മ്മുടെ ശരീരമാകുന്ന യന്ത്രത്തിനു വേണ്ട ഇന്ധനമാണ് കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ. ഇങ്ങനെ ലഭിക്കുന്ന പോഷകാഹാരങ്ങൾ ശരീരത്തിന്‌ വേണ്ടസമയത്ത്‌ എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈർഘ്യമുള്ള ഉറക്കം നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വളരെ വേണ്ടതാണ്. ഇത് നമ്മുടെ ആരോഗ്യം മാത്രമല്ല, നമ്മുടെ ശ്രദ്ധ, പെരുമാറ്റം, പഠനപരമായ ഗുണനിലവാരം, ഓർമ, വൈകാരിക നിയന്ത്രണം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. 
 
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഉചിതമായ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കുഞ്ഞുങ്ങൾക്ക് വേണ്ടുന്ന ഉറക്കത്തിന്റെ ദൈർഘ്യം നിർദേശിക്കുന്ന പട്ടിക താഴെ കൊടുത്തിരിക്കുന്നു:

  •  നവജാത ശിശുക്കൾ (നാലുമാസം മുതൽ 12 മാസം വരെ)-എല്ലാ 24 മണിക്കൂറിലും 12 മുതൽ 16 മണിക്കൂർ വരെ (ചെറുമയക്കങ്ങളും ഇതിലുൾപ്പെടും).
  • കുട്ടികൾ (ഒരുവയസ്സു മുതൽ രണ്ടുവയസ്സു വരെ)-എല്ലാ 24 മണിക്കൂറിലും 11 മുതൽ 14 മണിക്കൂർ വരെ (ചെറുമയക്കങ്ങളും ഇതിൽ ഉൾപ്പെടും).
  • കുട്ടികൾ (മൂന്നുവയസ്സു മുതൽ അഞ്ചുവയസ്സു വരെ)-എല്ലാ 24 മണിക്കൂറിലും 10 മുതൽ 13 മണിക്കൂർ വരെ.
  • കുട്ടികൾ (ആറുവയസ്സു മുതൽ 12 വയസ്സു വരെ)-എല്ലാ 24 മണിക്കൂറിലും ഒമ്പതു മുതൽ 12 മണിക്കൂർ വരെ.
  • കൗമാരപ്രായക്കാർ (13 വയസ്സു മുതൽ 18 വയസ്സു വരെ)-എല്ലാ 24 മണിക്കൂറിലും എട്ടു മുതൽ 10 മണിക്കൂർ വരെ.

 ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എത്ര പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതിവീഴും എന്നതു മുതൽ എത്ര മണിക്കൂർ ഉറങ്ങും എന്നതിനു വരെ നമ്മെ സഹായിക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. എത്ര ഡയറ്റിങ് ചെയ്തിട്ടും ചിലപ്പോൾ അമിതവണ്ണം നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന അമിത ശരീരഭാരത്തിന്‌ ഉറക്കമില്ലായ്മ കാരണമാകാമെന്നാണ്‌ ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
 
ഒരു ഗംഭീരസദ്യ കഴിച്ചാൽ ആർക്കും ഒന്നു കിടന്നാൽ കൊള്ളാമെന്നുണ്ടാകും. ഇതിനുള്ള കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ എന്തു ഭക്ഷണം കഴിച്ചാലും ‘പാൻക്രിയാസ്’ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇൻസുലിൻ ഉണ്ടാക്കുന്നു. അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു. ഇൻസുലിന്റെ വർധന കാരണം നമ്മുടെ ശരീരം ഉറക്കത്തിന്‌, അല്ലെങ്കിൽ മയക്കത്തിന്  കാരണമായ ഹോർമോണുകളായ ‘സെറോടോണിൻ’, ‘മെലറ്റോണിൻ’ എന്നിവ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, കണക്കില്ലാതെ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലുള്ള ഊർജത്തിൽ 75 ശതമാനം വരെ ദഹനപ്രക്രിയയ്ക്ക്‌ വേണ്ടി ഉപയോഗിക്കപ്പെടേണ്ടതായി വരുന്നു. അങ്ങനെ, മറ്റു പ്രവർത്തനങ്ങളെ നേരിയ തോതിലാക്കുകയും തലച്ചോറിനെ മയക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Content Highlights: sleeping time for a healthy person, sleep chart by age, sleeping and health, benefits of sleep