Representative Image| Photo: Gettyimages
ഗാര്ഹികചുമതലകള് നിറവേറ്റുന്ന സ്ത്രീയുടെ മഹത്വം വാഴ്ത്താന്‍ പൊതുസമൂഹം പിശുക്ക് കാണിക്കാറുണ്ട്. ഭവനത്തിലെ കാര്യങ്ങള്‍ അര്‍ഥപൂര്‍ണമായി രൂപപ്പെടുത്തുന്നവരുടെ (Home makers) 'കാണാ'പണികളുടെ മൂല്യം തിരിച്ചറിയാനും പലര്‍ക്കും കഴിയാറില്ല. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കുപോലും ചിലപ്പോള്‍ വീട്ടമ്മയുടെ റോളിലേക്ക് മാത്രമായി ഒതുങ്ങേണ്ടി വരുന്നു. താന്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്ന തോന്നല്‍ അവരില്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ഒരു സ്ത്രീ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.
''കംപ്യൂട്ടര്‍ എന്‍ജിനീയറായിട്ടും കഞ്ഞിയും കറിയും വെച്ചു ജീവിതം തള്ളിനീക്കുന്ന ഒരാളാണ് ഞാന്‍. എന്നെപ്പോലെ അടുക്കളയിലും വീടിന്റെ അകത്തളങ്ങളിലും മാത്രം ജീവിക്കുന്ന പ്രൊഫഷണലുകളായ നിരവധി സ്ത്രീകളുണ്ടെന്നറിയാം. ചിലര്‍ക്ക് ഈ ജീവിതം അവരുടെ സ്വന്തം തീരുമാനംകൊണ്ട് വന്നുചേര്ന്നതാകും. മറ്റുചിലര്‍ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം അങ്ങനെ ജീവിക്കേണ്ടി വരുന്നു. ഞാന്‍ രണ്ടാമത്തെ ഗണത്തില്‍പ്പെടുന്നയാളാണ്. സ്വാഭാവികമായും ഒരുപാട് വിഷമങ്ങളുണ്ട്.
എനിക്കിപ്പോള്‍ മുപ്പത്തിയൊന്പത് വയസ്സായി. പ്രണയവിവാഹമായിരുന്നു. രണ്ട് കുട്ടികളുണ്ട്. ഞാനും ഭര്‍ത്താവും കാമ്പസ് സെലക്ഷനിലൂടെ ഐ.ടി. കമ്പനിയില്‍ എത്തിയവര്‍. പരസ്പരം ഇഷ്ടമായി. വീട്ടുകാരോട് പറഞ്ഞു. അവര്‍ക്ക് എതിര്‍പ്പൊന്നുമുണ്ടായില്ല. നടത്തിത്തന്നു. ഇത്രയുംവരെ ശുഭകരവും സന്തോഷമുള്ളതുമായ സംഭവങ്ങള്‍.
എന്റെ ഭര്‍ത്താവിന്റെത് ഇഷ്ടംപോലെ ഭൂമിയും സ്വത്തുമുള്ള പാരമ്പര്യവാദികളുടെ കുടുംബമാണ്. പെണ്ണുങ്ങള് ജോലിക്ക് പോകുന്നത് തീരേ ഇഷ്ടമായിരുന്നില്ല. സ്ത്രീധനമായി കുറച്ച് കാശ് കൊണ്ടുവന്നാല്‍ കയിക്കില്ലെന്ന മനോഭാവം. മരുമകള്‍ പണിയെടുത്ത് കൊണ്ടുവരുന്ന പണം വേണ്ട. ഇതൊന്നും വകവെക്കാതെ ഞാന്‍ ജോലി തുടര്‍ന്നു. മുറുമുറുപ്പുകള്‍ അവഗണിച്ചു. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഗര്‍ഭിണിയായി. ഐ.ടി. കമ്പനി ഉദാരമായി നല്കിയ പ്രസവാവധി കഴിയുമ്പോള്‍ കുഞ്ഞിനെ ഉത്തരവാദപ്പെട്ട ആരെയെങ്കിലും ഏല്‍പ്പിച്ച് ജോലി തുടരാനായിരുന്നു പദ്ധതി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുട്ടി അമ്മയുടെ മുഴുവന്‍സമയ പരിചരണത്തില്‍ത്തന്നെ വളരണമെന്ന നിര്‍ബന്ധം. സഹായമൊക്കെ നല്‍കും. എന്നാല്‍ കുഞ്ഞിനെ ഇട്ടേച്ച് പണിക്കുപോകാന്‍ പറ്റില്ല. എന്റെ ഒപ്പം നില്‍ക്കാതെ ഭര്‍ത്താവ് നിഷ്പക്ഷന്റെയും നിസ്സഹായന്റെയും മട്ടിലായി. കക്ഷിക്ക് മാതാപിതാക്കളെ പിണക്കാന്‍ വയ്യ. രണ്ടാളും പണിയെടുത്തില്ലെങ്കിലും ജീവിക്കാന്‍ വകയുള്ള കുടുംബമാണ്. പെണ്ണ് വീട്ടുചുമതലകള്‍ നടത്തണമെന്ന സങ്കല്പം ശക്തം. മകന് വീട്ടിലിരുന്ന് അത് ചെയ്യട്ടേയെന്ന് ഞാന്‍ പൊട്ടിത്തെറിച്ചു. കലഹമായി. എന്റെ വീട്ടുകാരിടപെട്ടു. ഭര്‍ത്താവിന്റെ വീട്ടില്‍ അവര്‍ പറയുന്നതുകേട്ട് നല്ല മകളായി ജീവിക്കുകയെന്ന ഉപദേശവും കിട്ടി. ഞാന്‍ ഒറ്റപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളില്‍ പെണ്ണിന് പറഞ്ഞിട്ടുള്ളത് വിട്ടുവീഴ്ചയും പൊരുത്തപ്പെടലുമാണല്ലോ! എനിക്കും ആ വഴി സ്വീകരിക്കേണ്ടിവന്നു. ജോലി രാജിവെച്ചു. പണത്തിന് ആവശ്യംവന്നാല്‍ ഭര്‍ത്താവിന്റെ മുന്പില് കൈനീട്ടുന്ന സാധാരണ സ്ത്രീയായി. കുട്ടിയെ പരിചരിക്കലും ഗൃഹഭരണവുമായി ഒതുങ്ങി. ഞാന്‍ പ്രത്യാശ വെടിഞ്ഞില്ല. കുട്ടിയെ ഡേ കെയറില്‍ വിടുന്ന പ്രായമെത്തുമ്പോള്‍ വീണ്ടും ജോലിക്ക് കയറാമെന്ന് വിചാരിച്ചു. വീണ്ടും ജോലിക്ക് കയറാന്വേണ്ടിയുള്ള ഓണ്‍ലൈന്‍ പഠനങ്ങള്‍ ഞാന്‍ ഇക്കാലയളവിലും കൃത്യമായി ചെയ്തിരുന്നു.
എന്റെ കണക്കുകൂട്ടലുകള്‍ തകിടംമറിച്ചുകൊണ്ട് കുട്ടിക്ക് ഒന്നര വയസ്സാകുംമുന്പേ ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. ആരോടും പറയാതെ ഈ ഗര്‍ഭം ഒഴിവാക്കാമെന്ന് ഞാന്‍ ഭര്‍ത്താവിനോട് കേണപേക്ഷിച്ചു. ഗര്‍ഭധാരണവും പ്രസവവുമൊക്കെ വേണോയെന്ന് തീരുമാനിക്കാന്‍ പെണ്ണിനുമില്ലേ അധികാരം? ഭര്‍ത്താവ് പരിഹസിച്ചു. രണ്ടുവീട്ടിലും ഗര്‍ഭവാര്‍ത്ത കൊട്ടിഘോഷിച്ചു. കരിയറിനായി ഗര്‍ഭം വേണ്ടെന്ന വാദം തീരേ ദഹിക്കാത്ത വീട്ടുകാരോട് വേദമോതാന്‍ പോയിട്ട് കാര്യമില്ലെന്ന് കരുതി ഞാന്‍ മൗനം പാലിച്ചു. അങ്ങനെ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചു. മൂത്തത് മകന്. ഇളയത് മകള്‍. വീട്ടുകാര്‍ക്ക് സന്തോഷം.
ഇതോടെ എന്റെ കരിയര്‍ സ്വപ്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ പൊലിഞ്ഞു. പഠനപരിപാടിയൊക്കെ അവസാനിപ്പിച്ചു. ബി.ടെക് ബിരുദമുള്ള വീട്ടമ്മയെന്ന പദവിയുമായി ഒത്തുചേര്‍ന്നുപോകാന്‍ ശ്രമിച്ചു. എന്റെ നൈരാശ്യമൊന്നും ഞാന്‍ കുട്ടികളോട് പ്രകടിപ്പിച്ചില്ല. അവര്‍ സ്കൂളില്‍ പോകുന്ന പ്രായമായപ്പോഴേക്കും എന്റെ ജോലിസാധ്യതകള്‍ മങ്ങി. ഞാന്‍ ആത്മധൈര്യമില്ലാത്തവളായി.
ഞാനൊരു എന്‍ജിനീയറിങ് ബിരുദമുള്ളവളാണെന്ന വസ്തുത എന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ പലരും മറന്നു. ബി.ടെക്കിന് മികച്ച മാര്‍ക്ക് വാങ്ങി മൂന്നുവര്‍ഷം ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തവളെന്ന പൂര്‍വചരിത്രം ആരും പറയാതെയായി. വീട്ടുജോലി ചെയ്യാന്‍ മാത്രമായിരുന്നെങ്കില്‍ എന്തിനാണ് ഇത്രയും പഠിച്ചതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
വെറുമൊരു വീട്ടമ്മയെന്ന രീതിയിലായി ഭര്‍ത്താവിന്റെ പെരുമാറ്റവും. അദ്ദേഹത്തിന്റെ ഐ.ടി. ജോലിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഒരു കൗതുകത്തിനായി ചോദിച്ചാല്‍ പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന ശൈലിയില്‍ മൗനം. ഗൗരവമുള്ള ഒരു കാര്യവും ചര്ച്ചചെയ്യാതായി. വീട്ടുചുമതലകള്‍ ചെയ്യുന്ന കാര്യത്തില്‍ വിമര്‍ശിക്കും. കുട്ടികള്‍ക്ക് മാര്‍ക്ക് കുറഞ്ഞുപോയാല്‍ കയര്‍ക്കും. ഉത്തരവാദിത്വമില്ലായ്മ ചൂണ്ടിക്കാട്ടി പഴിക്കും. എന്റെ ഒപ്പം ജോലിയില്‍ കയറിയ പല സ്ത്രീകളും വളരെ ഉയര്‍ന്ന പദവികളിലാണ്. ചിലര്‍ വിദേശത്ത് ഓണ്‍സൈറ്റ് ജോലികളിലാണ്. ഇവരൊക്കെ വിവാഹം കഴിച്ച് കുട്ടികളുമായി കഴിയുന്നു. ആരും ജോലി ഉപേക്ഷിച്ചില്ല. എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നുന്നു. എന്റെ മക്കളുടെ സഹപാഠികളുടെ അമ്മമാരില്‍ ജോലി ചെയ്യുന്നവരുണ്ട്. ഞാന്‍ മണ്ടിയായതുകൊണ്ടും കഴിവില്ലാത്തവളായതുകൊണ്ടുമാണ് വീട്ടിലിരിക്കുന്നതെന്ന് ഇടക്കൊക്കെ കുട്ടികള്‍ കളിയാക്കും. ഇത് കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് തിരുത്താന്‍ പോകില്ല. കുട്ടികള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ചതാണെന്നും അമ്മ വലിയ ത്യാഗമാണ് ചെയ്തതെന്നും പറഞ്ഞിരുന്നെങ്കില്‍ ആശ്വാസമായേനെ. പക്ഷേ, പറയാറില്ല. കുട്ടികള്‍ക്കൊപ്പംനിന്ന് ചിരിക്കും. എനിക്ക് ഭയങ്കരദേഷ്യം വരും. കരച്ചിലും വരും. ഇതൊക്കെ കാണുന്നത് അവര്‍ക്കൊരു തമാശയാണ്.
ഇത്തരം താഴ്ത്തിക്കെട്ടലുകളുമായി ജീവിതകാലം മുഴുവനും കഴിയേണ്ടകാര്യം ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു. വിവാഹം കഴിച്ചതുതന്നെ അബദ്ധമായെന്ന തോന്നലാണ്. പലപ്പോഴും വലിയ സങ്കടമാണ്. ദേഷ്യമായിട്ടാണ് ഇതൊക്കെ പുറത്തുചാടുന്നത്. എന്റെ മനസ്സിന്റെ പിടിവിട്ട് പോകുന്നതുപോലെ. എന്‍ജിനീയറിങ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കത്തിച്ചുകളയണമെന്നൊക്കെ തോന്നും. കടുത്ത വിഷാദമുള്ളതുപോലെ തോന്നുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത്?''
ഈ കത്തില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സ്ത്രീയായിപ്പോയതിന്റെ പേരില്‍ പഠിപ്പും കഴിവുകളും ഉപയോഗിക്കാന്‍ പറ്റാതെ പോയതിന്റെ സങ്കടമാണ് ആദ്യത്തേത്. വീട്ടമ്മയുടെ സ്ഥാനം എല്ലാവരുടെയും പിറകിലാകുന്നതിന്റെ ദുഃഖമാണ് രണ്ടാമത്തേത്. രണ്ടും ഒരു വ്യക്തിയുടെആത്മാഭിമാനം മുറിപ്പെടുത്തുന്ന ഗൗരവമുള്ള വിഷയങ്ങള്‍തന്നെ.
മികച്ചരീതിയില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കുകയും തൊഴില്‍രംഗത്ത് മിടുക്ക് തെളിയിക്കുകയും ചെയ്തുവെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ വീട്ടമ്മയുടെ വേഷമണിയാന്‍ ഈ യുവതി നിര്‍ബന്ധിതയായി. ഭര്‍ത്താവ് ഒപ്പം നിന്നില്ല. സ്വന്തം വീട്ടുകാര്‍പോലും പിന്തുണച്ചില്ല. തൊഴിലും ഗൃഹഭരണവും ഒരുമിച്ച് കൊണ്ടുപോകുന്ന ധാരാളം സ്ത്രീകള്‍ കേരളത്തിലുണ്ട്. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാന്‍ ഭര്‍ത്താവും വീട്ടുകാരും തയാറായില്ലെങ്കില്‍ ഇത്തരം ഇരട്ടച്ചുമതലകള് ക്ലേശകരമാകും. വീട്ടുജോലികളും കുട്ടികളെ നോട്ടവുമൊക്കെ ഭാര്യയുടെ മാത്രം കടമയാണെന്ന ചിന്താഗതിയാണ് ഇവിടെ മാറേണ്ടത്. കാലോചിതമായി ഇങ്ങനെ മാറിയിട്ടുള്ള ധാരാളം കുടുംബങ്ങളുണ്ട്.
എന്നല്‍ ഇവിടെ കത്തെഴുതിയ സ്ത്രീക്ക് അങ്ങനെയൊരു അവസരം ലഭിച്ചില്ല. മുഴുവന്‍സമയ വീട്ടമ്മയാകണമെന്നായിരുന്നു വീട്ടുകാരുടെ ശാഠ്യം. ഇത്തരമൊരു കെണിയില്‍ പെട്ടുപോകുന്ന നിരവധി സ്ത്രീകള്‍ ഇവിടെയുണ്ട്. ഉയര്‍ന്ന പഠിപ്പുണ്ടായിട്ടും വീട്ടിലൊതുങ്ങി കഞ്ഞിയും കറിയുംവെച്ചും, ചട്ടിയും കലവും കഴുകിയുമൊക്കെ ജീവിതം തള്ളിനീക്കുന്നവര്‍. അവരുടെ ഗദ്ഗദങ്ങളാണ് ഈ കത്തില്‍.
ജോലി തുടരുവാനുള്ള ന്യായമായ ആവശ്യം എന്തുകൊണ്ടായിരിക്കാം ഈ യുവതി പ്രകടിപ്പിക്കാതിരുന്നത്? ഭര്‍ത്താവിനെയും അയാളുടെ വീട്ടുകാരെയും പിണക്കാതിരിക്കാന്പോന്ന ഒത്തുതീര്‍പ്പുകള്‍ സ്ത്രീകള്‍ ചെയ്യണമെന്ന സാമൂഹിക സങ്കല്പം പലപ്പോഴും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്ത ഇല്ലാതാക്കിയെന്ന് വരാം. അത് ശരിയല്ല. പറയേണ്ടത് പറയേണ്ടനേരത്ത് ശക്തവും ശാന്തവുമായി പറഞ്ഞില്ലെങ്കില്‍ ഇത്തരം പ്രതിസന്ധികളുണ്ടാകും.
ഗാര്‍ഹിക ചുമതലകളിലെ കൂട്ടുത്തരവാദിത്വങ്ങള്‍ മനസിലാക്കാത്തത് ഭര്‍ത്താവിന്റെ തെറ്റ്. ഈ ഘട്ടത്തിലും തൊഴില്‍ രംഗത്തേക്കുള്ള തിരിച്ചുവരവിനായുള്ള പഠനം തുടര്‍ന്നത് ശ്രദ്ധേയം. പക്ഷേ,ഓര്‍ക്കാപ്പുറത്ത് വീണ്ടും ഗര്‍ഭിണിയായതോടെ ആ മനോവീര്യം ക്ഷയിച്ചു. ഗര്‍ഭം തുടരണമോയെന്ന കാര്യത്തിലും സ്വന്തം നിലപാടില്‍ ഉറച്ചുനില്ക്കാന് ഈ സ്ത്രീക്ക് കഴിഞ്ഞില്ല. അവിടെയും സാമൂഹിക ചട്ടക്കൂടുകള്തന്നെയമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
സ്വപ്നങ്ങള്‍ വെടിഞ്ഞ് ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ തയാറായിട്ടും ഈ സ്ത്രീക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിച്ചില്ല. ഈ യുവതിയെ മറ്റൊന്നിനും കൊള്ളാത്തവളായി വിലയിടിച്ചുവെന്നത് ദുഃഖകരമാണ്. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കുന്ന സ്ത്രീയുടെ സേവനങ്ങള്‍ വളരെ മൂല്യമുള്ളതാണെന്ന വസ്തുത സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണ്. വരുമാനം കൊണ്ടുവരാനായി പണിയെടുക്കുന്ന കുടുംബാംഗവും വിദ്യാലയങ്ങളില്‍ പഠിക്കാന്‍പോകുന്ന കുട്ടികളും നിറവേറ്റുന്ന ചുമതലകള്‍ പോലെത്തന്നെ പ്രാധാന്യമുണ്ട് വീട്ടമ്മയുടെ ജോലികള്‍ക്കും. മറ്റൊന്നിനും കൊള്ളാത്തതുകൊണ്ട് ആ റോളില്‍ വരുന്നവരല്ല സ്ത്രീ എന്ന ചിന്ത എല്ലാവര്ക്കുംവേണം. അത്തരമൊരു അംഗീകാരം കിട്ടാതെ വരുമ്പോഴുള്ള നിരാശയെ ഉള്‍ക്കൊള്ളാം. എന്നാല്‍ ഞാന്‍ ചെയ്യുന്നതിന് ഒരുമൂല്യമുണ്ടെന്ന തോന്നല്‍ സ്വയമുണ്ടാക്കണം. താഴ്ത്തിപ്പറയുന്നവരോടും തലയുയര്‍ത്തി അതു പറയുകയും വേണം. ഞാന്‍ വെറുമൊരു വീട്ടമ്മയായിപ്പോയിയെന്ന പരിഭവംചൊല്ലലില് ഒരു സ്വയം വിലയിടിക്കല് സംഭവിക്കുന്നുണ്ട്.
സ്വന്തം ഇഷ്ടങ്ങളെ കുഴിച്ച് മൂടരുത്. പുതിയ വൈഭവങ്ങള് (Skills) നേടാന്‍ ശ്രമിക്കണം. ഐടി ജോലിയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നില്ല. വിശാലമായി ചിന്തിക്കുക. പഠനകാലത്തും തൊഴില്‍ചെയ്ത നാളുകളിലും മിടുക്ക് കാണിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അംശങ്ങള്‍ ഇപ്പോഴും ഉള്ളിലുറങ്ങുന്നുണ്ടാകും. വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ അതിനെ മറച്ചിരിക്കുന്നുവെന്ന് മാത്രം. പഴയ കഴിവുകളെ കണ്ടെത്തിയാല്‍ ഒരു മാനേജ്മെന്റ് വിദഗ്ധയോ ഒരു പുതുസംരംഭകയോ പിറവിയെടുത്തുവെന്ന് വരും. സ്വയം വിശ്വസിക്കണം.എതിര്‍പ്പിന്റെ ശബ്ദങ്ങളെ അര്‍ഥപൂര്‍ണമായി പ്രതിരോധിക്കണം. നിഷേധ ചിന്തകളെ ഉണര്‍ത്തിവിടുന്ന വിഷാദം ഒരു തടസ്സമാകുന്നുവെങ്കില്‍ അതിനെ മറികടക്കാന്‍ വിദഗ്ധരുടെ സഹായം തേടണം.
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Mental Health, Women's Health, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..