Representative Image| Photo: Canva.com
സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് മിക്കയാളുകളും. എന്നാൽ ചിലയിടങ്ങളിൽ അതു ലഭിക്കുകയില്ലെന്നു മാത്രമല്ല വിവേചനവും നേരിട്ടേക്കാം. അത്തരം വിവേചനം നേരിടുന്നവരിൽ ഹൈപ്പർടെൻഷന് സാധ്യത കൂടും എന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
ജോലി സ്ഥലത്ത് വിവേചനം അനുഭവിക്കാത്തവരെ അപേക്ഷിച്ച് അത് നേരിട്ടവർക്ക് രക്തസമ്മർദം കൂടാനുള്ള സാധ്യത 54% ആണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയിൽ നിന്നുള്ള പ്രായപൂർത്തിയായ 1246 പേരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. പഠനത്തിൽ പങ്കെടുക്കും മുമ്പ് രക്തസമ്മർദമോ, ഹൈപ്പർടെൻഷനോ ഇല്ലാത്തവരായിരുന്നു അവരെല്ലാം. പകുതി പേർ സ്ത്രീകളും പകുതി പേർ പുരുഷന്മാരുമായിരുന്നു. എട്ടുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകർ വിലയിരുത്തലിൽ എത്തിയത്.
ജോലിയുടെ സ്വഭാവം, ജോലിസ്ഥലത്തെ അന്തരീക്ഷവും വ്യക്തികളുടെ പെരുമാറ്റവും, അവഗണനയും വിവേചനവും നേരിടുന്നുണ്ടോ, സ്ഥാനക്കയറ്റം നീതിപൂർവമാണോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കൊടുവിലാണ് ഹൈപ്പർടെൻഷനുമായുള്ള ബന്ധം വ്യക്തമായത്.
മിതമായ രീതിയിൽ വിവേചനം നേരിട്ടവരിലും ഹൈപ്പർടെൻഷൻ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇക്കൂട്ടരിൽ 22% ആണ് ഹൈപ്പർടെൻഷനുള്ള സാധ്യത വർധിച്ചത്.
വിവേചം നേരിടുകവഴി മാനസിക സമ്മർദം വർധിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാമെന്നും അതിലൊന്നാണ് ഹൈപ്പർടെൻഷൻ എന്നും പഠനത്തിൽ പങ്കാളികളായ ഗവേഷകർ വ്യക്തമാക്കി. തൊഴിലിടത്തിലെ അമിതസമ്മർദം വഴി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്ട്രെസ്സ് ഹോര്‍മോണുകളായ കോര്‍ട്ടിസോണ്‍, അഡ്രിനാലിന്‍ തുടങ്ങിയവ ബി.പി. കൂട്ടുന്നവയാണ്. രക്തസമ്മർദം കൂടുക വഴി മെറ്റബോളിക് തകരാറുകളും ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളും വർധിക്കാനിടയുണ്ടെന്നും ഗവേഷകർ പറയുന്നു.
സമ്മർദം അകറ്റാൻ ചിലവഴികൾ പരിശീലിക്കാം
- സമ്മർദത്തിന് ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാമെന്ന് കണ്ടെത്തുക.
- പ്രശ്‌നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുക.
- ദിനചര്യ ആസൂത്രണം ചെയ്യുക. ടൈം മാനേജ്‌മെന്റ് പരിശീലിക്കുക, നീട്ടിവയ്ക്കലുകള്‍ ഒഴിവാക്കുക.
- വിവിധയിനം റിലാക്‌സേഷന്‍ രീതികള്‍ അഭ്യസിക്കുക .
- വ്യായാമവും ആരോഗ്യഭക്ഷണവും ശീലമാക്കുക.
- അവരവര്‍ക്ക് വേണ്ടി അല്പം സമയം ചെലവഴിക്കുക.
- സ്വന്തം കഴിവുകളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതും അവയെക്കുറിച്ച് എഴുതിവയ്ക്കുന്നതും സമ്മര്‍ദം കുറയ്ക്കും.
- സ്വന്തം ശരീരത്തെ പരിപാലിക്കുക.
- ആറു മുതല്‍ എട്ടു മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക.
- പറയേണ്ട കാര്യങ്ങള്‍ സമാധാനപരമായി അവതരിപ്പിക്കുവാന്‍ ശീലിക്കുക.
- ദേഷ്യപ്പെടല്‍ കഴിയുന്നത്ര ഒഴിവാക്കുക, കോപനിയന്ത്രണം പരിശീലിക്കുക.
- ഒഴിവുസമയങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുകയും ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ പങ്കെടുക്കുകയും ഹോബികള്‍ കണ്ടെത്തുകയും ചെയ്യുക.
- ഓമനമൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുകയും ദിനവും അല്പസമയം അവയ്‌ക്കൊപ്പം ചെലവഴിക്കുകയും ചെയ്യുക.
- പ്രിയപ്പെട്ടവരോടൊപ്പം ഗുണനിലവാരമുള്ള സമയം പങ്കുവയ്ക്കുക.
- കൂട്ടുകാരോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും കുട്ടികളോടും സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും സമ്മര്‍ദത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാനും സമ്മര്‍ദം ചെറുക്കാന്‍ മെച്ചപ്പെട്ട വഴികള്‍ കൈക്കൊള്ളാനും സഹായിക്കും.
- ചെറിയ വെല്ലുവിളികള്‍ ഏറ്റെടുത്തു ശീലിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കും.
- ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക.
Content Highlights: How workplace discrimination can raise the risk of high blood pressure


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..