പിതാവിന്റെ പീഡനത്തെത്തുടര്‍ന്ന് പ്രസവിച്ച പത്തുവയസ്സുകാരിയ്ക്ക് ഇനി നല്‍കണം മനശ്ശാസ്ത്ര പിന്തുണയും


അനു സോളമന്‍

Representative Image| Photo: Gettyimages

പത്തുവയസ്സുകാരിയായ പെണ്‍കുട്ടി പിതാവിന്റെ ലൈംഗിക ചൂഷണത്തെത്തുടര്‍ന്ന് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ അമ്മയാകേണ്ടി വന്ന ഈ കുട്ടിക്ക് നിരവധി ശാരീരിക-മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കുട്ടിക്ക് സമൂഹം നല്‍കേണ്ട മാനസിക പിന്തുണയെക്കുറിച്ച് വിശദമാക്കുകയാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. അരുണ്‍ ബി. നായര്‍.

പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ വിശ്വസിക്കേണ്ട ഒരാളായ അച്ഛന്‍ തന്നെ അവളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന വസ്തുത മനുഷ്യ വംശത്തിലുള്ള വിശ്വാസം തന്നെ അവള്‍ക്ക് ഇല്ലാതാക്കുന്ന അനുഭവമാണ്. കാരണം, ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ സംരക്ഷകനും അഭയകേന്ദ്രവും പ്രതീക്ഷയുമാണ് അവള്‍ക്ക് അവളുടെ അച്ഛന്‍. പല പെണ്‍കുട്ടികളും അമ്മയേക്കാള്‍ കൂടുതല്‍ അച്ഛനോട് മാനസികമായും വൈകാരികമായും അടുപ്പം പുലര്‍ത്തുന്നതായാണ് കണ്ടുവരുന്നത്. അച്ഛനും പെണ്‍മക്കളും നല്ല സുഹൃത്തുക്കളായി എന്തും തുറന്നുപറയുന്ന, പരസ്പരം പിന്തുണയ്ക്കുന്ന വ്യക്തികളായി ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ഒരു പെണ്‍കുട്ടിക്ക് സ്വന്തം പിതാവില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടാകുന്നത്.

ഏറ്റവും കൂടുതല്‍ സംരക്ഷിക്കേണ്ട വ്യക്തി തന്നെ പീഡകനായി മാറുമ്പോള്‍ ആരെയാണ് ആ കുട്ടിക്ക് വിശ്വസിക്കാന്‍ കഴിയുക? സ്വാഭാവികമായും ഏത് മനുഷ്യനെയും വിശ്വസിക്കുന്നതിന് ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയിലേക്ക് ആ പെണ്‍കുട്ടി നീങ്ങിക്കഴിഞ്ഞാല്‍ ആ കുട്ടിയെ കുറ്റംപറയാനാവില്ല.

മുറിവേല്‍ക്കുന്നത് പരസ്പര വിശ്വാസത്തിന്

ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നീണ്ടുനില്‍ക്കുന്ന വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ്. ഈയൊരു കഴിവിന് ഏറ്റവും കൂടുതല്‍ വളംവെക്കുന്നത് മാതാപിതാക്കളില്‍ നിന്ന് കുട്ടിക്ക് ഉണ്ടാകുന്ന നല്ല അനുഭവങ്ങളാണ്. മാതാപിതാക്കളെ വിശ്വസിക്കാന്‍ കഴിയും, തനിക്കൊരു പ്രതിസന്ധി വന്നുകഴിഞ്ഞാല്‍ അവര്‍ തനിക്കൊപ്പം നില്‍ക്കും, തന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും താങ്ങും തണലുമായി അവര്‍ നില്‍ക്കും എന്നൊക്കെയുള്ള വിശ്വാസവും അനുഭവവുമാണ് മനുഷ്യത്വം അല്ലെങ്കില്‍ അനുതാപം എന്നൊരു ഗുണം വ്യക്തിയുടെ മനസ്സില്‍ വികസിപ്പിച്ചെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി. ഈയൊരു കാര്യത്തിനാണ് ഇവിടെ തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം ഏതൊരു വ്യക്തിയെയും വിശ്വസിക്കാന്‍ മടിയുള്ള ഒരാളാകാന്‍ സാധ്യതയുണ്ട്.

ReadMore: പിതാവ് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ ഈ പത്തുവയസ്സുകാരിയെ ആ കുഞ്ഞെങ്ങനെ അമ്മേ എന്ന് വിളിക്കും!

കുട്ടിയുടെ മാനസിക ആരോഗ്യ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി വരുന്നത് ഈയൊരു പീഡനത്തിന്റെ വേദനകള്‍ മായുക എന്നത് മാത്രമല്ല. ഒപ്പം തന്നെ മറ്റൊരു വ്യക്തിയെ വിശ്വസിച്ച് പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള അവളുടെ കഴിവ് വികസിപ്പിച്ചെടുക്കുക എന്നതുകൂടിയായിരിക്കും. മാനസികാരോഗ്യ വിദഗ്ധരെ സംബന്ധിച്ചിടത്തോളം ഈ ചുമതല തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരിക്കും.

വേണം സമൂഹത്തിന്റെ പിന്തുണ

പത്തുവയസ്സുള്ള ഒരു കുട്ടി വൈദ്യശാസ്ത്ര നിര്‍വചനപ്രകാരം ബാല്യത്തില്‍ നിന്ന് കൗമരത്തിലേക്ക് കടന്നുതുടങ്ങുന്ന ഒരു കാലമാണ്. ജീവിതത്തിന്റെ ഗൗരവത്തെക്കുറിച്ച് ഒട്ടും മനസ്സിലാക്കാന്‍ കഴിവില്ലാത്ത, നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പഠിക്കുന്ന ഒരു കുട്ടിയാണ്. ഈ കുട്ടി ഇനിയുള്ള കാലം നമ്മുടെ സമൂഹത്തെ എങ്ങനെ നേരിടും എന്നത് ഒരു പ്രതിസന്ധിയാണ്. സമൂഹത്തിലേക്ക് മടങ്ങിയെത്തുന്ന ഈ കുട്ടിയെ ഒരു കൗതുകവസ്തുവായി ആളുകള്‍ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. പത്തുവയസ്സുകാരിയായ അമ്മ എന്നുള്ളത് പല ആളുകള്‍ക്കും പരിഹാസത്തോടെ വിളിക്കാന്‍ തോന്നുന്ന ഒരു പദപ്രയോഗമായേക്കാം. അതും സ്വന്തം അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭം ധരിച്ച് പ്രസവിച്ച ഒരു പെണ്‍കുട്ടി എന്ന് പറയുമ്പോള്‍ ഒരുപാട് അശ്ലീലച്ചുവയുള്ള ചോദ്യങ്ങളും നിരീക്ഷണങ്ങളും പ്രസ്താവനകളുമൊക്കെ സമൂഹത്തില്‍ ഈ പെണ്‍കുട്ടിക്ക് നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു ജാഗ്രതയും ബുദ്ധിയും പ്രകടമാക്കേണ്ടത്.

ഡോ. അരുണ്‍ ബി. നായര്‍

ദുരനുഭവങ്ങളെ മറക്കട്ടെ

ഈ കുട്ടിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായത് ആ കുട്ടിയുടെ കുറ്റമല്ല എന്ന് സമൂഹം തിരിച്ചറിയേണ്ടത് ആവശ്യമാണ്. അവളെ സംബന്ധിച്ചിടത്തോളം ഈയൊരു അനുഭവം മാനസികമായി അങ്ങേയറ്റം വേദനാജനകമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു മുഹൂര്‍ത്തമാണ് അമ്മയാവുക എന്നുള്ളത്. എന്നാല്‍ ഈ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ദാരുണമായ ഒരു അനുഭവത്തിലൂടെയാണ് അമ്മയാകേണ്ടി വന്നത് എന്ന് എല്ലാവരും ഓര്‍ക്കണം. അതുകൊണ്ടുതന്നെ സമൂഹം ഇക്കാര്യത്തില്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം ഈ ദുരനുഭവത്തിന്റെ ഓര്‍മകള്‍ പെണ്‍കുട്ടിക്ക് ഉണ്ടാകാതെ സൂക്ഷിക്കുക എന്നതാണ്. കഴിഞ്ഞുപോയ സംഭവത്തെക്കുറിച്ചോ വിശദാംശങ്ങളെക്കുറിച്ചോ ഈ പെണ്‍കുട്ടിയോട് ചോദിച്ച് അവളെ ആ ദുരനുഭവത്തിന്റെ വേദനാജനകമായ ഓര്‍മകളിലേക്ക് തള്ളിവിടാതിരിക്കുക എന്നത് അയല്‍വാസികളും ബന്ധുക്കളുമടക്കം എല്ലാവരും പുലര്‍ത്തേണ്ട ജാഗ്രതയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത് ചൂഷണം മൂലമാണെന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടാകും. അതുമായി ബന്ധപ്പെട്ട മൊഴിയെടുക്കല്‍ പോലെയുള്ള പ്രക്രിയകളിലും തീര്‍ത്തും അനുതാപപൂര്‍ണമായ ഒരു സമീപനം നിയമസംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നിരവധി പ്രാവശ്യം ഓര്‍ത്തെടുത്ത് അതിന്റെ വിശദാംശങ്ങള്‍ സഹിതം ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് വല്ലാത്ത വേദനയുണ്ടാക്കുന്ന കാര്യമാണ്. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ കുട്ടിക്ക് ഒരുതരത്തിലുള്ള മാനസിക സമ്മര്‍ദവും അനുഭവപ്പെടാത്ത തരത്തില്‍ വേണം അത്തരം നടപടികള്‍ മുന്നോട്ടുപോകേണ്ടത്.

കുട്ടിയുടെ പ്രസവാനന്തര ശാരീരിക ആരോഗ്യ സംരക്ഷണവും പ്രധാനമാണ്. പലപ്പോഴും ഈ ചെറുപ്രായത്തില്‍ അമ്മമാരാകുന്ന പെണ്‍കുട്ടികള്‍ക്ക് വിളര്‍ച്ചയും മറ്റ് ശാരീരിക അവശതകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരിശോധനകളിലൂടെ അത്തരം കാര്യങ്ങള്‍ നിര്‍ണയിച്ച് ആവശ്യമായ ചികിത്സയും പോഷകാംശമുള്ള ഭക്ഷണവും കുട്ടിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൂഷണത്തിന് വിധേയയായ ഒരു കുട്ടി എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഭരണകൂടത്തിന്റെ തന്നെ ഉത്തരവാദിത്തമാണ്. ആ കുട്ടിയുടെ സംരക്ഷണം തീര്‍ച്ചയായും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ചെറുപ്രായത്തിലെ പ്രസവം കുട്ടിയുടെ മാനസിക ആരോഗ്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കും. പ്രസവശേഷമുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് വേണ്ട പരിഹാരങ്ങള്‍ ചെയ്യേണ്ടതുണ്ട്.

കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ വരുന്നുണ്ടെങ്കില്‍ കൃത്യമായ മാനസികാരോഗ്യ പരിചരണവും ലഭ്യമാക്കേണ്ടതുണ്ട്. ഇത്തരം കുട്ടികള്‍ക്ക് മനശ്ശാസ്ത്ര സേവനങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്. പലപ്പോഴും ആരുടെയെങ്കിലും ഭാഗത്തുനിന്ന് കുട്ടിക്ക് നേരെ കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിരന്തരമായി നീണ്ടുനിന്ന പീഡനമാകുമ്പോള്‍ കുട്ടി അതിന് വഴങ്ങിക്കൊടുത്തു എന്ന മട്ടില്‍ കുറ്റപ്പെടുത്തുന്ന ബന്ധുക്കളും മറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരത്തിലുള്ള പരാമര്‍ശങ്ങളെല്ലാം കുട്ടിയുടെ മാനസികനിലയെ തകര്‍ക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കണം. ഇത്തരത്തിലുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍ അവരുടെ മനസ്സില്‍ നിന്ന് കുറ്റബോധം ഇല്ലാതാക്കുകയാണ് കൗണ്‍സലിങ്ങിന്റെ പ്രധാനപ്പെട്ട ദൗത്യം. ഇത് അവളുടെ കുറ്റം കൊണ്ട് സംഭവിച്ച കാര്യമല്ല, മറിച്ച് അവളരെ ചൂഷണം ചെയ്ത വ്യക്തിയുടെ പൂര്‍ണമായ കുറ്റമാണ്. അതുകൊണ്ടുതന്നെ അവള്‍ ഒരു കാരണവശാലും ലജ്ജിച്ച് തലതാഴ്‌ത്തേണ്ടതില്ല എന്ന് വ്യക്തമായി അവളെ ബോധ്യപ്പെടുത്തുകയാണ് ഏറ്റവും പ്രധാനം.

അതിനുശേഷം ഭാവിയില്‍ ഇത്തരത്തിലുള്ള അനുഭവങ്ങളിലേക്ക് പോകാതിരിക്കാന്‍ വേണ്ട പരിശീലനങ്ങളിലേക്കും കുട്ടിക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം, പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന കുട്ടികള്‍ വീണ്ടും അത്തരം അനുഭവങ്ങളിലേക്ക് ചെന്ന് വീഴുന്നതായി നിരവധി അനുഭവങ്ങളുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ മോശമായ ഒരു സമീപനം ഒരാളില്‍ നിന്ന് ഉണ്ടാകുന്നത് തിരിച്ചറിയാനും അതിനെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള സ്വഭാവദൃഢതാ പരിശീലനം (Assertiveness Training) ഈ കുട്ടിക്ക് നല്‍കേണ്ടതുണ്ട്. ഇഷ്ടമല്ലാത്തൊരു സമീപനം മറ്റൊരാളില്‍ നിന്നുണ്ടാകുമ്പോള്‍ ശക്തമായ ഭാഷയില്‍ സാധ്യമല്ല എന്ന് പറയാനും അത് നമുക്ക് വിശ്വസിക്കാവുന്ന വ്യക്തികളെ ഉടനടി അറിയിക്കാനും ഈ കുട്ടിയെ പരിശീലിപ്പിക്കേണ്ടതുണ്ട്.

മറ്റുള്ളവരുമായി പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ കുട്ടിയെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഒരു പക്ഷേ, ദീര്‍ഘകാലം വേണ്ടിവരുന്ന ശ്രമകരമായ ഒരു ദൗത്യമായിരിക്കും അത്.

പീഡന അനുഭവങ്ങളുമായി ബന്ധപ്പെട്ട വേദനകള്‍ മായ്ച്ചുകളയുന്നതിനുള്ള ലൈംഗിക രോഗ പരിഹാര ചികിത്സ (Sexual healing Therapy) ആവശ്യമായി വന്നേക്കാം. കാരണം, കുട്ടിക്കാലത്ത് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന പലര്‍ക്കും ഭാവിയില്‍ വിവാഹത്തിന് ശേഷം അല്ലെങ്കില്‍ സ്വന്തം താത്പര്യത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ബുദ്ധിമുട്ടുകളും ലൈംഗികാരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള പരിശീലനങ്ങളും കുട്ടിക്ക് നല്‍കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ വിഷാദം, അമിത ഉത്കണ്ഠ, വൈകാരിക അസ്വാസ്ഥ്യങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആ കുട്ടിക്ക് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടാകുന്ന പക്ഷം കൃത്യമായ ചികിത്സയിലൂടെ അവ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്.

Content Highlights: Pocso Case, Child Rape, Health, Mental Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented