ഇപ്പോൾ വീണ്‌ മരിക്കും, അല്ലെങ്കിൽ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകും എന്ന തോന്നൽ ഉണ്ടാകാറുണ്ടോ?


ഡോ. അരുൺ ബി. നായർ

Representative Image| Photo: Canva.com

നുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് മനസ്സ് എന്ന യാഥാര്‍ത്ഥ്യം. തന്റെ ചിന്തകളും വികാരങ്ങളും സ്വന്തം നിയന്ത്രണത്തിൽ നിർത്തി സ്വന്തം ജീവിതത്തിനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയുന്ന വ്യക്തിക്ക് മാനസികാരോഗ്യം ഉണ്ടെന്ന് അനുമാനിക്കാം. സ്വന്തം പ്രവൃത്തികൾ വഴി അവനവനും ചുറ്റുമുള്ളവർക്കും പ്രയാസം ഉണ്ടാകാതെ പരമാവധി ഗുണങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തിക്കും മാനസികാരോഗ്യം ഉണ്ടെന്ന് കരുതാം.

വ്യക്തിയുടെ ചിന്തകളും വികാരങ്ങളും ഓർമകളും മറ്റും അയാളുടെ സാമൂഹിക ജീവിതത്തിനും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കഴിവിനും തടസ്സമാകാത്തിടത്തോളം അയാൾക്ക് മാനസികാരോഗ്യം ഉണ്ടെന്ന് വിശ്വസിക്കാം. മസ്തിഷ്കത്തിലെ രാസവസ്തുക്കളായ ന്യൂറോട്രാൻസ്മിറ്ററുകളുടെ സഹായത്തോടെയാണ് ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, സംവേദനങ്ങൾ എന്നിവയൊക്കെ വൈദ്യുതതരംഗങ്ങളുടെ രൂപത്തിൽ പ്രസരിക്കുന്നത്. ഈ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ മാനസിക രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.എന്താണ് മാനസികരോഗം

ദേഷ്യം ഒരു മാനസിക രോഗമാണോ? നമ്മളിൽ പലരും ദേഷ്യപ്പെടുന്നതുകൊണ്ടുതന്നെ ‘അതെ’ എന്ന് ഉത്തരം പറയാൻ നമുക്കൊക്കെ പ്രയാസമാകും. എന്നാൽ ഒരു വ്യക്തിക്ക് ദേഷ്യംവന്നാൽ മറുവശത്തുള്ള ആളെ തല്ലിയാലേ അയാളുടെ ദേഷ്യം അടങ്ങുന്നുള്ളൂവെങ്കിൽ അയാൾ മാനസികാരോഗ്യമുള്ളയാൾ ആണെന്ന് പറയാനാകില്ല. സങ്കടം ഒരു സ്വാഭാവിക വികാരമാണ്. എന്നാൽ സങ്കടം വന്ന് ഒരു വ്യക്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മാനസികാരോഗ്യം മോശമാണ് എന്ന് സംശയിക്കണം. സന്തോഷം എല്ലാവരും ആഗ്രഹിക്കുന്ന ഒരു വികാരമാണ്. എന്നാൽ സന്തോഷം വന്ന ഒരാൾ വസ്ത്രങ്ങളില്ലാതെ നടുറോഡിലൂടെ ഓടുന്നു എങ്കിൽ അത് പൊതുജനങ്ങളുടെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയായി മാറുന്നു. ഇത്തരം പ്രവൃത്തിചെയ്ത വ്യക്തിക്ക് മാനസികാരോഗ്യം ഇല്ല എന്ന് അനുമാനിക്കാം.

അപ്പോൾ നമ്മുടെ പെരുമാറ്റമോ വൈകാരിക പ്രകടനമോ നമ്മുടെ സാമൂഹിക ജീവിതത്തെയോ തൊഴിൽ ചെയ്ത്‌ ജീവിക്കാനുള്ള കഴിവിനെയോ ദോഷകരമായി ബാധിക്കുന്നുവെങ്കിൽ ആ അവസ്ഥയെ 'മാനസിക അനാരോഗ്യം' അഥവാ 'മാനസികരോഗം' എന്ന് പറയാം.

സഭാകമ്പംതൊട്ട് മറവിരോഗംവരെ

Also Read

അലർജി ഇല്ലെന്ന് ഉറപ്പാക്കണം; ഹെയർ ഡൈ ഉപയോ​ഗിക്കും ...

അകാലനര പ്രതിരോധിക്കാനും ചർമം സംരക്ഷിക്കാനും ...

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ...

പുകവലി പ്രധാന വില്ലൻ; ശ്വാസകോശം ഒരായുഷ്‌കാലത്തേക്കുള്ളതാണ്, ...

ഹ്യുമൻ പാപ്പിലോമ വൈറസ്‌ കാൻസറായി മാറുന്നത് ...

ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര രോഗ വർഗീകരണസംഹിത എന്ന ഗ്രന്ഥത്തിൽ 100 വ്യത്യസ്തതരം മാനസിക രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പഠന വൈകല്യവും ശ്രദ്ധക്കുറവും പോലെ കുട്ടിക്കാലത്ത് വരുന്ന പ്രശ്നങ്ങൾമുതൽ സഭാകമ്പവും പരീക്ഷാപേടിയും പോലെ സർവസാധാരണമായ അവസ്ഥകളും ഉന്മാദംപോലെയുള്ള അക്രമസ്വഭാവം പ്രകടമാകുന്ന അവസ്ഥകളും വാർധക്യകാലത്ത് പ്രകടമാകുന്ന മേധാക്ഷയവുമൊക്കെ മനോരോഗങ്ങൾതന്നെയാണ് എന്ന് ഈ ഗ്രന്ഥം വ്യക്തമാക്കുന്നു.

അവർക്ക് വിഷാദമുണ്ടോ?

തലച്ചോറിന്റെ സ്വഭാവസംബന്ധമായ ധർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ചിന്തകൾ, സംവേദനങ്ങൾ, വികാരങ്ങൾ, ഓർമകൾ എന്നിവയൊക്കെ. ഇവയിൽ ഏതെങ്കിലും ഒന്നിന് അല്ലെങ്കിൽ ഒന്നിലധികം ധർമങ്ങൾക്ക് പ്രശ്നമുണ്ടാകുമ്പോൾ ആ വ്യക്തിക്ക് മനോരോഗം ഉണ്ടെന്ന് സംശയിക്കാം. ഉദാഹരണത്തിന് ‘മാനസിക രോഗങ്ങളിലെ ജലദോഷം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഷാദരോഗത്തെക്കുറിച്ച് ചിന്തിക്കാം. ഇത് മനസ്സിന്റെ വൈകാരിക അവസ്ഥയിൽ വരുന്ന തകരാറാണ്. രണ്ടാഴ്ചയിലേറെ തുടർച്ചയായി നീണ്ടുനിൽക്കുന്ന സങ്കടമാണ് പ്രധാന ലക്ഷണം. എന്നാൽ ഈ സങ്കടം ഏതെങ്കിലുമൊരു സംഭവവുമായി അല്ലെങ്കിൽ വ്യക്തിയുമായി മാത്രം ബന്ധപ്പെട്ടുനിൽക്കുന്ന ഒന്നല്ല. രാവിലെതൊട്ട് വൈകിട്ടുവരെ ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാകാതെ രണ്ടാഴ്ചയിലേറെ മുന്നോട്ടുപോകേണ്ടിവന്നാൽ ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ടോ എന്ന് സംശയിക്കാം. ഇതോടൊപ്പം മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താത്‌പര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളിലും പ്രവൃത്തികളിലുള്ള മന്ദത, നിരാശയും പ്രതീക്ഷ ഇല്ലായ്മയും, ആത്മഹത്യാപ്രവണത എന്നിവയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. മേൽപ്പറഞ്ഞ ഒൻപത് ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ചയെങ്കിലും തുടർച്ചയായി നീണ്ടുനിന്നാൽ ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ടാകാൻ സാധ്യതയുണ്ട്.

സ്ത്രീകളിൽ 20 ശതമാനം പേർക്കും പുരുഷന്മാരിൽ 10 ശതമാനം പേർക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിഷാദരോഗം പിടിപെടാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2016-ൽ കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി നടത്തിയ സർവേ പ്രകാരം കേരളീയരിൽ 12.43 ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ള ഏതെങ്കിലും ഒരു മനോരോഗമുണ്ട് എന്ന് വ്യക്തമായിരുന്നു. കേരളീയരിൽ ഒൻപതുശതമാനം പേർക്ക് വിഷാദരോഗം ഉണ്ട് എന്നായിരുന്നു ആ പഠനം വ്യക്തമാക്കിയത്. സ്വാഭാവികമായും നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും വിഷാദരോഗം ഉണ്ട് എന്നതാണ് സത്യം. എന്നാൽ രോഗബാധിതരായ ആളുകളിൽ 15 ശതമാനം ആളുകൾക്ക് മാത്രമേ കൃത്യമായ ചികിത്സ ലഭിക്കുന്നുള്ളൂ എന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മനോരോഗങ്ങളെക്കുറിച്ച് സമൂഹത്തിൽ ഇപ്പോഴും ബാക്കിയായിട്ടുള്ള ചില തെറ്റിദ്ധാരണകളും ചികിത്സയെക്കുറിച്ചുള്ള അബദ്ധധാരണകളുമാണ് ശാസ്ത്രീയ ചികിത്സ തേടുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാൽ ചികിത്സിക്കാത്ത വിഷാദരോഗം പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതുപ്രകാരം ‘ആത്മഹത്യകളുടെ ഏറ്റവും സാധാരണവും എന്നാൽ അനായാസം പ്രതിരോധിക്കാൻ കഴിയുന്നതുമായ ലോകവ്യാപകമായ കാരണമാണ് വിഷാദരോഗം.’

ഉത്കണ്ഠകൾ

സമൂഹത്തിൽ സാധാരണ കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്നമാണ് ഉത്കണ്ഠരോഗങ്ങൾ. മനസ്സിൽനിന്ന് ഉടലെടുക്കുന്ന, പലപ്പോഴും വ്യക്തമായി കാരണം ചൂണ്ടിക്കാണിക്കാൻ കഴിയാത്ത, നമ്മളുമായി സംഘട്ടനത്തിൽ ഏർപ്പെടാൻ സാധ്യതയില്ലാത്ത ഒരു സംഗതിയോട് ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഉത്‌കണ്ഠ. ഒരുപരിധിവരെ ഉത്കണ്ഠ നമ്മളെ അധ്വാനിക്കാൻ പ്രേരിപ്പിക്കും എങ്കിലും അത് പരിധിവിട്ടാൽ നമുക്ക് ഒന്നുംചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ എത്തിയേക്കാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ ഉണ്ടാകുന്ന അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, കണ്ണിൽ ഇരുട്ട്‌ കയറുക, ഇപ്പോൾ വീണ്‌ മരിച്ചുപോകും അല്ലെങ്കിൽ ഇപ്പോൾ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകും എന്ന് തോന്നുന്ന തരത്തിൽ തീവ്രമായ പ്രയാസം എന്നിവയൊക്കെ ഒരുപക്ഷേ ‘പാനിക് ഡിസോർഡർ’ എന്ന ഉത്കണ്ഠരോഗത്തിന്റെ ലക്ഷണങ്ങളാകാം. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ആ അവസ്ഥയെ ഫോബിയ എന്ന് വിളിക്കാറുണ്ട്. സാമൂഹിക സാഹചര്യങ്ങളിൽ മാത്രം പ്രകടമാകുന്ന അമിത ഉത്കണ്ഠയെ സാമൂഹിക ഉത്കണ്ഠ രോഗം എന്നാണ് വിളിക്കുന്നത്. സഭാകമ്പവും പരീക്ഷാ പേടിയും പാറ്റയെ കണ്ടാൽ പേടിയും ഒക്കെ വിവിധതരം ഫോബിയകളുടെ ലക്ഷണങ്ങൾ തന്നെയാണ്.

മനസ്സിലെ പ്രശ്നം ശാരീരിക ലക്ഷണം

പ്രത്യേകിച്ച് ശാരീരികരോഗങ്ങളില്ലാതെതന്നെ ശക്തമായ ശാരീരികലക്ഷണങ്ങൾ ഉണ്ടാക്കുന്നതും മാനസിക അനാരോഗ്യത്തിന്റെ ലക്ഷണമാകാം. അപസ്മാരസമാനമായ ചലനങ്ങൾതൊട്ട് ശക്തമായ ശ്വാസംമുട്ടൽവരെ പല ലക്ഷണങ്ങളും ഇത്തരം മനോജന്യ ശാരീരികലക്ഷണങ്ങളുടെ കൂട്ടത്തിൽ വരാം. വിട്ടുമാറാത്ത വേദനകൾ, സമ്മർദസാഹചര്യങ്ങളെ തുടർന്ന് ശബ്ദം നിലച്ചുപോവുക, ഓർമകൾ നഷ്ടപ്പെടുക, ചലനശേഷിയില്ലാതെയാകുക എന്നതും ഇത്തരം ലക്ഷണങ്ങളുടെ പരിധിയിൽപ്പെട്ട കാര്യങ്ങളാണ്. മാനസികസമ്മർദം വികാരങ്ങളായി പ്രകടിപ്പിക്കാത്തപക്ഷം ചിലരിൽ അത് ശാരീരിക അസ്വാസ്ഥ്യങ്ങളായി പ്രകടമാകാം എന്നതുകൊണ്ടാണിത്.

സ്വയം തിരിച്ചറിയാൻ സാധിക്കാത്തവ

ചില മാനസികരോഗാവസ്ഥകളിൽ രോഗിക്ക് തനിക്ക് രോഗമുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാകില്ല. തനിക്ക് ഒരു കുഴപ്പവുമില്ല എന്നയാൾ പറഞ്ഞുകൊണ്ട് നടക്കുമ്പോൾ തന്നെ അയാളുടെ പെരുമാറ്റത്തിലും വൈകാരികപ്രകടനങ്ങളിലും കാര്യമായ പൊരുത്തക്കേട് മറ്റുള്ളവർക്ക് വ്യക്തമാകും. ഇത്തരത്തിൽ ഉൾക്കാഴ്ച നഷ്ടപ്പെട്ട മാനസികരോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിത്തഭ്രമവിഭാഗത്തിൽപ്പെടുന്ന രോഗങ്ങളാണ്. രോഗമുണ്ടെന്നുള്ള തിരിച്ചറിവില്ലാത്തതിനോടൊപ്പം ഇല്ലാത്ത കാര്യങ്ങളുണ്ട് എന്ന് തോന്നുന്നമട്ടിലുള്ള മിഥ്യാവിശ്വാസങ്ങൾ, ഇല്ലാത്ത ഇന്ദ്രിയാനുഭവങ്ങൾ അനുഭവപ്പെടുന്ന മിഥ്യാനുഭവങ്ങൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി വരാം. സ്കിസോഫ്രീനിയ, സംശയരോഗം എന്നിവയൊക്കെ ഇത്തരം അവസ്ഥകളുടെ ഉദാഹരണങ്ങളാണ്. ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് ചിരിക്കുകയോ പിറുപിറുത്ത് സംസാരിക്കുകയോ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ബോധവും ഇല്ലാത്തമട്ടിൽ പെരുമാറുകയോ ചെയ്താൽ ഒരുപക്ഷേ, അയാൾക്ക് ചെവിയിൽ അശരീരിശബ്ദങ്ങൾ മുഴങ്ങുന്നതുപോലെയുള്ള ശബ്ദങ്ങൾ ഉണ്ടാകുന്നുണ്ടാകാം. ഇത് സ്കിസോഫ്രീനിയ എന്ന വിഭാഗത്തിൽപ്പെടുന്ന രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.
അടിസ്ഥാനരഹിതമായ സംശയങ്ങൾ ഉന്നയിക്കുക, തന്റെ വീട്ടുകാർ തന്നെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നു എന്ന് സംശയിക്കുക എന്നിവയൊക്കെ സ്കിസോഫ്രീനിയയുടെയും സംശയ രോഗത്തിന്റെയും ഭാഗമായ മിഥ്യാവിശ്വാസങ്ങൾ ആകാം. എന്നാൽ ഇവയൊന്നും രോഗലക്ഷണങ്ങളായി രോഗി അംഗീകരിക്കാത്തതുകൊണ്ട് മനഃശാസ്ത്ര ചികിത്സകൾ ഉപയോഗിച്ച് ഇവരെ സഹായിക്കുക പ്രയാസമാണ്. പലപ്പോഴും തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനങ്ങളാണ് ഇത്തരം ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. അതിനാൽ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകി ചികിത്സിക്കേണ്ടി വരും.

ആറ് സൂചനകളിൽ മൂന്നെണ്ണമെങ്കിലും ഉണ്ടെങ്കിൽ

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും ചിലപ്പോൾ മാനസിക രോഗാവസ്ഥയായി മാറാം. മദ്യത്തിനോ മയക്കുമരുന്നുകൾക്കോ അടിമപ്പെടുന്ന അവസ്ഥ ഒരു മാനസിക രോഗമാണ് എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. സദാ ലഹരിവസ്തുവിനെക്കുറിച്ച് ചിന്തിച്ചിരിക്കുക, ലഹരിവസ്തു ഉപയോഗിക്കുന്ന അളവോ സമയമോ നിയന്ത്രിക്കാൻ കഴിയാതിരിക്കുക, ഘട്ടംഘട്ടമായി ലഹരി ഉപയോഗത്തിന്റെ തോത് കൂടി വരുക, പെട്ടെന്ന് ലഹരിവസ്തു കിട്ടാതെയായാൽ ഉറക്കക്കുറവും ഉത്കണ്ഠയും അടക്കമുള്ള പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടമാവുക, മറ്റൊരു കാര്യത്തിലും സന്തോഷം തോന്നാതെ ജീവിതത്തിൽ സന്തോഷം തരുന്ന ഏക കാര്യമായി ലഹരിയുപയോഗം മാറുക, ഈ ലഹരിയുപയോഗശീലം അപകടകരമാണ് എന്നറിഞ്ഞിട്ടും അത് നിയന്ത്രിക്കാൻ കഴിയാതെവരുക എന്നീ ആറ് ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും കഴിഞ്ഞ ഒരുവർഷമായി ഒരാൾ പ്രകടിപ്പിക്കുന്നുവെങ്കിൽ അയാൾ ലഹരി അടിമത്തം എന്ന മാനസികരോഗത്തിന് ചികിത്സ വേണ്ടുന്ന സ്ഥിതിയിലാണ് എന്ന് വ്യക്തം.

സഹായിക്കാൻ അഞ്ച് കാര്യങ്ങൾ

നമ്മുടെ പരിചിത വലയത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാളെ കണ്ടുമുട്ടിയാൽ നമുക്ക് എങ്ങനെയാണ് അയാളെ സഹായിക്കാൻ കഴിയുക? ഇതിന്റെ ഉത്തരമാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ. ശാരീരിക ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിൽ പ്രഥമശുശ്രൂഷ സ്കൂൾ തലത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിക്കാറുണ്ട്. എന്നാൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ ഇത്തരത്തിൽ പ്രഥമശുശ്രൂഷയെക്കുറിച്ച് മിക്കവാറും പേർ കേട്ടിട്ടുണ്ടാകാൻ വഴിയില്ല. മാനസിക സമ്മർദം അനുഭവിക്കുന്ന വ്യക്തിയെ കണ്ടുമുട്ടിയാൽ നമുക്ക് അഞ്ച് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

1ആളെ അങ്ങോട്ട് സമീപിച്ച് എന്താണ് പ്രശ്നമെന്ന് ആരായുക. മനഃപ്രയാസം അനുഭവിക്കുന്ന വ്യക്തി ഇങ്ങോട്ട് വന്ന് കാര്യങ്ങൾ തുറന്നുപറയും എന്ന് പ്രതീക്ഷിക്കരുത്. എന്നാൽ ആരെങ്കിലും വന്ന് ചോദിച്ചതു കൊണ്ട് മാത്രം അയാൾ മനസ്സ് തുറക്കണമെന്നില്ല. നമുക്കുതന്നെ ചിന്തിച്ചുനോക്കാം, നമ്മൾ പ്രയാസപ്പെട്ടിരിക്കുമ്പോൾ എന്തായിരിക്കും മറ്റൊരാളിൽനിന്ന്‌ നാം പ്രതീക്ഷിക്കുന്നത്? നാം പറയുന്ന കാര്യങ്ങൾ തടസ്സപ്പെടുത്താതെ അയാൾ കേൾക്കണം. നാം പറയുന്ന കാര്യങ്ങൾ കേട്ട് നമ്മളെ കളിയാക്കാനോ കുറ്റപ്പെടുത്താനോ അയാൾ ശ്രമിക്കരുത്. നമ്മുടെ പ്രശ്നങ്ങളെ നിസ്സാരവത്കരിച്ച് പുച്ഛിച്ച്‌ തള്ളരുത്. നാം പറയുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും വേണം. ഇത്രയും കാര്യങ്ങൾ ഉറപ്പുണ്ടെങ്കിലേ നാം മറ്റൊരാളുടെ അടുത്ത് മനസ്സ് തുറക്കൂ. മറ്റൊരാളോട് നമ്മൾ പ്രശ്നങ്ങൾ ആരായുമ്പോഴും ഈ പറഞ്ഞ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നമുക്ക് ഉറപ്പുകൊടുക്കാൻ കഴിയുകയും മറുവശത്തുള്ള ആൾക്ക് അത് ബോധ്യപ്പെടുകയും ചെയ്താൽ അയാൾ നമ്മളോട് മനസ്സ്‌ തുറന്നേക്കും.

2ഒരാൾക്ക് പറയാനുള്ള കാര്യങ്ങൾ അവസാനംവരെ തടസ്സപ്പെടുത്താതെ മുൻവിധികളില്ലാതെ കേട്ടിരിക്കുക. താത്പര്യപൂർവം, തികഞ്ഞ അനുതാപത്തോടെ, പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ അയാൾക്ക് അത് ഏറെ ആശ്വാസമാകും. ഞാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ ഈ ലോകത്ത് ഒരാളുണ്ട് എന്ന ചിന്ത തന്നെ മനഃപ്രയാസമുള്ള ആൾക്ക് ഏറെ ആശ്വാസദായകമായിരിക്കും.

3അയാൾക്ക് പറയാനുള്ളതൊക്കെ പറഞ്ഞ്‌ തീർന്നാൽ വാക്കുകൾകൊണ്ട് ആശ്വാസം പകരാൻ നമുക്ക് ശ്രമിക്കാം. എന്തെങ്കിലും തെറ്റിദ്ധാരണ മൂലമാണ് അയാൾ പ്രയാസപ്പെടുന്നതെങ്കിൽ ശരിയായ വിവരം നൽകാൻ ശ്രമിക്കാം. അല്ലാത്ത സാഹചര്യത്തിൽ പോലും പ്രശ്നപരിഹാരത്തിന് കൂട്ടായി പ്രയത്നിക്കാം എന്ന് സന്ദേശം അയാൾക്ക് നൽകുകവഴി അയാളുടെ മാനസിക സമ്മർദം ഒട്ടൊന്ന്‌ ലഘൂകരിക്കാൻ നമുക്ക് കഴിഞ്ഞേക്കും.

4ഇത്രയുമൊക്കെ ചെയ്തിട്ടും അയാളുടെ പ്രയാസങ്ങൾ കുറയുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടാൻ പ്രേരിപ്പിക്കാം. മാനസികാരോഗ്യ വിദഗ്ധനെ നേരിട്ട് കണ്ട് ചികിത്സ തേടുകവഴി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രോത്സാഹിപ്പിക്കാം. സാധിക്കുമെങ്കിൽ ഡോക്ടറെ കാണാൻ പോകുമ്പോൾ അയാളോടൊപ്പം നമുക്കും പോകാം. മാനസിക സമ്മർദംമൂലം അയാൾക്ക് കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള പക്ഷം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിക്കാൻ നമുക്ക് ശ്രമിക്കാം. കൃത്യവും ശാസ്ത്രീയവുമായ ചികിത്സയിലൂടെ മിക്കവാറും മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാറുണ്ട്. തീവ്രമായ മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. എന്നാൽ ലഘുവായ മാനസിക സംഘർഷങ്ങൾക്ക് മനശ്ശാസ്ത്ര ചികിത്സയിലൂടെത്തന്നെ പരിഹാരം കാണാൻ കഴിഞ്ഞേക്കും.

5കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്താൻ സഹായിക്കുക. സമ്മർദം അനുഭവിക്കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചശേഷം അയാൾ ഒറ്റപ്പെട്ടുപോകാതെ ശ്രദ്ധിക്കാൻ വേണ്ട നിർദേശങ്ങൾ നൽകാം. അവരോടൊപ്പം ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽവാസികൾ എന്നിവർക്കൊക്കെ അയാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ പങ്കുവഹിക്കാൻ സാധിക്കും. ഇത്തരത്തിൽ ക്രമേണ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും.
ഓർക്കുക, ഒരു വ്യക്തിയുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് കേവലം അയാളുടെ മാത്രം ബാധ്യതയല്ല, അത് സാമൂഹിക ഉത്തരവാദിത്വമാണ്. ഈ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നപക്ഷം മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താനും അതുവഴി കൂടുതൽ ആളുകൾ മാനസികാരോഗ്യം കൈവരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കാനും സാധിക്കും.

വിഷാദരോഗമുണ്ടോ? സ്വയം തിരിച്ചറിയാം

താഴെ പറയുന്ന ചോദ്യങ്ങൾക്ക് കഴിഞ്ഞ രണ്ടാഴ്ചക്കാലം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടിരുന്നു എന്ന് പൂരിപ്പിക്കുക.

1. മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താത്പര്യമില്ലായ്മ
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

2. മനസ്സിന് വല്ലാത്ത സങ്കടവും പ്രതീക്ഷയില്ലായ്മയും നിരാശയും
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

3. ഉറക്കം വരാനോ ഉറക്കം നിലനിർത്താനോ പ്രയാസം അഥവാ അമിതമായ ഉറക്കം
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

4. വല്ലാത്ത ക്ഷീണം അഥവാ ഊർജസ്വലതയില്ലായ്മ
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

5. തീരെ വിശപ്പില്ലാത്ത അവസ്ഥ അഥവാ അമിതമായ വിശപ്പ്
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

6. നിങ്ങളെക്കുറിച്ച് വളരെ മോശമായ അഭിപ്രായം നിങ്ങൾക്ക് തോന്നുന്നോ?
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

7. ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

8. വളരെ സാവധാനം ചലിക്കുന്നു, സംസാരിക്കുന്നു എന്ന അവസ്ഥ
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

9. നിങ്ങൾ മരിക്കുന്നതാണ് നല്ലത്, ജീവിതം അവസാനിപ്പിക്കുന്നതാണ് ഭേദം എന്ന ചിന്ത
ഒട്ടുംതന്നെ ഇല്ല- 0
ചില ദിവസങ്ങളിൽ- 1
പകുതിയിലധികം ദിവസങ്ങളിൽ- 2
മിക്കവാറും ദിവസങ്ങളിൽ- 3

സ്‌കോർ അഞ്ചിന് മുകളിൽ ഉണ്ടെങ്കിൽ വിഷാദമുണ്ട്. സ്കോർ 5-9 എങ്കിൽ ലഘുവായ വിഷാദം. 10-14 ആണെങ്കിൽ സാമാന്യം തീവ്രതയുള്ള വിഷാദം. 15 ന് മുകളിലാണെങ്കിൽ നല്ല തീവ്രതയുള്ള വിഷാദം. 20 ന് മുകളിലാണെങ്കിൽ തീക്ഷ്ണമായ വിഷാദം. അഞ്ചിനുമുകളിൽ സ്‌കോർ ലഭിക്കുന്നവർ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടണം. 15 ന് മുകളിൽ സ്‌കോർ ലഭിച്ചവർക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരാം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗം പ്രൊഫസർ ആണ് ലേഖകൻ

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: importance of mental health, understanding depression and anxiety


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented