വീട് വിട്ടുപോകുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഈ മനശ്ശാസ്ത്ര വഴികള്‍


ഡോ. അരുണ്‍ ബി.നായര്‍

ഇത്തരം കുട്ടികള്‍ പലപ്പോഴും ഇങ്ങനെ ഒളിച്ചോടി പോകുന്ന അവസരത്തില്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാറുണ്ട്

Representative Image| Photo: Gettyimages

വീട്ടില്‍ നിന്നോ താമസസ്ഥലത്തു നിന്നോ ഇറങ്ങിപ്പോകുന്ന കുട്ടികളുടെ അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. പലപ്പോഴും താമസിക്കുന്ന സ്ഥലത്തെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെയോ അല്ലെങ്കില്‍ അവിടെയുള്ള ഏതെങ്കിലും വ്യക്തികളുമായി പൊരുത്തപ്പെടാനാവാതെയോ ആണ് പലപ്പോഴും കൗമാരപ്രായക്കാരായ കുട്ടികള്‍ അവിടം വിട്ട് ഇറങ്ങിപ്പോകുന്നത്. ഒരു പക്ഷേ, സ്‌കൂളില്‍ പോകുമ്പോഴോ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തോ പരിചയപ്പെട്ടിട്ടുള്ള ഏതെങ്കിലുമൊക്കെ വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനെ തുടര്‍ന്നാകാം ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക് ഉണ്ടാകുന്നത്. ചില കുട്ടികളെങ്കിലും ഇന്റര്‍നെറ്റ് വഴി ചിലരുമായി പരിചയപ്പെടുകയും അവരുമായി ആശയവിനിമയം നടത്തി അവരുമായി ഒരു വൈകാരിക അടിമത്തം സംഭവിക്കുകയും ചെയ്യുന്നതിനെത്തുടര്‍ന്നും ഇത്തരത്തില്‍ അപ്രത്യക്ഷരാകാറുണ്ട്. പലപ്പോഴും ഈയൊരു സാഹചര്യത്തിലേക്ക് പോവുന്ന കുട്ടികള്‍ അവരുടെ ഇപ്പോഴുള്ള ജീവിതസാഹചര്യത്തെക്കുറിച്ച് അസംതൃപ്തരായിരിക്കുമെന്നുമാണ് പൊതുവായിട്ടുള്ള ഒരു കണ്ടെത്തല്‍.

വീട്ടില്‍ കഴിയുന്ന കുട്ടികളാണെങ്കില്‍ മാതാപിതാക്കളുടെ മനോഭാവത്തില്‍ അസംതൃപ്തരായിരിക്കും. ഒരു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന കുട്ടികളാണെങ്കില്‍ അവിടെയുള്ള സൗകര്യങ്ങള്‍ അല്ലെങ്കില്‍ അവിടെയുള്ള പരിചാരകരുടെ നിലപാടുകള്‍, ഈ കുട്ടികളോടുള്ള അവരുടെ മനോഭാവം തുടങ്ങിയവയില്‍ അമര്‍ഷം ഉള്ള അവസ്ഥയും ഉണ്ടാകും. സ്വാഭാവികമായും കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ വളരെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കൂടിയായതുകൊണ്ട് അവരുടെ സ്വാതന്ത്യത്തില്‍ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും നിലപാട് അവിടെ നിന്നും ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ സ്വാതന്ത്യം തേടിപ്പോകാനുള്ള സാഹചര്യമുണ്ടാകും. പലപ്പോഴും അവര്‍ ഇങ്ങനെ ഇറങ്ങിപ്പോകുന്നത് അവര്‍ പരിചയപ്പെടുന്ന ചില ചെറുപ്പക്കാരോടൊപ്പമായിരിക്കും. ആ ചെറുപ്പക്കാരാണെങ്കില്‍ വളരെ മനോഹരവും സ്വതന്ത്യവും സുഖകരവുമായ ഒരു ജീവിതം വാഗ്ദാനം ചെയ്താണ് ഇവരെ അവിടെ നിന്നും കടത്തിക്കൊണ്ടുപോകാറുള്ളത്. ഇവിടെ നിന്നും ഒളിച്ചോടി പോയിക്കഴിഞ്ഞാല്‍ വളരെ സന്തോഷകരവും സുഖകരവുമായ ഒരു ജീവിതമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പലപ്പോഴും ഇത്തരം കുട്ടികളെ വശീകരിക്കുന്നതായി കാണുന്നത്.

ഇത്തരം കുട്ടികള്‍ പലപ്പോഴും ഇങ്ങനെ ഒളിച്ചോടി പോകുന്ന അവസരത്തില്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ലൈംഗിക ചൂഷണവും ഉണ്ടാകാന്‍ ഇടയുണ്ട്. സ്വാഭാവികമായും ചൂഷണത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥയില്‍ ഗൗരവകരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവര്‍ ചില വ്യക്തികളെ വിശ്വസിച്ചാണ് ഇറങ്ങിപ്പോകുന്നത്. എന്നാല്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതോടെ അവര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നു. തീര്‍ച്ചയായും അവരുടെ മനസ്സ് തകര്‍ന്നുപോകാന്‍ സാധ്യതയുണ്ട്.

ചിലര്‍ക്ക് അതൊരു കടുത്ത ഞെട്ടലായി മാറാം. ചിലരില്‍ കടുത്ത ഉത്കണ്ഠയും അതേത്തുടര്‍ന്ന് ഉറക്കക്കുറവും തീവ്രമായ മാനസിക സമ്മര്‍ദവുമൊക്കെയുള്ള പൊടുന്നനെയുണ്ടാകുന്ന സമ്മര്‍ദ പ്രതികരണങ്ങള്‍ അഥവാ അക്യൂട്ട് സ്‌ട്രെസ്സ് റിയാക്ഷന്‍ എന്നൊരു അവസ്ഥയിലേക്ക് ചില കുട്ടികളെങ്കിലും എത്തിച്ചേരാം. ചില കുട്ടികള്‍ വിഷാദത്തിലേക്ക് വീണേക്കാം. ചിലര്‍ അമിത ഉത്കണ്ഠയിലേക്ക് പോയേക്കാം. ചില കുട്ടികളില്‍ തീവ്രമായ ദേഷ്യ പ്രകടനങ്ങളുടെ രൂപത്തില്‍ പെരുമാറ്റം പ്രകടമാകാം.

പുനരധിവാസം

ഇവരുടെ പുനരധിവാസം വളരെ പ്രധാനപ്പെട്ടതും ശ്രമകരവുമായ ഒരു ദൗത്യമാണ്. ഈ പുനരധിവാസത്തില്‍ നാം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഇവരെ കുറ്റപ്പെടുത്താതെ അല്ലെങ്കില്‍ ഇവരുടെ തകരാറുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് സ്ഥാപിക്കാതെ അവരെ മനസ്സിലാക്കി അനുതാപ പൂര്‍ണമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് അവരെ പതിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയാണ് വേണ്ടത്. കാരണം, ഇങ്ങനെ പോകുന്ന കുട്ടികളെക്കുറിച്ച് സമൂഹത്തില്‍ ചില ധാരണകളുണ്ട്. അവര്‍ മോശപ്പെട്ട സ്വഭാവമുള്ളവരാണ്, ലൈംഗിക ആസക്തി കൂടുതലുള്ളവരാണ് എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലുള്ളവരോ അയല്‍ക്കാരോ ഒക്കെ ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞേക്കാം എന്നൊരു ഭയം ഇവരുടെ മനസ്സില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അത്തരത്തിലൊരു സാഹചര്യമുണ്ടാകാതെ സൂക്ഷിക്കുക എന്നതാണ് ആദ്യപടി.

കുട്ടികളുടെ മാനസിക നില മനസ്സിലാക്കി സഹതാപത്തോടു കൂടി അവരോട് ഇടപഴകുക, അവരുടെ മനസ്സില്‍ ഒരു കടുത്ത നിരാശ തോന്നാത്ത രീതിയില്‍ അവരെ കൈകാര്യം ചെയ്യുക. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമാപൂര്‍വം കേള്‍ക്കുക. ഏത് സാഹചര്യത്തിലാണ് അവര്‍ ഇങ്ങനെ ഇറങ്ങിപ്പോകാന്‍ ഇടയായത് എന്ന് മനസ്സിലാക്കുക. അതോടൊപ്പം തന്നെ വളരെ ക്ഷമാപൂര്‍വം, ഇങ്ങനെ ഒരു സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ചോദിച്ചറിയുക. ആ അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കിയ മാനസികമായ ആഘാതത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക. സ്വാഭാവികമായും ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക് ഒരു മോശപ്പെട്ട അനുഭവത്തിലാണ് കലാശിച്ചതെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തുക. ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ അവരെ പ്രാപ്തരാക്കുക.

വേണം മനശ്ശാസ്ത്ര സമീപനങ്ങള്‍

അടുത്ത ഘട്ടത്തില്‍ അവരുടെ മനസ്സിലുണ്ടായ ക്ഷതങ്ങളെ പരിഹരിച്ചുകൊണ്ട് അവരെ പതിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള മനശ്ശാസ്ത്രസമീപനങ്ങളാണ് നല്‍കേണ്ടത്. അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, മാനസിക നില മെച്ചപ്പെടുത്താനുള്ള കൗണ്‍സലിങ് നല്‍കുക, ഉറക്കക്കുറവ് ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ റിലാക്‌സേഷന്‍ വ്യായാമങ്ങളും നിദ്രാശുചിത്വ വ്യായാമ പരിശീലനങ്ങളും നല്‍കുക. ഇതൊടൊപ്പം തന്നെ അവരുടെ കഴിവുകള്‍ തിരിച്ചറിയാനായി അവരെ ശീലിപ്പിക്കുക. അവര്‍ക്കുള്ള വിദ്യാഭ്യാസപരമോ അല്ലാത്തതോ ആയ കഴിവുകള്‍ മനസ്സിലാക്കിക്കൊടുത്ത് അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിതത്തില്‍ സ്വതന്ത്രരായി മുന്നേറാന്‍ എങ്ങനെ സാധിക്കും എന്ന് അവരെ ബോധ്യപ്പെടുത്തി അവരെ ആ ദിശയിലേക്ക് തിരിച്ചുവിടുക എന്നത് വളരെ ഫലപ്രദമാണ്.

തീവ്രമായ വിഷാദരോഗമോ തീവ്രമായ ഉത്കണ്ഠയോ തീവ്രമായ ഉറക്കമില്ലായ്മയോ ഒക്കെ ഉണ്ടെങ്കില്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ തന്നെ വേണ്ടി വരും. കാരണം, തീവ്രമായ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരുടെ തലച്ചോറില്‍ ചില രാസവസ്തുക്കളുടെ അളവില്‍ ചില വ്യതിയാനങ്ങള്‍ വരും. ആ രാസവസ്തുക്കളുടെ അളവുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന ചില മരുന്നുകള്‍ വേണ്ടിവരും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സുരക്ഷിതമായി കൊടുക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കുറവുള്ള ചില മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആവശ്യമായ പക്ഷം മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും.

നല്‍കണം ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍

ഇത്തരം സംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന കുട്ടികളില്‍ മിക്കവരുടെയും ഗാര്‍ഹിക അന്തരീക്ഷത്തില്‍ പല പാകപ്പിഴകളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളിലും അകപ്പെട്ടുപോകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ജീവിതനിപുണത വിദ്യാഭ്യാസം അഥവാ ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള ഘട്ടങ്ങളും തരണം ചെയ്യാന്‍ ഒരു വ്യക്തി ആര്‍ജിച്ചിരിക്കേണ്ട പത്ത് കഴിവുകളാണ് ജീവിത നിപുണതകള്‍. ഇവ പങ്കാളിത്ത സ്വഭാവമുള്ള പ്രക്രിയാധിഷ്ഠിതമായ അനുഭവാത്മകമായ പരിശീലനങ്ങളിലൂടെയാണ് നമ്മള്‍ അവര്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടത്. ഇതിന് ഉപയോഗപ്രദമായിട്ടുള്ള ചില പരിശീലന മൊഡ്യൂളുകള്‍ നമ്മുടെ നാട്ടില്‍ തയ്യാറായിട്ടുണ്ട്. പൂജപ്പുര എസ്.സി.ആര്‍.സി. പ്രസിദ്ധീകരിച്ച 'ഉല്ലാസപ്പറവകള്‍' എന്ന ജീവിതനിപുണത പരിശീലന മൊഡ്യൂള്‍ ഞാന്‍ ഉള്‍പ്പടെയുള്ള ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ്. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള ക്ലാസുകളിലും ഓരോ വര്‍ഷവും 20 മണിക്കൂര്‍ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പരിശീലനം ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള പരിശീലനങ്ങളാണ് കൃത്യമായി ഇതിലൂടെ കിട്ടുന്നത്. ചില്‍ഡ്രന്‍സ് ഹോം, ജുവനൈല്‍ ഹോം പോലുള്ള കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും ജീവിത നിപുണത വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരുപാട് പ്രതിസന്ധികള്‍ മറികടക്കാന്‍ അവരെ സഹായിക്കും.

(തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

തയ്യാറാക്കിയത്: അനു സോളമന്‍

Content Highlights: Mental health support to girls missing from childrens home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented