പ്രതീകാത്മക ചിത്രം | Photo: Getty Images
കോട്ടയ്ക്കല്‍: സംസ്ഥാനത്തെ മാനസികാരോഗ്യ ചികിത്സാരംഗത്തെ നിയന്ത്രിക്കേണ്ട സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ നടത്തിപ്പില്‍ സര്‍ക്കാരിന് കടുത്ത അനാസ്ഥ. 2021-ല്‍ ഗസറ്റ് വിജ്ഞാപനംവഴി രൂപവത്കരിച്ച അതോറിറ്റിയുടെ യോഗം ഒരു വര്‍ഷമായിട്ടും ചേര്‍ന്നിട്ടില്ല. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 56-ാം വകുപ്പുപ്രകാരം വര്‍ഷത്തില്‍ നാലു യോഗം ചേരണമെന്നിരിക്കെയാണിത്.
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് അംഗങ്ങളെ കണ്ടെത്തി നിയമിക്കാന്‍ ഏകപക്ഷീയമായി ഒരു സമിതിയെ നിയോഗിച്ച കഴിഞ്ഞ ജനുവരി നാലിലെ ഉത്തരവിനെക്കുറിച്ചും അതോറിറ്റി അംഗങ്ങള്‍ക്ക് പരാതിയുണ്ട്. മാനസികാരോഗ്യ ചികിത്സാരംഗം നിരീക്ഷിക്കേണ്ട റിവ്യൂ ബോര്‍ഡിനെ കണ്ടെത്താനുള്ള സമിതിയില്‍ രണ്ട് അണ്ടര്‍ സെക്രട്ടറിമാരും മാനസികാരോഗ്യചികിത്സയുമായി ബന്ധമില്ലാത്ത ഒരു ഡോക്ടറുമാണ് ഉള്ളത്. ക്രമവിരുദ്ധമായി ഇറക്കിയ ഈ ഉത്തരവിലെ അപാകം ചൂണ്ടിക്കാണിച്ച് പ്രശസ്ത മനോരോഗവിദഗ്ധനും അതോറിറ്റി അംഗവുമായ ഡോ. സി.ജെ. ജോണ്‍ അതോറിറ്റിയുടെ അധ്യക്ഷനായ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇ -മെയിലയച്ചെങ്കിലും മറുപടിയില്ല .
മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചതിനെതിരേയും പരാതിയുണ്ട്. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ടിലെ സെക്ഷന്‍ 123 പ്രകാരം നിയമിക്കുന്നയാളുടെ യോഗ്യതയും ശമ്പളവുമൊക്കെ നിര്‍ദേശിക്കേണ്ടത് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയാണ്. എന്നാല്‍, ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത ഡെപ്യൂട്ടി സെക്രട്ടറിയെയാണ് ഇവിടെ നിയമിച്ചത്. ഇതിനായി ഉത്തരവില്‍ ഡെപ്യൂട്ടി സെക്രട്ടറി ടു ദ ഗവണ്മെന്റ് എന്ന വ്യവസ്ഥയില്‍ ഇന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റ് എന്ന വാക്ക് സര്‍ക്കാര്‍ തിരുകിക്കയറ്റി.
ഇത് ചോദ്യംചെയ്ത് മനശ്ശാസ്ത്രഞ്ജന് ഡോ. ബഷീര്‍കുട്ടി, തിരുവനന്തപുരം നാലാഞ്ചിറയിലെ സ്നേഹവീടിന്റെ ചുമതലയുള്ള ഫാ. ജോര്‍ജ് ജോഷ്വ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നവംബര്‍ 22-ന് ജസ്റ്റിസ് സുനില്‍തോമസ് പുറപ്പെടുവിച്ച വിധിയില്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ റദ്ദാക്കി. ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കണമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായില്ല.
മുന്‍പ് മനോരോഗവിദഗ്ധനായിരുന്നു മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ചുമതലക്കാരന്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ സര്‍ക്കാര്‍സര്‍വീസിലുള്ള ഡോക്ടര്‍മാരെ നിയമിക്കാമെന്നിരിക്കെ ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവരെ കൊണ്ടുവരുന്നതിനു പിന്നില്‍ താത്പര്യങ്ങളാണെന്ന ആരോപണമുയരുന്നുണ്ട്.
ഏതെങ്കിലും മാനസികാരോഗ്യസ്ഥാപനങ്ങളില് മാനസികരോഗികളുടെ അവകാശലംഘനം ഉണ്ടായാല്‍ ഇടപെടേണ്ട സംവിധാനങ്ങളാണ് നിഷ്ക്രിയമായിരിക്കുന്നത്. ഇത് എത്രയുംവേഗം കര്മനിരതമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും അവഗണിക്കപ്പെടുകയാണ്.
Content highlights: mental health care Kerala has an authority only in name
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..