വ്യായാമം ചെയ്യാത്തവരിൽ ഹൃദ്രോഗസാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഇരട്ടിയാണ്. നന്നായി വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിട്ടില്‍ 50 പ്രാവശ്യം മിടിച്ചുകൊണ്ട് പമ്പ് ചെയ്യുന്ന രക്തം അതേ അളവില്‍ പമ്പ് ചെയ്യണമെങ്കില്‍, വ്യായാമമില്ലാത്ത ഒരാളുടെ ഹൃദയം 75 പ്രാവശ്യം സ്പന്ദിക്കണം. അപ്പോള്‍ വ്യായാമരഹിതനായ ഒരാളുടെ ഹൃദയം ജീവസന്ധാരണത്തിനുള്ള രക്തം പമ്പ് ചെയ്യാന്‍ വ്യായാമമുള്ള ആളെ അപേക്ഷിച്ച് ദിവസം 36,000 പ്രാവശ്യം (ഒരു വര്‍ഷത്തില്‍ 130 ലക്ഷം പ്രാവശ്യം) കൂടുതലായി അധ്വാനിക്കണമെന്നര്‍ഥം. അമിതാധ്വാനം കൊണ്ട് ഇക്കൂട്ടരുടെ ഹൃദയശേഷി വളരെ നേരത്തെ ക്ഷയിക്കുമെന്നതാണു സത്യം.

ഒരു പ്രാവശ്യം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് കൃത്യമായ വ്യായാമം കൊണ്ട് മറ്റൊന്നുണ്ടാകുന്നതില്‍ നിന്ന് രക്ഷപ്പെട്ടുനില്‍ക്കാന്‍ സാധിക്കും.  വിവിധ ഗവേഷണ പഠനങ്ങളെ ആസ്പദമാക്കി പറയുകയാണെങ്കില്‍ ഒരു പ്രാവശ്യം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതി കൊണ്ട് തുടര്‍ന്ന് അറ്റാക്കുണ്ടാകാനുള്ള സാധ്യത 25 ശതമാനംവരെ കുറയ്ക്കാം. എന്നാൽ  വൈദ്യനിര്‍ദേശപ്രകാരം മാത്രമേ വ്യായാമത്തിലേര്‍പ്പെടാവൂ എന്നത് വളരെ പ്രധാനമാണ്.

വ്യായാമം തുടങ്ങും മുമ്പ്
ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും വൈദ്യനിര്‍ദേശം കൂടാതെതന്നെ വ്യായാമപദ്ധതിയിലേര്‍പ്പെടാം. എന്നാല്‍ ഡോക്ടറുടെ അഭിപ്രായം തീര്‍ച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്. 

  • ആയാസപ്പെടുമ്പോള്‍ നെഞ്ചില്‍ വേദനയോ ഭാരമോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നവര്‍
  • ഹൃദ്രോഗമുള്ളവർ
  • ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ കഴിഞ്ഞവര്‍
  • ഇടയ്ക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവര്‍
  • അധ്വാനസമയത്ത് ശ്വാസംമുട്ടലനുഭവപ്പെടുന്നവര്‍
  • പ്രഷറുള്ളവര്‍
  • പ്രമേഹമുള്ളവര്‍
  • അപചയസംബന്ധമായ രോഗമുള്ളവര്‍
  • പ്രായമുള്ള, ഇതുവരെ വ്യായാമം ചെയ്യാത്ത വ്യക്തികള്‍
  • കുടുംബത്തില്‍ ഹൃദ്രോഗം മൂലം ചെറുപ്പത്തിലേ ആരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അറിവുള്ളവര്‍

മേല്‍പ്പറഞ്ഞ  വിഭാഗത്തിലുള്ളവര്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശപ്രകാരം മാത്രമേ വ്യായാമത്തിലേര്‍പ്പെടാവൂ.  

 

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്