vaccineമിക്കവാറും എല്ലാവരും തന്നെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടാകും. എന്നാല്‍ എന്താണ് വാക്‌സിനുകള്‍? അവ എങ്ങനെയാണ് നിര്‍മിക്കുന്നത്? അവ എന്താണ് നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. വക്‌സിനുകളെക്കുറിച്ച് എല്ലാവരും ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ലോകത്തിന്റെ എല്ലാ കോണിലും വാക്‌സിനുകള്‍ അപകടകരമാണ് എന്ന തെറ്റിധാരണ പരത്തുന്നവര്‍ ധാരാളമുള്ളപ്പോള്‍. നമ്മുടെ കേരളത്തിലും ഇക്കൂട്ടര്‍ ആവശ്യത്തിനുണ്ട്.

വാക്‌സിനേഷന്‍ എന്ന ആശയം പിറക്കുന്നത് ഏകദേശം 200 വര്‍ഷങ്ങള്‍ മുന്‍പ് ഇംഗ്ലണ്ടില്‍ ആയിരുന്നു. എഡ്വാര്‍ഡ് ജെന്നെര്‍ (Edward Jenner) എന്ന ഒരു ഡോക്ടര്‍ സ്‌മോള്‍പോക്‌സ് (smallpox) എന്ന പകര്‍ച്ചവ്യാധി പശുക്കളെ സംരക്ഷിചിരുന്ന ആളുകള്‍ക്ക് പിടിപെടുന്നില്ല എന്ന് നിരീക്ഷിച്ചു. പക്ഷെ ഇവര്‍ക്ക് പശുക്കളില്‍ നിന്നും പകരുന്ന തീവ്രത കുറഞ്ഞ മറ്റൊരു രോഗമായ കൌപോക്‌സ് (cowpox) പിടിച്ചിരുന്നു.

ഈ രണ്ടു രോഗങ്ങളും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്ന് അദ്ദേഹം കരുതി. ഒരു പരീക്ഷണത്തിനു, അദ്ദേഹം കൌപോക്‌സ് വന്ന സ്ത്രീയുടെ വ്രണത്തില്‍ നിന്നുമുള്ള ദ്രാവകം ഒരു ആണ്‍കുട്ടിയില്‍ പ്രവേശിപ്പിച്ചു. ആറാഴ്ചകള്‍ക്ക് ശേഷം സ്‌മോള്‍പോക്‌സ് വന്ന ഒരാളുടെ വ്രണത്തില്‍ നിന്നുമുള്ള ദ്രാവകം ഇതേ കുട്ടിയില്‍ കയറ്റിയെങ്കിലും ആ കുട്ടിക്ക് സ്‌മോള്‍പോക്‌സ് പിടിപെട്ടില്ല എന്നദ്ദേഹം കണ്ടു (ഇന്ന് ഇത്ര എളുപ്പം മനുഷ്യനില്‍ പരീക്ഷണം നടത്തുക നിയമപരമായി സാധ്യമല്ല). അദ്ദേഹത്തിന്റെ ഈ നിരീക്ഷണം വാക്‌സിന്‍ എന്ന ആശയത്തിലേക്ക് നയിക്കുകയായിരുന്നു. വാക്‌സിന്‍ എന്നാല്‍ ''പശുക്കളുമായി ബന്ധപ്പെട്ടത്'' എന്നാണര്‍ത്ഥം. ആദ്യത്തെ വാക്‌സിന്‍ കൌപോക്‌സ് ഉണ്ടാക്കുന്ന വൈറസ് ഉപയോഗിച്ച് ആയിരുന്നതിനാലാണ് ഈ വാക്ക് വന്നത്.

എന്താണ് വാക്‌സിനുകള്‍?
ഒരു കാലത്ത് മനുഷ്യര്‍ ചിന്തിച്ചിരുന്നത് രോഗങ്ങള്‍ വരുന്നതിനു കാരണം ഭൂതങ്ങളും ബാധകളുമാണ് എന്നായിരുന്നു. പിന്നീട് മനസിലായി ബാക്ട്ടീരിയകള്‍, വൈറസുകള്‍ തുടങ്ങിയ അതിസൂക്ഷ്മ ജീവികളാണ് രോഗങ്ങള്‍ക്ക് കാരണമെന്ന്. ശാസ്ത്രം പുരോഗമിച്ചതോടെ എങ്ങനെയാണ് ഈ സൂക്ഷ്മ ജീവികള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും ശരീരം അവക്കെതിരെ എങ്ങനെ പ്രതിരോധിക്കുന്നു എന്നും നമുക്ക് മനസിലായി. 

വാക്‌സിനുകള്‍ എന്താണെന്ന് മനസിലാക്കാന്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ രോഗപ്രതിരോധ സംവിധാനം ചിലതരം കോശങ്ങളുടെയും അവയവങ്ങളുടെയും ഒരു സങ്കീര്‍ണ്ണമായ ശൃംഖലയാണ്. നമ്മുടെ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ (white blood cells) എന്നറിയപ്പെടുന്ന വിവിധ തരത്തിലുള്ള കോശങ്ങളാണ് ശരീരത്തില്‍ ''പട്രോളിംഗ്'' നടത്തുന്ന പോലീസുകാര്‍. അന്യവസ്തുക്കള്‍ അല്ലെങ്കില്‍ അന്യജീവികള്‍ നമ്മുടെ ശരീരത്തില്‍ കയറിയിട്ടുണ്ടെങ്കില്‍ അവ ഘട്ടം ഘട്ടമായി ശക്തമായ ആക്രമണം അഴിച്ചുവിടും.

ഉദാഹരണത്തിന് നിങ്ങളുടെ ശരീരത്തില്‍ ഒരു രോഗത്തിന്റെ വൈറസ് കയറി എന്നിരിക്കട്ടെ. രക്തത്തില്‍ റോന്തുചുറ്റുന്ന മൈക്രോഫാജെസ് (microphages) എന്ന വെളുത്ത രക്താണുക്കള്‍ കുറേ വൈറസ് കോശങ്ങളെ പിടിച്ചു അകത്താക്കി നശിപ്പിക്കും. 

വൈറസുകളുടെ പുറത്ത് ചില പ്രോട്ടീനുകളുണ്ട്. ഈ പ്രോട്ടീനുകളെ ആന്റിജന്‍ (antigens) എന്നാണ് വിളിക്കുക. (ഏതു അന്യ സൂക്ഷ്മ ജീവിയും നമ്മുടെ ശരീരത്തില്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളെ പൊതുവേ  ആന്റിജനുകള്‍ എന്നാണ് വിളിക്കുക.) ഓരോ വൈറസിനും അതിന്റെതായ ആന്റിജനുകള്‍ ഉണ്ട്. മൈക്രോഫാജെസ് കോശങ്ങള്‍ ഈ ആന്റിജനുകളെ ലിംഫ് നോഡുകളില്‍ (lymph nodes) എത്തിക്കും. 

ലിംഫ് നോഡുകളില്‍ ആന്റിജനുകള്‍ എത്തുമ്പോള്‍ അവ ടി-സെല്‍സ് (T-cells) ബി-സെല്‍സ് (B-cells) എന്നറിയപ്പെടുന്ന വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കും. ഇതോടെ യുദ്ധം അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തും. വൈറസ് ബാധിച്ച കോശങ്ങളെ ടി-സെല്‍സ്  കൊന്നുകളയും. കൂടാതെ മറ്റു ചിലതരം സഹായികളായ ടി-സെല്‍സ് (helper T-cells) രോഗപ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കാനുള്ള രാസവസ്തുക്കള്‍ ഉണ്ടാക്കും. 

പക്ഷെ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. ബി-സെല്‍സ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇവയെ ശരീരത്തിലെ ആയുധ ഫാക്ട്ടറികള്‍ എന്ന് വിളിക്കാം. നിങ്ങളുടെ ഒരു ടീ-സ്പൂണ്‍ രക്തത്തില്‍ ഏകദേശം അഞ്ചു കോടി ബി-സെല്‍സ് ഉണ്ടാകും. ഓരോ ബി-സെല്‍സും അവയുടെ പുറത്ത് പ്രത്യേക ആകൃതിയിലുള്ള പ്രോട്ടീനുകള്‍ വഹിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രോട്ടീന്‍ വൈറസുകളുടെ പുറത്തെ ആന്റിജനുമായി കൂടിച്ചേരും. ഒരു ജിഗ്‌സോ പസ്സിലിലെ (jigsaw puzzle) കഷ്ണങ്ങള്‍ കൂടിച്ചേരുന്നത് പോലെ. അല്ലെങ്കില്‍ ഒരു താഴും താക്കോലും യോജിക്കുന്നത് പോലെ. ഇതോടെ ആ ബി-സെല്ലുകള്‍ രൂപമാറ്റം വന്നു കോടിക്കണക്കിനു ആന്റിബോഡികള്‍ (antibodies) ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്യും.

ഈ ആന്റിബോഡികള്‍ സകല വൈറസുകളുടെയും പുറത്തുള്ള ആന്റിജനുമായി പറ്റിപ്പിടിക്കും. അങ്ങനെ വൈറസുകളുടെ പ്രവര്‍ത്തനം താറുമാറാകും. വൈറസുകള്‍ക്ക് പിന്നീട് കോശങ്ങളെ ആക്രമിക്കാന്‍ കഴിയില്ല. 

ആന്റിബോഡികളുടെ ഉല്‍പ്പാദനം ശരീരം ധാരാളമായി തുടങ്ങുബോഴേക്കും രണ്ടു മൂന്നു ദിവസം എടുക്കും. ഉദാഹരണത്തിന് ജലദോഷം ബാധിച്ചാല്‍ ആദ്യത്തെ ഒന്ന് രണ്ടു ദിവസം വൈറസുകള്‍ നിങ്ങളുടെ ശരീരത്തില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുകയാവും. എന്നാല്‍ രണ്ടു മൂന്നു ദിവസങ്ങള്‍ കഴിയുമ്പോഴേക്കും രോഗപ്രതിരോധ സംവിധാനം ശക്തമായി തിരിച്ചടി തുടങ്ങും. അങ്ങനെ നിങ്ങളുടെ പനിയും വിഷമതകളും കുറഞ്ഞു വരും. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ എടുക്കാം എന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും മെല്ലെ നിങ്ങളുടെ ശരീരത്തില്‍ നിന്നും വൈറസുകളെ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. ചില വൈറസുകളെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയില്ല എന്ന് കൂടി ഓര്‍ക്കുക. ഉദാഹരണത്തിന് എച്. ഐ. വി. (HIV).

ഇനി ഇതേ വൈറസ് നിങ്ങളെ വീണ്ടും ആക്രമിച്ചാല്‍ നിങ്ങള്‍ പഴയപോലെ രോഗിയാകില്ല. കാരണം നിങ്ങളുടെ ശരീരത്തില്‍ ഇപ്പോള്‍ ആ വൈറസുകളെ തിരിച്ചറിയുന്ന ധാരാളം ആന്റിബോഡികള്‍ ഉണ്ട്. പക്ഷെ ഏതൊരു അപകടത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാനുണ്ടല്ലോ. നമ്മുടെ ശരീരവും ഇത് ചെയ്യുന്നുണ്ട്. ചില ബി-സെല്ലുകളും ടി-സെല്ലുകളും മെമ്മറി (memory cells) സെല്ലുകളായി മാറും. ഈ മെമ്മറി സെല്ലുകള്‍ നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങളുടെ രക്തത്തില്‍ ചുറ്റിക്കറങ്ങും. പഴയ വൈറസ് വീണ്ടും നിങ്ങളെ ആക്രമിച്ചാല്‍ ആന്റിബോഡികള്‍ ഉണ്ടാക്കുന്ന പരിപാടി ഈ മെമ്മറി സെല്ലുകള്‍ ഉടനടി തുടങ്ങും. 

അപ്പോള്‍ രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലായില്ലേ. ഇത് വൈറസുകള്‍ക്ക് മാത്രമല്ല ബാക്ട്ടീരിയയുടെ പ്രോട്ടീനുകള്‍ (ആന്റിജന്‍) ശരീരത്തില്‍ എത്തിയാലും ഇതേ പ്രവര്‍ത്തനങ്ങള്‍ നടക്കും. ആന്റിബോഡികള്‍ ഉണ്ടാക്കപ്പെടും. പക്ഷെ യുദ്ധത്തില്‍ ശരീരത്തിനു പരാജയവും സംഭവിക്കാം. പ്രത്യേകിച്ചും ആക്രമകാരികള്‍ അതിശക്തവും നമ്മുടെ പ്രതിരോധശേഷി കുറവുമാണെങ്കില്‍. പ്രത്യേകിച്ചും കൊച്ചുകുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ സംവിധാനം വലിയ ആളുകളുടെ പോലെ ശക്തമാകില്ല. ഇവിടെയാണ് വാക്‌സിനുകള്‍ കൊണ്ടുള്ള പ്രയോജനം.

ഇനി എന്താണ് വാക്‌സിനുകള്‍ എന്ന് പറയാം. ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പറ്റിക്കുന്ന പരിപാടിയാണ് വാക്‌സിന്‍ ചെയ്യുന്നത്. അണുബാധ ഏല്‍ക്കുന്ന അവസ്ഥ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കികൊണ്ട് വാക്‌സിനുകള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ അണുബാധകളെ പ്രതിരോധിക്കാന്‍ പഠിപ്പിക്കും. എന്നുവച്ചാല്‍ വാക്‌സിനുകള്‍ കൃത്രിമമായി നല്‍കുന്ന അണുബാധ തന്നെയാണ്. പക്ഷെ ഇത് വളരെ നിയന്ത്രണവിധേയമായ രീതിയിലാണ് എന്ന് മാത്രം. വാക്‌സിനുകള്‍ ശരീരത്തില്‍ ചെന്നാല്‍ രോഗപ്രതിരോധ സംവിധാനം അത് യഥാര്‍ത്ഥ അണുബാധയാണ് എന്ന് ധരിക്കുകയും നാം മുകളില്‍ കണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അങ്ങനെ അത് ആന്റിബോഡികളും മെമ്മറി സെല്ലുകളും ഉണ്ടാക്കും. പിന്നീട് നമുക്ക് യഥാര്‍ത്ഥ അണുബാധ ഉണ്ടായാല്‍ ഉടനടി ഈ ആന്റിബോഡികളും മെമ്മറി സെല്ലുകളും അവക്കെതിരായി പ്രവര്‍ത്തിച്ചു തുടങ്ങും.

വിവിധങ്ങളായ  വാക്‌സിനുകള്‍ 
1) ജീവനുള്ള വൈറസുകള്‍ ഉള്ള വാക്‌സിനുകള്‍ (live attenuated vaccines)
വാക്‌സിന്‍ വിരുദ്ധര്‍ ആവേശം കൊള്ളുന്ന കാര്യമാണ് വക്‌സിനുകളില്‍ ''ഭീകരമായ'' ജീവനുള്ള വൈറസുകള്‍ ഉണ്ടെന്ന കാര്യം. സംഭവം ശരിയാണ്: ഇത്തരം വക്‌സിനുകളില്‍ ജീവനുള്ള അല്ലെങ്കില്‍ ആക്റ്റീവ് ആയ വൈറസുകള്‍ ഉണ്ട്. പക്ഷെ അവ ശക്തി ക്ഷയിപ്പിച്ച (attenuated) വൈറസുകളാണ്. ഉദാഹരണത്തിന് ചിക്കന്‍ പോക്‌സ് (chickenpox), മീസില്‍ (measles) എന്നിവയുടെ വാക്‌സിനുകള്‍ ഈ വിധത്തില്‍ നിര്‍മ്മിക്കുന്നവയാണ്. വായില്‍ കൊടുക്കുന്ന പോളിയോ വാക്‌സിനും മറ്റൊരുദാഹരണമാണ്.

ഇനി എങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് നോക്കാം. ഇതിനായി വൈറസുകളെ പ്രത്യേക അവസ്ഥകളില്‍ കള്‍ച്ചര്‍ (cuture) ചെയ്യുന്നു. വളരാന്‍ പാകത്തിനുള്ള ഒരു മീഡിയത്തില്‍ അവയെ വളര്‍ത്തുന്നതിനാണ് കള്‍ച്ചര്‍ ചെയ്യുക എന്ന് പറയുന്നത്. വൈറസുകള്‍ വിഭജിക്കപ്പെടുമ്പോള്‍ (പെരുകുമ്പോള്‍) അവയുടെ ജീനുകളില്‍ മ്യൂട്ടേഷനുകള്‍ (mutations) ധാരാളം സംഭവിക്കാം. ഇതില്‍നിന്നും മ്യൂട്ടേഷനുകള്‍ സംഭവിച്ചു ജീനുകളില്‍ മാറ്റങ്ങള്‍ വന്ന വൈറസുകളെ വേര്‍ത്തിരിച്ചെടുക്കുന്നു. ഇങ്ങനെ തിരെഞ്ഞെടുത്ത വൈറസുകള്‍ തീവ്രമായ രോഗം ഉണ്ടാക്കില്ല. എന്നാല്‍ ഇപ്പോള്‍ ജനിതക എന്‍ജിനീയറിംഗ് വഴി സാധാരണ രോഗമുണ്ടാക്കുന്ന വൈറസുകളിലെ ചില അപകടകാരികളായ ജീനുകള്‍ മുറിച്ചു മാറ്റിയും, നിഷ്‌ക്രീയമാക്കിയും ഇങ്ങനെ വൈറസുകളില്‍ മാറ്റങ്ങള്‍ വരുത്താം.  

നിങ്ങള്‍ ചിക്കന്‍ പോക്‌സ് വാക്‌സിന്‍ എടുക്കുമ്പോള്‍ അതില്‍ ശക്തി ക്ഷയിപ്പിച്ച വൈറസുകളാണ് ഉള്ളത്. ഇവ ശരീരത്തില്‍ ചെല്ലുമ്പോള്‍, ഇവ വളരെ ചെറുതായി രോഗം ഉണ്ടാക്കും. എന്നാല്‍ അതിന്റെ തീവ്രത വളരെ ചെറുതായതിനാല്‍ നാം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പുറമേ കാണിക്കില്ല. എന്നാല്‍ നമ്മുടെ ശരീരത്തില്‍ അത് ധാരാളം ആന്റിബോഡികളും മെമ്മറി സെല്ലുകളും ഉണ്ടാക്കും. അങ്ങനെ നമുക്ക് പുറത്ത് നിന്നുള്ള യഥാര്‍ത്ഥ ചിക്കന്‍ പോക്‌സ് വൈറസുകള്‍ കാരണം  രോഗം ഉണ്ടാകില്ല.   

ഇത്തരം ആക്റ്റീവ് വക്‌സിനുകള്‍ക്ക് ചില ഗുണങ്ങളുണ്ട്. ശരീരം ധാരാളം ആന്റിബോഡികളും മെമ്മറി സെല്ലുകളും ഉണ്ടാക്കാന്‍ അവ കാരണമാകും. അതിനാല്‍ ഇവ വളരെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ഡോസുകള്‍ (Booster dose) ആവശ്യമില്ല. എന്നാല്‍ എല്ലാ സൂക്ഷ്മ ജീവികള്‍ക്കും എതിരെ ഇത്തരം വാക്‌സിനുകള്‍ സാധ്യമല്ല. 

ഉദാഹരണത്തിന് ബാക്റ്റീരിയകളുടെ ആക്റ്റീവ് വാക്‌സിനുകള്‍ നിര്‍മ്മിക്കുക എളുപ്പമല്ല. കാരണം ബാക്റ്റീരിയക്ക് വളരെ അധികം ജീനുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ജീനുകളില്‍ മാറ്റങ്ങള്‍ വരുത്തി ശക്തികുറഞ്ഞവ ഉണ്ടാക്കാന്‍ എളുപ്പമല്ല. എന്നിരുന്നാലും കോളറക്കെതിരെ ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ബാക്റ്റീരിയയെ ശാസ്ത്രഞ്ജര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ ഉപയോഗിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാണെന്റെ അറിവ്.

ഇത്തരം ആക്റ്റീവ് വാക്‌സിനുകള്‍ക്ക് ചില ദോഷഫലങ്ങള്‍ ഉണ്ടാകാം. വൈറസുകള്‍ക്ക് ശരീരത്തിനുള്ളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചു അവ ശക്തി കൂടിയ വൈറസുകള്‍ ആയിത്തീരാം. ഇത് കേള്‍ക്കുമ്പോള്‍ വാക്‌സിന്‍ വിരുദ്ധര്‍ക്ക് സന്തോഷമാകും എന്നെനിക്കറിയാം. എന്നാല്‍ വക്‌സിനുകളില്‍ ഉള്ള വൈറസുകളുടെ അളവും ശക്തിയും വളരെ കുറവായതിനാലും, ഈ കുറഞ്ഞ വൈറസുകളെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം നശിപ്പിക്കുന്നതിനാലും ഇങ്ങനെ മ്യൂട്ടേഷനുകള്‍ സംഭവിച്ചു വൈറസുകള്‍ ശക്തമാകാനുള്ള സാധ്യത വളരെ വളരെ കുറവാണ്. 

എന്നാല്‍ ഇത്തരം വാക്‌സിനുകള്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ നല്‍കാറില്ല. കാരണം അവര്‍ക്ക് ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന് എയിഡ്‌സ് (AIDS) ഉള്ളവരില്‍. മാത്രമല്ല, ഏതൊരു തരം വാക്‌സിന്‍ നല്‍കിയാലും ശരീരം വക്‌സിനുകളെ പ്രതിരോധിച്ചെങ്കില്‍ മാത്രമേ അതിന്റെ ഗുണം ലഭിക്കൂ. അതായത് ആന്റിബോഡികള്‍ ഉണ്ടാക്കപെടുകയുള്ളൂ. അതുകൊണ്ട് വാക്‌സിന്‍ ലഭിക്കുന്നയാള്‍ക്ക് പ്രതിരോധശേഷി വേണമെന്നുള്ളത് നിര്‍ബന്ധമാണ്. 

മറ്റൊരു വിഷമത, ഉയര്‍ന്ന ഊഷ്മാവില്‍ വൈറസുകള്‍ വിഘടിച്ചു അവയുടെ ജീവന്‍ പോകും എന്നതാണ്. അതുകൊണ്ട് ആക്റ്റീവ് വാക്‌സിനുകള്‍ സൂക്ഷിക്കുന്നത് അതിശീതാവസ്ഥയിലാണ്. 

2) നിഷ്‌ക്രീയ വാക്‌സിനുകള്‍ (Inactivated vaccines) 
ഇത്തരം വക്‌സിനുകളില്‍ സൂക്ഷ്മ ജീവികളെ പൂര്‍ണ്ണമായും നിഷ്‌ക്രീയമാക്കിയതാകും. അതായത് അവയ്ക്ക് ജീവന്‍ ഉണ്ടാകില്ല. ബാക്റ്റീരിയകള്‍ക്ക് ഇത്തരം വാക്‌സിനുകള്‍ വളരെ യോജിച്ചതാണ്. ഇവിടെ സൂക്ഷ്മ ജീവികളെ കൊല്ലുന്നത് ചില രാസവസ്തുക്കളോ റേഡിയേഷനോ ഉപയോഗിച്ചായിരിക്കും. ഇത്തരം വാക്‌സിനുകള്‍ പൊതുവേ അതിശീതാവസ്ഥയില്‍ സൂക്ഷിക്കേണ്ടി വരുന്നില്ല. കോളറ (cholera), ഹെപ്പടൈട്‌സ്-എ (hepatitis-A), പ്ലേഗ് (plague), പോളിയോ (polio - Salk vaccine) എന്നിവക്കുള്ള വാക്‌സിനുകള്‍ നിഷ്‌ക്രീയ വാക്‌സിനുകളുടെ ഉദാഹരണങ്ങളാണ്.

നിഷ്‌ക്രീയ വാക്‌സിനുകളുടെ പ്രധാന പ്രശ്‌നം അവയ്ക്ക് തീവ്രത കുറവാണ് എന്നതാണ്. എന്നുവച്ചാല്‍ അവ വളരെ കുറച്ചു ആന്റിബോഡികളും മെമ്മറി സെല്ലുകളും മാത്രമേ ഉണ്ടാക്കൂ. അതുകൊണ്ട് കുറച്ചു നാളുകള്‍ക്കു ശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ഡോസ് ആവശ്യമായി വരുന്നു. അതേസമയം ജീവനുള്ള വൈറസുകളുടെ വാക്‌സിന്‍ എടുക്കുമ്പോള്‍, ആ വൈറസുകള്‍ കുറച്ചു ദിവസങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തോടു തിരിച്ചു പോരുതുന്നതുകൊണ്ട് കൂടുതല്‍ ആന്റിബോഡികളും മെമ്മറി സെല്ലുകളും ഉണ്ടാക്കപ്പെടും. 

3) സബ്-യുണിറ്റ് വാക്‌സിന്‍സ് (subunit vaccines)
ഇത്തരം വാക്‌സിനുകളില്‍ മുഴുവന്‍ സൂക്ഷ്മ ജീവികള്‍ക്കും പകരം ഈ ജീവികളിലെ ചില ആന്റിജനുകള്‍ മാത്രമാണ് ഉണ്ടാവുക. ഒരു പക്ഷെ ഈ ആന്റിജനുകള്‍ ഈ ജീവികള്‍ക്ക് പുറത്തെ പ്രോട്ടീനുകളാവാം. ഉദാഹരണത്തിന് ഏതെങ്കിലും ഒരു പ്രത്യേകതരം ബാക്റ്റീരിയക്കുള്ള വാക്‌സിനില്‍ ആ ബാക്റ്റീരിയയില്‍ നിന്നുമുള്ള പലതരം ആന്റിജനുകള്‍ ഉണ്ടാകാം. ബാക്റ്റീരിയയെ വിഘടിപ്പിച്ചു ഇത്തരം ആന്റിജനുകള്‍ ഉല്‍പ്പാദിപ്പിക്കാം. അല്ലെങ്കില്‍ ഈ ബാക്റ്റീരിയയുടെ ഈ ആന്റിജനുകള്‍ ഉണ്ടാക്കുന്ന ജീനുകള്‍ മറ്റേതെങ്കിലും ജീവികളില്‍ (ഉദാഹരണത്തിന് യീസ്റ്റ്) പ്രവേശിപ്പിച്ചു അവയെക്കൊണ്ടു ആന്റിജനുകള്‍ ഉണ്ടാക്കിപ്പിക്കാം. ഹെപ്പറൈട്‌സ്-ബി (hepatitis-B) വാക്‌സിന്‍ ഇതിനു ഉദാഹരണമാണ്. ഈ ആന്റിജനുകള്‍ നമ്മുടെ ശരീരത്തില്‍ ചെല്ലുമ്പോള്‍ അവക്കെതിരായ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.

4) ടോക്‌സോയിഡ് (toxoid) വാക്‌സിന്‍
ബാക്റ്റീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവ ചില ആന്റിജനുകള്‍ (പ്രോട്ടീനുകള്‍) ഉണ്ടാക്കും. ഈ പ്രോട്ടീനുകള്‍ ചിലപ്പോള്‍ മാരക വിഷവസ്തുക്കളാകാം. ഇത്തരം ബാക്റ്റീരിയകള്‍ക്കെതിരെ പ്രയോഗിക്കുന്ന വാക്‌സിനുകളില്‍ ആ ബാക്ട്ടീരിയകള്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കളായ പ്രോട്ടീനുകളാകും ഉണ്ടാകുക. പക്ഷെ ഈ പ്രോട്ടീനുകളെ നിര്‍വ്വീര്യം ആക്കിയശേഷം ആണെന്ന് മാത്രം. ടെറ്റനസ് (tetanus) വാക്‌സിന്‍ ഒരു ഉദാഹരണമാണ്.

5) കോന്‍ജുഗേറ്റ് (conjugate) വാക്‌സിന്‍സ്
ഇവയും ബാക്റ്റീരിയകള്‍ക്ക് എതിരേ പ്രയോഗിക്കാനുള്ളതാണ്. ഇവിടെ ബാക്ട്ടീരിയയുടെ ആന്റിജനുകളും അവ ശരീരത്തില്‍ ഉണ്ടാക്കുന്ന വിഷവസ്തുക്കളായ പ്രോട്ടീനുകളും വാക്‌സിനില്‍ ഉണ്ടാകും. ഇത് പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ, ശേഷി കുറഞ്ഞ പ്രതിരോധ സംവിധാനം അവയെ പെട്ടന്ന് തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ സഹായിക്കും.

6) ഡി എന്‍ എ (DNA) വാക്‌സിനുകളും വെക്ടര്‍ (vector) വാക്‌സിനുകളും 
ഇവ രണ്ടും പരീക്ഷണാവസ്ഥയില്‍ ഉള്ള വാക്‌സിനുകളാണ്. അതായത് അവ ഇതുവരെ ഉപയോഗത്തില്‍ വന്നിട്ടില്ല. ഇവിടെ സൂക്ഷ്മ ജീവിയുടെ പ്രത്യേക ജീനുകളാണ് ശരീരത്തില്‍ പ്രവേശിപ്പിക്കുന്നത്. ഈ ജീനുകള്‍ ചില കോശങ്ങളില്‍ പ്രവേശിക്കുകയും അവ ആ ജീനുകള്‍ കോഡ് ചെയ്യുന്ന ആന്റിജനുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം വാക്‌സിന്‍ കൂടുതല്‍ സുരക്ഷിതമാണ്. കാരണം അവ സൂക്ഷ്മ ജീവിയെ ഉള്‍ക്കൊള്ളുന്നില്ല. പകരം അവയുടെ ചില ജീനുകള്‍ മാത്രമാണ് ശരീരത്തില്‍ പ്രവേശിപ്പിക്കുന്നത്. 

വെക്ടര്‍ വാക്‌സിനുകളും സമാനമാണ്. ഇവിടെ ജീനുകള്‍ ഏതെങ്കിലും വൈറസിന്റെ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു. അതിനു ശേഷം ആ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിപ്പിക്കുന്നു. ഇവിടെ ജീനുകള്‍ കോശങ്ങള്‍ക്കുള്ളില്‍ പെട്ടന്ന് എത്തിപ്പെടുന്നു. കാരണം വൈറസുകള്‍ക്ക് പെട്ടന്ന് കോശങ്ങള്‍ക്കുള്ളില്‍ കയറിപറ്റാന്‍ കഴിയും.

വാക്‌സിനുകളിലെ മറ്റു വസ്തുക്കള്‍
വാക്‌സിനുകള്‍ക്കുള്ളില്‍ വൈറസുകളോ അല്ലെങ്കില്‍ ആന്റിജനുകളോ കൂടാതെ മറ്റു ചില വസ്തുക്കളുമുണ്ട്. അതില്‍ ഒന്നാണ് വാക്‌സിനുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുവാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍. ഇവക്കു അട്ജുവന്റുകള്‍ (adjuvants) എന്നാണ് വിളിക്കുന്നത്. ഇതിനായി സാധാരണയായി ഉപയോഗിച്ച് വരുന്ന വസ്തുവാണ് ആലം. ഇത് അലുമിനിയം അടങ്ങിയ ഉപ്പുപോലെയുള്ള രാസവസ്തുവാണ്. ചില മരുന്നുകളിലും ആലം അടങ്ങിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ ഷേവിംഗ് കഴിഞ്ഞശേഷം നിങ്ങളുടെ മുഖത്ത് ഉരക്കുന്ന വെളുത്ത കല്ലുപോലെയുള്ള സാധനവും ആലമാണ്. രക്തം പൊടിയുന്നത് നില്‍ക്കാനും ആന്റിസെപ്റ്റിക് ആയിട്ടുമാണ് ബാര്‍ബര്‍ ഇത് പ്രയോഗിക്കുന്നത്.

ചില വാക്‌സിനുകളില്‍ ഓയില്‍ അടങ്ങിയ അട്ജുവന്‍സും ഉപയോഗിച്ച് വരുന്നുണ്ട്. ഉദാഹരണത്തിന് യൂറോപ്പില്‍ നിലവിലുള്ള ഇന്‍ഫ്‌ലൂവെന്‍സ വാക്‌സിനില്‍. 
വാക്‌സിനുകളില്‍ ആന്റിബയോട്ടിക്‌സ് അംശങ്ങളും ഉണ്ടാകാം. നിര്‍മ്മാണ വേളയില്‍ അന്യബാക്ട്ടീരിയകളെ അകറ്റാന്‍ അതില്‍ ചേര്‍ക്കുന്നതാണ് ഈ ആന്റിബയോട്ടിക്‌സുകള്‍. പൊതുവേ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാവുന്ന പെനിസിലിന്‍ (penicilin) പോലെയുള്ള ആന്റിബയോട്ടിക്‌സുകള്‍ വാക്‌സിന്‍ നിര്‍മ്മണവേളയില്‍ ഉപയോഗിക്കാറില്ല. മാത്രമല്ല, നിര്‍മ്മാണശേഷം, ഈ വാക്‌സിനുകള്‍ ശുദ്ധീകരിക്കാറുണ്ട്. എന്നുവച്ചാല്‍ ആന്റിബയോട്ടിക്‌സുകളുടെ വളരെ ചെറിയ അംശം മാത്രമേ വാക്‌സിനുകളില്‍ അവശേഷിക്കൂ.  

ചില വാക്‌സിനുകളില്‍ പ്രത്യേകിച്ചും ടോക്‌സോയിഡ് വാക്‌സിനുകളില്‍ ഉണ്ടാവാറുള്ള മറ്റൊരു രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ് (formaldehyde). ഇത് വൈറസുകളെയും ബാക്ട്ടീരിയകളെയും നിഷ്‌ക്രീയമാക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്. ഫോര്‍മാല്‍ഡിഹൈഡ് നമ്മുടെ ശരീരത്തിനു വളരെ ദോഷകരമായ രാസവസ്തുവാണ്. രസകരമെന്നു പറയട്ടെ, നമ്മുടെ ശരീരത്തില്‍ തന്നെ ഉപാപചയപ്രക്രീയയുടെ (metabolism) ഭാഗമായി ഈ രാസവസ്തു ഉണ്ടാക്കപ്പെടുന്നുണ്ട്. ദോഷകരമായതിനാല്‍ അത് നീക്കം ചെയ്യാനുള്ള സംവിധാനവും നമ്മുടെ കോശങ്ങളിലുണ്ട്. വാക്‌സിനുകളില്‍ അവശേഷിക്കുന്ന ഫോര്‍മാല്‍ഡിഹൈഡിന്റെ അളവ് സ്വാഭാവികമായി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപെടുന്നതിനേക്കാള്‍ കുറവാണ് എന്നതാണ് സത്യം. ജനിച്ചയുടനെയുള്ള ഒരു കുഞ്ഞിന്റെ ശരീരത്തില്‍ സ്വാഭാവീകമായി ഉള്ള ഫോര്‍മാല്‍ഡിഹൈഡിന്റെ അളവിനെക്കാളും പത്തുമടങ്ങെങ്കിലും കുറവാണ് ഒരു ഡോസ് വാക്‌സിനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.

ചിലതരം വാക്‌സിനുകളുടെ നിര്‍മ്മാണവേളയില്‍ ഉപയോഗിക്കുന്നതും വിവാദമായതുമായ ഒരു രാസവസ്തുവാണ് തിമറോസല്‍ (Thimerosal) എന്നറിയപ്പെടുന്ന വസ്തു. ഇത് ചില വാക്‌സിനുകളില്‍ പ്രിസര്‍വേറ്റീവായി ഉപയോഗിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഈതൈല്‍ മെര്‍ക്കുറി (ethyl mercury) ആണ്. 
മെര്‍ക്കുറി ശരീരത്തിനു വളരെ അപകടകരമാണ്. മെര്‍ക്കുറി പോലെയുള്ള ഘനലോഹങ്ങള്‍ ശരീരത്തില്‍ അടിയുന്നത് ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ബാറ്ററിയും ബള്‍ബുകളും യഥേഷ്ടം വലിച്ചെറിയുന്ന നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും മെര്‍ക്കുറി ചെറിയ തോതില്‍ ഫ്രീ ആയി വെള്ളത്തിലൂടെ കിട്ടാന്‍ സാധ്യതയുണ്ട്. ചില മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ മെര്‍ക്കുറി മനുഷ്യശരീരത്തില്‍ എത്തിപെടാറുണ്ട്. എന്നാല്‍ ഇത് മീതൈല്‍ (methyl) മെര്‍ക്കുറിയുടെ രൂപത്തിലാണ് എന്നുമാത്രം. ഇവ ശരീരത്തില്‍ അടിഞ്ഞുകൂടാം.

എന്നാല്‍ ഈതൈല്‍ മെര്‍ക്കുറി ശരീരത്തില്‍ നിന്നും പെട്ടന്ന് നീക്കം ചെയ്യപ്പെടുന്നു. അത് ശരീരത്തില്‍ അടിഞ്ഞുകൂടില്ല. അതിനാല്‍ ഈതൈല്‍ മെര്‍ക്കുറി ദോഷകരമല്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സമാനമായ ഒരു ഉദാഹരണം പറഞ്ഞാല്‍, ഈതൈല്‍ ആള്‍ക്കഹോള്‍ ശരീരത്തിനു ദോഷകരമല്ല, എന്നാല്‍ മീതൈല്‍ ആല്‍ക്കഹോള്‍ അത്യധികം ദോഷമാണുതാനും. 

പോളിയോ, യെല്ലോ ഫീവര്‍, ബി സി ജി (BCG), എം എം ആര്‍ (MMR) എന്നീ വാക്‌സിനുകളില്‍ തിമാറോസല്‍ ഉപയോഗിക്കാറില്ല.  എന്നാല്‍ ഡിഫ്തീരിയ (diphtheria), ടെറ്റനസ് (tetanus toxoid-TT), ഹെപ്പട്ടിറ്റിസ്-ബി (Hepatitis-B), ഫ്‌ലൂ (flu) തുടങ്ങിയവയുടെ വാക്‌സിനുകളില്‍ തിമറോസല്‍ ഉണ്ടാവാറുണ്ട്. ചില രാജ്യങ്ങളില്‍ ഒരു കുപ്പിയില്‍ (vial) ഒറ്റ ഡോസ് മാത്രമായി വരുന്ന വാക്‌സിനുകളില്‍ തിമറോസല്‍ ഉണ്ടാവാറില്ല.

ഉപദ്രവകാരികളല്ലാത്ത ചില പ്രോട്ടീനുകളും ഷുഗറുകളും വാക്‌സിനുകളില്‍ കണ്ടേക്കാം. ഇവയെല്ലാം നിര്‍മ്മാണവേളയില്‍ ഉപയോഗിക്കുന്നതാണ്. എങ്ങനെയാണ് ഒരു വാക്‌സിന്‍ നിര്‍മ്മിക്കുന്നത് എന്നനുസരിച്ചു അതില്‍ അടങ്ങിയ വസ്തുക്കളുടെ സ്വഭാവവും മാറ്റമായിരിക്കും. വാക്‌സിനുകളിലെ ഇത്തരം വസ്തുക്കളെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ വായിക്കാം.  ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെക്കുറിച്ചും അവയുടെ ഘടകങ്ങളെക്കുറിച്ചും ഇവിടെ വായിക്കാം.

വാക്‌സിനേഷന്‍ അപകടകരമോ?
വാക്‌സിന്‍ വിരുദ്ധമുന്നേറ്റങ്ങള്‍ ലോകം മുഴുവനുമുണ്ട് എന്ന് പറയാം. തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍, കോടതിയില്‍ കേസുകള്‍ എന്നിവയെല്ലാം ഇതിന്റെ പുറകെയുണ്ട്. ഏറ്റവും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് 1998-ല്‍ ബ്രിട്ടനില്‍ വെയ്ക്ഫീല്‍ഡ് (Wakefield) എന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തില്‍ ചെയ്ത ഗവേഷണഫലങ്ങള്‍ ലാന്‍സെറ്റ് (Lancet) എന്ന പ്രശസ്ത ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആയിരുന്നു. അദ്ദേഹം ഉന്നയിച്ചത് എംഎംആര്‍ (MMR) വാക്‌സിന്‍ കുഞ്ഞുങ്ങളില്‍ ഓട്ടിസം ഉണ്ടാക്കാന്‍ കാരണമാകും എന്നായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ ശാസ്ത്രലോകം അംഗീകരിച്ചില്ല. തന്റെ തെറ്റായ ഗവേഷണഫലം ശരിയെന്നു കാണിച്ചു വെയ്ക്ഫീല്‍ഡ് ലോകത്തെ പറ്റിക്കുകയായിരുന്നു എന്നത് വര്‍ഷങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ മനസിലായി. മാത്രമല്ല  വാക്‌സിന്‍ വിരുദ്ധരില്‍ നിന്നും അദ്ദേഹം പണം പറ്റിയാതായുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നു. 2010-ല്‍ ലാന്‍സെറ്റ് വെയ്ക്ഫീല്‍ഡിന്റെ പ്രബന്ധം പിന്‍വലിച്ചു. കെട്ടിച്ചമച്ച ഗവേഷണ ഫലങ്ങള്‍ ജേര്‍ണലുകള്‍ ഇങ്ങനെ പിന്‍വലിക്കാറുണ്ട്. 

വിവിധ രാജ്യങ്ങളില്‍ ഈ ബന്ധം സംശയിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. ഉദാഹരണമാണ് ജപ്പാന്‍. എന്നാല്‍ വാക്‌സിന്‍ നിര്‍ത്തിയതിനു ശേഷവും ഓട്ടിസത്തിന്റെ റേറ്റ് കുറഞ്ഞില്ല എന്നത് വാക്‌സിന്‍ അല്ല കാരണക്കാരന്‍ എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. എംഎംആര്‍ (MMR) വാക്‌സിനും ഓട്ടിസവും തമ്മിലുള്ള ബന്ധം ധാരാളം ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. ഇവ വിശദമായി ഇവിടെ വായിക്കാം. അതുപോലെ തിമറോസല്‍ ഓട്ടിസം പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച ഗവേഷണങ്ങളുടെ ചുരുക്കം ഇവിടെ വായിക്കാം

വാക്‌സിനുകള്‍ ആപത്താണ് എന്ന് പ്രചരിപ്പിക്കുന്ന മുറിവൈദ്യന്മാര്‍ കേരളത്തിലും ധാരാളമുണ്ട്. വാക്‌സിനുകളില്‍ ഭീകര വൈറസുകളാണ്, മാരക വിഷങ്ങളാണ് എന്നുള്ള അവരുടെ പ്രസംഗം കേട്ടാലറിയാം അവര്‍ക്ക് വാക്‌സിനുകള്‍ എന്താണെന്ന് അറിയില്ല എന്നത്. വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഞാന്‍ മുകളില്‍ സൂചിപ്പിച്ച രാസവസ്തുക്കള്‍ വളരെ വളരെ ചെറിയ അളവില്‍ മാത്രമാണ് ഉള്ളത്. അവയില്‍ ബഹുഭൂരിപക്ഷവും (അട്ജുവന്റും, പ്രിസര്‍വേറ്റിവും അല്ലാത്തത്) നിര്‍മ്മാണ വേളയില്‍ മാത്രം ഉപയോഗിക്കുന്നതാണ്. ശേഷം വാക്‌സിനുകളില്‍ നിന്നും നീക്കം ചെയ്യുന്നതുകൊണ്ട് അവയുടെ ഏതാനും തന്മാത്രകള്‍ (trace) മാത്രമായിരിക്കും അവശേഷിക്കുക. 

വാക്‌സിനുകള്‍ പോളിയോ, മീസില്‍, തുടങ്ങിയ ധാരാളം രോഗങ്ങളെ സമൂഹത്തില്‍ നിന്നും വലിയ അളവില്‍ നീക്കം ചെയ്തിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഉണ്ട്. 
പലപ്പോഴും രോഗങ്ങള്‍ പകരുന്നത് മനുഷ്യരില്‍ നിന്നും മനുഷ്യരിലെക്കാണ്. അതുകൊണ്ട് ഒരു സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും വാക്‌സിന്‍ എടുത്താല്‍ വൈറസുകള്‍ക്ക് അവരിലൂടെ പകരാന്‍ സാധിക്കില്ല. അങ്ങനെ വാക്‌സിന്‍ എടുക്കാത്ത ന്യൂനപക്ഷവും സുരക്ഷിതരാകും. അതുകൊണ്ട് ''വാക്‌സിന്‍ ഇതുവരെ എടുത്തില്ല, അക്കാരണം കൊണ്ട് രോഗം വന്നില്ല'' എന്നിങ്ങനെയുള്ള വീരവാദങ്ങള്‍ മുഴക്കുന്ന വാക്‌സിന്‍ വിരുദ്ധരെ സഹായിക്കുന്നത് വാക്‌സിന്‍ എടുത്ത സമൂഹത്തിലെ ഭൂരിപക്ഷമാണ്.

എന്നാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ തീര്‍ച്ചയായും രോഗങ്ങള്‍ തിരിച്ചു വരും.
ശാസ്ത്രത്തെ തെറ്റാണെന്ന് കാണിക്കേണ്ടത് ശാസ്ത്രം കൊണ്ടുതന്നെയാണ്. ശാസ്ത്രീയമായി സാധ്യമല്ലാത്തതിനാല്‍ വാക്‌സിന്‍ വിരുദ്ധര്‍ ഉപയോഗിക്കുന്ന തന്ത്രം മരുന്ന് കമ്പനികളുടെ കുത്തകയും തെളിവില്ലാതെ പല നിരീക്ഷണങ്ങളും എടുത്തുകാണിച്ചാണ്. കുത്തകവല്‍ക്കരണമൊക്കെ ശരിയായിരിക്കാം. പക്ഷെ ഇതൊന്നും വാക്‌സിനേഷന്‍ തെറ്റാണെന്ന് തെളിയിക്കുന്നില്ല.

വാക്‌സിനുകളുടെ ഘടന, അത് കൊടുക്കേണ്ട രീതി, ഡോസ് തുടങ്ങിയവ ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നിര്‍ണ്ണയിച്ചതാണ്. അതുകൊണ്ടുതന്നെ അത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. വാക്‌സിനേഷന്‍ അപകടകരമാണ് എന്ന് ഇനിയും തെറ്റിധരിച്ചിരിക്കുന്നവര്‍ അവരുടെ അന്ധവിശ്വാസങ്ങള്‍ക്കുള്ള മറുപടികള്‍ ഇവിടെ വായിക്കുക.  

(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)