Representative Image | Photo: Gettyimages.in
രോഗങ്ങൾക്കെല്ലാം ശാരീരികവും മാനസികവുമായ തലങ്ങളുണ്ട്. ചൂടുപാത്രത്തിൽ തണുത്ത നെയ്യ് പകരുമ്പോൾ പാത്രത്തിന്റെ ചൂടുകൊണ്ട് നെയ്യ് ഉരുകുന്നതുപോലെയോ തണുത്ത പാത്രത്തിൽ ചൂട്നെയ്യ് പകരുമ്പോൾ പാത്രം ചൂടാകുന്നതുപോലെയോ ഉള്ള പരസ്പരബന്ധമാണ് ശരീരവും മനസ്സും തമ്മിൽ. ശാരീരിക രോഗാവസ്ഥകളിലെല്ലാം രോഗശാന്തിയെ നിർണയിക്കുന്ന ഒരു പ്രധാനഘടകം രോഗിയുടെ വൈകാരിക പ്രതികരണങ്ങളാണ്. ആകുലതകൾ അടക്കി, ആത്മവിശ്വാസത്തോടെ രോഗങ്ങളെ കീഴടക്കിയ എത്രയോപേർ നമുക്കിടയിൽ ഉണ്ട്. പക്ഷേ വിഷാദത്തിന്റെയും വികാരത്തിന്റെയും പിടിയിലമർന്ന് രോഗാവസ്ഥകളെ സങ്കീർണമാക്കുന്നവരും ധാരാളം.
വൈദ്യശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും മനസ്സിന് അസുഖം ബാധിക്കുന്നവരിൽ ഒരുശതമാനം രോഗികൾ പോലും നമ്മുടെ നാട്ടിൽ ശാസ്ത്രീയചികിത്സ തേടുന്നില്ല എന്നതാണ് വസ്തുത. ശരീരത്തിന് രോഗം വന്നാൽ ചികിത്സ തേടാൻ മടിയില്ല. എന്നാൽ മനസ്സിന് അസുഖം തോന്നിയാൽ, ശാസ്ത്രീയസഹായം സ്വീകരിക്കാൻ ഇന്നും വിമുഖതയാണ്.
ഉയർന്ന വിദ്യാഭ്യാസ ജീവിതനിലവാരവും ആരോഗ്യക്ഷേമരംഗത്തെ നേട്ടങ്ങളുമൊന്നും കേരളീയരുടെ മാനസികാരോഗ്യനിലയെ അനുകൂലമായി സ്വാധീനിച്ചിട്ടില്ല. വർധിച്ചുവരുന്ന സ്വാർഥതയും മത്സരബുദ്ധിയും ജീവിതത്തെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും എല്ലാം വ്യക്തികൾ തമ്മിലുള്ള പാരസ്പര്യത്തിന് വിള്ളൽ വീഴ്ത്തുന്നു. ബന്ധങ്ങളുടെ നിലനിൽപിനാധാരമായ കടമകളും കർത്തവ്യങ്ങളും വിട്ടുവീഴ്ചകളും പരസ്പരാശ്രയത്വവും എല്ലാം ലാഭേച്ഛയ്ക്കും അമിതമായ സ്വാതന്ത്ര്യബോധത്തിനും വഴിമാറുന്നു. ജീവിതത്തിന്റെ ഏത് മേഖലയിലും എന്തൊക്കെ സംഭവിച്ചാലും വല്ലാത്തൊരു നിസ്സംഗതയോടെ വെറും കാഴ്ചക്കാരായി പലപ്പോഴും മാറുന്ന അവസ്ഥയാണ്. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നിരുത്തരവാദപരമായ നിസംഗത മാനസികാരോഗ്യത്തെ അപചയത്തിലേക്ക് നയിക്കുന്നു.
ആധുനിക ജീവിതശൈലിയുടെ സമ്മർദങ്ങൾ മൂലം കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്നങ്ങൾ ഇപ്പോൾ കേരളം നേരിടുന്നുണ്ട്. കലഹങ്ങൾ, വിവാഹത്തകർച്ചകൾ, കൊലപാതകങ്ങൾ, അക്രമങ്ങൾ, കവർച്ചകൾ തുടങ്ങി കുടുംബങ്ങളെയും സമൂഹത്തെയും കലുഷമാക്കുന്ന ഏതുതരം താളപ്പിഴകളുടെയും അടിവേര് തേടിയാൽ മാനസികാരോഗ്യ തകർച്ചയുടെ ദയനീയചിത്രം കാണാൻ കഴിയും.
സ്ത്രീശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും ഉദ്യോഗവും അവരുടെ കാര്യശേഷിയും കർമശേഷിയും ഉദ്ദീപിപ്പിച്ചുവെങ്കിലും യാഥാസ്ഥിതിക കുടുംബങ്ങളിൽ അതുമൂലമുള്ള കലഹങ്ങളും അരക്ഷിതാവസ്ഥകളും ഭിന്നിപ്പുകളും വർധിച്ചു. മദ്യപാനികളുടെ എണ്ണത്തിലും ലഹരി ഉപയോഗത്തിലും വൻകുതിപ്പാണ് കേരളം കാണിക്കുന്നത്. ആത്മഹത്യയുടെ കാര്യത്തിലായാലും കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം തന്നെയാണ് മുന്നിൽ. ആത്മഹത്യകൾക്ക് പിന്നിലെ പ്രധാന കാരണം വികലവും ലോലവും ചഞ്ചലവുമായ മാനസികാവസ്ഥകളും മാനസികരോഗങ്ങളും തന്നെ. ജീവിത പ്രതിസന്ധികൾ രൂക്ഷമാവുമ്പോൾ പലരുടെയും മനസ്സിന്റെ താളംതെറ്റുന്നു.
മനോരോഗികളെ ചികിത്സിക്കാൻ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്സ്, റീഹാബിലിറ്റേഷൻ സ്പെഷലിസ്റ്റ് എന്നിവരടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ സേവനം ആവശ്യമാണ്. പലകാരണങ്ങൾ കൊണ്ടും നമ്മുടെ നാട്ടിൽ ഇത്തരമൊരു ടീമിന്റെ അഭാവം പ്രകടമായി കാണാം. കേന്ദ്രസർക്കാരിന്റെ ഡിസ്ട്രിക്റ്റ് മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സൗജന്യ മാനസികാരോഗ്യ ക്യാമ്പുകൾ നടത്തുന്നത് ഒരുപരിധിവരെ ജനങ്ങൾക്കാശ്വാസം നൽകുന്നുണ്ട്. പക്ഷേ ശാരീരികരോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃത്യവും ഫലപ്രദവുമായ രോഗനിർണയത്തിന് ഏറെ സമയം ആവശ്യമായ ഒന്നാണ് മനോരോഗചികിത്സ എന്നതിനാൽ സമയപരിമിതി മൂലം ഇത്തരം ക്യാമ്പുകളിൽ മാനസികരോഗികളെ ശരിയായവിധം പരിശോധിച്ച് രോഗനിർണയം നടത്താനോ കൗൺസിലിങ് ചെയ്യാനോ കഴിയാറില്ല.
മാനസികരോഗ ചികിത്സയിൽ ഔഷധങ്ങൾ പോലെ സുപ്രധാനമാണ് രോഗിയുടെ പുനരധിവാസം. മാനസികരോഗിയെ സ്വയംപര്യാപ്തരാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണ്. മാനസികരോഗ ചികിത്സാകേന്ദ്രങ്ങളോട് അനുബന്ധിച്ചുതന്നെ ഇത്തരം പുനരധിവാസകേന്ദ്രങ്ങൾ ആവശ്യമാണ്. നിർഭാഗ്യവശാൽ പുനരധിവാസ ചികിത്സയ്ക്ക് നമ്മുടെ നാട്ടിൽ തീരെ പ്രചാരം കൈവന്നിട്ടില്ല.
മാനസികരോഗികളുടെ പ്രശ്നങ്ങൾ പരസ്പരം പങ്കുവെക്കാനും സഹായിക്കാനും സമൂഹത്തിൽ ഇവരോടുള്ള അകൽച്ച അവസാനിപ്പിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും അവരുടേതായ ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിദേശരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും മാനസികരോഗികൾക്ക് ആശ്വാസകരമായ രീതിയിൽ ഇത്തരം നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കേരളത്തിൽ ഈ മേഖല വളരെ ദുർബലമാണ്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങേണ്ടതുണ്ട്.
തിരുവനന്തപുരം എം.ജി കോളേജ് മനഃശാസ്ത്രവിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..