സംവിധായകന്‍ സിദ്ധീഖ് പറഞ്ഞ ഒരു അനുഭവത്തില്‍ തുടങ്ങാം. കൊച്ചിന്‍ കലാഭവന്റെ സ്ഥാപകനായ ആബേലച്ചന്‍ പണ്ട് ആശ്രമത്തിലേക്ക് നടന്നുപോകുമ്പോള്‍, വഴിയില്‍ ചില പിള്ളേര്‍ കൂക്കി വിളിക്കുകയും മറ്റും ചെയ്തിരുന്നു. പക്ഷേ, അച്ചന്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, പണ്ട് കൂക്കിവിളിച്ചവരുടെ കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് സിദ്ധിഖ് അച്ചനോട് പറഞ്ഞു. അച്ചന്‍ എന്തുകൊണ്ടാണ് അന്ന് ഒരിക്കല്‍ പോലും ദേഷ്യപ്പെടാതിരുന്നത്?

അച്ചന്റെ മറുപടി ഇതായിരുന്നു. '' വൈദിക വിദ്യാര്‍ഥികളുടെ ക്ഷമയും അവഹേളനങ്ങളെ ശാന്തമായി നേരിടുന്നതിനുള്ള കഴിവും വര്‍ധിപ്പിക്കാന്‍, റോമില്‍ അധികൃതര്‍ ഒരു തന്ത്രം പയറ്റുമായിരുന്നു. കൂക്കിവിളിക്കാന്‍ അവര്‍ വഴിയില്‍ കൂലിക്ക് ആളെ നിര്‍ത്തും. ഇതിപ്പോള്‍ കൂലി കൊടുക്കാതെ തന്നെ അതിനുള്ള സാഹചര്യം ലഭിച്ചല്ലോ.'

അവഹേളനങ്ങളോടും പ്രതിസന്ധികളോടും ഇങ്ങനെയൊരു സമീപനം വളര്‍ത്തിയെടുത്താല്‍ ജീവിക്കാന്‍ കൂടുതല്‍ കരുത്ത് കിട്ടും. 

ഇനി മുന്നോട്ടുപോകാനാവില്ല എന്ന ചിന്തയില്‍ ചിലര്‍ ജീവിതത്തിന് വിരാമമിടുന്നു. പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട മനസ്സ് നല്‍കുന്ന ഉത്തരമാണ് ആത്മഹത്യ. എന്നാല്‍ ഇത് ഒന്നിനും പരിഹാരമല്ലതാനും. 

ആത്മഹത്യ ചെയ്യുന്നവരില്‍ അഞ്ചിലൊരാള്‍ അക്കാര്യം മരിക്കുന്നതിന് മുന്‍പ് ആരോടെങ്കിലും സൂചിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് ഒരാളെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസരം അവിടെയുണ്ടായിരുന്നു. 

സ്വയം പരിഹരിക്കാം

  • ആത്മഹത്യാചിന്തകളും പ്രവണതകളുമുള്ളവര്‍ എത്രയും പെട്ടെന്ന് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 
  • കുടുംബാംഗങ്ങള്‍, ബന്ധുമിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി പ്രയാസങ്ങള്‍ തുറന്നുസംസാരിക്കുക. 
  • സാമൂഹിക ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക. 
  • പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക. പസില്‍സ്, ചെസ്, കാരംസ്, സ്‌നേക്ക്‌& ലാഡര്‍ പോലുള്ള കളികള്‍ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും പരാജയങ്ങളെ സ്വാഭാവികമായ രീതിയില്‍ സ്വീകരിക്കാനും മനസ്സിന് പരിശീലനം നല്‍കും. ഔട്ട്‌ഡോര്‍ ഗെയിമുകളും ഇത്തരത്തില്‍ ഗുണപ്രദമാണ്. തോല്‍വിയും തകര്‍ച്ചകളും ജീവിതത്തിന്റെ ഭാഗമാണെന്ന ചിന്ത ഇവ പകരും. 
  • തകര്‍ച്ചകളെ അതിജീവിച്ചവരുടെ ജീവിതകഥകള്‍ അടങ്ങിയ പ്രചോദനാത്മക പുസ്തകങ്ങള്‍ വായിക്കുക. അത്തരം പ്രഭാഷണങ്ങള്‍ യൂട്യൂബിലും മറ്റും കേള്‍ക്കുക. 
  • ശുഭാപ്തി വിശ്വാസം വളര്‍ത്തുക. 
  • ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, മാനഭംഗങ്ങള്‍ തുടങ്ങിയ നിഷേധാത്മക വാര്‍ത്തകളില്‍ നിന്ന് അകന്ന് നില്‍ക്കുക. കടബാധ്യതയുള്ള ഒരാള്‍, കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ വാര്‍ത്ത സ്ഥിരമായി വായിക്കുന്നത്, ഈയൊരു സാഹചര്യത്തില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല എന്ന തെറ്റായ ചിന്ത രൂപപ്പെടാന്‍ ഇടയാക്കാം. 
  • വ്യായാമം, മെഡിറ്റേഷന്‍, യോഗ എന്നിവയ്ക്കായി സമയം കണ്ടെത്തുക. 

പിന്തുണ നല്‍കാം

  • നിങ്ങളുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ ആത്മഹത്യാ പ്രവണത കണ്ടാല്‍ അവരുമായി തുറന്നു സംസാരിക്കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. അവരുടെ മനസ്സിലുള്ള പദ്ധതി എന്താണെന്ന് ചോദിക്കാന്‍ മടിക്കരുത്. അവര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകരുക. മാനസികാരോഗ്യ വിദഗ്ധനെ കാണാനായി അവരെ പ്രേരിപ്പിക്കുക. 
  • നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന് നേരിട്ട് ചോദിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് മറ്റുള്ളവരുടെ സഹായം തേടാനും മടിക്കരുത്. 

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ ട്രെയ്‌നറുമാണ് ലേഖകന്‍)

Content Highlights: Tips to get healthy living, How to prevent suicide, Health, Mental Health, Healthy Living

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌