രോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ് ചര്‍മ്മസംരക്ഷണം. വേനല്‍ക്കാലം കൂടി എത്തിയതോടെ ചൂടും പൊടിയും വിയര്‍പ്പും ഏല്‍ക്കാതെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ അല്‍പ്പം കഷ്ടപ്പെടേണ്ടി വരും. ചര്‍മ്മത്തിന്റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ഇവയെല്ലാം പലപ്പോഴും ചര്‍മ്മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് ചര്‍മ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. 

വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം, സാധാരണ ചര്‍മ്മം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചര്‍മ്മമാണ് ഉള്ളത്. വേനല്‍ കടുക്കുമ്പോള്‍ വരണ്ട ചര്‍മ്മം കൂടുതല്‍ അപകടത്തിലാവും. കടുത്ത ചൂടിലും പൊടിയിലും വരണ്ട ചര്‍മ്മത്തിന് ആരോഗ്യമേകാന്‍ ഇതാ ഫലപ്രദമായ വഴികള്‍. 

സ്‌നേഹഗ്രന്ഥിയുടെ പ്രവര്‍ത്തന മാന്ദ്യമാണ് വരണ്ട ചര്‍മ്മത്തിന്റെ കാരണം. തൊലിവരണ്ടതും മൊരി പിടിച്ചതും മയമില്ലാത്തതും എളുപ്പം വിണ്ടുകീറുന്നതുമായിരിക്കും. ഇത്തരം ചര്‍മ്മക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ചില ഫേസ്പാക്കുകള്‍ ഇതാ

കടലമാവും തൈരും

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മമുള്ളവര്‍ തേങ്ങാപ്പിണ്ണാക്ക് ഉപയോഗിച്ച് മുഖം കഴുകുന്നത് ജലാംശം നിലനിര്‍ത്താനും മുഖകാന്തി വര്‍ധിപ്പിക്കാനും സഹായിക്കും. 

കക്കിരിയും കറ്റാര്‍വാഴയും

കറ്റാര്‍ വാഴയുടെ വഴുവഴുപ്പുള്ള മധ്യഭാഗം ചുരണ്ടിയെടുക്കുകയ ഇത് ചെറുതായി ചുരണ്ടിയ കക്കിരിയുമായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യും. 

പപ്പായയും തേനും

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം  മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഈ മിശ്രിതം സഹായിക്കും. പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍.

ഏത് തരത്തിലുള്ള നാച്ചുറല്‍ ഫെയ്‌സ്പാക്ക് ഇടുന്നതിനു മുന്‍പു മുഖം അഞ്ച് മിനുട്ട് ആവി കൊള്ളിച്ച് നേര്‍ത്ത തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങളും പച്ചക്കറിയകളും ധാരാളം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. നന്നായി ഉറങ്ങുകയും വ്യായാമം ശീലിക്കുകയും ചെയ്താല്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കാം.