റ്റവും അടുത്ത സുഹൃത്തിന്റെ വെഡ്ഡിങ് റിസപ്ഷനാണ്. പഴയ സുഹൃത്തുക്കളെല്ലാം വരുന്ന ചടങ്ങാണ്. റിസപ്ഷന് ധരിക്കാനുള്ള ഡ്രസ് വാങ്ങാനാണ് രാധിക കടയിലെത്തിയത്. ഇഷ്ടപ്പെട്ടത് പുതിയ ഫാഷനിലുള്ള മാന്യമായ മോഡേൺ ഡ്രസ്സാണ്. പക്ഷേ അടുത്ത നിമിഷം മനസ്സിൽ ഒരു ചിന്ത, താൻ ഈ ഡ്രസ്സിട്ട് പോയാൽ മറ്റുള്ളവരെല്ലാം എന്തുപറയും? എന്നെ കളിയാക്കുമോ? അവർ എന്തുവിചാരിക്കും? ചിന്തകൾ കാടുകയറിയപ്പോൾ ഉത്കണ്ഠയായി. ആ ഡ്രസ് മാറ്റിവെച്ചു. 

പലരും നേരിടുന്ന പ്രശ്നമാണ് ഏതുകാര്യത്തിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത. സമൂഹത്തിന്റെ കണ്ണ് തന്റെ മേലുണ്ടെന്ന ചിന്ത അമിതമായാൽ, അത് മാനസിക- പെരുമാറ്റ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും. മറ്റുള്ളവർ എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ ഒരു കുറ്റവും പറയരുതെന്നുള്ള നിർബന്ധ ബുദ്ധി ഒട്ടും തന്നെ പ്രായോ​ഗികമല്ല. 

ജീവിതപങ്കാളിയുടെ, കോഴ്സിന്റെ, ജോലിയുടെ, നിർമ്മിക്കുന്ന വീടിന്റെ, വാങ്ങുന്ന വാഹനത്തിന്റെ തുടങ്ങി എല്ലാ കാര്യത്തിലും മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചാൽ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെക്കേണ്ടി വരും. 

ഉദാ​ഹ​രണത്തിന്, പ്ലസ്ടുവിന് ഉയർന്ന മാർക്കുണ്ടായിരുന്ന കുട്ടിയെ ഡി​ഗ്രി ​ഹിസ്റ്ററിക്ക് ചേർത്തപ്പോൾ നാട്ടുകാരിൽ ഒരാളുടെ കമന്റ്: അതെന്താ, നല്ല മാർക്കുണ്ടായിട്ടും ഹിസ്റ്ററിക്ക് ചേർത്തത്? വല്ല മെഡിസിനോ എൻജിനീയറിങ്ങിനോ നോക്കാമായിരുന്നില്ലേ? ഡി​ഗ്രിക്ക് ശേഷം ഹിസ്റ്ററി ഒപ്ഷണൽ സബ്ജക്ടായെടുത്ത് സിവിൽ സർവീസ് പരീക്ഷയെഴുതി ഐ.എ.എസ്സുകാരനാവാൻ സ്വപ്നം കാണുന്ന കുട്ടിയോടായിരുന്നു നാട്ടുകാരന്റെ ചോദ്യം.

പലപ്പോഴും സമൂഹത്തിന്റെ ചോദ്യങ്ങളും നിലപാടുകളും അങ്ങനെയാണ്. അവരുടെ പരിമിതമായ അറിവുവെച്ചാണ് അവർ കാര്യങ്ങളെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അത് ശരിയാകണമെന്നില്ല. അതിനാൽ അപരന്റെ വാക്കുകളേക്കാൾ നമ്മുടെ ബോധ്യത്തിനും ലക്ഷ്യത്തിനും താത്പര്യത്തിനും അനുസരിച്ച് തീരുമാനങ്ങളെടുക്കുക. നെ​ഗറ്റീവ് കമന്റുകളെ അവ​ഗണിക്കുക. 

മറ്റുള്ളവർ എന്തുവിചാരിക്കുമെന്ന് ഉത്കണ്ഠയുള്ളവരുടെ ലക്ഷണങ്ങൾ

  • നിങ്ങൾ ചിന്തിക്കുന്ന കാര്യം ആൾക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കാൻ പേടി.
  • യഥാർഥത്തിൽ അല്ലെങ്കിൽപ്പോലും നിങ്ങളുടെ കാര്യത്തിൽ മറ്റുള്ളവർ അസ്വസ്ഥരാണെന്ന് സ്ഥിരമായി ചിന്തിക്കുന്നു. 
  • ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുകയും പിന്നീടതിൽ ഖേദിക്കുകയും ചെയ്യുന്നു. 
  • വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഭയക്കുന്നു. 
  • മറ്റുള്ളവർ പറയുന്നത് മാത്രം ചെയ്യുകയും സ്വയം തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. 
  • ചില വ്യക്തികളുടെ ചോദ്യങ്ങളെ ഭയന്ന് അവരെ കാണാതെ ഒഴിഞ്ഞുമാറുന്നു. 

ഉദാഹരണത്തിന്, കല്യാണമൊന്നുമായില്ല, ജോലിയൊന്നുമായില്ലേ, കുട്ടുകളൊന്നുമായില്ലേ, ​ഗൾഫീന്നു വന്നിട്ട് തിരിച്ചുപോയില്ലേ, ഇപ്പോൾ ജോലിയൊന്നുമില്ലേ തുടങ്ങിയ നിഷേധാത്മകമുനയുള്ള ചോദ്യങ്ങൾ. 

ഓർക്കുക, ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിലുള്ള താത്പര്യം കൊണ്ടല്ല. മറിച്ച്, അനാവശ്യമായ ആകാംക്ഷ കൊണ്ടാണ്. ചിലർക്കത് ആനന്ദവുമാണ്. അതിനാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ട് വ്യക്തമായ മറുപടി പറയാൻ തയ്യാറെടുക്കുക. കൂടുതൽ ചോദ്യങ്ങൾ അവ​ഗണിക്കുക. 

വിജയം നേടാൻ

സ്വന്തം അവസ്ഥ ഉൾക്കൊള്ളുക

നിങ്ങൾ ഇപ്പോൾ ഏത് അവസ്ഥയിലാണോ ഉള്ളത് അത് അം​ഗീകരിക്കുക. അതിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുക. പ്രയത്നിച്ചാൽ ജീവിതാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുക. ഓരോ ദിവസവും ക്രിയാത്മകമായി പ്രവർത്തിക്കുക. 

ആത്മാഭിമാനം ഉയർത്തുക

നാം എന്താണോ അതിൽ തന്നോടുതന്നെയുള്ള മതിപ്പാണ് ആത്മാഭിമാനം. ഇല്ലാത്തതിനെക്കുറിച്ച് അമിതമായി ചിന്തിക്കാതെ ഉള്ളതിൽ അഭിമാനം കണ്ടെത്തുക. 

ഉത്കണ്ഠ അകറ്റുക

ഏതൊരു കാര്യത്തിലും മോശമായത് സംഭവിക്കുമെന്ന നിഷേധാത്മക ചിന്തകളെയും ഉത്കണ്ഠയെയും മനസ്സിൽ നിന്ന് മാറ്റുക. ജീവിതത്തിൽ നല്ലത് സംഭവിക്കുമെന്ന ശുഭപ്രതീക്ഷ വളർത്തുക. 

പുസ്തകങ്ങൾ/ പ്രഭാഷണങ്ങൾ

പ്രചോദനാത്മക, പ്രസാദാത്മക, മനശ്ശാസ്ത്ര പുസ്തകങ്ങൾ വായിക്കുകയും ഇത്തരം പ്രഭാഷണങ്ങളിൽ പങ്കുകൊള്ളുകയും ചെയ്യുക. ഇത് പോസിറ്റീവ് ചിന്തകളെ ഉണർത്തും. 

അവർക്കുണ്ട് അവരുടെ ലോകം

ലോകത്ത് എല്ലാവരും എന്നെത്തന്നെയാണ് നോക്കുന്നതെന്നും എന്റെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നതെന്നുമുള്ള തെറ്റായ ധാരണകൾ മനസ്സിൽ നിന്ന് മാറ്റുക. എല്ലാ മനുഷ്യർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടെന്നും പലരും ഇത്തരത്തിൽ ചിന്തിക്കാറുണ്ടെന്നും തിരിച്ചറിയുക. അപ്പോൾ നമ്മുടെ ചിന്തകളുടെ നിരർഥകത വ്യക്തമാവും. 

സ്വയം അം​ഗീകരിക്കുക, സ്നേഹിക്കുക

സ്വയം അം​ഗീകരിക്കാനും സ്നേഹിക്കാനും ശ്രമിക്കുക. നിങ്ങളുടെ നിറം, രൂപം, കുടുംബം, സാമ്പത്തിക സ്ഥിതി, ജോലി, വീട്, വാഹനം എന്നിവയെ ഇത്തരത്തിൽ അം​ഗീകരിച്ച് സ്നേഹിക്കുക. അതല്ലാതെ ഓ, എനിക്കത് കിട്ടിയിരുന്നെങ്കിൽ ജീവിതം നന്നായേനെ എന്ന മനോനില വേണ്ട. 

സജ്ജനസമ്പർക്കം കൂട്ടുക 

നിങ്ങളുടെ നൻമ ആ​ഗ്രഹിക്കുന്ന, നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം വർധിപ്പിക്കുക. അത് ആത്മവിശ്വാസം വർധിപ്പിക്കും. 

എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല

ലോകത്ത് ഓരോരുത്തരുടെയും ചിന്തയും അറിയും താത്പര്യങ്ങളും വ്യത്യസ്തമാണ്. അതിനാൽ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും ചെയ്യാനാകില്ലെന്ന് മനസ്സിലാക്കുക. 

കൊച്ചുകൊച്ചു കാര്യങ്ങളിൽ ലക്ഷ്യം വെക്കുക

ജീവിതം വളരെ ചെറുതാണ്. അവിടെ മറ്റുള്ളവരെക്കുറിച്ചാലോചിച്ച് ഉത്കണ്ഠപ്പെടാതെ, കൊച്ചുകൊച്ചു ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക. അത് ആത്മസംതൃപ്തിയും ആത്മവിശ്വാസവും ഉയർത്തും. 

Content Highlights: Self Confidence, Wellness, Do you think What do they think about you, Health, Mental Health

ആരോ​ഗ്യമാസിക വാങ്ങാം