Representative Image| Photo: Gettyimages
സന്തോഷം ചിന്തകള്‍ക്ക് വ്യക്തതയും വിശാലതയും നല്‍കും. സാമൂഹികബന്ധങ്ങള്‍ ശക്തമാക്കാനും അത് സഹായിക്കും. സര്‍ഗാത്മകത വര്‍ധിപ്പിക്കും. പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പരുവപ്പെടുത്തും. മാനസിക, ശാരീരിക ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കും. പക്ഷേ, എന്തില്‍നിന്നാണ് സന്തോഷം കിട്ടുക എന്ന് മുന്‍കൂട്ടിയറിയാന്‍ അത്രയെളുപ്പമല്ല. അതറിയുമായിരുന്നെങ്കില്‍ എല്ലാവരും സന്തോഷംകിട്ടുന്ന കാര്യങ്ങള്‍ മാത്രം ചെയ്തേനെ. ഏറെനാള്‍ പെടാപ്പാടുപെട്ട് ജോലിക്കയറ്റം നേടുകയോ മണിമാളിക നിര്‍മിക്കുകയോ ചെയ്തുകഴിഞ്ഞിട്ട് 'വിശേഷിച്ചൊരു സന്തോഷവും തോന്നുന്നില്ലല്ലോ, എന്തിനായിരുന്നു ഈ കഷ്ടപ്പാടൊക്കെ!' എന്ന് കണ്ണുമിഴിക്കേണ്ടിവരുന്ന അനേകര്‍ നമുക്കിടയിലുണ്ട്.
അര്‍ഥവത്തും സ്ഥായിയുമായ സന്തോഷം നല്‍കുന്നത് ഏതുതരം പെരുമാറ്റങ്ങളും ജീവിതസമീപനങ്ങളുമാണ് എന്നതിനെപ്പറ്റി കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങളില്‍ ലോകമെമ്പാടും ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവ വെളിപ്പെടുത്തിയ അപ്രതീക്ഷിതവും സുപ്രധാനവുമായ ചില ഉള്‍ക്കാഴ്ചകള്‍ പരിചയപ്പെടാം.
നിര്‍വചനം
'സന്തോഷം' എന്നതുകൊണ്ട് ഇവിടെയുദ്ദേശിക്കുന്നത് സര്വനേരത്തും കളിയും ചിരിയും എന്നല്ല. അങ്ങനെയൊരവസ്ഥ ആര്‍ക്കും സാധ്യവുമല്ല. മറിച്ച്, സന്തോഷം എന്ന് ഗവേഷകര്‍ വിളിക്കുന്നത്, മനസ്സില്‍ സമാധാന,സംതൃപ്തികളുണ്ടാവുക, സുഖവികാരങ്ങള്‍ സമൃദ്ധമായി അനുഭവപ്പെടുക, ദുഃഖം പോലുള്ള അഹിത വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനാവുക എന്നതൊക്കെയാണ്. ഇത്, കേവലം കളി, ചിരികള്‍ എന്ന അവസ്ഥയില്‍നിന്ന് കുറച്ചുകൂടി ആഴത്തിലുള്ള അനുഭവമാണ്.
ഓഹരി വിഹിതങ്ങള്‍
സ്വതേ നാം എത്രത്തോളം സന്തുഷ്ടരായിരിക്കും എന്നതിന്റെ അമ്പതുശതമാനവും നിര്‍ണയിക്കുന്നത് അച്ഛനമ്മമാര്‍ നമുക്കുതരുന്ന ജീനുകളാണ്. നമ്മുടെ വ്യക്തിത്വവും നല്ലതോ മോശമോ ആയ സംഭവവികാസങ്ങളെ നാം ഉള്‍ക്കൊള്ളുന്ന രീതിയുമൊക്കെ നല്ലൊരുപങ്കും നമ്മുടെ ജീനുകളാണ് നിശ്ചയിക്കുന്നത്. സന്തോഷത്തിന്റെ പകുതിയോഹരി ജന്മനാ നിശ്ചയിക്കപ്പെടുന്നതാണ്, നമ്മുടെ നിയന്ത്രണത്തിലേയല്ല എന്നര്‍ഥം.
ബാക്കിയുള്ള അമ്പതു ശതമാനമോ? തൊഴിലും വരുമാനവും സാമ്പത്തികനിലയുംപോലുള്ള ജീവിതപരിതസ്ഥിതികളുടെ സംഭാവന വെറും പത്തുശതമാനം മാത്രമാണ് എന്നതാണ് സാംഗത്യമുള്ള ഒരു കണ്ടെത്തല്‍.
ഇനിയും ബാക്കിയുള്ള നാല്പത് ശതമാനമാണ് സന്തോഷം കാംക്ഷിക്കുന്നവര്‍ക്ക് ഏറെ പ്രസക്തം. കാരണം, ഈ ഭാഗം നിര്‍ണയിക്കുന്നത്, ഏറെയൊക്കെ നമ്മുടെതന്നെ പൂര്‍ണനിയന്ത്രണത്തിലുള്ള, ചിന്തകളും ചെയ്തികളുമാണ്.
തെറ്റിദ്ധാരണകള്‍
ഏറെ സന്തോഷദായകമെന്ന് നാം പൊതുവേ ഗണിക്കാറുള്ള പല ഘടകങ്ങളും അങ്ങനെയല്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത്. ജീവിതത്തില്‍ സങ്കടം വിതയ്ക്കാവുന്ന പലതിനെയും ദൂരെമാറ്റിനിര്ത്താന് പണംകൊണ്ടേ സാധിക്കൂവെന്നത് വാസ്തവമാണ്. ഉണ്ണാനും ഉടുക്കാനും ഇല്ലാതെയും കാശു കൊടുക്കാനുള്ളവരെപ്പേടിച്ചും നാള്കഴിക്കുന്നവര്ക്ക് സന്തോഷം മരീചികയാവാം.
എന്നാല്‍, നിത്യച്ചെലവുകള്‍ക്കും പരിചിതമായിക്കഴിഞ്ഞൊരു ജീവിതരീതി നിലനിര്‍ത്തിപ്പോരാനും ആവശ്യമായതില്ക്കവിഞ്ഞ് വരുമാനം കൈവന്നെന്നുവെച്ച് ആനുപാതികമായി സന്തോഷം കൂടണമെന്നില്ല. ഫോബ്സ് 400 പട്ടികയിലുള്‍പ്പെട്ട അമേരിക്കന്‍ അതിസമ്പന്നരെ പഠനവിധേയമാക്കിയ ഗവേഷകര്‍ കണ്ടത് അവര്‍ ബാക്കിയുള്ളവരെക്കാള്‍ സന്തുഷ്ടരൊന്നുമല്ലെന്നാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (GDP) ഏറ്റമുണ്ടാവുമ്പോഴും ജനങ്ങളുടെ സന്തോഷനിലവാരം മാറ്റമില്ലാതെ തുടരുകയോ കുറയുക പോലും ചെയ്യുന്നുവെന്നാണ്.
ഏറെ വീടുകളിലും ടി.വിയും ഫോണുമൊക്കെ എത്തിയെങ്കിലും ജനങ്ങളുടെ ജീവിതസംതൃപ്തി കുറയുകയാണെന്നാണ് 1994 മുതല്‍ സര്‍വേകള്‍ നടക്കുന്ന ചൈനയില്‍ നിന്നുള്ള നിരീക്ഷണം. ഇതിന് പല വിശദീകരണങ്ങളുമുണ്ട്. വിലയേറിയ ഫോണോ വലിയൊരുവീടോ സ്വന്തമാകുമ്പോള്‍ തുടക്കത്തില്‍ വലിയ ത്രില്ലൊക്കെ അനുഭവപ്പെട്ടാലും പെട്ടെന്നുതന്നെ അവ ജീവിതരീതിയുടെ ഭാഗമായിമാറുകയും അവയുടെ പുതുമയും സന്തോഷമുളവാക്കാനുള്ള ശേഷിയും തേഞ്ഞുതീരുകയും ചെയ്യാം. ജോലിക്കയറ്റമോ ശമ്പള വര്‍ധനവോ കിട്ടിയാലുടന്‍ നാം കൂടുതല്‍ സമ്പന്നരായ സഹപ്രവര്‍ത്തകരുമായുള്ള താരതമ്യവും വരുമാനം ഇനിയും കൂട്ടുന്നതിനെപ്പറ്റിയുള്ള തലപുകയ്ക്കലും തുടങ്ങാം. ഇനിയുമെന്താണ് കൈവശപ്പെടുത്താനുള്ളത് എന്ന് സദാ മസ്തിഷ്കോദ്ദീപനം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ സ്വന്തമായുള്ള വസ്തുവകകളെ നന്നായാസ്വദിക്കാനും സന്തോഷസംതൃപ്തികള് പകര്‍ന്നേക്കാവുന്ന വ്യക്തിബന്ധങ്ങള്ക്കായി സമയം ചെലവഴിക്കാനും കഴിയാതെ വന്നേക്കാം.
ചില ജീവിതഘട്ടങ്ങള്‍ സന്തോഷരഹിതമാകാമെന്ന മുന്‍വിധി പ്രബലമാണ്. സംഘര്ഷപൂരിതമെന്ന് കരുതപ്പെടുന്ന കൗമാരം, ചിന്താക്കുഴപ്പം നിറയുന്നതെന്നു പേരുകേട്ട മധ്യവയസ്സ് ('മിഡ്ലൈഫ് ക്രൈസിസ്'), ദുരിതം അലട്ടുന്നതെന്ന് വിശ്വസിക്കപ്പെടുന്ന വാര്‍ധക്യം എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ ഇവയൊന്നും മനസന്തോഷത്തെ ബാധിക്കുന്നില്ലെന്നാണ് വിവിധ രാജ്യങ്ങളില്‍ നടന്ന സര്‍വേകള്‍ വെളിപ്പെടുത്തിയത്. വിഷാദം, ഉത്കണ്ഠാരോഗങ്ങള്‍ എന്നീ മാനസികപ്രശ്നങ്ങള്‍ സ്ത്രീകളില്‍ താരതമ്യേന കൂടുതലാണ്. എങ്കില്‍പ്പോലും സന്തോഷവും ജീവിതസംതൃപ്തിയും ആണിലും പെണ്ണിലും തുല്യമാണ്.
സന്തോഷത്തിന്റെ താക്കോല്‍
സന്തോഷത്തിന്റെ നാല്പതുശതമാനവും നിര്‍ണയിക്കുന്നത് നമ്മുടെ ചിന്തകളും പ്രവൃത്തികളുമാണെന്ന് മുന്‍പേ പറഞ്ഞു. ഇവ രണ്ടിലും ഏതേതുരീതികള് പയറ്റിയാലാണ് സന്തോഷം കരസ്ഥമാവുക? ഗവേഷണങ്ങളുടെ ഉരകല്ലില്‍ മാറ്റുതെളിയിച്ച പതിനഞ്ച് വിദ്യകളിതാ:
- കണ്ണാടികോശങ്ങള് (മിറര്‍ ന്യൂറോണ്‍സ്) എന്ന മസ്തിഷ്കനാഡികള് ചുറ്റുമുള്ളവരുടെ വികാരങ്ങളെ നമുക്കുള്ളിലും ജനിപ്പിക്കും. അതുകൊണ്ട് സന്തുഷ്ടരുമായി ചങ്ങാത്തം സ്ഥാപിക്കുകയും സമയം ചെലവിടുകയും ചെയ്യുക.
- പണം നല്ല അനുഭവങ്ങള്‍ക്കായി വിനിയോഗിക്കുക. തലച്ചോറില്‍ വികാരങ്ങളായിപ്പതിയുക അനുഭവങ്ങളാണ്; പോക്കറ്റില്‍ ലേറ്റസ്റ്റ് മോഡല്‍ ഫോണുള്ളതോ പോര്‍ച്ചില്‍ മുന്തിയൊരു കാറുള്ളതോ അല്ല. ആഡംബരവസ്തുക്കള്‍ക്ക് കാലക്രമേണ മൂല്യം നഷ്ടപ്പെടുമെങ്കില് ഓര്‍മകള്‍ക്ക് പഴകുന്തോറും തിളക്കമേറും.
- പാട്ട് കേള്‍ക്കുമ്പോള്‍ പൂര്ണാസ്വാദനം കിട്ടാനായി കണ്ണുകളടയ്ക്കുന്നപോലെ സന്തോഷമുഹൂര്ത്തങ്ങളെ തികവോടെ അനുഭവിക്കാന്‍, ശ്രദ്ധ തിരിച്ചേക്കാവുന്ന അപ്രസക്തകാര്യങ്ങളെ ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുക.
- നല്ല അനുഭവങ്ങള്‍ക്കുശേഷം അവയെന്തുമാത്രം മൂല്യമുള്ളതാണെന്ന് സ്വയം ഓര്‍മിപ്പിക്കുക. പ്രിയമുള്ളവരോട് അവയെപ്പറ്റി സംസാരിക്കുക. അവയുടെ സ്മരണികകളായി എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുകയോ അവയിലെ രംഗങ്ങള്‍ ഫോട്ടോ പോലെ മനസ്സില്‍ പതിക്കുകയോ ചെയ്ത്, അവ ഉപയോഗപ്പെടുത്തി ആ അനുഭവങ്ങളെ ഇടയ്ക്കൊക്കെ അയവിറക്കുക.
- നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അനാവശ്യ എളിമ കാണിക്കാതെ, സ്വയം അഭിനന്ദിക്കുക. അതിനായി എന്തുമാത്രം പരിശ്രമിച്ചു, എത്രത്തോളം ത്യാഗങ്ങള്‍ സഹിച്ചു, എത്രകാലം കാത്തിരുന്നു എന്നതൊക്കെ സ്വയം ഓര്‍മപ്പെടുത്തുക. ദിനാന്ത്യങ്ങളില്‍, അന്നുനടന്ന മൂന്ന് നല്ലകാര്യങ്ങളും അവ സ്വായത്തമാക്കുന്നതില്‍ വഹിച്ച പങ്കും എവിടെയെങ്കിലും കുറിക്കുക.
- ജീവിതത്തിന്റെ ഒഴുക്കിനൊത്ത് ചുമ്മാ നീങ്ങാതെ, ദിനചര്യകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും സന്തോഷദായകമായ കാര്യങ്ങള്‍ക്ക് സമയം ഉറപ്പുവരുത്തുകയും ചെയ്യുക.
- സ്വന്തം കഴിവുകളും ശക്തികളും തിരിച്ചറിയുക. അവയെ പരിപോഷിപ്പിക്കുകയും അനുദിനജീവിതത്തില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക. കഴിവുകളോട് ചേര്‍ന്നുപോകുന്നതും അവയെ ഉപയോഗപ്പെടുത്തേണ്ടതായ ജോലിയും ഹോബികളും ബന്ധങ്ങളും തിരഞ്ഞെടുക്കുക.
- നല്ല സുഹൃദ്ബന്ധങ്ങളും സാമൂഹികജീവിതവും സന്തോഷത്തിലേക്ക് നയിക്കും. കുടുംബവും കൂട്ടുകാരുമൊത്ത് സമയം പങ്കിടാനും മനസ്സുതുറക്കാനും വിവിധകാര്യങ്ങളില്‍ സഹകരിക്കാനും മനസ്സിരുത്തുക. ബന്ധങ്ങളുടെ എണ്ണമല്ല, ആഴമാണ് മുഖ്യം.
- ഇഷ്ടകാര്യങ്ങളില്‍ മുഴുകുമ്പോള്‍ നമുക്ക് ജീവിതത്തിന്റെ സ്വച്ഛത അനുഭവിക്കാന്‍ കഴിയും. 'ഫ്ളോ' എന്നാണ് മനഃശാസ്ത്രജ്ഞര്‍ ഈയൊരവസ്ഥയെ വിളിക്കുന്നത്. ഉള്ള കഴിവുകള്‍ക്ക് ചേര്‍ന്നതും എന്നാല്‍, ഇത്തിരി വെല്ലുവിളി ഉയര്‍ത്തുന്നതും അര്‍ഥവത്തായൊരു ലക്ഷ്യമുള്ളതുമായ പ്രവൃത്തികളാണു 'ഫ്ളോ' സമ്മാനിക്കുക. ഏത് പ്രവൃത്തിയെന്നത് ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാം. ഏതൊരു ദൈനംദിനകാര്യങ്ങളിലും 'ഫ്ളോ' കണ്ടെത്താം. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല, സ്വതാത്പര്യത്തോടെ വേണം ഏതൊരു പ്രവൃത്തിയും ചെയ്യാന്‍. ഏത് പ്രവൃത്തിയും ചെയ്യുന്നത് ഏകാഗ്രതയോടെയാകണം. ആത്മവിശ്വാസത്തോടെ സമീപിക്കണം. ചെയ്യുന്നകാര്യത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിയാന്‍ ശ്രമിക്കണം. എപ്പോഴും അടുത്ത തലത്തിലേക്ക് ഉയരാനുളള ആവേശം ഉണ്ടായിരിക്കണം.
- കൃതജ്ഞതാബോധം ഉള്ളിലുണരുമ്പോഴെല്ലാം ദുര്‍വികാരങ്ങള്‍ ദൂരീകരിക്കപ്പെടും, സദ്വികാരങ്ങള് തല്സ്ഥാനത്തുവരും, പേശികള്‍ക്ക് പിരിമുറുക്കം കുറയും, പൊതുവേയൊരു ഉണര്‍വും ഊര്‍ജസ്വലതയും തോന്നുമെന്നൊക്കെ പഠനങ്ങളുണ്ട്.
- ശുഭാപ്തിവിശ്വാസം ശീലിക്കുക. തിക്താനുഭവങ്ങള്‍ നേരിടുമ്പോള്‍ അവ താത്കാലികം മാത്രമാണ്, ജീവിതത്തിന്റെ ഒരംശത്തെയേ ഗ്രസിച്ചിട്ടുള്ളൂ, ഇന്നയിന്ന കഴിവുകളും കാര്യങ്ങളുമുപയോഗിച്ച് അവയെ മറികടക്കാനാകും എന്നൊക്കെ സ്വയമോര്‍മിപ്പിക്കുക.
- സ്വസന്തോഷത്തില്മാത്രം ശ്രദ്ധയൂന്നുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുഭവിക്കാന്‍ കിട്ടുന്ന ആനന്ദത്തെ ക്ലിപ്തപ്പെടുത്താം. മറ്റുള്ളവര്‍ക്കുകൂടി സന്തോഷം പകരുന്നത് ജീവിതസംതൃപ്തിയും സ്വയംമതിപ്പും തനിക്കും പ്രസക്തിയുണ്ട് എന്ന ബോധവും തരും. തന്റെ കര്‍മങ്ങള്‍ക്ക് പുറംലോകത്ത് അനുരണനങ്ങളുണ്ട് എന്ന ബോധ്യം ജീവിതം അര്‍ഥവത്താണ് എന്ന ആശ്വാസമുളവാക്കും.
- ജീവിതവേഗം കുറയ്ക്കുക. ഇത്തിരിയൊരു മന്ദഗതി ജീവിതത്തെ കൂടുതല്‍ ആഴത്തില്‍, കൂടുതല്‍ ശോഭയോടെ ആസ്വദിക്കാന്‍ സഹായിക്കും.
- സമാനമനസ്കരുമായി ബന്ധങ്ങള്‍ക്ക് അവസരം കണ്ടെത്തുക.
- വ്യായാമം പതിവാക്കുക. വ്യായാമവേളയില്‍ തലച്ചോറില്‍ എന്‍ഡോര്‍ഫിനുകള്‍ എന്ന കെമിക്കലുകള്‍ സ്രവിക്കപ്പെടുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
മേല്പറഞ്ഞ വിദ്യകള്‍ക്ക് നല്ല ഫലപ്രാപ്തി കിട്ടാന്‍ മനസ്സിരുത്തേണ്ട ചില കാര്യങ്ങള്‍ കൂടി:
- ഒരു കാര്യംതന്നെ ആവര്ത്തിച്ചുചെയ്തുകൊണ്ടിരുന്നാല് അത് യാന്ത്രികമായി ഭവിക്കുകയും തലച്ചോര്‍ അതിനോടുവേണ്ടുംവിധം പ്രതികരിക്കാതാവുകയും ചെയ്യാം. നാനാവിധം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ല കാര്യമാണ്. ഒരുകാര്യംതന്നെ വീണ്ടും വീണ്ടും ചെയ്യേണ്ടതുണ്ടെങ്കില്‍ രീതികളില്‍ നിരന്തരം പുതുമകള്‍ പരീക്ഷിച്ച് വൈവിധ്യം ഉറപ്പാക്കുക.
- സ്വന്തം വ്യക്തിത്വത്തോടും ഇഷ്ടാനിഷ്ടങ്ങളോടും ജീവിതലക്ഷ്യങ്ങളോടും ചേര്ന്നുനില്ക്കുന്നതും ലഭ്യമായ വിഭവങ്ങള്വെച്ച് ഫലപ്രദമായി നടപ്പാക്കാവുന്നതുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുക.
- ''സന്തോഷം പൂമ്പാറ്റകളെപ്പോലെയാണ്; പിടിക്കാനായി പുറകേക്കൂടിയാല് ഓടിയകന്നുകൊണ്ടേയിരിക്കും. അതിനെവിട്ട് നാം മറ്റുകാര്യങ്ങളില്‍ മുഴുകിത്തുടങ്ങിയാല് പതിയെ വന്ന് നമ്മുടെ തോളിലിരിക്കയും ചെയ്യും,'' എന്ന വചനത്തെ ശാസ്ത്രവും ശരിവയ്ക്കുന്നുണ്ട്. സന്തോഷത്തിന് അമിതപ്രാധാന്യം കല്പിച്ച് സര്‍വശക്തിയുമെടുത്ത് അതിനെ പിന്തുടരുന്നവര്‍ക്ക് നല്ല ജീവിതാനുഭവങ്ങളില്നിന്നുപോലും സന്തോഷം നുകരാനാവാതെ പോകാമെന്നും വിഷാദരോഗത്തിന് സാധ്യതയേറുമെന്നും പഠനങ്ങളുണ്ട്. നാം പോലുമറിയാതെ സന്തോഷം മനസ്സിലെത്തുകയാണ് ചെയ്യുക. അല്ലാതെ സന്തോഷം വന്നോ, സന്തോഷം വന്നോ എന്ന് ഇടയ്ക്കിടെ പരിശോധിക്കാന്‍ പോകുന്നവര്‍ക്ക് മനഃസംഘര്ഷമാവാം ഫലം.
- സന്തോഷ-സംതൃപ്തികളും ദുഃഖ-വൈഷമ്യങ്ങളും തമ്മില്‍ ആരോഗ്യകരമായൊരു ബാലന്‍സിനാണ് ലക്ഷ്യമിടേണ്ടത്. സങ്കടവും ദേഷ്യവും ആശങ്കയും പോലുള്ളവികാരങ്ങളും ജീവിതാഭിവൃദ്ധിക്ക് അനുപേക്ഷണീയംതന്നെയാണ്. ''കുഴപ്പത്തില്‍ അകപ്പെട്ടിരിക്കയാണ്,'' ''ചെയ്യുന്നതു നിയമലംഘനമാണ്,'' ''ഈ പോക്ക് അപകടത്തിലേക്കാണ്,'' ''ഇന്നയാളെ വിശ്വസിക്കാന്‍ കൊള്ളില്ല,'' എന്നൊക്കെയുള്ള മുന്നറിയിപ്പുകള്‍ മനസ്സ് നമുക്കുതരുന്നത് പലപ്പോഴും ഇത്തരം വികാരങ്ങളുടെ രൂപത്തിലാണ്. പ്രതിസന്ധികളെ നേരിടുമ്പോള്‍ ഇത്തിരി പേടിയും ഉത്കണ്ഠയും ഹൃദയത്തെയും മറ്റവയവങ്ങളെയും വേണ്ടുംവണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
Content Highlights: Stress, Happiness, Health, Wellness, Mental Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..