ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍: എരിഞ്ഞടങ്ങുന്നതിന് മുമ്പ് മറികടക്കാം


റോസ് മരിയ വിന്‍സെന്റ്

ഏത് തൊഴില്‍ മേഖലയിലായാലും ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാതെ നോക്കണം

Representative Image| Gettyimages.in

കെ.കെ. സ്വപ്‌നയെ അറിയുമോ? ജോലിസമ്മര്‍ദ്ദം ആത്മഹത്യ ചെയ്ത ബാങ്ക് മാനേജര്‍ എന്നാവും നമ്മള്‍ സ്വപ്നയെ അറിയുക. ഒരു ജോലി എന്ന സ്വപ്‌നം കാണുന്നവര്‍ ഏറെ ആഗ്രഹിക്കുന്ന സ്ഥാനത്തായിരുന്നു അവര്‍. എന്നാല്‍ ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ അവരെ ആത്മഹത്യയിലേക്ക് നയിച്ചു. സ്വപ്‌ന മാത്രമല്ല, ഇതുപോലെ നൂറ് സ്വപ്നമാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിധം നമ്മുടെ തൊഴില്‍ മേഖല മാറിക്കഴിഞ്ഞു. ടെന്‍ഷനില്ലാത്ത തൊഴിലിടങ്ങള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. ഇത്തരത്തില്‍ ജോലി സ്ഥലത്തെ ടെന്‍ഷനുകള്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്.

കൊറോണക്കാലം കൂടി വന്നതോടെ കമ്പനികളുടെ നിര്‍ബന്ധിത ടാര്‍ജറ്റുകളും വര്‍ക്ക് ഫ്രം ഹോമില്‍ അനുഭവപ്പെടുന്ന കൂടിയ ജോലിഭാരവും ഇതിനെല്ലാമൊപ്പം ജോലി സ്ഥലത്തെ അന്തരീക്ഷവും ഒക്കെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായാണ് പഠനങ്ങള്‍. ലോകത്താകെ 264 മില്യണ്‍ ജനങ്ങള്‍ ജോലി സ്ഥലത്തെ മോശം അവസ്ഥകള്‍ കൊണ്ടുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍. ഇത് മാത്രമല്ല കണക്കുകള്‍. ഇന്ത്യയില്‍ 70 ശതമാനം ആളുകള്‍ താങ്ങാന്‍ പറ്റാത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ ജോലിസ്ഥലത്തു നിന്ന് അനുഭവിക്കേണ്ടി വരുന്നതായാണ് കണക്ക്. ആഴ്ചയില്‍ ആറ് മുതല്‍ പത്ത് വരെ മണിക്കൂര്‍ ശമ്പളമില്ലാതെ അധിക ജോലി ചെയ്യേണ്ടി വരുന്നവര്‍ 46 ശതമാനമാണ്.

ടാര്‍ഗറ്റ് വച്ചുള്ള ജോലികള്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദത്തിന്റെ കാലമാണ്. ബാങ്കിങ് മേഖലയിലടക്കം ലോണുകളുടെ തിരിച്ചടവ് വൈകുന്നതും നിക്ഷേപങ്ങള്‍ കുറയുന്നതും പലരുടെയും ജോലി സ്ഥിരതയെത്തന്നെ ബാധിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സമാന സാഹചര്യങ്ങള്‍ കൂടി വരികയാണ്. പുതുതായി ബാങ്കിങ് മേഖലയില്‍ ജോലി തേടി എത്തുന്നവരെ കാത്ത് ടാര്‍ഗറ്റ് മലകള്‍ തന്നെയുണ്ട്. ' ടാര്‍ഗറ്റ് എത്തിച്ചില്ലെങ്കില്‍ ജോലി പോകും എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ടെന്ന്' പറഞ്ഞത് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പുതുതലമുറ ബാങ്ക് ഉദ്യോഗസ്ഥയാണ്.

പൊതുവേ സ്ത്രീകള്‍ക്ക് സുരക്ഷിതമെന്ന് കരുതപ്പെടുന്ന അധ്യാപന മേഖലയും ഇപ്പോള്‍ ടെന്‍ഷനുകളുടെ അഗ്നിപര്‍വതമാണ്. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപികമാരുടെ ജോലി ഭാരം പറഞ്ഞറിയിക്കാനാവാത്ത വിധമാണ്. പ്രത്യേകിച്ചും ഓണ്‍ലൈന്‍ ക്ലാസുകളുടെ ഈ സമയത്ത്. പണ്ട് അഞ്ച് മണിക്കൂര്‍ ക്ലാസ് എടുത്തിരുന്ന അധ്യാപകര്‍ പലരും എട്ട് മണിക്കൂറിന് മുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വരുന്നു. പലപ്പോഴും ക്ലാസുകളുടെ സമയത്തിനനുസരിച്ച് വീട്ടുജോലികളും മറ്റും ക്രമീകരിക്കാനാവാതെ ബുദ്ധിമുട്ടുന്നുണ്ട് ഇവര്‍. ' സാധാരണ ക്ലാസുകള്‍ പോലെ കുട്ടികളുമായി നേരിട്ടിടപഴകാത്തതിനാല്‍ ജോലിയില്‍ തൃപ്തി ലഭിക്കുന്നില്ലെന്ന് എറണാകുളത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ഡയാന പറയുന്നു. മാത്രമല്ല ശമ്പളത്തിലും കുറവ് വന്നിട്ടുണ്ട്. ഏത് നിമിഷവും ജോലി പേകാമെന്ന ഭീക്ഷണിയും.

ദീര്‍ഘകാലം ഒരേ മേഖലയില്‍ ജോലിഭാരത്തോടെ മുന്നോട്ടു പോകുന്ന വ്യക്തികളില്‍ ഒരു എരിഞ്ഞടങ്ങല്‍ അഥവാ Burn Out syndrome പ്രകടമാകാറുണ്ട്. കോവിഡ് മഹാമാരി നേരിടുന്ന പല ഡോക്ടര്‍മാരിലും ആരോഗ്യപ്രവര്‍ത്തകരിലും ഈ എരിഞ്ഞടങ്ങല്‍ പ്രക്രിയ വളരെ പ്രകടമാണ്. വര്‍ഷങ്ങളായി ഒരേ മേഖലയില്‍ തന്നെ ജോലി ചെയ്ത് വൈദഗ്ധ്യം നേടിയവര്‍പോലും ഇപ്പോള്‍ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. സമാനമായ ഒരവസ്ഥ ബാങ്കിങ് മേഖലയിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവരില്‍ കൂടി വരുകയാണ് ഇപ്പോള്‍. തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം ആരെയും വലിപ്പച്ചെറുപ്പമില്ലാതെ ബാധിക്കാം.

തൊഴിലിടങ്ങളിലെ സ്‌ട്രെസ്സ് നിങ്ങളെ ബാധിക്കുന്നുണ്ടോ

1. നിങ്ങളേറെ ഇഷ്ടപ്പെടുന്ന ജോലിയായിട്ടും ആത്മവിശ്വാസം കുറഞ്ഞതായി തോന്നാം

2. ജോലിക്കു പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ആധിയും ദേഷ്യവും തോന്നുന്നണ്ടെങ്കില്‍ തൊഴില്‍ സമ്മര്‍ദ്ദം നിങ്ങളെ ബാധിക്കുന്നുവെന്ന് കരുതാം

3. ഒരു കാരണവുമില്ലാതെ തന്റെ ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും താന്‍ ഒന്നിനും കൊള്ളാത്തവനുമാണെന്ന തോന്നലുകള്‍.

4. വര്‍ക്ക് സ്‌ട്രെസ് മൂലം കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലും സുഹൃദ്ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാവുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കണം.

5. ജോലി സമ്മര്‍ദ്ദത്തിന്റെ പേരില്‍ മദ്യം പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങളെ ആശ്രയിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോളൂ.

6. ജീവിതത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഇരിക്കുമ്പോള്‍ താനൊരു ഭാരമാണെന്ന തോന്നലും ആത്മഹത്യ ചിന്തകളും

7. ഉറക്കക്കുറവ്, ക്ഷീണം, ശാരീരിക അവശതകള്‍, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ് എന്നിവയ്‌ക്കൊടുവില്‍ ജോലി ഉപേക്ഷിക്കാമെന്ന തീരുമാനത്തില്‍ എത്തുന്നവരുമുണ്ട്.

8. പെട്ടെന്ന് ചെയ്ത് തീര്‍ത്തിരുന്ന ജോലികള്‍ക്ക് പോലും കൂടുതല്‍ സമയം വേണ്ടി വരുന്നു. ഇപ്പോഴാകെ ഉഴപ്പാണല്ലോ എന്ന കമന്റുകള്‍ കേട്ടുതുടങ്ങുന്നു.

9. ശാരീരിക അസുഖങ്ങള്‍ ഇടവിടാതെ വരുന്നുണ്ടോ, തലവേദന, നെഞ്ചെരിച്ചില്‍, അമിതമായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, കൈകാലുകളില്‍ വേദന, തലചുറ്റല്‍.. എന്നിങ്ങനെ കാരണമില്ലാത്ത രോഗങ്ങള്‍ വിടാതെ പിടികൂടുന്നതില്‍ ഒരു പങ്ക് മാനസിക സമ്മര്‍ദ്ദത്തിന്റേതാണ്. പലപ്പോഴും ഓഫീസില്‍ ഇരിക്കുമ്പോഴാകും ഇവ അനുഭവപ്പെടുക. അതുകൊണ്ട് ജോലിയില്‍ നിന്ന് അവധിയെടുക്കാനുള്ള പ്രവണതയും കൂടുതലാവും.

ജോലി ഭാരം മൂലമുള്ള വിഷാദത്തിന്റെ ലക്ഷണങ്ങള്‍

താഴെ പറയുന്ന ഒന്‍പതു ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും തുടര്‍ച്ചയായി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട വിഷാദത്തിലാണ് എന്ന് കരുതാം. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ ഒരു മാനസികാരോഗ്യവിദഗ്ധനെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.

1. നീണ്ടു നില്‍ക്കുന്ന വിഷാദഭാവം.

2. ടിവി കാണാനോ, പാട്ടു കേള്‍ക്കാനോ, സുഹൃത്തുക്കളുമായി സംസാരിക്കാനോ, വ്യായാമം ചെയ്യാനോ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ ഒന്നും താല്‍പര്യമില്ലാത്ത സ്ഥിതി.

3. അകാരണമായ ക്ഷീണം. സദാ സമയം കിടക്കണമെന്ന തോന്നല്‍, എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ

4. ഉറക്കക്കുറവ്. വിഷാദം തീവ്രമാകുന്ന മുറയ്ക്ക് ഉറക്കം പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ചെന്നെത്താം.

5. വിശപ്പില്ലായ്മ.

6. ഏകാഗ്രതക്കുറവ്. ചെയ്യുന്ന ജോലിയില്‍ മനസ്സ് കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു. ഒട്ടേറെ ചിന്തകള്‍ കടലു പോലെ വന്ന് ശ്രദ്ധ പതറും.

7. ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതയില്‍ ഉണ്ടാകുന്ന കുറവ്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാനും ഒരു പ്രവൃത്തി ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാനും സമയമെടുക്കുന്നു.

8. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ല എന്ന ചിന്ത. തന്നെയാരും മനസ്സിലാക്കുന്നില്ല, സഹായിക്കാന്‍ ആരുമില്ല, ഒറ്റപ്പെട്ടു പോയി എന്ന തോന്നലുകള്‍. അകാരണമായ കുറ്റബോധം വേട്ടയാടിത്തുടങ്ങും. ഒപ്പം താന്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ ബാധ്യതയാണ് എന്ന ചിന്തയും.

9. മരിക്കണം എന്ന ചിന്തയും ആത്മഹത്യാ പ്രവണതയും. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ആത്മഹത്യയുടെ പ്രധാനകാരണങ്ങളിലൊന്നും എന്നാല്‍ നമുക്ക് തടയാന്‍ കഴിയുന്നതുമായ ഒന്നാണ് വിഷാദ രോഗം.

തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ മറികടക്കാം

1. ഏത് തൊഴില്‍ മേഖലയിലായാലും ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാതെ നോക്കണം. ജോലി സമ്മര്‍ദ്ദം വീട്ടിലേക്ക് കൊണ്ടുപോകുന്നവരില്‍ ഉറക്കക്കുറവ് കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടത്തിയിട്ടുണ്ട്. ജോലിയിലെ പ്രശ്‌നങ്ങള്‍ വീട്ടില്‍ കൊണ്ടുപോകേണ്ട എന്ന് ചുരുക്കം. വീട്ടിലുള്ളവര്‍ക്കും ഇവരെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. തൊഴില്‍ സമ്മര്‍ദ്ദത്തിലാണ് കുടുംബാംഗം എന്ന് മനസ്സിലായാല്‍ ആവശ്യമായ മാനസിക പിന്തുണ കൊടുക്കാം.

2. മേലുദ്യോഗസ്ഥരുടെ നിലപാടുകളും സഹപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങളും എല്ലാം ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദങ്ങളുടെ പിന്നിലുണ്ട്. ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള ജോലികള്‍ ഏല്‍പിച്ചാല്‍ അതിന് നോ പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അതിനുള്ള തക്കതായ കാരണങ്ങളും നിങ്ങളുടെ പക്കലുണ്ടാവണമെന്ന് മാത്രം.

3. സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ സൗഹൃദം നിലനിര്‍ത്താം. കടുത്ത മത്സരബുദ്ധി വേണ്ട.

4. ഓഫീസ് ബുള്ളികള്‍ എന്നൊരു വിഭാഗം എല്ലാത്തരം ജോലിസ്ഥലങ്ങളിലും ഉണ്ടാകും. മനസ്സിനെ മുറിവേല്‍പിക്കുന്ന തരം കളിയാക്കലുകളാണ് ഇവരുടെ ആയുധം. അല്ലെങ്കില്‍ പരദൂഷണം. ഇത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് തന്നെ മനസ്സിന് സമാധാനം നല്‍കും. ബുള്ളി സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ സ്വകാര്യ ജീവിതത്തെയോ രൂപത്തെയോ നിങ്ങളുടെ രീതികളേയോ മുതല്‍ നിങ്ങളുടെ പരാജയങ്ങളെ വരെ പരിഹസിക്കാന്‍ സാധ്യതയുള്ളവരാണ്. അത്തരം പരിഹാസങ്ങളെ അവഗണിക്കാം. അമിതമാകുന്നെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാനും പ്രതികരിക്കാനും അവകാശമുണ്ട്.

5. കൃത്യമായി ഉറക്കം ശീലമാക്കാം. ഇതിനായി നിദ്രാ ശുചിത്വ വ്യായാമങ്ങള്‍ പരീക്ഷിക്കാം. നിശ്ചിത സമയത്ത് ഉറങ്ങാന്‍ കിടക്കുക. നിശ്ചിത സമയത്തു തന്നെ ഉണരുക. ഉച്ചയ്ക്കു ശേഷം ചായ, കാപ്പി, കോള തുടങ്ങിയ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. വൈകുന്നേരം ഉറങ്ങുന്നതിന് 5 മുതല്‍ 6 വരെ മണിക്കൂര്‍ മുന്‍പുള്ള സമയത്ത് അര മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് ലഘു വ്യായാമം ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുക. രാത്രിയില്‍ കിടക്കുന്നതിന് തൊട്ടു മുന്‍പ് ശ്വസന വ്യായാമങ്ങളോ പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷനോ പോലെയുള്ള വ്യായാമങ്ങള്‍ ശീലിക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യ മാധ്യമങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

6. ദിവസേന അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനോടൊപ്പം നമ്മുടെ ഏകാഗ്രത മെച്ചപ്പെടാന്‍ സഹായിക്കുന്ന ഡോപമിന്റെ അളവ് കൂടും. ഒപ്പം ആഹ്ളാദം വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍സിന്റെയും (Endorphins) അളവ് വര്‍ധിക്കും. സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുന്നതു വഴി വൈറ്റമിന്‍ ഡി യുടെ അളവ് രക്തത്തില്‍ കൂടുകയും അതു വഴി ശാരീരിക ക്ഷമതയും ഓര്‍മശക്തിയും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുകയും ചെയ്യും.

7. മീ ടൈം കണ്ടെത്താം. പാട്ടു കേള്‍ക്കുകയോ പാടുകയോ എഴുതുകയോ ചിത്രം വരയ്ക്കുകയോ നല്ല സിനിമകള്‍ കാണുകയോ അങ്ങനെ ഏറെ ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യാന്‍ അല്‍പനേരം മാറ്റിവയ്ക്കണം. അരമണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടൊപ്പം മനസ്സു തുറന്നു സംസാരിക്കാനുള്ള ക്വാളിറ്റി ടൈം കണ്ടെത്തേണ്ടതാണ്. അവര്‍ക്ക് മനസ്സു തുറക്കാന്‍ കുടുംബാംഗങ്ങള്‍ തങ്ങളുടെ സമയവും മാറ്റിവയ്ക്കണം.

8. അമ്മാരായ ജീവനക്കാരാണ് കൊറോണക്കാലത്ത് ഏറ്റവും അധികം സ്ട്രസ്സ് അനുഭവിക്കുന്നവര്‍. വര്‍ക്ക് ഫ്രം ഹോമിലായാലും ഓഫീസിലായാലും കുഞ്ഞിന്റെ കാര്യങ്ങളും ജോലിയും ഒരേ പോലെ കൊണ്ടുപോകാന്‍ ഇവര്‍ക്ക് പിന്തുണ വേണം. അത് നല്‍കാന്‍ വീട്ടില്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ളവ കൂടാന്‍ ജോലി സ്ഥലത്തെ സമ്മര്‍ദ്ദവും കാരണമാകും. സ്വന്തമായി അല്‍പം സമയം മാറ്റിവയ്ക്കാനും നന്നായി ഉറങ്ങാനും നല്ല ഭക്ഷണം കഴിക്കാനും അവരെ സഹായിക്കേണ്ടത് കുടുംബം തന്നെയാണ്. കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പിച്ച് ജോലിക്കു പോകേണ്ടി വരുന്ന അമ്മാര്‍ വലിയ കുറ്റബോധത്തിലൂടെ കടന്നുപോകാറുണ്ട്. സമൂഹത്തിനും അതിലൊരു വലിയ പങ്കുണ്ട്. ഇത്തരം ആളുകള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പരിഗണനയും ആവശ്യമാണ്.

ഇത്രയൊക്കെ ചെയ്താലും ചില വ്യക്തികള്‍ വിഷാദം പോലെയുള്ള അവസ്ഥകളിലേക്ക് പോകാം. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ തീര്‍ച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക. കാരണം ചികിത്സയിലൂടെ വിഷാദ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്താം.

(കടപ്പാട്- ഡോ. അരുണ്‍ ബി.നായര്‍. സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: How to manage stress and avoid work burnout during the pandemic

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented