വേനല്‍ക്കാലം പൊതുവെ രോഗങ്ങളുടെ കാലമാണ്. ഒപ്പം ആരോഗ്യപ്രശ്‌നങ്ങളും സൗന്ദര്യപ്രശ്‌നങ്ങളും ഏറെ അലട്ടുന്ന സമയവും. തെല്ലൊന്നു ശ്രദ്ധിച്ചാല്‍ വേനലിന്റെ ആകുലതകള്‍ വേഗം ഇല്ലാതെയാക്കാം. മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത് ആവശ്യമാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം. അതു മാത്രമാണ് പ്രതിവിധി.

വെയിലേറ്റ് വാടല്ലേ

സൂര്യന്റെ അതിതാപത്താല്‍ ആദ്യംതന്നെ കേടു പറ്റുന്നത് ത്വക്കിനാണ്. കുറച്ച് വെയില്‍ കൊണ്ടാല്‍ തന്നെ ചര്‍മം ഇരുണ്ടുപോകും, പൊള്ളലുകള്‍ വീഴാനും സാധ്യതയുണ്ട്. ത്വക്കിന് കാന്‍സര്‍ പോലും ഉണ്ടാക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ ഈ സമയത്ത് കൂടുതല്‍ ശക്തി പ്രാപിക്കും. കേരളത്തിലെ ചൂടിന്റെ ഈ കാഠിന്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വെയിലില്‍ ഒരുപാട് നേരം ജോലി ചെയ്യേണ്ടി വരുന്ന നിര്‍മാണത്തൊഴിലാളികള്‍, വയലില്‍ പണി എടുക്കുന്നവര്‍, മാര്‍ക്കറ്റിങ് ജോലി ചെയ്യുന്നവര്‍ ഇവരെയൊക്കെയാണ്. ഇങ്ങനെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. പറ്റുമെങ്കില്‍ ഒരു ത്വക്ക് രോഗ വിദഗ്ധനെ കണ്ട് സ്‌കിന്നിന് അനുയോജ്യമായ മെഡിക്കേറ്റഡ് സണ്‍സ്‌ക്രീന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മത്തില്‍ അമിതമായി വെയിലേറ്റാല്‍ ചര്‍മം വരണ്ടുപൊട്ടും. സൂര്യാഘാതം പോലും സംഭവിക്കാം. വേനല്‍ക്കാലത്ത് ദിവസവും പുറത്തുപോയി വന്നു കഴിഞ്ഞാല്‍, അല്ലെങ്കില്‍ ജോലി കഴിഞ്ഞ് തിരിച്ചു വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ മുഖം വൃത്തിയാക്കി നല്ല തണുത്ത തൈര് വെയിലേറ്റ ഭാഗങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളഞ്ഞാല്‍ ചര്‍മത്തില്‍ ഉണ്ടായ കരുവാളിപ്പ് നന്നായി കുറയ്ക്കാം. ചൂടുള്ള കാലാവസ്ഥയില്‍ രോഗാണുക്കള്‍ ശക്തരാകും.

വേനല്‍ക്കാലത്ത് ഓര്‍ത്തിരിക്കേണ്ട ആരോഗ്യസൂക്തങ്ങള്‍

  • പകര്‍ച്ചവ്യാധി തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. ദിവസം രണ്ടു നേരം നിര്‍ബന്ധമായും കുളിക്കുക
  • കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
  • ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക
  • ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക
  • ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക
  • ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈ കഴുകുക
  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക
  • സൂര്യതാപം ശരീരത്ത് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഇരുചക്ര വാഹനങ്ങളില്‍ പുറകില്‍ ഇരുന്ന് പോകുന്നവര്‍ തീര്‍ച്ചയായും ഒരു സ്‌കാര്‍ഫ് തലയില്‍ ചുറ്റുകയോ, സണ്‍ ഗ്ലാസ് ധരിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്

ക്ഷീണം അകറ്റാന്‍

ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്‍പ്പാല്‍പ്പമായി ഇടവിട്ട് കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം (രക്തസമ്മര്‍ദം ഉയര്‍ന്നവര്‍ ഉപയോഗിക്കരുത്) ഇവ ക്ഷീണം പെട്ടെന്ന് ശമിപ്പിക്കുന്നു. ലവണ നഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും. പക്ഷെ സോഫ്റ്റ് ഡ്രിങ്ക്‌സ്, സോഡാ, കുലുക്കി സര്‍ബത്ത് പോലെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക.

വേനല്‍ക്കാലത്ത് കുടിക്കാന്‍ അനുയോജ്യമായ ഒരു ആരോഗ്യപാനീയം ഇതാ

കുറച്ച് ശുദ്ധജലം 10 മിനിറ്റ് തുടര്‍ച്ചയായി തിളപ്പിക്കുക, അതിലേക്ക് നാല് നെല്ലിക്ക കഴുകി കുരു കളഞ്ഞ് ചതച്ചതും, അല്‍പ്പം രാമച്ചവും ഇട്ട് വെള്ളം മൂടി വയ്ക്കുക. ഇത് തണുത്തതിന് ശേഷം കുടിക്കാന്‍ ഉപയോഗിക്കാം. ഈ വെള്ളം കുടിക്കുന്നത് വേനല്‍ക്കാലത്തും നിങ്ങളുടെ സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കാന്‍ വളരെ നല്ലതാണ്.

ice cube

വെള്ളരിക്കയും സൗന്ദര്യവും

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അതേ പരിഗണന സൗന്ദര്യ കാര്യത്തിലും വേണ്ട ഒരു സമയമാണ് വേനല്‍ക്കാലം. സാധാരണ ഏത് കാലത്തും ഉള്ള പരിചരണത്തെക്കാള്‍ അല്‍പ്പം കൂടുതല്‍ വേണമെന്ന് തന്നെയാണ് കാര്യം. വെള്ളരിക്കയെ വേനല്‍ക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് കൂട്ടു പിടിക്കാം. മൂന്ന് ദിവസത്തിനുള്ളില്‍ വെയില്‍ കൊണ്ട് ഉണ്ടായ കരുവാളിപ്പ് അകറ്റാന്‍ വെള്ളരിക്കയ്ക്ക് സാധിക്കും. വെള്ളരിക്ക എന്നാല്‍ മഞ്ഞ നിറത്തിലുള്ള വെള്ളരിയല്ല. പച്ച നിറത്തില്‍ കക്കിരിക്ക എന്ന് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന, കുക്കുമ്പര്‍ ആണ് ഉപയോഗിക്കേണ്ടത്. വേനല്‍ക്കാല സൗന്ദര്യ സംരക്ഷണത്തില്‍ ഇതെങ്ങനെയെല്ലാം സഹായിക്കും എന്നുനോക്കാം:

1. ചര്‍മത്തിന് തിളക്കം

മുഖത്തിന് ഏറ്റവും കൂടുതല്‍ കരുവാളിപ്പ് നടക്കുന്നത് വേനല്‍ക്കാലത്താണ്. എന്നാല്‍ ചര്‍മം തിളക്കമുള്ളതാവാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു എന്നതാണ് സത്യം. കുക്കുമ്പറിന്റെ നീര് നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. ചര്‍മത്തിലെ ചെറിയ സുഷിരങ്ങള്‍ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ നീര് തണുപ്പിച്ച് ഒരു കോട്ടണ്‍ പാഡില്‍ മുക്കി മുഖത്തു അപ്ലൈ ചെയ്യുന്നത് വളരെ ഗുണകരമാണ്.

2. ജലാംശം നിലനിര്‍ത്തുന്നു

വേനല്‍ക്കാലമാണെങ്കിലും ത്വക്കിന്റെ വരള്‍ച്ച തടയാന്‍ തീര്‍ച്ചയായും ഒരു പ്രകൃതിദത്ത മോയിസ്ചറൈസര്‍ കൂടിയേ തീരൂ. 2 സ്പൂണ്‍ വെള്ളരി നീര്, 2 സ്പൂണ്‍ പച്ച പാല്‍, 1 സ്പൂണ്‍ തേന്‍ - ഇവ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ (ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചത്) മുഖം കഴുകിയാല്‍ ദിവസം മുഴുവന്‍ മുഖത്തിന്റെ നൈര്‍മല്യം കാത്തു സൂക്ഷിക്കാം.

3. വേനലിന്റെ ക്ഷീണമകറ്റാന്‍ ഇനി അഞ്ച് മിനിറ്റ്.

വേനലില്‍ ജോലിക്കും പുറത്തും ഒക്കെ പോയി ആകെ തളര്‍ന്നു വീട്ടില്‍ വന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ക്ഷീണം അകറ്റാം, അതിന് ഇത്ര മാത്രം ചെയ്താല്‍ മതി. കുക്കുമ്പര്‍ (കക്കിരി) കഴുകി തൊലിയോട് കൂടി അരിഞ്ഞു മിക്‌സിയില്‍ നന്നായി അരച്ച് ഫ്രിഡ്ജില്‍ ഐസ് ട്രേയില്‍ വയ്ക്കുക, ഇനി പുറത്തു പോയി വന്നതിനു ശേഷം ഇതില്‍ നിന്നും രണ്ടോ മൂന്നോ ഐസ് ക്യൂബ് എടുത്ത് ഉള്ളം കാലിലും ഉപ്പൂറ്റിയിലും ആദ്യം നന്നായി മസ്സാജ് ചെയ്യുക, പിന്നീട് കാല്‍പ്പാദത്തില്‍ മസ്സാജ് ചെയ്യുക, ഇങ്ങനെ രണ്ടു കാലുകളും ചെയ്യുക, എന്നിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കാലുകള്‍ കഴുകുക. ഇങ്ങനെ ചെയ്യുന്നത് കഠിനമായ തലവേദന, വേനല്‍ക്കാലത്ത് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുന്ന ക്ഷീണം ഇവ അകറ്റി ഫ്രഷ്നെസ്സ് വീണ്ടെടുക്കാന്‍ ഏറ്റവും സൂപ്പര്‍ വഴിയാണ്. വേനല്‍ക്കാലത്ത് ഒരു 'ഹോം സ്പാ' ചെയ്ത ഫ്രഷ്നെസ്സും കിട്ടും, മെന്റല്‍ സ്‌ട്രെസ്സ്, ക്ഷീണം, ശരീരത്തിന്റെ അമിതമായ ചൂട് ഇവയ്ക്ക് ഏറ്റവും നല്ല പരിഹാരമാണ് ഈ ഐസ് തെറാപ്പി.

Content Highlight: Summer skin care tips, Summer care tips