Representative Image | Photo: Gettyimages.in
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ഒരു 'വര്‍ക്ക്ഔട്ട് മെഷീന്' ആണ് സൈക്കിള്‍. സൈക്ലിങ് വ്യായാമം ഒരു കാര്‍ഡിയോ വര്‍ക്ക്ഔട്ട് ആണ്. സൈക്കിള്‍ ചവിട്ടുന്നത് കാലുകളിലെ കാഫ് പേശികള്‍ക്ക് ഉറപ്പും അരക്കെട്ടിന് താഴെയുള്ള ഭാഗത്തിന് ഒതുക്കവും നല്‍കും. ശരീരത്തിലെ അമിത കലോറിയെയും കൊഴുപ്പിനെയും നീക്കി ഭാരം കുറയ്ക്കാനും ശരീരത്തിന് നല്ല ആകൃതി നല്‍കാനും ഇത് സഹായിക്കും.
ഈ വര്‍ക്ക്ഔട്ട് തുടങ്ങി 20 മിനിറ്റ് കഴിയുമ്പോഴാണ് കൊഴുപ്പ് എരിഞ്ഞുതീരാന്‍ തുടങ്ങുന്നത്. അതിനാല്‍ കുറഞ്ഞത് മുപ്പത് മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയം വേണം സൈക്കിള്‍ ചവിട്ടാന്‍.
സൈക്ലിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- നിരപ്പായ പ്രതലത്തിലൂടെ സൈക്ലിങ് ആരംഭിക്കുക. കുറച്ചുനേരം ഇത് ശീലമായിക്കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടാം. തുടക്കക്കാര്‍ അരമണിക്കൂറില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടരുത്. ശരീരത്തിന് ശീലമായിക്കഴിഞ്ഞ് പതുക്കെ വേഗത വര്‍ധിപ്പിക്കാം.
- സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങുന്നതിന് മുന്‍പ് അല്പനേരം ശരീരത്തിന് സ്ട്രെച്ചിങ് വ്യായാമം നല്‍കാം. അല്ലെങ്കില്‍ മോശം വഴികളിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ അത് ശരീരത്തിന്റെ പുറംഭാഗത്തിന് സ്ട്രെയിന്‍ കൂട്ടാനും പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടാനും ഇടയാക്കുന്നു. ഇതൊഴിവാക്കാന്‍ സൈക്കിള്‍ചവിട്ടാന്‍ തുടങ്ങുന്നതിന് മുന്‍പായി നന്നായി ശരീരം സ്ട്രെച്ച് ചെയ്യണം. കൈകള്‍, നടുവ്, കാലുകള്‍ എന്നിവയ്ക്കും ശരീരത്തിന്റെ പിന്‍ഭാഗത്തിനും നട്ടെല്ലിനും വ്യായാമം നല്‍കണം.
- ഭാരം കുറയ്ക്കുന്നതിന് ഒരാള്‍ ദിവസവും 20-30 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടണം. കൂടുതല്‍ ദൂരം സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ സൈക്കിള്‍ ചവിട്ടുന്ന സമയം കൂട്ടുന്നതാണ് നല്ലതെന്നും ഫിറ്റ്നസ്സ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടണം.
- തിരക്കേറിയ റോഡിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ നല്ല വേഗതയില്‍ പോകാനാകില്ല. അതിനാല്‍ ഇടയ്ക്ക് വേഗത കൂട്ടിയും ഇടയ്ക്ക് കുറച്ചും ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാം. വേഗത വല്ലാതെ കൂടിയോ കുറഞ്ഞോ പോകരുത്. സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമായി നിരീക്ഷിക്കണം. മിനിറ്റില്‍ 100 എന്ന തരത്തിലായിരിക്കും ഇത്. ഇത് കൂടുതലായാല്‍ അല്പസമയം വേഗത കുറയ്ക്കാം. അപ്പോള്‍ വീണ്ടും പഴയനിലയിലേക്കെത്തും. ഇങ്ങനെ ഹൃദയമിടിപ്പ് കൂട്ടിയും കുറച്ചും കാര്‍ഡിയോ വര്‍ക്ക്ഔട്ട് പരിശീലിക്കാം.
- ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നുണ്ടെങ്കില്‍ അത് സൈക്ലിങ്ങിന് മുന്‍പ് ചെയ്യുന്നതാണ് നല്ലത്. കാരണം, സൈക്ലിങ് കഴിയുമ്പോഴേക്കും ശരീരത്തിലെ ഊര്‍ജത്തിന്റെ നല്ലൊരു പങ്കും തീര്‍ന്നുപോകും. പിന്നീട് വെയ്റ്റ് ട്രെയ്നിങ് ചെയ്യാന്‍ സാധിച്ചെന്നും വരില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..