ഫോട്ടോ: മാതൃഭൂമി
അകം പൊള്ളയായ തണ്ടുകളാല്‍ പടര്‍ന്നുകയറുന്നൊരു വള്ളിസസ്യമാണ് കുമ്പളം. വള്ളിഫലങ്ങളില്‍ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുര്‍വേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങള്‍, അര്‍ശസ്സ് എന്നിവയുടെ ചികിത്സയില്‍ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു.
പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവ ഔഷധയോഗ്യമാണ്.
വളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്കനുസരിച്ച് കുമ്പളങ്ങയുടെ ഔഷധഗുണങ്ങളും വ്യത്യസ്തമാണ്. കുമ്പളവള്ളിയില്‍ നിന്ന് പാകമായി താനേ അടര്‍ന്നുവീണ നെയ്ക്കുമ്പളങ്ങ മാനസികരോഗ ചികിത്സയില്‍ ഫലപ്രദമാണ്. ഇളംപ്രായത്തിലുള്ള കുമ്പളങ്ങ രോമാവൃതമാണ്. മൂപ്പെത്താത്ത ഇവ കറിക്കുപയോഗിക്കാം. എന്നാല്‍ കായ്കള്‍ വിളയുന്നതോടെ രോമങ്ങളുടെ എണ്ണം കുറയുകയും കട്ടിയുള്ള തോടില്‍ വെള്ളനിറമുള്ള മെഴുകുപദാര്‍ഥം രൂപംകൊള്ളുകയും ചെയ്യും. ഈ പാകത്തിലുള്ള കുമ്പളങ്ങയും തൊലിയും ഔഷധയോഗ്യവും ഭക്ഷ്യയോഗ്യവുമാണ്. മൂപ്പെത്തിയ കുമ്പളങ്ങത്തൊലി ആര്‍ത്തവ വിരാമപ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍, പ്രമേഹം, വിഷാദം ഇവയില്‍ ഗുണം ചെയ്യും.
കുമ്പളങ്ങയില്‍ വലിയ ശതമാനവും വെള്ളമാണ്. വിറ്റാമിന്‍ സി, നിയാസിന്‍, തയാമിന്‍, റൈബോഫ്‌ളാവിന്‍, പ്രോട്ടീന്‍, ഫ്‌ളേവനോയ്ഡുകള്‍, ഗ്ലൈക്കോസൈഡ്‌സ്, കരോട്ടിന്‍, യൂറോനിക് ആസിഡ് എന്നിവ കുമ്പളങ്ങയിലെ പ്രധാന ഘടകങ്ങളില്‍പ്പെടുന്നു.
സ്വര്‍ണ മഞ്ഞനിറമാണ് കുമ്പളപ്പൂക്കള്‍ക്ക്. സന്നിപാതജ്വരത്തില്‍ കുമ്പളപ്പൂക്കള്‍ ആശ്വാസം പകരും. കുമ്പള വിത്തുകള്‍ മൂത്രനാളീരോഗങ്ങളില്‍ ഗുണം ചെയ്യാറുണ്ട്. കൂടാതെ വരണ്ട ചുമ, ലൈംഗിക രോഗങ്ങള്‍ എന്നിവയിലും വിത്തുകള്‍ നല്ല ഫലം തരാറുണ്ട്. ചുണങ്ങിന് കുമ്പളവള്ളി ചുട്ട ഭസ്മം മരോട്ടിയെണ്ണയില്‍ ചാലിച്ചുപയോഗിക്കാം.
ബെനിന്‍കാസ ഹിസ്പിഡ എന്നാണ് കുമ്പളത്തിന്റെ ശാസ്ത്രനാമം. സസ്യശാസ്ത്രജ്ഞനായ ഗിസെപ്പ് ബെനിന്‍ കാസയുടെ സ്മരണാര്ഥമാണ് ജീനസ് നാമം നല്‍കിയിരിക്കുന്നത്. ഹിസ്പിഡ എന്ന സ്പീഷിസ് നാമം സസ്യത്തിന്റെ രോമില സ്വഭാവത്തെ സൂചിപ്പിക്കുന്നു.
കൂശ്മാണ്ഡഘൃതം, കൂശ്മാണ്ഡാസവം എന്നിവയില്‍ കുമ്പളങ്ങ ഘടകമാണ്.
കുമ്പളവിത്തുകള്‍ ആറുമണിക്കൂര്‍ കുതിര്‍ത്ത് വിതച്ച് തൈകളുണ്ടാക്കാം.
(സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് മെമ്പറാണ് ലേഖിക)
Content Highlights: Medicinal benefits of Ash Gourd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..