഥാർത്ഥ്യം തന്നെ. കോട്ടയം കൂട്ടായ്മ ഒട്ടും അല്‍ഭുതപ്പെടുത്തിയില്ല. അതിൽ
ഒരു സ്ത്രീ വാണിഭ ലൈന്‍ വന്നു. ക്രൈം കൂടി കയറി. ലൈംഗീകത സുഖം തേടല്‍ മാത്രമായി ചുരുങ്ങുമ്പോള്‍ മേറ്റ് സ്വാപ്പിങ് പോലെയുള്ള സാഹസികതകള്‍ സംഭവിക്കും.
വിവാഹ ഉടമ്പടിയുടെ നൈതികത ഇളകും. ഡേറ്റിഗ് ആപ്പുകളും സോഷ്യല്‍ മീഡിയ സംവിധാനങ്ങളും താല്‍ക്കാലിക ലൈംഗീക പങ്കാളിയെ തേടാനുള്ള വഴികളായി മാറും. ലൈംഗിക ആരോഗ്യവും അച്ചടക്കവും ധാര്‍മ്മികതയും വേണ്ടെയെന്ന ചോദ്യങ്ങളെ ദുര്‍ബലമാക്കും വിധത്തിൽ കാലം മാറുകയാണോ? ലൈംഗീക അരാജകത്വം മറ്റ് അനേകം സമൂഹിക തിന്മകൾക്കുള്ള വഴി ഒരുക്കാമെന്ന് ഓര്‍ക്കുക.- ഡോ. സി.ജെ. ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Content Highlights: Mental reasons behind partner mate couple swapping
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..