ജീവിതത്തിന്റെ നിറവും മണവും ചലനവും പകരുന്നത്. ജീവിതത്തെ സമ്പന്നമാക്കുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍ വളര്‍ത്താനും പരിപാലിക്കാനും ശീലിക്കാം.

സമയം കണ്ടെത്തുക

ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഉറ്റവര്‍ക്കായി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ആധുനിക സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും വഴി, ഉറ്റവരെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ എളുപ്പമാണ്. ഓണ്‍ലൈനില്‍ മാത്രമല്ല, ഓഫ്‌ലൈനിലും സമ്പര്‍ക്കം തുടരേണ്ടതുണ്ട്.

അതിരുകള്‍ നിശ്ചയിക്കാം

വേണ്ടപ്പെട്ട ഒരാള്‍ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോഴോ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴോ നാം ഒപ്പം ഉണ്ടാകണം.

നിരന്തരമായ പരാതിയും അനാവശ്യവും അനവസരത്തിലുള്ളതുമായ ഇടപെടലുകളും ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തും. നല്ല സുഹൃത്തുക്കളോട് നിങ്ങളുടെ നിരാശകള്‍ വെളിപ്പെടുത്തുന്നത് ആരോഗ്യകരമാണ്. എന്നാല്‍ അത് അളവില്‍ കവിഞ്ഞ് ആശ്രയത്വത്തിലേക്കും തെന്നിമാറുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

ആശയവിനിമയം ശ്രദ്ധയോടെ

അനവസരങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും മറ്റുള്ളവരുടെ സംഭാഷണം തടസ്സപ്പെടുത്തുന്നതും ആവര്‍ത്തിച്ച് ചോദ്യങ്ങളാല്‍ കുരുക്കുന്നതും ഒട്ടും പ്രതികരിക്കാതിരിക്കുന്നതുമൊക്കെ സംഭാഷണത്തെ വികലവും വിരസവുമാക്കും. നിങ്ങള്‍ക്ക് സംസാരം തുടരാന്‍ തടസ്സമോ തിരക്കോ ഉണ്ടെങ്കില്‍, അത് വ്യക്തമായും സംരക്ഷിപ്തമായും വിശദീകരിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രം പിന്‍വാങ്ങുക.

അനന്തമായ വ്യാഖ്യാനമോ ആവശ്യപ്പെടാത്ത ഉപദേശമോ നല്‍കാതെ അനുതാപപൂര്‍വം കേള്‍ക്കാന്‍ കഴിയുന്നവരാണ് മികച്ച സുഹൃത്തുക്കള്‍.

നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍, നമ്മുടെ മനസ്സുമുഴുവന്‍ ഉള്‍ക്കൊള്ളുന്ന, പ്രകടമായ രീതികളും സ്വായത്തമാക്കണം. എന്ത്, എപ്പോള്‍, എങ്ങനെ സംസാരിക്കണമെന്നും എപ്പോള്‍ നിശ്ശബ്ദമായിരിക്കണമെന്നും അറിയുന്നത് ബന്ധങ്ങളുടെ ഗുണനിലവാരത്തിനും സുസ്ഥിരതയ്ക്കും ആവശ്യമാണ്.

മറുപടി നല്‍കാന്‍ അവസരം

നമ്മുടെ കാര്യങ്ങളിലും തീരുമാനങ്ങളിലും ഉറ്റവരുടെ അഭിപ്രായങ്ങളും ചിന്തകളും നിര്‍ദേശങ്ങളും ചോദിക്കുന്നത് അവര്‍ക്ക് വലിയ അംഗീകാരമാണ്. പുതിയ ശീലങ്ങള്‍ സൃഷ്ടിക്കാനും നല്ല മാറ്റങ്ങള്‍ വരുത്താനും സുഹൃത്തുക്കള്‍ക്ക് കഴിയും.

ബഹുമാനം നിലനിര്‍ത്തുക

ആരോഗ്യകരമായ ബന്ധങ്ങള്‍ സമത്വത്തിലും ബഹുമാനത്തിലും പരസ്പരാശ്രയത്വത്തിലും കെട്ടപ്പടുത്തിരിക്കുന്നു; ബാധ്യതയിലും അടിമത്തത്തിലും അസഹിഷ്ണുതയിലും അല്ല. വ്യക്തികളെ ബഹുമാനിക്കുക. അവര്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുകയും അവരുടെ മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുക.

വൃക്തിപരമായി അറിയുക

സുഹൃത്തുക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടവരെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക. പൊതുവായ ഹോബികളും പരസ്പര താത്പര്യങ്ങളും വികസിപ്പിക്കുക.

സ്വതന്ത്രമായ ഇടം നല്‍കുക

നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് അവരുടേതായ പൂര്‍ണജീവിതവും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളുമുണ്ട്. അതിനാല്‍ അവരുടെ ലോകം നമ്മളെ ചുറ്റിപ്പറ്റിയല്ലെങ്കില്‍ ആശ്ചര്യപ്പെടുകയോ അസൂയപ്പെടുകയോ ചെയ്യേണ്ടതില്ല.

വിശ്വാസം വളര്‍ത്തുക

പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ശക്തിയും ബലഹീനതകളും പരാജയങ്ങളും വിജയങ്ങളും കൃത്യമായ അവസരങ്ങളില്‍ വെളിപ്പെടുത്തുന്നത് ശക്തവും യഥാര്‍ഥവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നു. ഒരാള്‍ വ്യക്തിപരമായ വിവരങ്ങള്‍ പങ്കിടുമ്പോള്‍, ആധികാരികമായ സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ചുവടുവെപ്പായി അതിനെ പരിഗണിക്കുക. ഒപ്പം, അത്തരം വിവരങ്ങളുടെ സ്വകാര്യതയും സൂക്ഷിപ്പും നമ്മുടെ ഉത്തരവാദിത്വം ആണെന്ന് ഓര്‍ക്കുകയും വേണം. പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. പിഴവുപറ്റിയാല്‍ ഏറ്റുപറയുക, ആത്മവിശ്വാസം കാത്തുസൂക്ഷിക്കുക, ഉറ്റവരുടെ ക്ഷേമത്തില്‍ ആത്മാര്‍ഥമായ താത്പര്യം കാണിക്കുക.

പക്വമായ പരിഹാരങ്ങള്‍

അഭിപ്രായ വ്യത്യാസങ്ങള്‍ പക്വമായ രീതിയില്‍ പരിഹരിക്കുക. നമ്മുടെ മുന്‍ഗണനകളും കാഴ്ചപ്പാടും തുറന്നും ഉറപ്പിച്ചും പറയുക. നല്ല ബന്ധം നിലനിര്‍ത്തണമെങ്കില്‍ ഭയം, ബാധ്യത, കുറ്റബോധം എന്നിവ വളര്‍ത്താന്‍ ശ്രമിക്കുകയോ ഏതെങ്കിലും തരത്തിലുള്ള വൈകാരിക ബ്ലാക്ക്‌മെയില്‍ ഉപയോഗിക്കുകയോ അരുത്.

പരസ്പരം പ്രോത്സാഹനം

നല്ല ബന്ധങ്ങള്‍ എന്നും പ്രചോദനാത്മകമാകണം. തെറ്റുകുറ്റങ്ങള്‍ എടുത്തുകാട്ടി, ഭ്രാന്തമായ താരതമ്യങ്ങള്‍ ചെയ്ത്, മുന്‍വിധികള്‍ നടത്തി നിരന്തരമായ മത്സരങ്ങളിലേക്കും നിരാശകളിലേക്കും പോകാതെ ശ്രദ്ധിക്കുക.

(തിരുവനന്തപുരം എം.ജി. കോളേജ് മനശ്ശാസ്ത്ര വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ten tips to be more a positive person, How to be positive

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌