കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരാനുള്ള വകുപ്പാണ് പലര്‍ക്കും സോമ്നാബുലിസമെന്ന നിദ്രാടനരോഗം. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതും ബോധമില്ലാത്ത അവസ്ഥയില്‍ ചെയ്തുകൂട്ടുന്നതുമായ പ്രവര്‍ത്തികള്‍ കാണുന്നവരില്‍ ചിരി പടര്‍ത്തുമെങ്കിലും ഒരു ബിഹേവിയറല്‍ ഡിസോര്‍ഡര്‍ ആയിട്ടാണ് ആരോഗ്യവിദഗ്ധര്‍ സോമ്നാബുലിസത്തെ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ സോമ്നാംബുലിസമെന്നും അതിന്റെ കാരണങ്ങള്‍ എന്താണെന്നും എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? 

എന്താണ് നിദ്രാടനം അല്ലെങ്കില്‍ സോമ്നാബുലിസം

ഗാഢമായ ഉറക്കത്തിനിടെ തനിയെ എഴുന്നേറ്റ് നടക്കുന്ന, ബോധപൂര്‍വ്വമല്ലാതെ പലതരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണ് നിദ്രാടനം. കൃത്യമായി പറഞ്ഞാല്‍ ഉറക്കത്തിനിടെ ഉണ്ടാവുനന് സ്വാഭാവിക വൈകല്യം. സോമ്നാബുലിസത്തിന് പ്രായഭേദമൊന്നും തടസ്സമല്ലെങ്കിലും മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.  ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതുള്‍പ്പെടെ ചെയ്യുന്നതെല്ലാം ബോധപൂര്‍വ്വം അല്ലാത്തതിനാല്‍ ഉറക്കമെഴുന്നേറ്റതിനു ശേഷം ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഇവര്‍ക്ക് ഇത് ഓര്‍ത്തെടുക്കാനോ പറയാനോ സാധിച്ചെന്നു വരില്ല. 

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നതിനെ മാത്രം സോമ്നാബുലിസത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. ഉറങ്ങുന്നതിനിടെ പെട്ടെന്ന് കിടക്കയില്‍ എഴുന്നേറ്റിരിക്കുക, അബോധാവസ്ഥയില്‍ ചുറ്റും നോക്കുക, മുറിക്കുള്ളില്‍ നടക്കുക, വാതില്‍ തുറന്ന് വീടിനു പുറത്തേക്ക് നടക്കുക, എത്ര ദൂരമെന്നോ എവിടേക്കോ എന്ന് നിശ്ചയമില്ലാതെ ഡ്രൈവ് ചെയ്ത് പോവുന്നത് പോലും സോമ്നാബുലിസത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ നിദ്രാടനത്തെ കുറിച്ച് വിശദീകരിക്കുന്നത്. 

ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പറ്റില്ലെന്ന് തികച്ചും അബദ്ധ ധാരണയാണ്. വിളിച്ചുണര്‍ത്തിയില്ലെങ്കില്‍ അത് കൂടുതല്‍ അപകടകരമാവുകയാണ് ചെയ്യുക. 

ഉറക്കത്തിനിടെ ഉണ്ടാവുന്ന തടസങ്ങള്‍, മരുന്നുകളുടെ സ്വാധീനം, ലഹരി മരുന്നുകളുടെ ഉപയോഗം, ഉറക്കത്തിലുണ്ടാവുന്ന മറ്റ് അസ്വസ്ഥകള്‍ തുടങ്ങിയവ നിദ്രാടനത്തിന് കാരണമായേക്കാം. എന്നാല്‍ ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി കാര്യമായ ബന്ധമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായ ഇടവേളകളില്‍ അല്ലാത്ത നിദ്രാടനം ഗുരുതരമായ പ്രശ്നമായി കണക്കാക്കേണ്ടതില്ല. എന്നാല്‍, ആവര്‍ത്തിച്ചുള്ള നിദ്രാടനം അടിസ്ഥാനപരമായ നിദ്രാരോഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം കുട്ടികളിലാണ് നിദ്രാടനം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. അതായത്. 3-7 പ്രായത്തിലുള്ള കുട്ടികളില്‍ ബെഡ്ഡില്‍ മൂത്രമൊഴിക്കുന്ന പ്രവണതയ്ക്കൊപ്പം നിദ്രാടന പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കണക്കുകള്‍ വിശദീകരിക്കുന്നു. 

ലക്ഷണങ്ങള്‍

ഗാഢമായ ഉറക്കത്തിനിടെയാണ് സാധാരണയായി സ്വപ്നാടനം ഉണ്ടാവാറുള്ളത്. എന്നാല്‍ വളരെ അപൂര്‍വ്വമായെങ്കിലും ഉറക്കത്തിലേക്ക് വീണതിനു പിന്നാലെയും ഇതുണ്ടായേക്കാം. 

  • ഉറക്കത്തിനിടെയുള്ള സംസാരം
  • ഉറക്കത്തിനിടെ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓര്‍മ്മയില്ലാതാവുക. 
  • ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്താനുള്ള ബുദ്ധിമുട്ട്
  • ഉറക്കത്തിലുള്ള ബഹളം വെയ്ക്കല്‍ 

ചികിത്സ

സ്വപ്നാടനത്തിന് പ്രത്യേകം ചികിത്സയില്ല. എന്നാല്‍ സ്ലീപ്പ് ഹൈജീന്‍ പാലിക്കണമെന്നാണ് സ്വപ്നാടനം നിയന്ത്രിക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. 

എന്താണ് സ്ലീപ്പ് ഹൈജീന്‍ 

ഉറക്കത്തെ ക്രമീകരിക്കുക. പകലുറക്കങ്ങള്‍ നിയന്ത്രിക്കുക, ഉറക്കത്തെ തടസപ്പെടുത്താതിരിക്കുക, മദ്യം, കാഫീന്‍ ഉത്പന്നങ്ങള്‍ തുടങ്ങി ഉറക്കത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കള്‍ കിടക്കുന്നതിന് മുന്‍പ് കഴിക്കാതിരിക്കുക. സ്ലീപ്പ് ഹൈജീന്‍ പാലിക്കാന്‍ ഇത്തരം കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. കുട്ടികളില്‍ നിദ്രാടനം സാധാരണമാണെന്നിരിക്കെ രാത്രി നടത്തം മൂലമുള്ള ക്ഷീണം, സമ്മര്‍ദ്ദം, തുടങ്ങിയവ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാവും ഡോക്ടര്‍മാര്‍ നല്‍കുക. 

അതേസമയം മുതിര്‍ന്നവരിലെ ഉറക്കപ്രശ്‌നങ്ങള്‍ക്ക് ഹിപ്‌നോട്ടിസം, ഫാര്‍മക്കോളജിക്കല്‍ തെറാപ്പി തുടങ്ങിയ ചികിത്സകളാണ് ഡോക്ടര്‍മാര്‍ നല്‍കുക. 

Content Highlight: somnambulism, Sleep Walk, Walk While Sleep, Reasons and symptoms of Sleepwalk

വിവരങ്ങള്‍ക്ക് കടപ്പാട്: നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍