ണ്ടു വ്യക്തികള്‍, രണ്ടു ജീവിതങ്ങള്‍ ഒന്നാകുന്ന മുഹൂര്‍ത്തം ആണ് വിവാഹം. ആ രണ്ട് വ്യക്തികള്‍ ചേര്‍ന്നാണ് ആരോഗ്യമുള്ള ഒരു തലമുറയ്ക്ക് ജന്‍മം നല്‍കേണ്ടത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ നമ്മുടെ സമൂഹം പിന്തുടരുന്നത് സ്‌നേഹവും പൊരുത്തവും വൈകാരികതയും സാമ്പത്തികവുമൊക്കെയാണ്. പക്ഷേ, ആരോഗ്യം എന്ന ഒരു വശം അവര്‍ മറക്കുന്നു. വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ വിവാഹത്തിന് ആറുമാസം മുന്‍പെങ്കിലും ഒരു പ്രീ വെഡ്ഡിങ് ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. 

വിവാഹിതരാകുന്നവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍ എന്നിവയൊക്കെ നേരത്തെ തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍, ജീവിതകാലം മുഴുവന്‍ ഒന്നിച്ചുകഴിയേണ്ട ഇവര്‍ ആരും തന്നെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചിന്തിക്കാറില്ല. 

ഇവിടെയാണ് വിവാഹത്തിന് മുന്‍പ് ഒരു ഹെല്‍ത്ത് ചെക്കപ്പ് നടത്തേണ്ടതിന്റെ ആവശ്യകത. ഇതുവഴി ഇതുവരെ നമുക്കറിയാത്ത, മറഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താനും അത് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാതിരിക്കാനും സഹായിക്കും. പാരമ്പര്യ രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നറിയാനും ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ചികിത്സകള്‍ ചെയ്യാനും ഈ ചെക്കപ്പുകള്‍ സഹായിക്കും. 

വിവാഹിതരാകുന്നവര്‍ ചെയ്യേണ്ട പ്രധാനപ്പെട്ട അഞ്ച് ആരോഗ്യപരിശോധനകള്‍

1) സെക്‌സിലൂടെ പകരുന്ന രോഗങ്ങള്‍: എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങള്‍ കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടേണ്ടി വരും. വിവാഹജീവിതത്തിലും ഇത് വലിയ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. സിഫിലിസ്, ഗൊണേറിയ, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകളാണ് നടത്തേണ്ടത്. 

2) പാരമ്പര്യ രോഗങ്ങള്‍: ഹീമോഫീലിയ, തലാസ്സീമിയ, മര്‍ഫാന്‍ സിന്‍ഡ്രോം, ഹണ്ടിങ്ടണ്‍ ഡിസീസ്, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രക്തസംബന്ധമായ രോഗങ്ങള്‍ ഉണ്ടോയെന്നറിയാനും ഉണ്ടെങ്കില്‍ അടുത്ത തലമുറയിലേക്ക് പകരാതിരിക്കാനും പരിശോധനകള്‍ സഹായിക്കും. 

3) വന്ധ്യതാപരിശോധന: വിവാഹിതരാകാന്‍ പോകുന്നവര്‍ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട പരിശോധനയാണ് ഫെര്‍ട്ടിലിറ്റി ടെസ്റ്റ്. കാരണം, നേരത്തെ കണ്ടെത്തിയാല്‍ പരിഹരിക്കാവുന്നതാണിത്. തിരിച്ചറിയാന്‍ വൈകിയാല്‍ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. 

4) രക്തഗ്രൂപ്പ് പരിശോധന: രക്തപരിശോധന നടത്തി ഗ്രൂപ്പ് തിരിച്ചറിയേണ്ടതുണ്ട്. ആര്‍.എച്ച്. ഘടകത്തെക്കുറിച്ച് അറിവ് ലഭിക്കാന്‍ ഇത് സഹായിക്കും. ദമ്പതികളില്‍ ഒരേ ആര്‍.എച്ച്. ഘടകമാകുന്നത് വിജയകരമായ ഗര്‍ഭധാരണത്തിന് സഹായിക്കും. ആര്‍.എച്ച്. ഘടകം ചേരുന്നില്ലെങ്കില്‍ ജനിക്കുന്ന കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഗര്‍ഭിണിയുടെ രക്തത്തിലെ ആന്റിബോഡികള്‍ കുഞ്ഞിന്റെ രക്തകോശങ്ങളെ നശിപ്പിക്കാന്‍ ഇത് ഇടയാക്കും. 

5) ജനിതക സ്‌ക്രീനിങ്:  ഇഷ്ടഭക്ഷണം, ഫിറ്റ്‌നസ്സ് ഇതൊക്കെ വിവാഹിതരാകാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ജനിതകസ്‌ക്രീനിങ് കൂടി നോക്കേണ്ടതുണ്ട്. ജീനുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ജനിതക സ്‌ക്രീനിങ് വഴി തിരിച്ചറിയാം. നേരത്തെ തിരിച്ചറിഞ്ഞാല്‍ അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. 

Content Highlights: Why couples must get premarital health checkup done about six months before the wedding